കഥകളിലും കവിതകളിലും പ്രസം‌ഗങ്ങളിലുമ്മൊക്കെ മാമൂലുകള്‍ക്കെതിരെ പോരാടുന്നവര്‍,അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളിലേക്ക് വാക്കുകളുടെ കുതിരയെ അഴിച്ചുവിടുന്നവര്‍,സാംമ്പ്രദായികതയുടെ കോട്ടകെട്ടുകള്‍ക്കെതിരെ ശം‌ഖം മുഴക്കി പോരു വിളിക്കുന്നവര്‍.നമ്മള്‍....

സത്യത്തില്‍ ഞാനുള്‍പ്പെടുന്ന നമ്മള്‍ എന്ന ഈ സമൂഹത്തിന്റെ സ്വാതന്ത്ര്യ വാജ്ഞ്ച കപടമല്ലേ?നമ്മളെ ആരെങ്കിലും തകര്‍ക്കാനാവാത്ത ചങ്ങല കൊണ്ടു തളച്ചിട്ടുണ്ടോ? ആനയുടെ കാലില്‍ തോട്ടി ചാരി വച്ചിരിക്കുന്ന പോലെ നമ്മുടെയൊക്കെ തലപ്പുറത്ത് “സദ്ഗുണ“ത്തിന്റെ ഒരു പഴുക്കടക്ക വച്ചുതന്നിട്ടല്ലേയുള്ളു ? ഒന്നു തുമ്മിയാല്‍ തെറിക്കും ഈ സല്‍പ്പേര് എന്നുള്ളതു കൊണ്ട് നാം ശ്വാസം പോലും അടക്കിപ്പിടിച്ചു ജീവിക്കുകയല്ലേ ചെയ്യുന്നത്?എന്നിട്ടും നമ്മള്‍ പേനയെടുക്കുമ്പോഴൊക്കെ നാലാള്‍കൂടുന്നിടത്തൊക്കെ സമൂഹം സൃഷ്ടിച്ചിരിക്കുന്ന അസ്വാതന്ത്ര്യത്തെക്കുറിച്ച് വാചകമടിക്കുന്നു.പെണ്ണെഴുത്തും ദളിതെഴുത്തും അതുപോലെ വിഭാഗീയമായ നിരവധി അസ്തിത്വങ്ങളും സൃഷ്ടിച്ച് നാട്ടുരാജ്യങ്ങളുടെ രാജാവാകാന്‍ എളുപ്പമാണെന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് മറ്റാരെയൊക്കെയോ ബോധ്യപ്പെടുത്താനായി നിലവിളിക്കുന്നു.
എന്നെ സ്വതന്ത്രനാക്കൂ.LET ME FREE ...
ഈ കാപട്യത്തിലേക്കു ചൂണ്ടുന്ന മികച്ച ഒരു കഥയാണ് “പൂത്തുമ്പി

കഥയിലെ പുട്ടുലു രാമറാവു എന്ന നല്ല കുട്ടി ആരാണ്? അതു നമ്മള്‍ തന്നെയല്ലേ?സ്വപ്നങ്ങളുടെ പൂത്തുമ്പികളെ പിടിച്ച് താങ്ങാത്ത യാഥാര്‍ത്ഥ്യങ്ങളുടെ ഭാരങ്ങളെടുപ്പിച്ച് ജനാലപ്പടിയില്‍ വയ്ക്കുന്നില്ലേ നമ്മളോരോരുത്തരും?നമ്മുടെ തുമ്പികളേയും പിടിച്ച് സമൂഹം അതിന്റെ അര്‍ത്ഥ ശൂന്യമായ നിയമങ്ങള്‍ കൊണ്ട് സൃഷ്ടിച്ച വിലക്കു മുറികളിലേക്ക് കയറിപ്പോകുന്നത് നമ്മള്‍ തന്നെയല്ലേ?വാതിലുകള്‍ അകത്തേക്കു കയറാനുള്ളത്ത് മാത്രമല്ല പുറത്തേക്കിറങ്ങാനും കൂടിയുള്ളതാണെന്ന് നാം ഓര്‍മ്മിക്കുക പോലും ചെയ്യുന്നുണ്ടോ?

വളരെ കുറഞ്ഞ വരികള്‍ കൊണ്ട് ആശയത്തിന്റെ ഒരു തിരമാല സൃഷ്ടിച്ചിരിക്കുന്നു സിമി എന്ന കഥാകൃത്ത്.ഒരു കുട്ടിക്കഥയെന്ന മട്ടില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ വലിയവരുടെ കഥ വായനക്കാരുടെ മുന്നില്‍ ഒരുപാടു ചോദ്യങ്ങള്‍ നിരത്തുന്നു.നമ്മുടെ സ്വാതന്ത്ര്യാഭിലാഷങ്ങളുടെ ആത്മാര്‍ത്ഥതയെ ഓരോ വരിയിലും ആ ചോദ്യ ചിഹ്നങ്ങള്‍ ക്രോസ്സു വിസ്തരിക്കുന്നു.

നമ്മുടെ കാഴ്ച്കകള്‍ എല്ലായ്പ്പോഴും ജനാലക്കാഴ്ച്കകള്‍ ആയി പോകുന്നതെന്ത്?
രക്ഷപ്പെടലിനു വേണ്ടി നാം എന്തുകൊണ്ട് ജനാലകളുടെ ഇല്ലാത്ത താക്കോലുകള്‍ തിരയുന്നു?
വാതിലുകളുടെ സാധ്യതയെപ്പറ്റി നാം എന്തുകൊണ്ട് ബോധപൂര്‍വ്വം വിസ്മരിക്കുന്നു?
വാതിലുകള്‍ക്ക് പിന്തിരിഞ്ഞു നിന്ന് നാമാരെ കേള്‍പ്പിക്കാന്‍ ജനാലയിലൂടെ നിലവിളിക്കുന്നു...
എന്നെ തുറന്നു വിടൂ..LET ME OUT....!

3 comments:

Sanal Kumar Sasidharan said...

പെണ്ണെഴുത്തും ദളിതെഴുത്തും അതുപോലെ വിഭാഗീയമായ നിരവധി അസ്തിത്വങ്ങളും സൃഷ്ടിച്ച് നാട്ടുരാജ്യങ്ങളുടെ രാജാവാകാന്‍ എളുപ്പമാണെന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് മറ്റാരെയൊക്കെയോ ബോധ്യപ്പെടുത്താനായി നിലവിളിക്കുന്നു.
എന്നെ സ്വതന്ത്രനാക്കൂ.LET ME FREE ...
ഈ കാപട്യത്തിലേക്കു ചൂണ്ടുന്ന മികച്ച ഒരു കഥയാണ് “പൂത്തുമ്പി”

സജീവ് കടവനാട് said...

സനാതനന്‍മാഷേ നന്നായിരിക്കുന്നു ഈ വായന.

mukthaRionism said...

അതെ,
നന്നായിരിക്കുന്നു ഈ വായന.
വായന തുടരുക..