ഒരു നിമിഷം അപ്പുറവും ഒരു നിമിഷം ഇപ്പുറവും അല്ലാത്ത ഒരു നിമിഷത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.ആ ഒരൊറ്റ നിമിഷത്തെ സംഭവവികാസങ്ങൾ,ആ ഒരൊറ്റ നിമിഷത്തിൽ ഒത്തുചേരുന്ന യാദൃശ്ചികതകൾ,ആ ഒരൊറ്റ നിമിഷത്തിൽ ഒരു സംവിധായകൻ കയ്യടക്കത്തോടെ ചെയ്യുമ്പോലെയുള്ള ക്രമീകരണങ്ങൾ.... അങ്ങനെ അത്ഭുതം ജനിപ്പിക്കുന്ന ആ നിമിഷത്തിന്റെ ഊർജ്ജം.അപൂർവമായ ഒരു നിമിഷത്തെ അടയാളപ്പെടുത്താൻ തക്കവണ്ണം സെൻസിറ്റീവ് ആയ ഒരു മാപിനിയാണ് കലാകാരന്റെ/കാരിയുടെ മനസ്.ആ നിമിഷത്തിൽ സന്നിഹിതമായിരിക്കുക,ആ നിമിഷത്തെ സ്വാംശീകരിക്കുക,ആ നിമിഷത്തെ ആവിഷ്കരിക്കുക ഇതു മൂന്നും കൃത്യമാകുമ്പോൾ കല മഹത്തരമാവും.ഒരു നിമിഷം അപ്പുറവും ഒരു നിമിഷം ഇപ്പുറവും അല്ലാത്ത ആ നിമിഷത്തിന്റെ സ്നാപ്പ് ഷോട്ട് എന്ന് കലയെ വിളിക്കാൻ തോന്നുന്നു എനിക്ക്.

ഈ കുറിപ്പ് ഉന്മേഷ് ദസ്തക്കിറിന്റെ “വഴികൾ പലത്” എന്ന ചിത്രത്തെ ഉദ്ദേശിച്ചാണെങ്കിലും പൊതുവേ എല്ലാത്തരം ആവിഷ്കരണങ്ങളേയും അങ്ങനെ പറയാം. നട്ടപ്പാതിരായ്ക്ക് ചാടിയെണീറ്റ് കഥയോ കവിതയോ ലേഖനമോ എഴുതാനിരിക്കുന്ന എഴുത്തുകാരനും.യാഥാർത്ഥ്യലോകത്തുള്ളതല്ലാത്ത ഒരു ചലനത്തെ ശരീരത്തിലേക്കാവാഹിക്കുന്ന നർത്തകിയും ചെയ്യുന്നത് അതുതന്നെയാണ്.


ഈ ചിത്രത്തിൽ ഒരേദിശയിലേക്ക് സഞ്ചരിക്കുന്ന രണ്ട് സ്ത്രീ ഭാവങ്ങളെകാണാം.രണ്ട് വേഷവിതാനങ്ങൾ, രണ്ട് മുഖഭാവങ്ങൾ ഒരേ വഴിയുടെ രണ്ട് അരികുകളിലൂടെയുള്ള പ്രയാണം.പക്ഷേ നേരത്തേ പറഞ്ഞ ഒരു നിമിഷത്തിന്റെ മാജിക്ക് ഇവിടെയൊന്നുമല്ല കാണുന്നത്. അത് ഒരുകൂട്ടർക്ക് മുകളിൽ നേർ രേഖവരയ്ക്കുന്ന വൈദ്യുത ചാലകങ്ങളും മറ്റേയാളുടെ (നിലപാട്)തറയിൽ കപോതരൂപമാർജ്ജിക്കുന്ന നിഴലുമാണ് .ഇതു രണ്ടും ചിത്രത്തിനു നൽകുന്ന ആഴം മറ്റൊരു നിമിഷത്തിൽ ഉണ്ടാകുമെന്ന് വിശ്വസിക്കാൻ പ്രയാസം.