കേരളാ കഫേ - ചിലകുറിപ്പുകൾ

ഒരുകാലത്ത് ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായി നെഞ്ചുവിരിച്ചു നിന്ന മലയാള സിനിമ ഏകതാനമായ പുരുഷവേഷങ്ങളുടെ കെട്ടിയാടലുകളായി അധ:പതിച്ചത് ദേവാസുരം എന്ന സിനിമയോടെയാണെന്ന് തോന്നിയിട്ടുണ്ട്. അതിനു ശേഷമാണ് മോഹൻ‌ലാൽ എന്ന കറതീർന്ന നടൻ മംഗലശേരി നീലകണ്ഠൻ എന്ന കരുത്തുറ്റ കഥാപാത്രത്തിന്റെ നിഴലായി ഒതുങ്ങിപ്പോയത്. രഞ്ജിത്ത് ദേവാസുരം എന്ന സിനിമയിലൂടെ രചിച്ചത് പിൽക്കാലത്തെ മലയാളം വാണിജ്യ സിനിമയുടെ തിരക്കഥയായിരുന്നു.

മീശയുള്ള മോഹൻ‌ലാൽ മീശയില്ലാത്ത മമ്മൂട്ടി

ദേവാസുരത്തിലെ മോഹൻലാലിന്റെ മീശയുടെ സ്റ്റിയറിംഗ് ഐ.വി ശശിയുടെ കയ്യിൽ നിന്ന് ഷാജികൈലാസ് ഉൾപ്പെടെയുള്ളവർ തട്ടിയെടുത്തതോടെ പ്രതിഭാശാലിയായ ഒരു നടൻ ബെല്ലും ബ്രേക്കുമില്ലാതെ ട്രാക്ക് തെറ്റി ഓടാൻ തുടങ്ങി.ആ ഓട്ടം ഇനിയും നിലച്ചിട്ടില്ല. ഭ്രമരം എന്ന വളരെയധികം സിനിമാറ്റിക് ആയ ഒരു ചിത്രത്തിന്റെ അവസാന സീനുകളിൽ പോലും ആ ഓട്ടത്തിന്റെ വീൽ‌പ്പാടുകൾ കാണാം. മോഹൻലാലിന്റെ മാത്രം പ്രശ്നമല്ലായിരുന്നു ഇത്. മമ്മൂട്ടിമുതൽ മനോജ് കെ ജയൻ വരെ നടനവൈഭവമുള്ള എല്ലാ നായക നടന്മാർക്കും ട്രാക്ക് തെറ്റി.മീശയിലാണ് മലയാളസിനിമയുടെ വിജയസാധ്യത എന്ന ധാരണ എങ്ങും പരന്നു. മീശക്കഥകൾക്ക് വേണ്ടി തിരക്കഥാകൃത്തുക്കളും സംവിധായകരും കുത്തിയിരിപ്പു തുടങ്ങി. ‘നായിക‘ എന്ന കെട്ടുകോലങ്ങൾ നായകനുചുറ്റും പാറിപ്പറക്കുന്ന പൈങ്കിളികളായി മാറി. ഏറെ വൈകിയാണെങ്കിലും സിനിമാ ലോകത്തുള്ളവർ മലയാള സിനിമ ട്രാക്ക് തെറ്റിയാണ് ഓടുന്നതെന്ന് തിരിച്ചറിഞ്ഞു തുടങ്ങി. അത്തരം ഒരു തിരിച്ചറിവിന്റെയും തിരുത്തൽ നടപടികളുടേയും പ്രതിഫലനമായിട്ടു വേണം “കേരളാ കഫേ” എന്ന ‘ചെറുസിനിമാ സമാഹാര‘ത്തെ കാണേണ്ടത്. മംഗലശേരി നീലകണ്ഠന്റെ മീശയെ സൃഷ്ടിച്ച രഞ്ജിത് തന്നെ കേരളാ കഫേ എന്ന സിനിമയുടെ രൂപകല്പനയിലൂടെ മീശയില്ലാത്ത/മീശ പിരിക്കാത്ത നായകൻമാരെയും സൃഷ്ടിച്ചു എന്നത് ചരിത്രപരമായ നിയോഗം ആയിരിക്കും. മംഗലശേരി നീലകണ്ഠനെപ്പോലെ “വെട്ടിയിട്ട കൈ കെട്ടിവച്ച്” പോരാട്ടത്തിനുവരുന്ന ഒറ്റ കഥാപാത്രം പോലും ഇതിലെ പത്തു സിനിമകളിലും ഇല്ലെങ്കിലും ചെറു സിനിമകളുടെ ഈ സമാഹാരം മലയാള സിനിമയുടെ ഇനിയുള്ള കാലത്തെ ഭരിക്കാൻ പോന്നതാണ്.

കേരള കഫേയുടെ വിജയം - സന്തോഷിക്കാൻ ചില കാരണങ്ങൾ

ഇന്ന് തിരുവനന്തപുരം ശ്രീ പത്മനാഭ തിയേറ്ററിൽ ഈ സിനിമാസമാഹാരം കാണാനുള്ള ടിക്കറ്റ് ക്യൂവിന്റെ നീണ്ട വാലിൽ ഒരു കണ്ണിയാവുമ്പോൾ, ബാൽക്കണിയിൽ ഒറ്റസീറ്റുപോലും മിച്ചമില്ലാതെ വിറ്റുപോയിരിക്കുന്ന കാഴ്ച കാണുമ്പോൾ, ഓരോ സംവിധായകനേയും പരിചയപ്പെടുത്തി സിനിമ അവസാനിക്കുന്നത് വരെ കാണികൾ സീറ്റ് വിട്ട് പോകാതെ അമർന്നിരിക്കുന്നത് കാണുമ്പോൾ ഒക്കെ സിനിമയെ ഇഷ്ടപ്പെടുന്ന ഒരാൾ എന്ന നിലയിൽ മനസ് നിറഞ്ഞ സന്തോഷമായിരുന്നു. ഈ സിനിമയുടെ വിജയം മലയാള സിനിമയ്ക്ക് ഏറെ സ്വാതന്ത്ര്യങ്ങൾ നൽകുന്ന ഒന്നാണ്. എന്നാൽ ഏറെ സന്തോഷം തോന്നുന്നത് മൂന്ന് കാരണങ്ങളാലാണ്.

ഒന്നാമത്തേത്, രണ്ടരമണിക്കൂർ (കുറഞ്ഞത് രണ്ട് മണിക്കൂർ എങ്കിലും) ദൈർഘ്യമുണ്ടെങ്കിലേ തിയേറ്ററിൽ റിലീസ് ചെയ്യാവുന്ന ഒരു കമേഴ്സ്യൽ സിനിമ ഉണ്ടാകൂ എന്ന നിയമം ഇതോടെ അവസാനിക്കുകയാണ്. പത്തോ ഇരുപതോ മിനുട്ട് ദൈർഘ്യമുള്ള ചെറിയ ചിത്രങ്ങളുടെ സമാഹാരങ്ങൾ തിയേറ്ററിൽ എത്തിക്കാമെന്നത് കുറഞ്ഞ മുതൽമുടക്കുമായി സിനിമ പിടിക്കാനിറങ്ങുന്ന പുതിയ സിനിമാക്കാർക്ക് പ്രത്യാശ നൽകുന്ന പുരോഗതിയാണ്. ഒരുപക്ഷേ കേരള കഫേ മലയാളത്തിലെ ആദ്യത്തെ ചെറു ചലചിത്ര സമാഹാരമായി അറിയപ്പെട്ടേക്കും.

രണ്ടാമത്തേത്, താരങ്ങൾ, പാട്ട്, സ്റ്റണ്ട് തുടങ്ങി സ്ഥിരം ചേരുവകൾ ഉണ്ടെങ്കിലേ മലയാളി തിയേറ്ററിലെത്തൂ എന്ന ധാരണ തിരുത്തപ്പെടുകയാണ്.കേരള കഫേയിലെ പത്തു ചെറുചിത്രങ്ങളിൽ ആറെണ്ണവും ശരാശരിയിലും താഴെ നിലവാരമുള്ളവയാണ്.എന്നിട്ടും കേരളാ കഫേ കാണാൻ തിയേറ്ററിൽ ആളെത്തുന്നു. നിലവാരമുള്ള ചിത്രങ്ങൾ എന്ന് പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്ന ചിത്രങ്ങൾ താരസാമീപ്യം കൊണ്ടല്ല സ്വീകരിക്കപ്പെടുന്നത്.അതായത് പുതുമുഖങ്ങളെ വച്ചും കുറഞ്ഞ ചിലവിലുമുള്ള ചെറു ചലചിത്ര സംരംഭങ്ങൾക്ക് പ്രദർശന സാധ്യതകൾ ഉണ്ടെന്ന തിരിച്ചറിവ് ഈ ചിത്രത്തിന്റെ വിജയം ഉണ്ടാക്കുന്നുണ്ട്.

മൂന്നാമത്തേത്, ശ്രദ്ധിക്കപ്പെടുന്ന ചലചിത്രങ്ങളിൽ രണ്ടെണ്ണം സംവിധാനം ചെയ്തിരിക്കുന്നത് സ്ത്രീകളാണെന്നതാണ്.

എടുത്തുപറയേണ്ട ചിത്രങ്ങൾ

കേരളാ കഫേയിൽ കണ്ട ചലച്ചിത്രങ്ങളിൽ എടുത്തുപറയാവുന്ന നാലു ചിത്രങ്ങളാണ് ഉള്ളത്
രേവതിയുടെ “മകൾ“, അഞ്ജലി മേനോന്റെ “ഹാപ്പി ജേർണി“, ലാൽ ജോസിന്റെ “പുറം കാഴ്ചകൾ“, അൻ‌വർ റഷീദിന്റെ “ബ്രിഡ്ജ്“ എന്നിവ.

മകൾ എന്ന ചെറുചിത്രം മനസിൽ ഉണ്ടാക്കിയ മുറിവ് ഒരിക്കലും ഉണങ്ങുന്ന ഒന്നല്ല. എത്ര മഹത്തായ ആശയത്തേയും പണത്തിനുവേണ്ടിയുള്ള കെണിയാക്കി ഉപയോഗിക്കാൻ മനുഷ്യനു കഴിയുന്നു എന്ന തിരിച്ചറിവ് ഞെട്ടിപ്പിക്കുന്നതാണ്. തിരക്കഥയുടെ ഒതുക്കം, അഭിനേതാക്കളുടെ തെരെഞ്ഞെടുപ്പ്, ലൊക്കേഷൻ, സംവിധാനമികവ് ഒക്കെ സിനിമയെ മറക്കാനാവാത്തതാക്കുന്നു.

അഞ്ജലി മേനോന്റെ ഹാപ്പി ജേർണി കഥയില്ലായ്മയിൽ നിന്ന് മനോഹരമായ ഒരു സിനിമ എങ്ങനെ ഉണ്ടാക്കാം എന്നതിന് ഉദാഹരണമാണ്. ജഗതിയുടെയും നിത്യാ മേനോന്റെയും അഭിനയമികവും, എം.ജെ രാധാകൃഷ്ണന്റെ ഛായാഗ്രഹണവും കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നതിൽ സംവിധായികയ്ക്കുള്ള കയ്യടക്കവും എടുത്തുപറയേണ്ടതാണ്.

പുറം കാഴ്ചകൾ ലാൽ ജോസിന്റെ സംവിധാനമികവിന് അടിവരയിടുന്നു.

“ബ്രിഡ്ജ്“ ഒരു പിന്തിരിപ്പൻ അടിയൊഴുക്കുള്ള മികച്ച സാക്ഷാത്കാരം

തിയേറ്ററിൽ ഏറ്റവും കയ്യടി നേടിയ ചിത്രം അൻ‌വർ റഷീദിന്റെ ബ്രിഡ്ജ് ആണ്.ദൃശ്യഭംഗിയുടെ സമ്പന്നതകൊണ്ടും അഭിനേതാക്കളുടെ അസാമാന്യ പ്രകടനം കൊണ്ടും സാങ്കേതികമായി മികച്ച ചലചിത്രമാകുന്നുണ്ട്, നിലപാടുകൊണ്ട് പിന്തിരിപ്പനായ ഈ ചിത്രം . മെലോ ഡ്രാമയിൽ കരളലിയാനും നായക കഥാപാത്രത്തിന്റെ കാപട്യത്തോട് സ്വയം ഇഴുകാനുമുള്ള മലയാളിയുടെ സഹജവാസനകൊണ്ടാകാം ഈ ചിത്രത്തിന് പ്രേക്ഷക പിന്തുണ ഏറെ ലഭിക്കുന്നത്. ഒരേ സമയം നടക്കുന്ന രണ്ട് ഉപേക്ഷിക്കലുകളാണ് ബ്രിഡ്ജിന്റെ ഉള്ളടക്കം. സലീം കുമാർ അവതരിപ്പിക്കുന്ന നായക കഥാപാത്രം അമ്മയെ വളരെയധികം സ്നേഹിക്കുന്നവനാണ്. വാർദ്ധക്യം കൊണ്ട് ഓർമയും കാഴ്ചയും നഷ്ടപ്പെട്ട അമ്മയാണെങ്കിൽ കിടക്കയിൽ തന്നെ ഒന്നിലധികം തവണ മലമൂത്ര വിസർജനം ചെയ്യുന്നവളും ഭക്ഷണക്കാര്യത്തിലും മറ്റും ആവശ്യമില്ലാതെ ശാഠ്യം പിടിക്കുന്നവളും. കല്പന അവതരിപ്പിക്കുന്ന ഭാര്യാകഥാപാത്രത്തിനും നായകന്റെ അമ്മയോട് സഹതാപമുണ്ട്. പക്ഷേ വൃദ്ധയായ അമ്മ കുടുംബത്തിൽ അലോസരമാകുന്നു. വൃദ്ധയായ അമ്മയാണെങ്കിൽ സിനിമയുടെ തുടക്കം മുതൽ മകൻ, തന്നെ പട്ടണം ചുറ്റാൻ കൊണ്ടുപോകുന്ന ദിവസവും കാത്തിരിക്കുകയാണ്. ഒടുവിൽ അമ്മയുടെ ശല്യം സഹിക്കവയ്യാതെ സ്നേഹനിധിയായ മകൻ അമ്മയെ ടൌണിൽ കൊണ്ടുപോകുന്നു, സിനിമ കാണിക്കുന്നു, സിനിമാ തിയേറ്ററിൽ തന്നെ ഉപേക്ഷിച്ചു പോരുന്നു. നിവൃത്തിയില്ലാതെ( ? ) അമ്മയെ ഉപേക്ഷിച്ചുപോരുന്ന മകന്റെ കരഞ്ഞൊഴുകുന്ന മുഖത്തെയാണ് കാമറ ഫോക്കസ് ചെയ്യുന്നത്.

രണ്ടാമത്തെ കഥ ഒരു പൂച്ചക്കുഞ്ഞിന്റേയും കുട്ടിയുടെയുമാണ്. അമ്മയില്ലാത്ത ഒരു കൊച്ചുകുട്ടി അച്ഛനറിയാതെ, തെരുവിൽ നിന്ന് കിട്ടുന്ന ഒരു പൂച്ചക്കുഞ്ഞിനെ ഓമനിച്ചുവളർത്തുന്നു. അച്ഛൻ അതറിയുകയും കുട്ടിയിൽ നിന്നും പൂച്ചക്കുഞ്ഞിനെ പറിച്ചെടുക്കുകയും നഗരത്തിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു.പൂച്ചക്കുഞ്ഞിനായി കരഞ്ഞ് കുട്ടിക്ക് പനിപിടിക്കുമ്പോൾ സ്നേഹമയനായ അച്ഛൻ പാതിരാത്രി തന്നെ താൻ പൂച്ചയെ ഉപേക്ഷിച്ചിടത്ത് തെരയുന്നു. പക്ഷേ അയാൾക്കു പൂച്ചക്കുഞ്ഞിനെ കണ്ടെത്താനാകുന്നില്ല.ഇവിടെയും സ്നേഹമയനായ ആ അച്ഛന്റെ ആശങ്കാകുലമായ മുഖമാണ് കാമറ പ്രേക്ഷകനുവേണ്ടി മുന്നോട്ട് വെക്കുന്നത്.

ഉപേക്ഷിക്കപ്പെട്ട രണ്ടു ജീവികളും ഒന്നിക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്

നിവൃത്തികേട് എന്ന സൌകര്യത്തെ പൊലിപ്പിച്ചുകൊണ്ട്, അമ്മയെപ്പോലും ഉപേക്ഷിക്കുന്ന മാനസികാവസ്ഥയെ ന്യായീകരിക്കാനുള്ള ശ്രമമാണ് ഈ സിനിമയെ പിന്തിരിപ്പൻ ആക്കുന്നത്. ഒരുപക്ഷേ അതുതന്നെയാവും ഈ സിനിമയെ മലയാളിയുടെ കാപട്യം ഏറെ എളുപ്പത്തിൽ നെഞ്ചേറ്റുന്നതും.

പുതിയ പ്രതിഭകൾ കടന്നുവരുമ്പോഴാണ് ഏതൊരു കലാരൂപവും പുതിയ ഊർജ്ജം പ്രസരിപ്പിക്കുക. മലയാള സിനിമയുടെ കാര്യത്തിലാണെങ്കിൽ ഇത് അത്ര സാധാരണമായി സംഭവിക്കുന്ന ഒന്നല്ല.സമീപകാലത്ത് ധാരാളം പുതിയ സംവിധായകരും തിരക്കഥാകൃത്തുക്കളും സിനിമയിലേക്ക് കടന്നുവന്നിട്ടുണ്ടെങ്കിലും ഒന്നോ രണ്ടോ ചിത്രങ്ങൾ കൊണ്ടുതന്നെ തങ്ങളുടെ ഇരിപ്പിടം ഉറപ്പിച്ചിട്ടുണ്ടെങ്കിലും അവരുടെ കടന്ന് വരവ് മലയാള സിനിമയിൽ തുടർന്ന് വന്നിരുന്ന രീതികളിൽ നിന്നും ഒട്ടും വ്യത്യസ്തമായ പാതകൾ തുറന്നില്ല.സ്ഥിരം ഫോമുലകളിൽ തന്നെയായിരുന്നു ഇവരുടേതായി വെളിയിൽ വന്ന ചിത്രങ്ങൾ ഒക്കെയും.ബ്ലെസി (കാഴ്ച)റോഷൻ ആൻഡ്ര്യൂസ്(ഉദയനാണ് താരം) അൻ‌വർ റഷീദ് (രാജമാണിക്യം) അമൽ നീരദ് (ബിഗ് ബി) എന്നീ സംവിധായകരുടെയെല്ലാം ചിത്രങ്ങൾ മികച്ച വിജയം നേടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു എങ്കിലും അവയ്ക്കൊന്നും തന്നെ പുതുമ അവകാശപ്പെടാനില്ലായിരുന്നു.കുടുംബം,പ്രണയം,പാട്ട്,നായകൻ, നായിക, താരം ഈ പന്ഥാവിൽ തന്നെയായിരുന്നു ഇവയൊക്കെയും.ഈ പശ്ചാത്തലത്തിലാണ് നവാഗത സംവിധായകനായ രഞ്ജിത് ശങ്കറിന്റെ പാസഞ്ചർ എന്ന ശരാശരി സിനിമ വ്യത്യസ്തമാകുന്നത്, ശ്രദ്ധേയമാകുന്നത്.

അതിശയോക്തി നിറഞ്ഞ ഒരു കഥയാണ് പാസഞ്ചർ പറയുന്നത്.കരിമണൽ ഖനനത്തിനെ ചെറുക്കുന്ന തീരദേശവാസികളെ ഉൻ‌മൂലനാശനം ചെയ്യാനുള്ള ഖനനമാഫിയയുടെ ഗൂഢതന്ത്രവും അതിനെ പൊളിക്കുന്ന ഒരു പത്രലേഖികയുടെയും അഭിഭാഷകനായ ഭർത്താവിന്റെയും ജീവന്മരണ പോരാട്ടവുമാണ് സിനിമയുടെ പ്രമേയം.ഇന്റെർനെറ്റ്, വെബ്കാം തുടങ്ങിയ ആധുനിക സംവിധാനങ്ങളുടെ സമകാലത്തെ സ്വാംശീകരിക്കാൻ സിനിമ ശ്രമിക്കുന്നു എന്ന് സമ്മതിക്കാമെങ്കിലും ചിലതിന്റെയെങ്കിലും വിശദാംശങ്ങളിലുള്ള ഒട്ടും വിശ്വസനീയമല്ലാത്ത അവതരണവും ഏറ്റവും സാധ്യമായ ചില ഉപായങ്ങളുടെ തമസ്കരണവും അതിന്റെ മേന്മ
കെടുത്തിക്കളയുന്നുമുണ്ട്. വിമാനം ഉപയോഗിച്ചുകൊണ്ടുള്ള ഉന്മൂലനാശയവും അതിന്റെ പ്രയോഗസാധ്യതയെ
അന്ധമായി വിശ്വസിക്കുന്ന കൂർമ(കു)ബുദ്ധിയായ രാഷ്ട്രീയക്കാരനുമൊക്കെ അതിശയോക്തി കലർന്ന സ്ഥിരം
ചേരുവകളുടെ ജനിതകവ്യതിയാനം വരുത്തിയ വിത്തുകളാണെന്ന് പറയാതെ വയ്യ.വർഗീയകലാപം ഇളക്കിവിട്ടുകൊണ്ടും ബോംബ് സ്ഫോടനം
കൊണ്ടും ഉള്ള ഒഴിപ്പിക്കൽ തന്ത്രങ്ങൾക്ക് മറ്റൊരു മാർഗം ആരാഞ്ഞിരിക്കുന്നു എന്നല്ലാതെ കാതലായ
യാതൊരു മാറ്റവും ഇവിടെ കാണാനില്ല.പ്രമേയത്തിലുള്ള ഇത്തരംപുതുമയില്ലായ്മ കാരണമാണ് പാസഞ്ചറിനെ
ഒരു ശരാശരി സിനിമ എന്ന് വിശേഷിപ്പിക്കേണ്ടി വരുന്നതും.

എന്നാൽ പ്രമേയത്തെ മാറ്റി നിർത്തിയാൽ സമകാലീന മലയാളത്തിലെ വാണിജ്യ സിനിമയ്ക്ക് സങ്കൽ‌പ്പിക്കാൻ കഴിയാത്തത്ര പുതുമകളുമായാണ് പാസഞ്ചർ എന്ന സിനിമ പ്രേക്ഷകനെ അഭിമുഖീകരിക്കുന്നത്.അവതരണം,താരനിർണയം എന്നിവയിലുള്ള വിപ്ലവകരമായ മാറ്റം കൊണ്ടു മാത്രമല്ല നായകനെ ചുറ്റിപ്പറ്റി സഞ്ചരിക്കുന്ന കഥനരീതിയിൽ നിന്നുമുള്ള ശക്തമായ വ്യതിചലനം കൊണ്ടും ഈ സിനിമ മുൻപ് പറഞ്ഞ നവാഗതരുടെ ആദ്യ സിനിമകളെ അതിശയിക്കുന്നു.നിലവിലുള്ള മലയാള വാണിജ്യസിനിമയുടെ പതിവു വഴിയിൽ സംഭാഷണത്തിലൂടെ തന്നെയാണ് ആഖ്യാനം പുരോഗമിക്കുന്നതെങ്കിലും അധികം ഉപകഥകളിലേക്ക് വ്യാപരിക്കാതെ( സത്യനാഥന്റെ വീട്ട്,നാട്ട് കാര്യങ്ങൾ ഒഴികെ) പറഞ്ഞ് വരുന്ന സബ്ജെക്റ്റിൽ ഊന്നി നിൽക്കാനുള്ള ആർജ്ജവം പാസഞ്ചർ കാണിക്കുന്നുണ്ട്.പ്രണയത്തിന്റെ പിൻബലമില്ലാതെയും ഒരു മലയാള സിനിമ ഉണ്ടാക്കാമെന്ന് തെളിയിച്ചു എന്നതും സ്ഥാനത്തും അസ്ഥാനത്തും കടന്ന് വന്ന് സിനിമയുടെ അവിഭാജ്യഘടകമായി മാറിയ പാട്ട് എന്ന അലങ്കാരവസ്തുവിനെ പാടേ ഒഴിവാക്കി എന്നതും പാസഞ്ചറിന്റെ മികവാണ്.

ഒരു നവാഗത സംവിധായകൻ എന്ന നിലയിൽ രഞ്ജിത് ശങ്കറിന് കിട്ടേണ്ടുന്ന ഏറ്റവും വലിയ പ്രശംസ മലയാള
സിനിമയ്ക്ക് തീരാശാപമായ നായകസങ്കൽ‌പ്പം പൊളിച്ചെഴുതിയതിന്റെ ആണെന്ന് പറയേണ്ടിയിരിക്കുന്നു.
ഉണ്ടയുണ്ടാക്കുന്നത് മുതൽ വെടിപൊട്ടിക്കുന്നതുവരെയുള്ള സകലതും താൻ തന്നെ ചെയ്യണം എന്ന് ശഠിക്കുന്ന
നായകൻ‌മാരുടെ വിഹാ(കാ)ര രംഗമായ മലയാള വാണിജ്യ സിനിമയ്ക്ക് ഒട്ടും സങ്കൽപ്പിക്കാനാവാത്ത ഒന്നാണ്
സിനിമയുടെ അന്ത്യം വരെയും കാര്യമായൊന്നും ചെയ്യാൻ കഴിയാതെ ‘ബന്ധനസ്ഥനായ ഒരു നായകൻ‘.
പാത്ര സൃഷ്ടികൊണ്ട് ധീരോദാത്തനും അതിപ്രതാപ ഗുണവാനുമാണ് ദിലീപ് അവതരിപ്പിക്കുന്ന അഡ്വക്കേറ്റ്
നന്ദൻ മേനോൻ എങ്കിലും അത്രയൊന്നും ഗുണഗണങ്ങളില്ലാത്ത സത്യനാഥനാണ് സിനിമയെ മുന്നോട്ട് കൊണ്ട്
പോകുന്നത്.ഇത് തീർച്ചയായും മലയാള സിനിമയുടെ ഇനിയുള്ള പ്രയാണത്തെ സ്വാധീനിക്കാൻ പോകുന്ന
പ്രധാനമായ ഒരു വഴിത്തിരിവാണ്.നായകന് പ്രാധാന്യമില്ലെങ്കിൽ നായികയ്ക്കാവണം എന്ന സ്ഥിരം സങ്കൽ‌പത്തെപ്പോലും തിരുത്തി എഴുതുന്നു രഞ്ജിത് ശങ്കർ.

ദിലീപ്,മംത,ശ്രീനിവാസൻ,ആനന്ദ് സാമി,ജഗതി ശ്രീകുമാർ, നെടുമുടി വേണു എന്നിവരുടെ മികച്ച പ്രകടനം സിനിമയെ സാധാരണ പ്രേക്ഷകന് ആസ്വാദ്യമാക്കുന്നുണ്ട്.പ്രമേയം,ദൃശ്യങ്ങളെക്കാൾ സംഭാഷണത്തിനുള്ള പ്രാമുഖ്യം,പശ്ചാത്തല സംഗീതത്തിനുള്ള സ്ഥിരം ശൈലി,പിരിമുറുക്കമുള്ള സീനുകളിലും നർമ്മം കുത്തിത്തിരുകാനുള്ള വ്യഗ്രത എന്നിവയിൽ ഒരു ശരാശരി സിനിമയുടെ നിലവാരമാണ് പാസഞ്ചർ പുലർത്തുന്നത്
എങ്കിലും.സ്ഥിരം ഫോർമുലകളിൽ നിന്ന് വ്യതിചലിക്കാനുള്ള ആർജ്ജവം, സിനിമയെ അതിശയിപ്പിക്കാത്ത
രീതിയിലുള്ള കഥാപാത്രസൃഷ്ടി എന്നിവകൊണ്ട് പാസഞ്ചർ സമീപകാലത്ത് വന്ന നവസംവിധായകരുടെ
സിനിമകളെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നു.


എഴുത്ത് ഓൺ‌ലൈനിൽ വന്നത് ഓർമ്മയ്ക്കായി സൂക്ഷിക്കുന്നത്