ഉടഞ്ഞ ഭാഷയുടെ ചീളുകള്‍ കൊണ്ട്‌ ഒരു മുഴുവന്‍ ജീവിതം മുറിച്ചുവയ്ക്കുന്നു അന്‍വര്‍ അലിയുടെ "സന്‍ബിന്‍"എന്ന കവിത.എണ്ണിയെടുക്കാവുന്നത്രമാത്രം മലയാളം വാക്കുകള്‍ ചിതറിത്തെറിച്ചപോലെ ഇംഗ്ലീഷും കൊറിയനും.പരന്നു കെട്ടുന്ന സ്നേഹത്തിന്റെ അനാഥത്വം...അങ്ങനെ വിശേഷിപ്പിക്കാം സന്‍ബിന്‍ എന്ന കവിതയെ അല്ലെങ്കില്‍ യോ ബാറിലെ വിളമ്പുകാരിയെ.

ആത്മവിശ്വാസമില്ലാത്ത വാചകങ്ങളില്‍ പതിഞ്ഞ സ്വരത്തിലാണ്‌ കവിത സംസാരിക്കുന്നത്‌.വ്യാകരണപ്പിശകിന്റെ ഓമനത്വം നിറഞ്ഞ,എന്നാല്‍ മൂര്‍ച്ചയോടെ തുളച്ചുകയറുന്ന വാചകങ്ങളാലാണ്‌ കവിത തീര്‍ത്തിരിക്കുന്നത്‌.
“മിസ്റ്റര്‍ അലി ആന്‍ഡ്‌ സന്‍ബിന്‍ ഫ്രണ്ട്‌സ്‌ ക്വഞ്ചനായോ?“
സന്‍ബീന്‍ ചോദിക്കുന്നു
ചോദ്യം തന്നെ ഉത്തരമായി നല്‍കേണ്ടിവരുന്ന സാന്ത്വനപ്പെടുത്തലിന്റെ മുറിവേല്‍പ്പിക്കുന്ന മറുപടി അലിപറയുന്നു
“ക്വഞ്ചനായോ.“
ഭാഷയെക്കാള്‍ ഭാവത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ മന്ദതാളത്തില്‍ കുറഞ്ഞ വരികളില്‍ ഉടഞ്ഞുകിടക്കുന്ന കവിതയിലാകമാനം സന്‍ബീന്‍ ഒരു വികാരമായി പതിഞ്ഞുകത്തുന്നുണ്ട് .
രാത്രി മൂന്നുമണി-
കോക്ടെയിലിനുള്ളില്‍ നിന്ന്
തന്നെ അരിച്ചെടുത്ത്,
ഇരുട്ടുടയാടയ്ക്കുമേല്‍,
അടുത്ത കൊല്ലം
ഫാഷന്‍ഡിസൈനിങ്ങ് കോഴ്സിനു ചേരുന്ന
ഒരു സന്‍ബിന്‍സ്വപ്നം ചുറ്റി
തണുപ്പത്ത്
ചൊന്‍ മിന്‍ ദോങ്ങിലെ ബാറില്‍ നിന്ന്
ഡൌണ്‍ ടൌണിലെ
അപ്പയും ഒമ്മയും ഉറങ്ങിയ അപ്പാര്‍ട്ട്മെന്റിലേക്ക്

ഒരു മണിക്കൂര്‍ നടത്തത്തിനിടെ സന്‍ബീന്‍ ചോദിക്കുന്നു.

"ഐ ലോണ്‍ലീ..അലി ലോണ്‍ലീ?"

നാലുമണി-
ടിഷ്യു കടലാസില്‍ അവള്‍ വെറുതേ തെറുത്ത
'മുകുംഹ്വാ'ഇതളുകളെ,3
വരുംകൊല്ലം
ഏതോ കൂട്ടുകാരന്റെ രാവുടലില്‍
കൊലുന്നു സന്‍ബിന്‍വിരലുകള്‍ വിരിഞ്ഞുതുടുക്കുന്ന
ഒരു സ്വപ്നം ചാറി നനച്ച്,
പുലരിമേഘങ്ങളോടൊപ്പം
അയാള്‍ മടങ്ങാനൊരുങ്ങുമ്പോള്‍ സ്നേഹത്തിന്റെ ഉച്ചസ്ഥായിയിലെ അനാഥത്വത്തില്‍ അവള്‍ പിറുപിറുക്കുന്നു

"സന്‍ബീന്‍ ലോണ്‍ലീ..നോ ബോയ്‌ ഫ്രണ്ട്‌"

ആദ്യവാചകത്തിലെ ഐ ലോണ്‍ലീ എന്ന പദം സന്‍ബീന്‍ ലോണ്‍ലീ എന്നുമാറുമ്പോള്‍ എന്തുകൊണ്ടാണ്‌ വായനക്കാരാ നിനക്കു വേദനിക്കുന്നത്‌? സ്നേഹത്തിന്റെ പാരമ്യതയില്‍ ദുഖപൂര്‍ണ്ണമായ ആ അനാഥത്വം നീ അനുഭവിച്ചിട്ടുണ്ടോ? ഞാനും ഞാന്‍ സ്നേഹിക്കുന്നവനും കൂട്ടില്ലാതായിപ്പോകുന്ന ‘ഞാന്‍‘ എന്ന പ്രഹേളികയുടെ വേദന അനുഭവിച്ചിട്ടുണ്ടോ? എപ്പോഴെങ്കിലും സ്വന്തം പേരുപറഞ്ഞ്‌,തന്നില്‍ നിന്ന് സ്വയം പറിച്ച്‌ മാറ്റി നിര്‍ത്തിക്കൊണ്ട്‌ "ആരുമില്ല" എന്നു പിറുപിറുത്ത നിമിഷങ്ങളെയെല്ലാം ഓര്‍മ്മിപ്പിക്കുന്നുണ്ടോ , ഭാഷകൊണ്ടുള്ള ഈ കോക്ടെയില്‍ ?