ബ്ലോഗിനെക്കുറിച്ച് എന്തെഴുതിയാലും സൂപ്പര്‍സ്റ്റാറുള്ള സിനിമപോലെ ഒരു മിനിമം ഗ്യാരന്റി ഹിറ്റ് കിട്ടും എന്നുള്ളതുകൊണ്ടല്ല ഇങ്ങനെയൊരു കുറിപ്പെഴുതാമെന്നുവച്ചത്.ഇത് എഴുതണമെന്ന് നാളുകളായി കരുതുന്നതാണ് സ്വതവേ ഉള്ള മടികാരണം അതങ്ങനെ നീണ്ടു നീണ്ടുപോയി.ഇന്നത്തെ ‘പോസ്റ്റ് ഹരികുമാര്‍ കാലാവസ്ഥ‘യില്‍ ഈ കുറിപ്പിന് അത്യാവശ്യം പ്രസക്തി ഉണ്ട് എന്ന് തോന്നിയത് കൊണ്ട് ഇപ്പോഴിത് കുറിക്കുന്നു.

ബ്ലോഗ്,അച്ചടിമാധ്യമം എന്നിങ്ങനെ രണ്ട് മേഖലകളായി തിരിഞ്ഞ് നിന്ന് അക്ഷരലോകം പോരാടുകയാണെന്നും മൂരാച്ചികളായ അച്ചടിത്തമ്പ്രാന്മാര്‍ നവമാധ്യമമായ ബ്ലോഗിന്റ്റെ മുന്നേറ്റം കണ്ട് വെകിളിപിടിച്ചിരിക്കുകയാണെന്നൊക്കെയുള്ള വാസ്തവമോ അവാസ്തവമോ അതിവാസ്തവമോ ആയ ചില ആശയക്കുഴപ്പങ്ങളില്‍ പെട്ടിരിക്കുന്നു,താന്‍ ഒരു ബ്ലോഗ്ഗറാണെന്നോ തനിക്കും ഒരു ബ്ലോഗുണ്ടെന്നോ അതുചില്ലറക്കാര്യമല്ലെന്നോ ചിന്തിക്കുന്ന ഒട്ടുമുക്കാല്‍ പേരും.കഴിഞ്ഞ രണ്ടുനാലുമാസങ്ങളിലെ സംഭവഗതികളില്‍ മാതൃഭൂമി,കലാകൌമുദി,വനിത തുടങ്ങിയ ചില മുഖ്യധാരാ അച്ചടിക്കച്ചവടക്കാരും തങ്ങളാല്‍ കഴിയുന്നരീതിയില്‍ ഇടപെട്ടിട്ടുണ്ട്.അവര്‍ക്ക് പക്ഷേ ഒരു പുതിയ മാധ്യമത്തെ മുഖ്യധാരയില്‍ക്കൊണ്ടുവരിക എന്നതാണ് ലക്ഷ്യമെന്ന് എനിക്ക് തോന്നിയിട്ടില്ല.കുറച്ചൊരു വ്യത്യസ്തമായ വിഭവത്തിനുവേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ കിട്ടിയതുബ്ലോഗായതുകൊണ്ട് കാച്ചിയെന്നേ കാണുകയുള്ളു.എന്നുവച്ച് ഇക്കൂട്ടര്‍ ബ്ലോഗിനെ ഒരു ഗുണപരമായ മാധ്യമമായി അവതരിപ്പിക്കുമെന്നോ അതിന്റെ ഉയര്‍ച്ചക്കായി എന്തെങ്കിലും ചെയ്യുമെന്നോ കരുതുന്നത് വിഡ്ഡിത്തമാണ്.അവരുടെ മുഖസ്തൂതിയില്‍ ഭ്രമിച്ച് അക്ഷരവിനിമയ രം‌ഗത്ത് ഇനിയുള്ളകാലം ബ്ലോഗിന്റെയാണെന്ന് ദിവാസ്വപ്നം കണ്ട് “എനിക്കും.....ഒരു ബ്ലോഗുണ്ടെങ്കില്‍.....എന്തുഞാന്‍ എഴുതും“ എന്ന് മൂളിപ്പാട്ടുമായി പുതുതായി ബ്ലോഗിലെത്തിയവരും.ഒന്നോ രണ്ടോ വര്‍ഷമായി ബ്ലോഗിലുള്ളതുകൊണ്ട് ഒരു ബ്ലോഗ്ഗറെന്നനെഞ്ചെടുപ്പോടെ മീശയും പിരിച്ച് അച്ചടിപ്രസ്ഥാനങ്ങളുമായി മല്ലയുദ്ധത്തിനിറങ്ങുന്നു എന്നുതോന്നിക്കുന്നവരും യാഥാര്‍ഥ്യത്തെ കാണുന്നുണ്ടോ എന്ന് സംശയമാണ്.

ഒരു മാധ്യമത്തിന് ഏതെങ്കിലും തരത്തിലുള്ള പ്രസക്തിയുണ്ടാകുന്നത് അത് ഒരു ജനസമൂഹത്തിന്റെ ചിന്താരീതിയില്‍ സ്വന്തം പ്രഭാവം പ്രകടിപ്പിക്കുമ്പോഴാണ്.ഒരു ജനതയുടെ സാമൂഹികവും രാഷ്ട്രീയവും കലാസ്വാദനപരവുമായ കാഴ്ചപ്പാടുകളില്‍ സ്വാദിന്റെ വ്യത്യസ്തമായ ഒരു തരിയെങ്കിലും വിതറാന്‍ അതിനുകഴിയുമ്പോഴാണ്. അഭിപ്രായരൂപീകരണത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഒരു ചെറുകാറ്റായി വന്നെങ്കിലും അനങ്ങാപ്പാറകളില്‍ തന്റെ തള്ളല്‍ ചെലുത്താന്‍ കെല്‍പ്പുകാണിക്കുമ്പോഴാണ്.അത്തരം ഒരു പ്രഭാവം മലയാളം ബ്ലോഗിനു കൈവന്നിട്ടുണ്ടോ എന്ന് ചിന്തിക്കണം.ഇവിടെ ദിനം‌പ്രതി വന്നുപോകുന്ന നിലവിളികളില്‍,ഇടിമുഴക്കങ്ങളില്‍,പിറുപിറുപ്പുകളില്‍ ഒന്നിനെങ്കിലും അങ്ങനെ ഒരു ദൌത്യം നിര്‍വഹിക്കാന്‍ കഴിയുന്നുണ്ടോ എന്നു ചിന്തിക്കണം.സമൂഹത്തിന്റെ ചിന്തയെ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കാത്ത ഒരു മാധ്യമവും വിലകല്‍പ്പിക്കപ്പെടില്ല.ഇന്ന് മാതൃഭൂമിക്കും മനോരമക്കും കേരളാകൌമുദിക്കും മം‌ഗളത്തിനും,മാധ്യമത്തിനും,ദീപികയ്ക്കുമൊക്കെ എന്തിന് രാഷ്ട്രദീപികയുടെ സായാഹ്നപത്രത്തിനുപോലും വിലകല്‍പ്പിക്കപ്പെടുന്നത് അവ അച്ചടിച്ചുവിടുന്ന ഉത്കൃഷ്ടമായ ആശയങ്ങളുടെ മഹത്വം കൊണ്ടല്ല.സമൂഹം എന്ന കടലില്‍ സാരമായ ഒരുവിഭാഗത്തിലേക്കെങ്കിലും തങ്ങള്‍ അച്ചടിച്ചുവിടുന്നത് എത്തിക്കാന്‍ അവയ്ക്ക് കഴിയുന്നതുകൊണ്ടാണ്.അങ്ങനെ അച്ചടിച്ചുവിടുന്നത് തെറ്റോ ശരിയോ ആയിക്കൊള്ളട്ടെ ഉത്കൃഷ്ടമോ അധമമോ ആയിക്കൊള്ളട്ടെ,അതിന് ഒരു വലിയ സമൂഹത്തിന്റെ അഭിപ്രായരൂപീകരണത്തില്‍ പങ്കുവഹിക്കാന്‍ സാധിക്കുന്നു എന്നതുകൊണ്ടാണ്.എത്രമാത്രം ജനങ്ങളിലേക്കാണ് എത്താന്‍ സാധിക്കുക എന്നത് മാത്രമല്ല ഇവിടെ വിഷയം.എവിടെയുള്ള ജനതയിലേക്കാണ് എത്തുന്നത് എന്നതുകൂടിയാണ്.മലയാളത്തില്‍ ബ്ലോഗെഴുതുന്നവരും വായിക്കുന്നവരും ഏറിയപങ്കും മലയാളത്തിന്റെ ഭൂമിയില്‍ ജീവിക്കുന്നവരല്ല,വലിയൊരളവിന് വോട്ടുപോലും ചെയ്യാന്‍ കഴിയില്ല,താന്‍ എഴുതുന്നത് തന്റെ കുടുംബത്തിലുള്ളവര്‍പോലും വായിക്കും എന്നുറപ്പിക്കാന്‍ മിക്കവാറും‌ പേര്‍ക്ക് കഴിയുന്നില്ല.തന്റെ അഭിപ്രായം ഒരു വൃത്തത്തിനുള്ളിലെ നാലുപേരുടെ ചിന്തയില്‍ ജ്വലിപ്പിക്കാന്‍ അവന് കഴിയുന്നില്ല.യുദ്ധത്തില്‍ ചിതറിപ്പോയ ഒരു സൈന്യം‌പോലെ അവിടെയും ഇവിടെയും നിന്നുള്ള ഉള്ളുരുകലുകള്‍ അവനവനില്‍ത്തന്നെ വീണടിയുന്ന അവസ്ഥയാണ് ഉള്ളത്.ഇതു തന്നെയാണ് മലയാളം ബ്ലോഗിങ്ങിന്റെ വളര്‍ച്ചയില്‍ ഏറ്റവും വലിയ തടസ്സമെന്ന് കരുതണം.

കേരളത്തില്‍ ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നവര്‍തന്നെ വലിയൊരുപങ്കും ബ്ലോഗ് എന്ന മാധ്യമത്തില്‍ നടക്കുന്ന ചലനങ്ങള്‍ ശ്രദ്ധിക്കുന്നില്ല.നിരന്തരം കവിതകള്‍ എഴുതി മാസംതോറും ഏറ്റവും കുറഞ്ഞത് അഞ്ച്പ്രസിദ്ധീകരണങ്ങള്‍ക്കെങ്കിലും അയക്കുന്ന ഒന്നിലധികം സുഹൃത്തുക്കള്‍ എനിക്കുണ്ട്.കൃഷിമുതല്‍ വൈദ്യശാസ്ത്രം വരെ ആധികാരികമായി സംസാരിക്കാനും എഴുതാനും കഴിയുന്ന ഒട്ടേറെപ്പേരെ എനിക്കറിയാം.അവര്‍ക്കൊക്കെ ഇന്റെര്‍നെറ്റ് ഉപയോഗിക്കാനുള്ള ഭൌതീക സാഹചര്യങ്ങളുമുണ്ട്.പക്ഷേ എന്തുകൊണ്ടോ അവര്‍ ബ്ലോഗിനെക്കുറിച്ച് ചിന്തിക്കുന്നില്ല.ബ്ലോഗ് എന്നത് ഒരു തമാശയായോ സമയംകൊല്ലിയായോ മാത്രമാണ് ഇപ്പോഴും പലരും കാണുന്നത്.വായന ബ്ലോഗിലേക്ക് വരികയും വായിക്കുന്നവര്‍ക്ക് കേരളം എന്ന ഭൂപ്രദേശത്തിന്റെ ജൈവീകവും വൈകാരികവുമായ അഭിപ്രായരൂപീകരണത്തില്‍ ഭൌതീകമായ സ്വാധീനം ഉണ്ടാകുകയും ചെയ്യാത്തിടത്തോളംകാലം ബ്ലോഗ് അച്ചടിമാധ്യമങ്ങളുടെ ഏഴയലത്തെങ്കിലുംവരും എന്ന് കരുതുന്നത് മണ്ടത്തരം മാത്രമാണ്.

“വായുവില്‍ വളരുന്ന മലയാളം“ പോലെയുള്ള അലങ്കാര പദങ്ങള്‍ സമ്മാനിച്ച് കുടിയനെ കുപ്പികൊടുത്തൊതുക്കുന്ന മട്ടിലാണ് ബ്ലോഗിനെ വാരിപ്പുണരുന്നു എന്നു നടിക്കുന്ന അച്ചടിയില്‍ അല്‍പ്പമെങ്കിലും സ്വാധീനമുള്ളവര്‍ പെരുമാറുന്നത് എന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ബ്ലോഗിന്റെ സംവാദപരമായ യാതൊരു സാധ്യതകളിലേക്കും വരാതെ അതിന്റെ പ്രചാരണപരമായ സാധ്യതകള്‍ മാത്രം മുതലെടുക്കുന്ന ഇത്തരക്കാര്‍ ബ്ലോഗ് ഒരു കീഴാളമാധ്യമമാണ് എന്നരീതിയിലല്ലേ കാണുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന്റെ സമരപ്പന്തലില്‍ വിളക്കുകൊളുത്താനെത്തുന്ന സവര്‍ണ്ണപ്രമാണിമാരെ ഓര്‍മ്മിപ്പിക്കും ഇവരുടെ പ്രവര്‍ത്തികള്‍.

ഇവിടെയാണ് ഹരികുമാറിനെ ചിലകാര്യങ്ങളിലെങ്കിലും ന്യായീകരിക്കേണ്ടിവരുന്നത്.തലയില്‍ മുണ്ടിട്ടു കൂവുന്നു തുടങ്ങിയ പ്രയോഗങ്ങളും തന്റെ മാന്യപരിവേഷത്തിനിണങ്ങാത്തതായ പല പ്രവര്‍ത്തികളും ഹരികുമാറില്‍ നിന്നുണ്ടായി എന്നത് വിസ്മരിക്കാതെ തന്നെ ബ്ലോഗിന്റെ സംവാദപരമായ സാധ്യതയില്‍ ഹരികുമാര്‍ സജീവമായി പങ്കാളിയായി എന്ന് സമ്മതിക്കാതിരിക്കുന്നത് ശരിയല്ല.ഹരികുമാറിന്റെ വിവാദപ്രസ്താവനകള്‍ പോലും അയാള്‍ കമെന്റ് ഓപ്ഷന്‍ അടച്ചുപോകുന്നതുവരെയും സംവാദപരമായിരുന്നു എന്ന് കാണണം.കമെന്റ് ഓപ്ഷന്‍ അടച്ചുപോകുന്നത് അയാളുടെ മാത്രം കുറ്റമായി വ്യാഖ്യാനിക്കുന്നത് ശരിയുമല്ല.ഞാനുള്‍പ്പെടെ പലരും അങ്ങനെ ഒരഭിപ്രായം(താല്‍പ്പര്യമില്ലെങ്കില്‍ കമെന്റ് ഓപ്ഷന്‍ അടക്കുക എന്ന അഭിപ്രായം) വ്യക്തമാക്കിക്കൊണ്ട് അവിടെ കമെന്റും ഇട്ടിട്ടുണ്ട്.ഹരികുമാര്‍ സ്വയം ബ്ലോഗെഴുതുന്നയാള്‍ മാത്രമല്ല എന്നും പല ബ്ലോഗുകളും വായിക്കുകയും കമെന്റെഴുതുകയും ചെയ്തിട്ടുണ്ടെന്നും വിസ്മരിക്കരുത്.ഞാനുള്‍പ്പെടെ പലരേയും ഹരികുമാര്‍ അനാവശ്യമായി വിമര്‍ശിച്ചിട്ടുണ്ട്.അയാള്‍ക്ക് അനുകൂലമായി സംസാരിച്ച ചിത്രകാരനേയും ഗുണമോ ദോഷമോ ആയി ഒന്നും മിണ്ടാത്ത ലാപുടയേയും അയാള്‍ അധിക്ഷേപിച്ചു.തന്നെ വിമര്‍ശിച്ചു എന്ന ഒറ്റക്കാരണം കൊണ്ട്‌ താന്‍ തന്നെ അവതാരികയിലൂടെ പുകഴ്ത്തിയ കൂഴൂരിനെ തള്ളിപ്പറഞ്ഞു.ഇത്തരം ചപലമായ പ്രവൃത്തികളിലൂടെ വ്യക്തിപരമായി തന്റെ പരിവേഷങ്ങള്‍ നശിപ്പിക്കാനല്ലാതെ ഹരികുമാറിന് ബ്ലോഗ് പ്രവേശം കൊണ്ട് ഒന്നും സാധിച്ചിട്ടില്ല.

എന്നാല്‍ മലയാളം ബ്ലോഗില്‍ ഹരികുമാറിന്റെ ഇടപെടല്‍ ആത്മാര്‍ഥതയുള്ളതായിരുന്നു എന്നാണ് എന്റെ ചിന്താഗതി.താന്‍ എഴുതുന്നത് തെറ്റോ ശരിയോ എന്നുനോക്കാതെ ദിനം‌പ്രതി അയാള്‍ പോസ്റ്റുകളിട്ടു.മറ്റു ബ്ലോഗ്ഗര്‍മാരെപ്പോലെതന്നെ പോസ്റ്റുകളിലെ ചര്‍ച്ചകളില്‍ പങ്കെടുത്തു.ഇതൊക്കെ പ്രചാരണത്തിനുള്ള മാര്‍ഗ്ഗം മാത്രമായി തള്ളിക്കളയുന്നത് ശരിയല്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.ഗോപീകൃഷ്ണനെപ്പോലെയുള്ള പേരെടുത്ത കവികളും ബി.ആര്‍.പി ഭാസ്കറെപ്പോലുള്ള ലബ്ധപ്രതിഷ്ഠരായ മാധ്യമപ്രവര്‍ത്തകരും ഇവിടെയുണ്ടെങ്കിലും അവരൊക്കെ എത്രമാത്രം ഇന്റെറാക്റ്റീവ് ആണ് ബ്ലോഗില്‍ എന്ന് ശ്രദ്ധിച്ചുനോക്കുക.
സ്വന്തം കവിതകള്‍ അച്ചടിമാധ്യമത്തിലേയുള്ളു എന്ന മട്ടില്‍ എഴുതുന്ന ഗോപീകൃഷ്ണനും,ബ്ലോഗില്‍ കവിതകള്‍ മാത്രമേയുള്ളു എന്നമട്ടിലെഴുതുന്ന കഥാകാരനായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവും ബ്ലോഗിന്റെ സാധ്യതയെ ഉപയോഗിക്കുന്നു എന്നല്ലാതെ അതിന്റെ വളര്‍ച്ചക്ക് ഉതകും വിധം ഒരു ഇടപെടല്‍ നടത്തുന്നുണ്ടോ എന്ന് വസ്തുനിഷ്ഠമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

പറഞ്ഞുവന്നതെന്തെന്നാല്‍ ബ്ലോഗ് ഇപ്പൊഴും ഒരു കീഴാളമാധ്യമം(ഈ വാക്കിന് കടപ്പാട് വിഷ്ണുപ്രസാദ്) എന്ന നിലയിലാണ് അച്ചടിമാധ്യമങ്ങളും അതോടടുപ്പമുള്ള ഒട്ടുമിക്ക എഴുത്തുകാരും കാണുന്നത് എന്നാണ്.ഈ അവസ്ഥമാറണമെങ്കില്‍ ബ്ലോഗിന്റെ സാന്നിദ്ധ്യം മലയാളമണ്ണില്‍ ഭൌതീകമായി സംഭവിക്കണം. പത്രപ്രവര്‍ത്തന തലം തുടങ്ങി സാഹിത്യ അക്കാഡമി തലം വരെ ബ്ലോഗ് എന്ന മാധ്യമത്തിന് ഒരു സ്ഥാനം ഉണ്ടാകണം.അച്ചടിമാധ്യമത്തിലേക്കും തിരിച്ചും വാര്‍ത്തകളുടെയും ആശയങ്ങളുടെയും ഒരു വിനിമയം ഉണ്ടാകണം.ആശയവിനിമയ മാധ്യമം എന്ന കൂട്ടായ്മയില്‍ ഒരം‌ഗത്വം ബ്ലോഗിനും ഉണ്ടാകണം.അതിന് ഹരികുമാര്‍-കലാകൌമുദി വിഷയത്തെ ഉയര്‍ത്തിപ്പിടിച്ച് ഒരു യുദ്ധപ്രഖ്യാപനമല്ല വേണ്ടത്.ഒരു നയ രൂപീകരണം ആണ്.അതിന് നമുക്ക് കഴിഞ്ഞാല്‍ ഈ പോസ്റ്റ് ഹരികുമാര്‍ കാലാവസ്ഥ പുരോഗമനപരമായിരിക്കും.

ഓ.ടോ: 1.ഇതിന്റെ പേരില്‍ എനിക്ക് കിട്ടാവുന്ന കല്ലേറുകള്‍ക്കായി ഞാന്‍ തയ്യാറായിരിക്കുന്നു.കല്ലെറിയുന്നവര്‍ ഓര്‍മ്മിക്കുക ഹരികുമാര്‍ തൊടുത്ത അമ്പുകള്‍ പലതും എനിക്കുനേരെയും ആയിരുന്നു.ബ്ലോഗില്‍ എനിക്ക് ശരീരം ഇല്ലാത്തതിനാല്‍ മുറിവേറ്റില്ല എന്നേയുള്ളു.