ഒരേ കടല്‍-ഒരു വായന

മനുഷ്യ ജീവിതത്തിന്റെ ഉണ്മകളെക്കുറിച്ചുള്ള എല്ലാ അന്വേഷണങ്ങള്‍ക്കും രണ്ട് ചിറകുകളുണ്ട്.തികച്ചും വിഭിന്നമായ എതിര്‍ ദിശയിലേക്കു പറക്കുന്ന രണ്ട് ചിറകുകള്‍.അതുകൊണ്ടുതന്നെ എന്താണു ഉണ്മ എന്ന അന്വേഷണത്തിന് തൃപ്തമായ ഒരു ഉത്തരം കണ്ടെത്താന്‍ കഴിയുന്നതിനുമുന്‍പേ ഈ ചിറകുകളുടെ എതിര്‍ ത്വരണത്തില്‍ ഉടലും മനവും തളര്‍ന്ന് നാം ചോദ്യങ്ങളുടെ ഒരു ഘനസാഗരത്തിലേക്ക് ഇടിഞ്ഞുവീഴുന്നു.തീരെ പരിതാപകരമായ ഈ മാനുഷിക അന്വേഷണത്തെ ഒരു സിനിമ എന്ന കലാരൂപത്തിന് സാധ്യമായ എല്ലാ പേശീബലത്തോടുംകൂടി കൊത്തിവച്ചിരിക്കുന്നു ശ്യാമപ്രസാദ് ഒരേ കടല്‍ എന്ന തന്റെ കവിതയില്‍.(ശരിക്കും ഈ ചലച്ചിത്രത്തെ- പുളിച്ചുപോയ വിശേഷണമാണെന്നറിയാമെങ്കിലും- കവിത എന്നു തന്നെ വായിക്കാനാണ് എനിക്കിഷ്ടം.)മനുഷ്യന് ജീവിക്കാന്‍ എന്തൊക്കെയാണ് വേണ്ടത്.!നല്ല ആഹാരവും നല്ല ഭക്ഷണവും നല്ല വസ്ത്രങ്ങളും ഉണ്ടെങ്കില്‍ അവന്റെ ജീവിതം സഫലമാകുമോ?സ്നേഹവും ബന്ധങ്ങളും മനുഷ്യന് യാതൊരുവിധത്തിലും ആവശ്യമില്ലാത്ത,അര്‍ഥശൂന്യമായ ചപല വികാരങ്ങളാണൊ?ശരി തെറ്റുകളുടെ നിര്‍വചനങ്ങള്‍ സമൂഹം അതിന്റെ വ്യവസ്ഥാപിതക്കുവേണ്ടി നമുക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന പാഴ്‌ഭാരങ്ങളാണോ?ഇങ്ങനെ മനുഷ്യന്‍ കാലാകാലമായി ചോദിച്ചുകൊണ്ടിരിക്കുന്നതും ഇനിയും ഉത്തരം കണ്ടെത്തിയിട്ടില്ലാത്തതുമായ ചോദ്യങ്ങളുടെ കുതിരകളെ കാഴ്ചക്കാരനുമേല്‍ അഴിച്ചുവിടുന്നു ഈ ചലച്ചിത്രം.

ബംഗാളി എഴുത്തുകാരനായ സുനില്‍ ഗംഗോപാദ്ധ്യായയുടെ ‘ഹീരക്‌ ദീപ്തി’ എന്ന നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം മലയാള ചലച്ചിത്രത്തിന്റെ കെട്ടില്‍ നമുക്ക് പരിചയമില്ലാത്ത ഒരു കാഴ്ച്ച തന്നെയാണ് ഒരുക്കിയിരിക്കുന്നത്.സാധാരണ മലയാള സിനിമകളില്‍ കാണാറുള്ള സദാചാരപരമായ ഒത്തുതീര്‍പ്പുകള്‍ ഒന്നും ഇല്ലാതെ നേര്‍വഴിയില്‍ ഒരു കഥ പറഞ്ഞു തീര്‍ക്കാന്‍ ആര്‍ജ്ജവം കാണിച്ചു എന്നതാണ് ഈ ചലച്ചിത്രത്തിന് മലയാള സിനിമാ ചരിത്രത്തില്‍ ഉണ്ടാക്കിക്കൊടുക്കാന്‍ പോകുന്ന ഏറ്റവും വലിയ പെരുമ.ഒരു ദൃശ്യകലയെന്ന എല്ലാസാധ്യതകളെയും മുതലെടുക്കാന്‍ ടെലിഫിലുമുകളില്‍ ശ്യാമപ്രസാദ് കാണിച്ചിരുന്ന കയ്യടക്കം നമുക്ക് ആദ്യമായി അദ്ദേഹത്തിന്റെ സിനിമയില്‍ അനുഭവവേദ്യമായത് അകലെയില്‍ ആയിരുന്നു.എന്നാല്‍ അകലെ എന്ന ചലച്ചിത്രത്തില്‍ നിന്നും എത്രയോ ചുവടുകള്‍ മുന്നിലാണ് ഈ രചന.

തികച്ചും ദാര്‍ശനികമായ കുറെചോദ്യങ്ങള്‍ സിനിമയില്‍ ഇതള്‍വിരിയുന്നത് ലോകപ്രസിദ്ധനായ ഒരു സാമ്പത്തികവിദഗ്ദ്ധനും ഒരിടത്തരം കുടും‌ബത്തിലെ ഭര്‍തൃമതിയായ സ്ത്രീയും തമ്മിലുള്ള ശാരീരിക മാനസിക വ്യാപാരങ്ങളുടെ ഹൃദയസ്പര്‍ശിയായ കഥപറഞ്ഞുകൊണ്ടാണ്.മമ്മൂട്ടി അവതരിപ്പിക്കുന്ന നാഥന്‍ എന്ന സാമ്പത്തിക വിദഗ്ദ്ധന്‍ ബന്ധങ്ങളിലും സ്നേഹത്തിലും കെട്ടുപാടുകളിലും തെല്ലും വിശ്വസിക്കുന്നില്ല.ഈ അറിവ് എറിഞ്ഞുതന്നുകൊണ്ടാണ് ശ്യാമപ്രസാദ് പ്രേക്ഷകനുമുന്നില്‍ സിനിമ തുറക്കുന്നത്.തന്നെ ഒരു നോക്കുകാണാന്‍ മരണക്കിടക്കയില്‍ ഇളയമ്മ ആഗ്രഹിക്കുന്നു എന്നറിയിക്കുന്ന ഫോണ്‍വിളിയിലാണ് സിനിമയുടെ ആദ്യ സീന്‍.എന്നാല്‍ ബന്ധങ്ങള്‍ കെട്ടുപാടുകളാണെന്നു വിശ്വസിക്കുന്ന അയാള്‍ പോകുന്നില്ല.അയാളുടെ ഫ്ലാറ്റിനു താഴത്തെനിലയില്‍ താമസിക്കുന്ന തൊഴിലില്ലായ്മകൊണ്ട് പട്ടിണിപിടികൂടിയ കുടുംബത്തിലെ നാഥയാണ് മീരാജാസ്മിന്‍ അവതരിപ്പിക്കുന്ന ദീപ്തി(മീരാജാസ്മിന്റെ അഭിനയ മികവ് എടുത്തുപറയേണ്ടത് തന്നെ) .ആകസ്മികമായ ചിലകണ്ടുമുട്ടലുകളിലും സഹായാഭ്യര്‍ഥനകളിലും തുടങ്ങുന്ന അവരുടെ ബന്ധം വളരെത്താമസിയാതെ ശാരീരികബന്ധത്തില്‍ ചെന്നെത്തുന്നു.എന്നാല്‍ ഈ ശാരീരിക ബന്ധം തുടങ്ങുന്ന മുഹൂര്‍ത്തം ശ്രദ്ധേയമാണ്.ഇളയമ്മ മരിച്ച് അതിന്റെ സന്തോഷം മദ്യത്തിന്റെ പുറത്ത് ആസ്വദിച്ചിരിക്കുന്ന അയാളുടെ അടുത്തേക്ക് ഭര്‍ത്താവിന് ഒരു ജോലി ശരിയാക്കിത്തരണം എന്ന അഭ്യര്‍ഥനയുമായിട്ടാണ് ആ സ്ത്രീ എത്തുന്നത്.അയാള്‍ക്ക് ആഘോഷിക്കാന്‍ ഒരു സ്ത്രീയെ വേണമായിരുന്നു.അവള്‍ അത് തടയുന്നുമില്ല.ഒരു ബന്ധത്തില്‍ നിന്നു മോചിതനായി എന്ന അഘോഷത്തില്‍ അറിഞ്ഞോ അറിയാതെയോ അയാള്‍ കൂടുതല്‍ കടുപ്പമുള്ള മറ്റൊരു ബന്ധത്തിനു തുടക്കമിടുന്നു എന്നിടത്താണ് സിനിമയുടെ ഐറണി തുടങ്ങുന്നത്.അതിന് നാഥന്‍ എന്ന വിശാലമായ കാഴ്ചപ്പാടുള്ള പുരുഷന്‍ ഉപയോഗിക്കുന്ന വഴി സഹായം ചെയ്യുക എന്നചൂഷണവും.

തനിക്ക് അവള്‍ അതുവരെ കണ്ടിട്ടില്ലാത്തവിധം ആസ്വാദ്യയായ ഒരു പെണ്ണുമാത്രമാണെന്ന് അയാള്‍ പലപ്പോഴും അവളോടുതന്നെ പറയുന്നുണ്ട്.ഒരിക്കള്‍ അവള്‍ അയാളുടെ മുറിയിലേക്കു വരുമ്പോള്‍ അയാളുടെ മറ്റൊരു സ്ത്രീസുഹൃത്തിന്റെ ഉടുപ്പ് കണ്ടുകിട്ടുന്നു.അയാള്‍ പറയുന്നു.എനിക്കു ധാരാ‍ളം സുഹൃത്തുക്കളുണ്ട്.അവള്‍ ചോദിക്കുന്നു.സ്ത്രീകളോ?അയാള്‍ പറയുന്നു സ്ത്രീകളും... പിന്നീടൊരിക്കല്‍ അയാള്‍ അവളുടെ മുഖത്തുനോക്കിത്തന്നെ പറയുന്നു.എനിക്കു വേണ്ടത് നിന്റെ ശരീരം മാത്രമാണ്.അതിലപ്പുറമൊന്നും നീ എന്നില്‍ നിന്നും പ്രതീക്ഷിക്കരുത്.അവള്‍ അയാളോടു ചോദിക്കുന്നു എന്നെ വെറുമൊരു ശരീരമായിട്ടണോ കാണുന്നത്?....

അതേത്തുടര്‍ന്ന് അയാളുമായുള്ള ബന്ധം തുടരാന്‍ അവള്‍ വിസമ്മതിക്കുകയാണ്.എന്നാല്‍ നാഥനില്‍ നിന്നും അവള്‍ ഗര്‍ഭിണിയാകുന്നതോടെയാണ് സിനിമ ജീവിതവുമായുള്ള യഥാര്‍ത്ഥമായ സംഘട്ടനങ്ങളുടെ മൈതാനത്തിലേക്ക് എത്തിച്ചേരുന്നത്.പട്ടിണിയെക്കുറിച്ച് പുസ്തകമെഴുതുന്ന നാഥന്‍ പട്ടിണിയുടെ യഥാര്‍ഥ ഉറവിടമായി കാണുന്നത് സാമര്‍ഥ്യത്തെയും സാമര്‍ഥ്യമില്ലായ്മയേയുമാണ്.അയാള്‍ പറയുന്നു ജോലി വേണമെങ്കില്‍ അന്വേഷിക്കണം,കാണേണ്ടവരെ പോയി കാണണം.(അവള്‍ അയാളെ പോയി കാണുന്നതോടെ അവളുടേ ഭര്‍ത്താവിനു ജോലി ലഭിക്കുകയും ചെയ്യുന്നു.)സിനിമയുടെ പലയിടങ്ങളിലും ഇങ്ങനെ സ്വയം സൃഷ്ടിച്ചുവച്ചിട്ടുള്ള ആദര്‍ശവാദത്തിന്റെ പുറന്തോടിലൊളിക്കുന്ന ഒച്ചായി മാറുന്ന നാഥനെ നമുക്കു കാണാം.നീ എനിക്കു വെറും ഒരു ശരീരം മാത്രമാണെന്നും നിനക്കുവേണമെങ്കില്‍ മാത്രം എന്നെത്തേടിവന്നാല്‍ മതിയെന്നും പറയുന്ന അയാള്‍ ഒരു രാത്രിയില്‍ അവളുടെ വാതിലില്‍ മുട്ടി ഒന്നുമുകളിലേക്ക് വരൂ എനിക്ക് നിന്നെക്കൊണ്ട് ഒരാവശ്യമുണ്ട് എന്നു കെഞ്ചുന്ന ഒരു രം‌ഗമുണ്ട്.ഇതിലൂടെ അയാളുടെ വ്യക്തിത്ത്വത്തില്‍ അയാള്‍പോലും അറിയാതെ ഒളിഞ്ഞിരിക്കുന്ന കാപട്യം മാത്രമല്ല,സ്നേഹിക്കുന്ന പുരുഷനല്ലാതെ ശരീരം പങ്കുവയ്ക്കുന്നത് പാപമാണെന്നും സ്നേഹിക്കുന്നപുരുഷന്‍ അതു ഭര്‍ത്താവല്ലെങ്കില്‍കൂടി താന്‍ ചെയ്യുന്ന സമര്‍പ്പണത്തില്‍ പശ്ച്ചാത്താപമില്ലെന്നും ഉറച്ചു വിശ്വസിക്കുന്ന ഒരു സ്ത്രീയുടെ മനസ്സുകൂടി വെളിവാകുന്നു.മറ്റൊരു രം‌ഗത്തില്‍ അയാളുടെ സുഹൃത്തായ ബേല ഒരുയാചകബാലനു കാശുകോടുക്കുമ്പോള്‍ അയാള്‍ എതിര്‍ക്കുന്നു.അയാളുടെ ആദര്‍ശം അങ്ങനെ കാശുകൊടുക്കുന്നത് ഭിക്ഷാടനം പ്രോത്സാഹിപ്പിക്കുകയേ ഉള്ളു എന്നാണ്.എന്നാല്‍ അവന്റെ വിശപ്പിന് പണം‌മാത്രമാണ് പ്രതിവിധി എന്ന രീതിയില്‍ ബേല സംസാരിക്കുമ്പോള്‍ അസ്വസ്ഥനായിക്കൊണ്ട് സംഭാഷണം അവസാനിപ്പിക്കാന്‍ പറയുന്ന നാഥനെ നമുക്കു കാണാം.അതിന്റെ അര്‍ഥം അയാളുടെ മുന്‍പില്‍ പ്രധിവിധികള്‍ ഇല്ല എന്നതും ആദര്‍ശം അയാളുടെ രക്ഷാകവചമാണ് എന്നതുമാണ്. ഇവിടങ്ങളില്‍ മാത്രമല്ല ബന്ധങ്ങളില്‍ വിശ്വസിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇളയമ്മയെ കാണാന്‍ പോകാതിരിക്കുന്ന അയാള്‍ അവരുടെ മരണ ശേഷം മദ്യത്തിലും സ്ത്രീ ശരീരത്തിലും അഭയം തേടുന്നു എന്നയിടത്തും,ദീപ്തിയെ സഹായിക്കുന്നതിന്റെ അവകാശം ചൂഷണം ചെയ്തല്ല അവളുമായി രമിക്കുന്നതെന്ന് അവകാശപ്പെടുന്ന നാഥന്‍ സഹായം തേടിച്ചെല്ലുമ്പോഴാണ് അവളെ താനുമായി ശയിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നയിടത്തും ഈ വൈരുധ്ദ്യം നമുക്കു കാണാന്‍ കഴിയും.

അയാളില്‍ നിന്നും ഗര്‍ഭിണിയാകുന്നതോടെ ദീപ്തിയുടെ മാനസിക നില തകരുകയാണ്.അതുവരെ പാപബോധത്തിന്റെ ലാഞ്ചനപോലും കാണിക്കാതിരുന്ന അവള്‍ അതോടെ താന്‍ നശിപ്പിക്കപ്പെട്ടു എന്ന ചിന്തയില്‍ നീറുന്നു.താന്‍ ഗര്‍ഭിണിയാണ് എന്നറിയിക്കാന്‍ ദീപ്തി അയാളുടെ അടുത്തേക്ക് പോകുമ്പോഴും അയാള്‍ അതേപ്പറ്റിയൊന്നും ചിന്തിക്കുന്നതേയില്ല.അയാള്‍ പറയുന്നത് നീയിങ്ങടുത്തുവാ ഗര്‍ഭിണിയായ ഒരു സ്ത്രീയേയും ഞാനിതുവരെ ഇത്ര അടുത്തു കണ്ടിട്ടില്ല എന്നാണ്.ഗര്‍ഭത്തെക്കുറിച്ചും കുഞ്ഞുങ്ങളെക്കുറിച്ചുമുള്ള അയാളുടെ കാഴ്ചപ്പാടും വിഭിന്നമല്ല ഓരോ മണിക്കൂറിലും ലോകത്ത്‌ 7500 കുഞ്ഞുങ്ങള്‍ ജനിക്കുന്നു.അയാള്‍ നിര്‍വ്വികാരനായി പറയുന്നു..തികഞ്ഞ ഭൌതീകവാദത്തില്‍ സ്നേഹത്തേയും ബന്ധങ്ങളേയും തള്ളിപ്പറയുന്ന അയാള്‍ക്കുമുന്നില്‍ താന്‍ അയാളുടെ ഗര്‍ഭം ചുമക്കുന്നവളാണെന്ന രഹസ്യം പോലും പറയാതെ അവള്‍ തിരിച്ചിറങ്ങുന്നു.ഇങ്ങനെ പടികയറിപ്പോകലിനും ഇറങ്ങിവരവിലും കൂടി സാമ്പത്തികവും സാമൂഹികവുമായുള്ള ഒരു ഉപരിനീച വ്യത്യാസം ധ്വനിപ്പിച്ചിരിക്കുന്നു സം‌വിധായകന്‍.
കുഞ്ഞ് പിറക്കുന്നതോടെ ദീപ്തിയുടെ പാപബോധം അവളെ തികച്ചും ഭ്രാന്തിയാക്കി മാറ്റുകയാണ്.ഒരു രാത്രി അവളുടെ ഭര്‍ത്താവ് ഉണര്‍ന്നു നോക്കുമ്പോള്‍ ഒരു വൃത്തികെട്ട വസ്തുവിനെയെന്നപോലെ കുഞ്ഞിനെയും തൂക്കിപ്പിടിച്ച് പുറത്തേക്ക് പോകാന്‍ തുനിയുന്ന ദീപ്തിയെയാണ് കാണുന്നത്.ഞാന്‍ നമ്മുടെ കുഞ്ഞിനെ കളഞ്ഞിട്ടുവരട്ടെ ഒരൊ മിനിട്ടിലും ലോകത്ത് 7500 കുഞ്ഞുങ്ങള്‍ ജനിക്കുന്നു ഇതാണ് അവള്‍ പറയുന്നത്.

അവള്‍ക്ക് ഭ്രാന്തായി എന്നറിയുമ്പോഴും നാഥന്‍ സ്വയം രക്ഷയുടെ ആദര്‍ശകവചം തേടി പോകുന്നു.അയാളെ സം‌ബന്ധിച്ച് സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരിക ബന്ധത്തില്‍ ശരി തെറ്റുകളുടെ യാതൊരു പ്രശ്നവുമില്ല.ഇത് അയാള്‍ ഒരിക്കല്‍ ദീപ്തിയോടും പറയുന്നുണ്ട്.അവള്‍ ചോദിക്കുന്നു.എന്നോട് സ്നേഹമില്ലെങ്കില്‍ എന്നെക്കൊണ്ട് എന്തിനീ തെറ്റുചെയ്യിച്ചു?അതിന് അയാളുടെ മറുപടി ശരിയും തെറ്റും എന്ന ഒന്നില്ല എന്നാണ്.നിനക്ക് തെറ്റാണെന്നു തോന്നിയിരുന്നെങ്കില്‍ നീ എന്തിനു വീണ്ടും വീണ്ടും വരുന്നു? അയാള്‍ ചോദിക്കുന്നു.അവള്‍ക്ക് ഭ്രാന്തായത് അവളുടെ കുറ്റം കൊണ്ടാണെന്നും തനിക്കതില്‍ ഒരു പങ്കും ഇല്ല എന്നും സ്വയം സമര്‍ഥിക്കാന്‍ എന്നവണ്ണം പുലമ്പിക്കൊണ്ടിരിക്കുന്ന അയാളോട് ബേല ചോദിക്കുന്നു.പിന്നെ എങ്ങനെ അവള്‍ക്ക് ഭ്രാന്തായി?അയാളുടെ മറുപടി രസാവഹമാണ്.ഈ ലോകത്ത് എത്രയോ പേര്‍ക്ക് ഭ്രാന്തുപിടിക്കുന്നു അതിനൊക്കെ ഞാനാണോ കാരണം...എന്നാല്‍ ദീപ്തി അയാളെ കാണാന്‍ വന്നത് താന്‍ ഗര്‍ഭിണിയായത് അയാളില്‍ നിന്നാണെന്ന വിവരം അറിയിക്കാനാണെന്ന് ബേല വെളിപ്പെടുത്തുന്നതോടെ അയാള്‍ എന്ന നങ്കൂരത്തിന് ഇളക്കം തട്ടിത്തുടങ്ങുന്നു.അവള്‍ എന്തുകൊണ്ട് മുന്‍‌കരുതല്‍ എടുത്തില്ല?അയാള്‍ ചോദിക്കുന്നു.ബേലയുടെ മറുപടി അയാളെ തകര്‍ത്തുകളയുന്നു.അവള്‍ നിങ്ങളെ അവളുടെ കൃഷ്ണനായിട്ടാണ് കണ്ടിരുന്നത്.നിങ്ങളെ അവള്‍ അത്രക്ക് സ്നേഹിച്ചിരുന്നു...

നീണ്ട കാലത്തെ ചികിത്സക്കു ശേഷം ദീപ്തി ഭ്രാന്തുമാറി തിരിച്ചു വരുമ്പോഴും അവളില്‍ നിന്നും അയാളോ അയാളില്‍ നിന്നും അവളോ വിട്ടുപോയിട്ടില്ല.ബന്ധങ്ങളില്‍ വിശ്വസിക്കുന്നില്ല എന്നു വീമ്പിളക്കിയിരുന്ന അയാള്‍ അവളെക്കുറിച്ചുള്ള വേദനയില്‍ മദ്യത്തിന് സ്വയം സമര്‍പ്പിക്കുകയാണ്.ഭ്രാന്തു മാറി തിരിച്ചുവരുന്ന ദീപ്തിയും ഭര്‍ത്താവിനോട് ആദ്യം ചോദിക്കുന്നത് ജയേട്ടന്‍ വേറെ കല്യാണം കഴിക്കാത്തതെന്ത് എന്നാണ്.വേറെ കല്യാണം കഴിച്ചിരുന്നെങ്കിലും എനിക്കൊരു പരാതിയും ഉണ്ടാകില്ല എന്നാണ് അവള്‍ പറയുന്നത്.ആ സം‌ഭാഷണങ്ങള്‍ സൂചിപ്പിക്കുന്നത് അവള്‍ ഭര്‍ത്താവില്‍ നിന്നും കാംക്ഷിക്കുന്ന സ്വാതന്ത്ര്യത്തെയാണ്.എന്നാല്‍ മക്കളെ കാണുന്നതോടെ ഒരു കുടും‌ബിനി ആയിത്തീരാന്‍ സ്വയം ഒരുങ്ങുന്നു ദീപ്തി.ഒരു മുറിയില്‍ നിറയെ ദൈവങ്ങളുടെ പടം വച്ച് ഭക്തിയിലേക്ക് തിരിയുന്ന ദീപ്തി ഭക്തിയും പ്രണയവും തമ്മിലുള്ള രഹസ്യ ബന്ധത്തെയാണ് വെളിപ്പെടുത്തുന്നത്.എന്നാല്‍ അവളുടെ വിലാസം തപ്പി നാഥന്‍ വന്നെത്തുന്നതോടെ അവള്‍ വീണ്ടും സമനില തെറ്റും എന്ന അവസ്ഥയിലേക്ക് എത്തുകയാണ്.പൂജാമുറിയിലെ ദൈവങ്ങളുടെ ചിത്രങ്ങള്‍ എല്ലാം തച്ചുതകര്‍ത്ത് അവള്‍ പറയുന്നു ഇനി ഞാന്‍ ദൈവങ്ങളെ പൂജിക്കുകയില്ല,ഒരു പ്രയോജനവുമില്ല! മനുഷ്യന്‍ അവന്റെ ആത്മാവിന്റെ പ്രശ്നങ്ങള്‍ക്ക് ഉത്തരം കാണാന്‍ സ്വയം അടിയറവയ്ക്കുന്ന ഈശ്വരന്‍ എന്ന ബിം‌ബം പ്രയോജന രഹിതമാണെന്ന കണ്ടെത്തലാണത്.അവള്‍ ദൈവങ്ങളുടേ ഫോട്ടോ തകര്‍ത്തുണ്ടാക്കിയ കണ്ണാടിച്ചില്ലുമായി(ഒരു കത്തിയായി ഉപയോഗിക്കാന്‍) അയാളെ തേടിയിറങ്ങുന്നുണ്ട്.എന്നാല്‍ അയാളുടെ മുന്നില്‍ അവള്‍ നിസ്സഹായയാണ്.അവളുടെ മുന്നില്‍ അയാളും.അയാള്‍ പറയുന്നു ഞാന്‍ നിന്നോട് തെറ്റു ചെയ്തു.അവള്‍ പറയുന്നു ഇനിയെന്നെ ഇവിടെന്നിന്നും പറഞ്ഞയക്കരുതേ..അയാള്‍ പറയുന്നു എന്നെ ഒരു പെണ്ണും ഇത്ര സ്നേഹിച്ചിട്ടില്ല എനിക്കു നിന്നെ വേണം നിന്നെ ഞാനാര്‍ക്കും വിട്ടുകൊടുക്കുകയില്ല.

ഇങ്ങനെ സ്നേഹത്തിന്റെയും സ്നിഗ്ദ്ധബന്ധങ്ങളുടേയും മുന്നില്‍ ഭൌതികമായ ആദര്‍ശവാദം അടിയറവുപറയുന്നതോടെ സിനിമ അവസാനിച്ചു എന്നാണ് പ്രേക്ഷകര്‍ കണ്ടതെങ്കില്‍ ഇത് ഒരു നല്ല സിനിമ എന്ന് പറയാനേ കഴിയുമായിരുന്നുള്ളു.എന്നാല്‍ മലയാള സിനിമയുടെ ദൃശ്യവാചകത്തില്‍ ഇന്നോളം രചിക്കപ്പെടാത്ത ഒരു മനോഹരമായ ഷോട്ടിലാണ് സിനിമ അവസാനിക്കുന്നത്.വേച്ചു വെയ്ക്കുന്ന കാലുകളുമായി അവളുടെ അയാളുടേയും പെണ്‍കുഞ്ഞ് അമ്മയെത്തേടി മുകളിലേക്കുള്ള പടിക്കെട്ടു കയറുന്ന ഷോട്ടാണത്.അഴകപ്പന്‍ എന്ന കമറാമാനും ശ്യാമപ്രസാദ് എന്ന സംവിധായകനും ഒരു പോലെ അഭിമാനിക്കാവുന്ന ഒരു ഫുള്‍സ്റ്റോപ്പ്.അവള്‍ കറങ്ങിക്കറങ്ങി ആ പടവുകള്‍ കയറിക്കൊണ്ടേയിരിക്കുന്നു.

ഏതൊരു മഹത്തായ കലാസൃഷ്ടിയേയും പോലെ വ്യത്യസ്തമാനങ്ങളുള്ള ഒരു സിനിമയാണ് ഒരേകടല്‍.മലയാളത്തിന്റെ ചലച്ചിത്ര പാരമ്പര്യം വച്ചാണെങ്കില്‍ ഇത് കേരളത്തില്‍ ആരും തിരിച്ചറിയും എന്നു തോന്നുന്നില്ല എന്നു മാത്രം.

നീലക്കുറിഞ്ഞികള്‍ - ഒരു വായന.

നിങ്ങള്‍ പറയാന്‍ കൊള്ളാത്തവരാണ്.നിങ്ങളുടെ വാക്കുകള്‍ക്ക് ശുദ്ധിയില്ല.സ്വരത്തിന്
മാധുര്യമില്ല.അതുകൊണ്ട് നിങ്ങള്‍ ഒന്നും മിണ്ടരുത്.പക്ഷേ നിങ്ങളെ ഞങ്ങള്‍ക്കു
വേണം.എണ്ണം തികയ്ക്കാന്‍.സൂക്ഷ്മമായി പറഞ്ഞാല്‍ ക്വാറം തികയ്ക്കാന്‍.ഈ ക്വാറം തികയ്ക്കലിന് നിങ്ങളെ ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മാത്രമല്ല.ഇന്നത്തെ ജീവിതം പോലും എണ്ണം തികയ്ക്കാനുള്ള ഒരു വെറും ഉപകരണം മാത്രമായി നിങ്ങളെ‍,നമ്മളെ അധപ്പതിപ്പിച്ചിരിക്കുന്നു.
എടുത്തുകാട്ടാന്‍ ഒരു ഭാര്യ,ഒരു മകന്‍,ഒരു ഭര്‍ത്താവ്,ഒരു കൂട്ടുകാരന്‍...

ഭീകരമായ ഈ ദുരന്ത സത്യത്തിലേക്ക് വായനക്കാരനെ അനിതരസാധാരണമായ
ലാളിത്യത്തോടെ നയിക്കുന്നു.കെ.എം.പ്രമോദിന്റെ നീലക്കുറിഞ്ഞികള്‍ എന്ന മനോഹരമായ കവിത.

ഗായകര്‍ക്ക്
ശാന്തട്ടീച്ചറുടെ വക
അരമണിക്കൂര്‍ റിഹേഴ്സല്‍.
‘ഓടിവിളയാടു പാപ്പാ....
നീഓയ്ന്തിരിക്കലാകാതു പാപ്പാ..’
എനിക്ക്
അച്ചുതന്‍ മാഷുടെ വക
ഒന്നര മണിക്കൂര്‍ റിഹേഴ്സല്‍.
‘ഓടിവിളയാടു പാപ്പാ....
നീഓയ്ന്തിരിക്കലാകാതു പാപ്പാ..’
കഴുത്തിലെ ഞരമ്പുകള്‍
‍എടുത്തു പിടിക്കണം.
മുഖപേശികള്‍
‍വലിച്ചു മുറുക്കണം.
ചുമല്‍ ഇടക്കിടെ
പൊക്കുകയും താഴ്ത്തുകയും വേണം.
കണ്ണു തുറിപ്പിച്ച് മുകളിലേക്കു നോക്കണം.
എല്ലാം വരണം,
ഒച്ച മാത്രം വരരുത്.

ഗായകര്‍ക്ക് അരമണിക്കൂര്‍ റിഹേഴ്സലും ഗായകനല്ലാത്ത “എണ്ണ“ക്കുട്ടപ്പനു ഒന്നര മണിക്കൂറ് റിഹേഴ്സലും എന്ന വരികള്‍ സമകാലിക രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തില്‍ വായിക്കപ്പെടേണ്ടതാണ്.
ശബ്ദിക്കരുത് എന്നാണ് നമ്മോട് നമ്മുടെ നേതൃത്ത്വം ആവശ്യപ്പെടുന്നത്.
കഴുത്തിലെ ഞരമ്പുകള്‍
‍എടുത്തു പിടിക്കണം.
മുഖപേശികള്‍
‍വലിച്ചു മുറുക്കണം.
ചുമല്‍ ഇടക്കിടെ
പൊക്കുകയും താഴ്ത്തുകയും വേണം.
കണ്ണു തുറിപ്പിച്ച് മുകളിലേക്കു നോക്കണം.
എല്ലാം വരണം,
ഒച്ച മാത്രം വരരുത്.

അഭിനയിച്ചാല്‍ മതി.അഭിനയത്തിനുള്ള റിഹേഴ്സലാണ് കൂടുതല്‍ നടക്കുന്നത്.നിങ്ങളുടെ
ഒച്ച,നിങ്ങളുടെ അഭിപ്രായം,നിങ്ങളുടെ എതിര്‍പ്പുകള്‍ ഉയര്‍ന്നു കേള്‍ക്കരുത്.നിങ്ങളുടെ
അഭിനയവും ഞങ്ങള്‍ നന്നായി ചിട്ടപ്പെടുത്തിയിട്ടുള്ള ആരവങ്ങളും കൂടിച്ചേര്‍ന്ന്
ഞങ്ങള്‍ക്ക് വേണമെന്നുള്ളത് നേടിത്തരും.ഇതാണ് നാം അച്യുതാനന്ദനോടു പറയുന്നത്
മറഞ്ഞുപോയ എം.എന്‍.വിജയന്‍ മാഷോടു പറഞ്ഞത്.എന്നോടും നിങ്ങളോടും നമ്മുടെ
കുട്ടികളോടും പറയാന്‍ പോകുന്നത്. പക്ഷേ നമ്മളില്‍ ചിലര്‍ക്ക് ഒരു ദൌര്‍ബല്യമുണ്ട്......
സ്റ്റേജില്‍ കയറി.
സഹിക്കാന്‍ കഴിഞ്ഞില്ല, ഭക്തി.
ഉറക്കെ പാടി.
‘ഓടിവിളയാടു പാപ്പാ....
നീഓയ്ന്തിരിക്കലാകാതു പാപ്പാ..’
അച്ചുതന്‍ മാഷ്
അടിച്ചു ചന്തി പഞ്ചറാക്കി.
എന്തുചെയ്യാനാ മാഷേ...
എത്ര മസിലു പിടിച്ചാലും
ഇടയ്ക്കു പുറത്തുവരും
ഉറക്കെ
ചില പൂവുകള്‍,പ്രണയങ്ങള്‍,വാക്കുകള്‍...

ഈ കവിതയുടെ ബഹുതലമാനങ്ങള്‍ കണ്ട് ഞാന്‍ അന്തംവിട്ട് ഇങ്ങനെയിരിക്കുന്നു.

കഥകളിലും കവിതകളിലും പ്രസം‌ഗങ്ങളിലുമ്മൊക്കെ മാമൂലുകള്‍ക്കെതിരെ പോരാടുന്നവര്‍,അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളിലേക്ക് വാക്കുകളുടെ കുതിരയെ അഴിച്ചുവിടുന്നവര്‍,സാംമ്പ്രദായികതയുടെ കോട്ടകെട്ടുകള്‍ക്കെതിരെ ശം‌ഖം മുഴക്കി പോരു വിളിക്കുന്നവര്‍.നമ്മള്‍....

സത്യത്തില്‍ ഞാനുള്‍പ്പെടുന്ന നമ്മള്‍ എന്ന ഈ സമൂഹത്തിന്റെ സ്വാതന്ത്ര്യ വാജ്ഞ്ച കപടമല്ലേ?നമ്മളെ ആരെങ്കിലും തകര്‍ക്കാനാവാത്ത ചങ്ങല കൊണ്ടു തളച്ചിട്ടുണ്ടോ? ആനയുടെ കാലില്‍ തോട്ടി ചാരി വച്ചിരിക്കുന്ന പോലെ നമ്മുടെയൊക്കെ തലപ്പുറത്ത് “സദ്ഗുണ“ത്തിന്റെ ഒരു പഴുക്കടക്ക വച്ചുതന്നിട്ടല്ലേയുള്ളു ? ഒന്നു തുമ്മിയാല്‍ തെറിക്കും ഈ സല്‍പ്പേര് എന്നുള്ളതു കൊണ്ട് നാം ശ്വാസം പോലും അടക്കിപ്പിടിച്ചു ജീവിക്കുകയല്ലേ ചെയ്യുന്നത്?എന്നിട്ടും നമ്മള്‍ പേനയെടുക്കുമ്പോഴൊക്കെ നാലാള്‍കൂടുന്നിടത്തൊക്കെ സമൂഹം സൃഷ്ടിച്ചിരിക്കുന്ന അസ്വാതന്ത്ര്യത്തെക്കുറിച്ച് വാചകമടിക്കുന്നു.പെണ്ണെഴുത്തും ദളിതെഴുത്തും അതുപോലെ വിഭാഗീയമായ നിരവധി അസ്തിത്വങ്ങളും സൃഷ്ടിച്ച് നാട്ടുരാജ്യങ്ങളുടെ രാജാവാകാന്‍ എളുപ്പമാണെന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് മറ്റാരെയൊക്കെയോ ബോധ്യപ്പെടുത്താനായി നിലവിളിക്കുന്നു.
എന്നെ സ്വതന്ത്രനാക്കൂ.LET ME FREE ...
ഈ കാപട്യത്തിലേക്കു ചൂണ്ടുന്ന മികച്ച ഒരു കഥയാണ് “പൂത്തുമ്പി

കഥയിലെ പുട്ടുലു രാമറാവു എന്ന നല്ല കുട്ടി ആരാണ്? അതു നമ്മള്‍ തന്നെയല്ലേ?സ്വപ്നങ്ങളുടെ പൂത്തുമ്പികളെ പിടിച്ച് താങ്ങാത്ത യാഥാര്‍ത്ഥ്യങ്ങളുടെ ഭാരങ്ങളെടുപ്പിച്ച് ജനാലപ്പടിയില്‍ വയ്ക്കുന്നില്ലേ നമ്മളോരോരുത്തരും?നമ്മുടെ തുമ്പികളേയും പിടിച്ച് സമൂഹം അതിന്റെ അര്‍ത്ഥ ശൂന്യമായ നിയമങ്ങള്‍ കൊണ്ട് സൃഷ്ടിച്ച വിലക്കു മുറികളിലേക്ക് കയറിപ്പോകുന്നത് നമ്മള്‍ തന്നെയല്ലേ?വാതിലുകള്‍ അകത്തേക്കു കയറാനുള്ളത്ത് മാത്രമല്ല പുറത്തേക്കിറങ്ങാനും കൂടിയുള്ളതാണെന്ന് നാം ഓര്‍മ്മിക്കുക പോലും ചെയ്യുന്നുണ്ടോ?

വളരെ കുറഞ്ഞ വരികള്‍ കൊണ്ട് ആശയത്തിന്റെ ഒരു തിരമാല സൃഷ്ടിച്ചിരിക്കുന്നു സിമി എന്ന കഥാകൃത്ത്.ഒരു കുട്ടിക്കഥയെന്ന മട്ടില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ വലിയവരുടെ കഥ വായനക്കാരുടെ മുന്നില്‍ ഒരുപാടു ചോദ്യങ്ങള്‍ നിരത്തുന്നു.നമ്മുടെ സ്വാതന്ത്ര്യാഭിലാഷങ്ങളുടെ ആത്മാര്‍ത്ഥതയെ ഓരോ വരിയിലും ആ ചോദ്യ ചിഹ്നങ്ങള്‍ ക്രോസ്സു വിസ്തരിക്കുന്നു.

നമ്മുടെ കാഴ്ച്കകള്‍ എല്ലായ്പ്പോഴും ജനാലക്കാഴ്ച്കകള്‍ ആയി പോകുന്നതെന്ത്?
രക്ഷപ്പെടലിനു വേണ്ടി നാം എന്തുകൊണ്ട് ജനാലകളുടെ ഇല്ലാത്ത താക്കോലുകള്‍ തിരയുന്നു?
വാതിലുകളുടെ സാധ്യതയെപ്പറ്റി നാം എന്തുകൊണ്ട് ബോധപൂര്‍വ്വം വിസ്മരിക്കുന്നു?
വാതിലുകള്‍ക്ക് പിന്തിരിഞ്ഞു നിന്ന് നാമാരെ കേള്‍പ്പിക്കാന്‍ ജനാലയിലൂടെ നിലവിളിക്കുന്നു...
എന്നെ തുറന്നു വിടൂ..LET ME OUT....!