വിരസതക്ക് വിശക്കുമ്പോള്‍


ഇന്നലെ സംഭവിച്ചതു മാത്രമേ ഇന്നും സംഭവിക്കുകയുള്ളു എന്ന ബോധം ജീവിതത്തെ ട്രാഫിക് പോലീസ് സ്റ്റേഷനുമുന്നില്‍ വര്‍ഷങ്ങളായി തുരുമ്പിച്ചു കിടക്കുന്ന വിലപിടിപ്പുള്ള വാഹനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒന്നാക്കി വെളുപ്പിച്ചുകളയുന്നു.ഇന്നലെയുടെ തനിയാവര്‍ത്തനമാണ് ഇന്നും എങ്കില്‍പ്പിന്നെ നമുക്ക് പ്രത്യേകിച്ച് ഒരു “ഇന്ന് “എന്തിനാണ് ?
നാളെ എന്ന ആവര്‍ത്തനത്തിന്റെ വിരസതാബോധം ഉളവാക്കുന്ന ശക്തവും നിഷേധാത്മകവുമായ പിടിവലിയെ ശാന്തമായി അതിജീവിച്ചുകൊണ്ട് നാം നാളെയിലേക്ക് കാത്തിരിക്കുന്നതെന്തിനാണ്?
"എഴുത്തച്ഛന്‍ മെമ്മോറിയല്‍
ഇം‌ഗ്ലീഷ്മീഡിയം സ്കൂളിന്റെ
ഉച്ചഭക്ഷണ ഇടവേളയില്‍” ‍
എന്ന ഒരു വരികൊണ്ട് ലാപുടയുടെ വിരസത എന്ന കവിത പ്രസക്തമായ ഇത്തരം ചോദ്യങ്ങളുടെ കൂര്‍ത്ത ഒരു പ്രതലത്തിലാണ് വായനക്കാരനെ എടുത്തുപൊക്കി നിര്‍ത്തുന്നത് .അരിയും ഉഴുന്നും ചേര്‍ത്ത് അരിദോശ എന്നു പറയുന്നതും ഉഴുന്നും അരിയും ചേര്‍ത്ത് ഉഴുന്നുദോശ എന്നു പറയുന്നതും തമ്മിലുള്ള വ്യത്യാസമല്ലാതെ,എഴുത്തച്ഛന്‍ മെമ്മോറിയല്‍ സ്കൂള്‍ എന്നപേരുമാറ്റംകൊണ്ട് എന്തുവ്യത്യാസമാണ് സംഭവിക്കുന്നത്?എഴുത്തച്ഛന്‍ മെമ്മോറിയലായാലും ഷേക്സ്പിയര്‍ മിഷന്‍ ആയാലും എന്താണു വ്യത്യാസം?ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ ഇരുട്ടായി തിലോത്തമയിലേക്ക് നുഴഞ്ഞുകയറുന്ന കുട്ടികള്‍ എന്തു മേന്മയാണ് തരുക?ചോദ്യങ്ങള്‍ നീളുന്നു
“എഴുത്തച്ഛന്‍ മെമ്മോറിയല്‍
ഇം‌ഗ്ലീഷ്മീഡിയം സ്കൂളിന്റെ
ഉച്ചഭക്ഷണ ഇടവേളയില്‍“
എന്ന വരിക്കു ശേഷം വരുന്ന പരസ്പരബന്ധമില്ലെന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കുന്ന
“തിലോത്തമ തിയേറ്ററിനകത്ത്
നൂണ്‍ ഷോയ്ക്കുള്ള ഇരുട്ട്
പതിവുപോലെ പ്രവേശിച്ച നേരം“
എന്ന വരി, ഇടഞ്ഞു നില്‍ക്കുന്ന വാളുകള്‍ സൃഷ്ടിക്കുന്ന സീല്‍ക്കാരം പോലെ സൌന്ദര്യത്തിന്റെ ശക്തമായ മിന്നല്‍ പിണരുകള്‍ ഉണര്‍ത്തുന്നുണ്ട്.അചലിതമായ ജീവിതം കവിയിലും ഒപ്പം കവിത വഴി വായനക്കാരനിലും ഉത്പാദിപ്പിക്കുന്ന നിരാശയെ പ്രതീകവല്‍ക്കരിക്കുകകൂടി ചെയ്യുന്നു ഇങ്ങനെ നട്ടുച്ചക്ക് നുഴഞ്ഞുകയറുന്ന ഈ ഇരുട്ട്.പരസ്പര വിരുദ്ധമായ രണ്ടുദൃശ്യഖണ്ഡങ്ങള്‍ കൊണ്ട് പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങള്‍ ജനിപ്പിക്കുന്ന ചില വിഖ്യാത ചലച്ചിത്രങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ടാണ് അടുത്ത ദൃശ്യത്തിലേക്ക് കവി നമ്മെ കട്ടുചെയ്ത് പ്രദര്‍ശിപ്പിക്കുന്നത്. “താലൂക്കാപ്പീസില്‍
പി.പി.ഹരിദാസിന്റെ
അപേക്ഷയുള്ള ഫയലിനെ
ക്ലാര വര്‍ഗ്ഗീസ്
മടക്കിവച്ച മാത്രയില്‍”
എന്തുകൊണ്ടാണ് തീരുമാനമാകാന്‍ ഫയലുകള്‍ ഉച്ചഭക്ഷണസമയം വരെ കാത്തിരിക്കുന്നതും,തീരുമാനത്തിലേക്ക് എന്ന് വ്യാമോഹിപ്പിച്ചുകൊണ്ട് ഉച്ചഭക്ഷണ ഇടവേള എന്ന, ഒരുനിമിഷം പോലും മാറ്റിവയ്ക്കാനാവാത്ത അലിഖിതമായ‘പ്രൊസീജിയര്‍’ ലേക്ക് തുറന്ന് നിരാശയില്‍ അടയുകയും ചെയ്യുന്നത്?

എന്തുകൊണ്ടാണ് മോഷണക്കേസുകള്‍ മുതല്‍ കൊലപാതകക്കേസുകള്‍ വരെ ഇങ്ങനെ ഉച്ചഭക്ഷണ
ഇടവേളകളില്‍ അനുഷ്ഠാനം പോലെ നിരന്തരം തുറന്നടഞ്ഞുകൊണ്ട് തീരുമാനമാകാതെ നീളുന്നത്?
കഴിഞ്ഞ സര്‍ക്കാരുകള്‍ തുറന്നടച്ച ഫയലുകള്‍ എല്ലാം ഈ സര്‍ക്കാരും വരാന്‍ പോകുന്ന സര്‍ക്കാരുകളും ഉച്ചഭക്ഷണം എന്ന കോട്ടുവായയുടെ അകമ്പടിയോടെ തുറക്കുകയും അടയ്ക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നത് എന്തുകൊണ്ടാണ്?

ചോദ്യങ്ങള്‍...ഉത്തരമില്ലാത്ത നൂറു നൂറുചോദ്യങ്ങള്‍....
ചോദ്യങ്ങള്‍ക്ക് ഒരേയൊരു പ്രത്യേകതയേ ഉള്ളു
ഉത്തരമില്ലാതാകുമ്പോള്‍ മാത്രമാണ് അവ പ്രസക്തമാകുന്നത്.!

ലാപുട അവിടെയും നമ്മെ നിര്‍ത്തുന്നില്ല പൊടുന്നനെയുള്ള ഒരു കട്ടിങ്ങിലൂടെ നമ്മെ മുറിച്ചെടുത്ത്,
പന്ത്രണ്ട് അമ്പതിന്
പുറപ്പെടേണ്ടിയിരുന്ന
(ഇതുവരെ പുറപ്പെടാത്ത)
ജെ.കെ ട്രാവത്സ്
ഉടന്‍ സ്റ്റാന്‍ഡ് വിടണം എന്ന്
ഉച്ചഭാഷിണി
കര്‍ക്കശപ്പെടുന്ന ബസ്റ്റാന്‍ഡിലാണ് കൊണ്ടിടുന്നത്.അപ്പോള്‍ നാം സ്വാഭാവികമായും കാണുന്നത് നമുക്കുമുന്നില്‍ കാലം ചത്തുചീഞ്ഞുകിടക്കുന്നതായും സമൂഹ്യവവസ്ഥിതി എന്ന കൃമികള്‍ ആ ജഡശരീരത്തില്‍ മുങ്ങാംകുഴി കളിക്കുന്നതായുമാണ്. എഴുത്തച്ഛന്‍ മെമ്മോറിയല്‍ എന്ന സ്കൂള്‍ മലയാളം മീഡിയം ആവാം എന്ന സാധ്യതയെ,ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ തിലോത്തമ തിയേറ്ററില്‍ തുണ്ടുപടം കാണിക്കാതിരിക്കാം എന്ന സാധ്യതയെ,പി.പി.ഹരിദാസിന്റെ അപേക്ഷയില്‍ ഒരു തീരുമാനം എടുത്തശേഷം ക്ലാരാ വര്‍ഗ്ഗീസിന് ഉച്ചഭക്ഷണത്തിനുപോകാം എന്ന സാധ്യതയെ,പന്ത്രണ്ട് അമ്പതിനുപുറപ്പെടേണ്ടിയിരുന്ന ബസ് കൃത്യസമയം പാലിക്കാം എന്ന സാധ്യതയെ നിര്‍ണ്ണായകമായ ഒരു അട്ടിമറിയിലൂടെ നിഷ്കരുണം വിരസതയുടെ അവസാനിക്കാത്ത വിശപ്പിന് മുന്നില്‍ എറിഞ്ഞുകൊടുക്കുന്ന ദുഖകരമായ സത്യം വായനക്കാരന്‍ കണ്ടറിയുന്നു.
നിര്‍ണ്ണായകവും
ചരിത്രപ്രസക്തവുമായ
ഒരട്ടിമറിയിലൂടെ
വിരസതയ്ക്ക്
അന്നും
വിശന്നു തുടങ്ങി
എന്ന വരികള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ചരിത്രത്തെയും അതിന്റെ പ്രസക്തിയെയും അല്ല മറിച്ച് ചരിത്രപ്രസക്തി എന്ന വാക്കിനെപ്പോലും അപ്രസക്തമാക്കുന്ന വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളെയാണ്. ജുറാസിക് പാര്‍ക്കിലെ വിശന്നുവലഞ്ഞ് തലകുലുക്കി നില്‍ക്കുന്ന ദിനോസറിന് മുന്നില്‍ പെട്ടുപോയ കാഴ്ചക്കാരുടെ വാഹനം നിന്നിടത്തു നിന്ന് നീങ്ങുന്നില്ല എന്ന തിരിച്ചറിവുണ്ടാക്കുന്ന ഞെട്ടല്‍ പോലെ,എല്ലാ ദിവസവും എനിക്കു വിശപ്പടക്കാന്‍ നിങ്ങളില്‍ നിന്നും ഒരാള്‍ വന്നുകൊള്ളണം എന്ന് പ്രഖ്യാപിച്ച് കിടന്നുറങ്ങുന്ന പുരാണ കഥയിലെ രാക്ഷസന്‍ വിശപ്പുകൊണ്ട് ഉണരാന്‍ തുടങ്ങുമ്പോള്‍ ഇരയായ മനുഷ്യനുണ്ടാകുന്ന ഞെട്ടല്‍പോലെ ഭീകരമായ ഒരു ഞെട്ടല്‍ നമ്മെ അനുഭവിപ്പിച്ചുകൊണ്ടാണ് കവിത അവസാനിക്കുന്നത്.


തിരഞ്ഞെടുക്കപ്പെട്ട വാക്കുകളുടെ പളുങ്കുകള്‍ കൊണ്ട് കരകൌശല വിദഗ്ദ്ധനെപ്പോലെ മനോഹരമായ കവിതകള്‍ സൃഷ്ടിക്കുന്ന ലാപുട തന്റെ പതിവുശൈലിയില്‍ നിന്നുവിട്ട് സമൂഹത്തിന്റെ കെട്ടചോരയും ചലവും വമിക്കുന്ന കട്ടമാംസം കൊണ്ട് വിരുന്നൊരുക്കിയിരിക്കുകയാണ് ഈ കവിതയില്‍.പതിവില്ലാത്ത വിരുന്നായതിനാല്‍ ദഹനക്കേട് തോന്നിയേക്കാമെങ്കിലും പളുങ്കുമാലയുടെ സൌന്ദര്യത്തില്‍ സ്വയം മറക്കുന്നതിനെക്കാള്‍ നല്ലത് ഈ ദഹനക്കേടില്‍ ഒരല്‍പ്പം ഓക്കാനിച്ച് ശുദ്ധമാകുന്നതായിരിക്കും എന്നെനിക്കു തോന്നുന്നു.

ലാപുട : കവിതയെ വായിക്കുമ്പോള്‍

“കവിത എന്നെ ഭാഷയോടു ഘടിപ്പിക്കുന്ന വിജാഗിരിയാണ്...ജീവിതത്തിലേക്കും സമയത്തിലേക്കും ഞാന്‍ തുറക്കുകയും അടയുകയും ചെയ്യുന്നത് അതിന്റെ ഉത്തോലകധര്‍മ്മത്തിലൂടെ....അതിന്റെ ലോഹശരീരത്തെ തുരുമ്പെടുക്കാതെ കാക്കുന്നത് വായനയിലൂടെ ഇവിടെവന്നു നിറയുന്ന സ്നേഹം”

ഇത് ലാപുട അന്ധവിശ്വാസത്തിന്റെ അഞ്ചുകവിതകള്‍ എന്ന തന്റെ കവിതയ്കിക്കിട്ട മറുപടിക്കമന്റാണ്.എണ്ണം പറഞ്ഞ വാക്കുകളാലെഴുതുന്ന കൃശഗാത്രമായ കവിതകള്‍കൊണ്ട് അര്‍ത്ഥങ്ങളുടെ ആകാശം തുറന്നിടുന്ന കവിയാണ് ലാപുട.കവിതയെഴുതുക എന്ന പ്രക്രിയയെ അദ്ദേഹം എത്രമാത്രം വ്യത്യസ്തമായാണ് വീക്ഷിക്കുന്നതെന്ന് നോക്കുക.

* ഒന്നാമത്, അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടില്‍ കവിതയ്ക്ക് ഒരു ലോഹശരീരമാണുള്ളത്.കവിത മുല്ലപ്പൂവ് ചൂടിയ പെണ്‍കൊടിയാണെന്നും മഴവില്ലിന്റെ നിറമുള്ളവളാണെന്ന മട്ടിലുമൊക്കെയുമുള്ള ശുദ്ധഭോഷ്ക്കുകള്‍ക്ക് നേരെ തീര്‍ത്തും ധിക്കാരപരമായ ഒരു വീക്ഷണമാണിത്.

*രണ്ടാമത്തേത്, ജീവിതത്തിലേക്കും സമയത്തിലേക്കും കവിയെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന (എല്ലായ്പ്പോഴും തുറന്നു തന്നെയോ അടഞ്ഞുതന്നെയോ ഇരിക്കാത്ത) ഒരു ഉപാധിമാത്രമാണ് കവിത.ഈ കാഴ്ചപ്പാട്, കവിതയെഴുതുന്നവന്‍ ശ്രേഷ്ഠനാണെന്ന തരത്തില്‍ കവികള്‍ക്ക്
കല്‍പ്പിച്ചുകൊടുത്തിട്ടുള്ളതും, ഇല്ലാത്ത കിരീടം സ്വയം ചുമന്ന് ഇളിഭ്യരാകുന്ന മട്ടിലുള്ളതുമായ കവികളുടെ അപ്രമാദിത്വത്തെ വെല്ലുവിളിക്കുന്ന ഒന്നാണ്.താന്‍ ഒരു സാധാരണ മനുഷ്യനാണെന്നും കവിതയുടെ ലോഹശരീരത്തിന്റെ ഉത്തോലകധര്‍മ്മത്താല്‍ പുറത്തേക്കും അകത്തേക്ക്
തുറന്നടയുന്ന നിമിഷങ്ങളെമാത്രം ആശ്രയിച്ച് കവിയായി മാറുന്നവനാണെന്നും ഉള്ള വിശാലമായ ഒരു തുറന്നുപറച്ചിലാണത്.

*മൂന്നാമത്തേത്, കവിതക്ക് പേലവമായ സ്ത്രൈണശരീരമല്ലെന്നിരിക്കിലും, ഉരുക്കുകൊണ്ടുള്ള ലോഹശരീരമാണുള്ളത് എന്നിരിക്കിലും അതും നാശം സംഭവിക്കുന്നത് തന്നെ.കലാസൃഷ്ടി അനശ്വരമാണ് എന്ന വാദത്തെ ഖണ്ഡിക്കുന്ന ഒരു പ്രസ്താവനയാണിത്. വായനയിലൂടെ വന്നു നിറയുന്ന സ്നേഹം ഇല്ലായിരുന്നു എങ്കില്‍ കവിത തുരുമ്പിച്ചുപോകുമായിരുന്നു എന്ന് തുറന്നു പറഞ്ഞുകൊണ്ട് അര്‍ത്ഥപൂര്‍ണ്ണമായ വായനകള്‍ എഴുത്തിന്റെയും കലാസൃഷ്ടിയുടേയും നിലനില്‍പ്പിന് എത്രമാത്രം അനിവാര്യമാണ് എന്ന യാഥാര്‍ത്ഥ്യത്തെ കാട്ടിത്തരുകകൂടി ചെയ്യുന്നു ലാപുട.

*നാലാമതായും ആത്യന്തികമായും ഈ വാചകത്തില്‍ ഗുപ്തമായിരിക്കുന്ന ഒന്നുകൂടിയുണ്ട്.ഒരു ഗ്രാമീണപ്പെണ്‍കൊടിയെ മയക്കുന്നപോലെ കണ്ണും കയ്യും കാണിച്ച് എളുപ്പത്തില്‍ മെരുക്കിയെടുക്കാവുന്ന ഒന്നല്ല തന്റെ കവിതയെന്നും അതിന് ഉരുക്കിന്റെ സ്വഭാവമാണുള്ളതെന്നും അതിനാല്‍ മര്‍മ്മഭേദിയായ ഒരു ചുറ്റികപ്രഹരം കൊണ്ടെന്നപോലെ തികച്ചും ഏകാഗ്രമായ വായനയില്‍ക്കൂടി മാത്രമേ തന്റെ കവിതയെ ആസ്വദിക്കാന്‍ സാധിക്കൂ എന്നുമുള്ള ഒരു
ഓര്‍മ്മപ്പെടുത്തലാണത്.

തീര്‍ച്ചയായും വളരെ ആലോചിച്ചുറപ്പിച്ച് എഴുതിയ ഒരു കമെന്റാണിതെന്നൊന്നും പറഞ്ഞ് അപഹാസ്യനാകാന്‍ ഞാന്‍ തയ്യാറല്ല.ഒരു കവിതയിലെന്നപോലെ സത്യസന്ധമായ കാവ്യവീക്ഷണത്തിലേക്ക് ലാപുട തുറന്നടഞ്ഞപ്പോള്‍ സംഭവിച്ച ഒരു വെളിപാടുമാത്രമാവും ഇതും.എന്തു തന്നെയായാലും പരമ്പരാഗതമായ കാവ്യശൈലിയെ അദ്ദേഹം എന്തുകൊണ്ട് നിരസിക്കുന്നു എന്നും അകാല്‍പ്പനികവും ജീവിതത്തിന്റെ പാചകപ്പാത്രത്തില്‍ ഉണങ്ങി ഒട്ടിപ്പിടിച്ചതുമായ വാക്കുകള്‍കൊണ്ട് എന്തിന് കവിത തുന്നുന്നു എന്നതിനും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും അറിഞ്ഞോ അറിയാതെയോ ഉണ്ടായ, കരുത്തുറ്റ ഒരു വിശദീകരണം തന്നെയാണിത്.ഇതു വായിച്ചിട്ട് കവിത എന്ന വിജാഗിരിയിലൂടെ ജീവിതത്തിലേക്കും
സമയത്തിലേക്കും തുറക്കുകയും അടയുകയും ചെയ്യുന്ന ഒരു സാധാരണ മനുഷ്യനാണ് കവി എന്ന് ആരെങ്കിലും നിര്‍വ്വചിച്ചാല്‍ അതില്‍ ഒരുതര്‍ക്കത്തിന് വഴിയുണ്ടാകുമെന്നു തോന്നുന്നില്ല.അത്രമാത്രം വിപുലമായ അര്‍ത്ഥങ്ങള്‍ ഈ രണ്ടുവരികളില്‍ സമര്‍ത്ഥമായി ഒളിഞ്ഞിരിക്കുന്നുണ്ട്.ഒരു ലാപുട കവിതപോലെ മനോഹരമായ വീക്ഷണം.

കവിതയെക്കുറിച്ച്‌ കാര്യമാത്രാപ്രസക്തമാകതെ പോയ ചില ചര്‍ച്ചകള്‍ നടക്കുന്ന രണ്ട്‌ ബ്ലോഗുകളിലൂടെ*** കണ്ണോടിച്ചതിനാലും,ഞാനും കവിതയെന്ന പേരില്‍ തുരുതുരാ കുറിപ്പുകള്‍ എഴുന്നവനാണ് എന്നതിനാലുമാണ്‌ എന്റെ മനസ്സില്‍ കവിതയെക്കുറിച്ചുള്ള ചില ചിന്തകള്‍ ഇവിടെ പങ്കുവയ്ക്കുന്നത്.
എന്താണു കവിത ! കവിതയെക്കുറിച്ച്‌ ഇങ്ങനെ ആരെങ്കിലും എന്നോടു
ചോദിക്കുമ്പോഴല്ലാതെ സ്വയം ഈ ചോദ്യത്തെ എനിക്കഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല എന്നതാണു സത്യം. (അക്ഷരം കൂട്ടിവായിക്കാന്‍ തുടങ്ങിയ കാലം മുതല്‍ അതുമായുള്ള പരിചയം തുടങ്ങിയിരുന്നെങ്കിലും). എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ വൃശ്ചികമാസം(കര്‍ക്കിടകം അല്ല) രാമായണ പാരായണങ്ങളുടെ കാലവും കൂടിയായിരുന്നു.വീടുവീടാന്തരം അച്ചന്റെ കയ്യും പിടിച്ച്‌ രാമായണം വായിക്കാന്‍ നടന്നെത്തുന്ന അഞ്ചുവയസ്സുകാരനെന്ന നിലയില്‍ നാട്ടിലും പ്രാന്തപ്രദേശങ്ങളിലും ഞാനറിയപ്പെട്ടിരുന്നു.രാഗവിസ്താരങ്ങളോടെ രാമായണം വായിക്കുന്നയാള്‍ എന്ന നിലയില്‍ അച്ഛന്‍ നാട്ടില്‍ പ്രശസ്തനായിരുന്നു എങ്കിലും അക്ഷരത്തെറ്റുകള്‍ വരുത്തിക്കൊണ്ടും അങ്കലാപ്പില്‍ ശീതീകരിച്ച ശബ്ദം കോണ്ടും ഞാന്‍ വായിക്കുന്നത് കേള്‍ക്കാന്‍ സ്ത്രീകള്‍ വാതില്‍ക്കല്‍ വന്ന് അത്ഭുതംകൂറുന്ന കണ്ണുകളോടെ നില്‍ക്കുമായിരുന്നു.സാധാരണ ഒരു വീട്ടില്‍ രണ്ടു മൈക്രോഫോണുകളും രണ്ടു രാമായയണങ്ങളുമാണ്‌ കാണുക.ഒരേ സമയം രണ്ടുപേര്‍ ഉണ്ടാകും വായിക്കാന്‍. അവര്‍ ക്ഷീണിതരായി എണീറ്റു പോകുന്നതുവരെ മറ്റുള്ളവര്‍ മുറുക്കാനും ചവച്ച്‌ കാത്തിരിക്കും.ഞാനും അച്ചനും വരുന്നതു കണ്ടാല്‍തന്നെ വായിച്ചുകൊണ്ടിരിക്കുന്നത്‌ എത്ര വൃദ്ധരായാലും ഒഴിഞ്ഞുതരുമായിരുന്നു. ഉച്ഛാരണശുദ്ധിപോലും നേരെയില്ലാത്ത എന്റെ വായനകേള്‍ക്കാന്‍ ഈ വയസനപ്പൂപ്പന്‍മാര്‍ എണീറ്റു മാറി എനിക്കവസരമൊരുക്കുന്നത്‌ ഞാന്‍ വിസ്മയത്തോടെയാണ്‌ നോക്കിക്കണ്ടത്‌.ഈ സ്നേഹവും പരിഗണനയും എനിക്കു സമ്മാനിക്കുന്നത്‌ രാമായണം എന്ന തടിച്ചപുസ്തകവും അതില്‍ കുനുകുനാ എഴുതിനിറച്ചിട്ടുള്ള വരികളുമാണെന്ന ചിന്തയാണ്‌ എന്നെ കാവ്യത്തിലേക്ക്‌ അടുപ്പിക്കുന്നത്‌. എന്നുവച്ചാല്‍ ഞാന്‍ അതേത്തുടര്‍ന്ന് കവിതയായ കവിതയൊക്കെ വായിച്ചു കാണാപ്പാഠമാക്കിയെന്നോ ലൈബ്രറികളില്‍ സ്ഥിരതാമസമാക്കിയെന്നോ ഇതിനു യാതൊരര്‍ത്ഥവുമില്ല.(ഇപ്പോഴും എന്റെ വായന വളരെ പരിമിതമാണ്.ഞാന്‍ വായിച്ചിട്ടുള്ളതിന്റെ നൂറുമടങ്ങു കടലാസുകള്‍ ഞാന്‍ എഴുതി വലിച്ചെറിയുകയോ ചുട്ടുകളയുകയോ ചെയ്തിട്ടുണ്ട്) സത്യത്തില്‍ സംഭവിച്ചത്‌ എനിക്കും ഇതുപോലെ എഴുതാനാകുമോ എന്ന പരീക്ഷണങ്ങള്‍ നടത്താന്‍ ഞാന്‍ തുടങ്ങി എന്നതാണ് ‌.എഴുത്തച്ഛന്‍ എന്നൊരു മഹാ കവിയാണ്‌ രാമായണം എഴുതിയതെന്നും അദ്ദേഹത്തിന് ചെവിയില്‍ അതു പാടിക്കൊടുത്തത്‌ ഒരു തത്തയാണെന്നും അച്ഛന്‍ പറഞ്ഞുതന്നിട്ടുണ്ടായിരുന്നു.അതുകൊണ്ട് ഞാന്‍ ആദ്യം വാശിപിടിച്ചത് എനിക്കും ഒരു തത്തയെ വേണം എന്നായിരുന്നു.ഒരു പക്ഷേ ധാരാളം പുസ്തകങ്ങള്‍ വായിച്ചിട്ടാണ് അദ്ദേഹം രാമായണം എഴുതിയതെന്ന് അഛന്‍ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ നിറയെ പുസ്തകങ്ങള്‍ വായിക്കുകയും ഇന്നത്തെ അവസ്ഥയില്‍ ഒരു മോഹകവിയായി കുറിപ്പുകളെഴുതി കവിതയെന്നു ഞെളിയുകയും ചെയ്യുകയില്ലായിരുന്നു.

എതായാലും മൂന്നിലോ നാലിലോ പഠിക്കുമ്പോഴാണ്‌ എന്റെ ചരിത്രത്തിലെ ആദ്യ പരീക്ഷണം തുടങ്ങുന്നത്‌.പുറത്താരോടും കളിക്കാന്‍ വിടാത്തതുകൊണ്ട്‌ ഇതിനിടക്ക് എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അച്ഛന്‍ എനിക്ക്‌ ഒരു തത്തയെ വാങ്ങിത്തന്നിരുന്നു.സ്കൂള്‍ വിട്ടുകഴിഞ്ഞാല്‍ ആ പാവം ജീവിയെ സംസാരിക്കാന്‍ പഠിപ്പിക്കുക എന്നതായിരുന്നു എന്റെ കഠിനമായ വ്യായാമം. ഓലയായിരുന്നു
അക്കാലത്ത് ഞങ്ങളുടെ വീട്ടിനു മേല്‍ക്കൂര. വീട്ടില്‍ ഓലമേയുന്ന ദിവസം ആ തത്തയും കൂടും വീട്ടിനുവെളിയില്‍ സൂക്ഷിക്കേണ്ടിയിരുന്നു.ഒരു കൗതുകത്തിന്‌ ഞാന്‍ അതിന്റെ കൂടുതുറന്നു വിട്ടു.എന്നാല്‍ ചിറകിന്റെ ശക്തിക്കുറവുകൊണ്ടാവും ആ പാവം പക്ഷി അടുത്തുള്ള ഒരു ചെറുനാരകത്തിന്റെ ചില്ലകളിലൂടെ കാലുകളുടെയും ചുണ്ടുകളുടെയും സഹായത്തോടെ കുറച്ചു നടന്നതല്ലാതെ എങ്ങും പോയില്ല.പക്ഷേ കത്തുന്ന വെയിലില്‍ അന്നു വൈകും വരെ അതിനങ്ങനെ
ജലപാനം‌പോലുമില്ലാതെ തപസ്സിരിക്കേണ്ടിവന്നു(അച്ഛന്‍ അതിനെ പിടിച്ച് വീണ്ടും കൂട്ടിലാക്കുന്നതുവരെ)

എന്റെ ആദ്യകവിത(ഒരു ബാലനെ സംബന്ധിച്ച് അതിനെ അങ്ങനെ വിളിക്കാം)എന്ന കൌതുകകരവും ദുഃഖകരവുമായ സംഭവം നടന്നത്‌ അന്നു വൈകുന്നേരമാണ്‌.അധികമായി വെയില്‍ കൊണ്ടിട്ടും എന്നത്തെയുമ്പോലെ ആഹാരം കിട്ടാത്തതിനാലും ആവണം ആ തത്ത പെട്ടെന്ന് അവശനാവുകയും കൂട്ടിനുള്ളില്‍ പിടഞ്ഞുവീണു മരിക്കുകയും ചെയ്തു.എന്റെ ഏറ്റവും പ്രിയപ്പെട്ട
കളിക്കൂട്ടുകാരന്‍ എനിക്കു നഷ്ടമായി എന്ന ദു:ഖത്താ ല്‍ ഞാന്‍ കരഞ്ഞു എന്ന്‌
ഇവിടെ എഴുതണമെന്നുണ്ടെനിക്ക്‌.പക്ഷേ സംഭവിച്ചത്‌ അതല്ല അച്ഛന്റെ ചാരുകസേരയില്‍ കയറിയിരുന്ന് ഞാന്‍ ഒരു കവിതയെഴുതി(എന്താണെഴുതിയതെന്നോ അതില്‍ എത്ര
മണ്ടത്തരങ്ങളുണ്ടായിരുന്നെന്നോ ഇപ്പോള്‍ എനിക്കറിയില്ല).എന്നാല്‍ ഞാനത്‌ അച്ചനെക്കാണിച്ചപ്പോള്‍ കിട്ടിയ പ്രോല്‍സാഹനം ഭയങ്കരമായിരുന്നു.അച്ഛന്‍ എന്നെ ഒരു കവിയെന്ന നിലയില്‍ അമ്മയുടെമുന്നില്‍ അവതരിപ്പിച്ചു. അമ്മയുടെ മുന്നില്‍ അച്ചന്‍ എന്നെ പുകഴ്ത്തിസംസാരിക്കുമ്പോള്‍ ഞാന്‍ ആ പാവം തത്തയുടെ മരണം മറന്നു ഴിഞ്ഞിരുന്നു.സത്യത്തില്‍ ദു:ഖകരമായ ആ സംഭവത്തെ ഞാന്‍ എന്റെ വ്യക്തിപരമായ സന്തോഷത്തിനുവേണ്ടി
കടലാസിലേക്കു പകര്‍ത്തുകയായിരുന്നു ചെയ്തത് .ഭീകരമായി എനിക്കിപ്പൊഴും തോന്നുതെന്തെന്നാല്‍, ഒരു ബാലചാപല്യം എന്ന നിലയിലല്ലാതെ ഒരു തരത്തിലും കാണാനാവാത്ത ആ സം‌ഭവത്തിനു പിന്നില്‍ പ്രേരകമായി പ്രവര്‍ത്തിച്ചതെന്തോ അതു തന്നെയാണ് ഇന്നും ഞാന്‍ എഴുതുന്നതിനു പിന്നിലെ രഹസ്യം എന്നതാണ്.ഏറ്റവും വേദനയുണര്‍ത്തുന്ന കാഴ്ചകളും എന്റെ കാഠിന്യമേറിയ അനുഭവങ്ങളും പോലും ഞാന്‍ ഇങ്ങനെ പകര്‍ത്തി പ്രദര്‍ശിപ്പിക്കുന്നു.ഈ പകര്‍ത്തലിലൂടെ എനിക്കു കിട്ടുന്ന സുഖം എന്റെ മനസ്സിലുണ്ടായിരുന്ന ദുഃഖത്തെ ഒട്ടുമുക്കാലും ഇല്ലാതാക്കുകയും
ചെയ്യുന്നു.പലപ്പോഴും ദുഃഖമോ നിരാശയോ നിറഞ്ഞ വരികള്‍ എഴുതിക്കഴിഞ്ഞ്‌
പിന്നീടെപ്പോഴെങ്കിലും വായിച്ചുനോക്കുമ്പോള്‍ ഇത്രയും നിരാശ എഴുതിവയ്ക്കാന്‍
മാത്രം അവസ്ഥയില്‍ ആയിരുന്നോ ഞാന്‍ എന്ന്‌ സ്വയം ചിന്തിക്കാറുണ്ട്.എഴുത്തുകാരന് സമൂഹത്തോടുള്ള പ്രതിബദ്ധതയെക്കുറിച്ചൊക്കെ ചര്‍ച്ചവരുമ്പോള്‍ എന്റെ മനസിലെത്തുന്ന ചിരിയും ഇതാണ്.മറ്റൊരാളുടെ ദു:ഖത്തില്‍ സാധാരണക്കാരന്‍ കരയുമെങ്കില്‍ എഴുത്തുകാരന്‍ അതിനെ
സാഹിത്യസൃഷ്ടിയായി പരിവര്‍ത്തനം ചെയ്യും.പ്രണയ പരാജയം സാധാരണക്കാരനെ ആത്മഹത്യ ചെയ്യിക്കുമ്പോള്‍ എഴുത്തുകാരനെ കവിയായി പുനസൃഷ്ടിക്കും.ഇതാണ് രസകരമായ എന്റെ കണ്ടെത്തല്‍.എന്തായാലും കവിതയിലുള്ള പരീക്ഷണങ്ങള്‍ ഞാന്‍ അധികം തുടര്‍ന്നില്ല എന്റെ മനസ്സിന്റെ ഒഴുക്കിനൊത്ത് നീന്താന്‍ പദ്യഭാഷക്ക് കഴിയില്ലെന്നും അത് പലപ്പോഴും കൃത്രിമമായി സൃഷ്ടിക്കേണ്ടിവരുന്നു എന്നതും കൊണ്ട് കുറേക്കാലം കഥകളും പിന്നെ പ്രണയലേഖനങ്ങളും അതിനു ശേഷം ഇപ്പോഴത്തെപ്പോലെ കുറിപ്പുകളും എഴുതി എന്റെ അസം‌തൃപ്തജീവിതം പകര്‍ത്തിയെഴുതി സം‌തൃപ്തമാകാനുള്ള ശ്രമത്തില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു ഇപ്പോഴും.
പറഞ്ഞുവന്നത്, എഴുത്തുകാരനെ സംബന്ധിച്ച് എല്ലാം ഒരു സബ്ജക്റ്റ് ആയിത്തീരുകയാണ് എന്നാണ്.അവന്റെ സ്വകാര്യമായ സുഖ ദുഖങ്ങള്‍ മുതല്‍ ഏറ്റവും അടുപ്പമുള്ള ഒരാളിന്റെ മരണം വരെ അവന് ലഹരികൊടുക്കുന്ന സൃഷ്ടിനടത്താന്‍ ഒരു പ്രതലം മാത്രമായി മാറുകയാണ് ചെയ്യുന്നത്.ഒരു
സാധാരണ മനുഷ്യനോളം എഴുത്തുകാരന്‍ അവന്റെ ദുഖത്തെയും സുഖത്തെയും ദീര്‍ഘകാലം കൊണ്ടുനടക്കുന്നുണ്ട് എന്നു തോന്നുന്നില്ല.അവന്റെ വികാരങ്ങള്‍ നൈമിഷികമാണ്. അനുഭവിക്കുന്ന ഒരു നിമിഷത്തില്‍ അതിന്റെ തീവ്രമായ ആഴത്തില്‍ അനുഭവിക്കുന്നു എന്നതുസത്യമാണ്.ആ നിമിഷത്തിന്റെ തീവ്രത താങ്ങാനാവാതെ അവന്‍ ചിലപ്പോള്‍ ആത്മഹത്യയിലേക്ക് ഓടിപ്പോയേക്കാം. എന്നാല്‍ ആ നിമിഷത്തെ അതിജീവിച്ചുകഴിഞ്ഞാല്‍ അടുത്ത നിമിഷം അതുണ്ടാവുകയില്ല.ആ ഒരു നിമിഷത്തിന്റെ പ്രചോദനത്തില്‍ അവന്‍ അവന്റെ വികാരങ്ങളെ സൃഷ്ടിയിലേക്ക് വഴി തിരിച്ചുവിടുകയാണ് ചെയ്യുന്നത്.നശ്വരമായ ജൈവിക വികാരങ്ങളെ ജൈവികമായി
പ്രകടിപ്പിക്കാതെ-കരയുകയോ ചിരിക്കുകയോ മരിക്കുകയോ ചെയ്യാതെ- എഴുത്തിലൂടെ അനശ്വരതയിലേക്ക് അതിജീവിപ്പിക്കുന്ന ഒരു രാസപ്രവര്‍ത്തനം അവനില്‍ നടക്കുന്നുണ്ടാകാം.ഒരു തരത്തില്‍ ഇത് ശുദ്ധമായ കാപട്യം തന്നെയാണ്.ഈ കാപട്യത്തെ അതിന്റെ ഏറ്റവും ശുദ്ധമായ അവസ്ഥയില്‍ പ്രതിഫലിപ്പിക്കുന്ന എന്തോ അതാണ് മികച്ച കവിതകള്‍ എന്നെനിക്കു
തോന്നിയിട്ടുണ്ട്.

സാഹിത്യ സൃഷ്ടിയുടെ ഏറ്റവും അടിസ്ഥാനപരമായ അവസ്ഥയാണ് കവിതയെന്നും വേണമെങ്കില്‍ പറയാം.ഏറ്റവും അടിസ്ഥാനപരമായ ചിന്ത തന്നെ കവിതയാണ്.അതില്‍ ഈണം ഉണ്ടാവുകയോ ഇല്ലാതാവുകയോ ചെയ്യാം.പക്ഷേ അതില്‍ എഴുത്തുകാരന്‍ അനുഭവിച്ച ഒരു നിമിഷത്തിന്റെ
ചോരപ്പാടുണ്ടായിരിക്കണം.അവന്റെ മനസ്സ് ഒഴുകിയെത്തുന്നുണ്ടാകണം.അതില്ലെങ്കില്‍ ഈണവും താളവും ഉണ്ടായിരുന്നാലും അതു കവിതയാവുകയില്ല.അതുപോലെ തന്നെ കവിതയെ ഗദ്യകവിതയെന്നും പദ്യ കവിതയെന്നും തിരിക്കുന്നതിലും വലിയ അര്‍ത്ഥമുണ്ടെന്ന് ഞാന്‍
വിശ്വസിക്കുന്നില്ല.ഗദ്യത്തില്‍ താളവും ഈണവും ഇല്ല എന്നുപറയുന്നത് ശാസ്ത്രീയ സം‌ഗീതത്തിന്റെ രാഗവിസ്താരം കേട്ടു നില്‍ക്കുന്ന ഒരുവന്‍ ഇതിലെന്താണ് താളം എന്നു ചോദിക്കുമ്പോലെയാണ്. താളം എന്നത് ആവര്‍ത്തിച്ചുവരുന്ന ശബ്ദവ്യതിയാനങ്ങള്‍ ആണെന്നു ചിന്തിക്കുന്നവര്‍ക്ക് അതുമനസ്സിലാക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.കാറ്റിന്റെയും വെയിലിന്റെയും താളം എന്നു ഞാന്‍
പറഞ്ഞാല്‍ നിങ്ങള്‍ അം‌ഗീകരിച്ചുതരുമെന്നും തോന്നുന്നില്ല.ഇനി അതല്ല പാടാന്‍ വേണ്ട താളം എന്നാണുദ്ദേശിച്ചതെങ്കില്‍ എളുപ്പത്തില്‍ പാടാന്‍ വേണ്ടതാളം എന്നു തിരുത്തി പറയേണ്ടിയിരിക്കുന്നു. ഏതു നല്ല ഗദ്യകവിതയേയും എടുത്ത് നിങ്ങള്‍ നല്ലൊരു സം‌ഗീത സംവിധായകന്റെ അടുത്തുപോകൂ തീര്‍ച്ചയായും അയാള്‍ നല്ല ഈണത്തില്‍ താളത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത രാഗങ്ങളില്‍
ഒരു മനോഹര ഗീതമായി അതിനെ പരിവര്‍ത്തനം ചെയ്തു തരും.

കവിതയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ഞാന്‍ മുന്‍പ് സൂചിപ്പിച്ചുകഴിഞ്ഞു.കവിതയെക്കുറിച്ചുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ ഞാന്‍ ഏറെവായിച്ചിട്ടില്ല അതിന്റെ സൌന്ദര്യശാസ്ത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളും
പഠനങ്ങളും എനിക്ക് തികച്ചും വിരസമായാണ് എന്നും തോന്നിയിട്ടുള്ളത്. കവിത തികച്ചും ജൈവീകമായ ഒരു വികാരത്തിന്റെ അതിജൈവീകാവിഷ്കാരമാണ് എന്നുകരുതുന്നതുകൊണ്ടുതന്നെ അതുവായിച്ചുകഴിയുമ്പോള്‍ അത് എഴുതിയിരിക്കുന്നത് ദ്രാവിഡമൊ സംസ്കൃതമോ ആയിട്ടുള്ള
വാക്കുകളുപയോഗിച്ചാണോ,ഇം‌ഗ്ലീഷിലാണോ മലയാളത്തിലാണോ തമിഴിലാണോ എന്നൊന്നും നോക്കാതെ ഞാന്‍ പുതുതായി എന്നില്‍ എന്തെങ്കിലും കണ്ടെത്തുന്നു എങ്കില്‍ ആ കവിത ഇഷ്ടപ്പെടുന്നു എന്നുള്ളതാണ് എന്റെ സത്യം. കവിതയോ മറ്റേതൊരു സാഹിത്യസൃഷ്ടിയോ ഭാഷയെ മനപ്പൂര്‍വ്വം ഉദ്ധരിക്കാന്‍ എന്തെങ്കിലും ശ്രമം നടത്തുന്നു എന്നും എനിക്ക് തോന്നിയിട്ടില്ല.എന്റെ മനസ്സില്‍
തോന്നുന്നത് ഒരു ഭാഷയുടെയും സഹായമില്ലാതെ കുറെപ്പേരുടെ മനസ്സിലേക്ക് തരം‌ഗരൂപത്തില്‍ കടത്തിവിടാനും അത് അവരെ അനുഭവിപ്പിച്ചുകഴിയുമ്പോള്‍ എന്നെ വിടര്‍ന്ന കണ്ണുകളോടെ നോക്കിക്കൊണ്ട് ഇവന്‍ ആള് ചില്ലറക്കാരനല്ലല്ലോ എന്ന് അവരെക്കൊണ്ട് പറയിക്കാനും എനിക്കു
സാധിക്കുമെങ്കില്‍ ഞാന്‍ കവിതക്ക് ഭാഷ ഉപയോഗിക്കുകയില്ല.ഭാഷ തീര്‍ച്ചയായും ചിന്തകളെ ട്രാന്‍സ്മിറ്റ് ചെയ്യാനുള്ള സങ്കേതം മാത്രമാണ്‌.ആ സങ്കേതം ഡീകോഡ്‌ ചെയ്തെടുക്കുന്നതരം റിസീവറുകള്‍ക്കു മാത്രമേ അത് ആസ്വദിക്കാന്‍ കഴിയൂ.(ഈ സാഹചര്യത്തിനെ പറഞ്ഞുഫലിപ്പിക്കാന്‍ ഈ ഇം‌ഗ്ലീഷ് വാക്കുകള്‍ക്കേ കഴിയൂ എന്ന എന്റെ(തെറ്റി?)ധാരണ കൊണ്ടാണ് തത്തുല്യമായ മലയാള പദങ്ങള്‍ തേടിപ്പോകാത്തത്).ഉദാഹരണത്തിന് ഞാന്‍ എഴുതുന്ന കവിതകള്‍ ഒരു തമിഴനെയോ തെലുങ്കനെയോ കന്നഡക്കാരനെയോ അനുഭവിപ്പിക്കാന്‍ എനിക്കു കഴിവില്ല.പക്ഷേ ഒരു മനുഷ്യന്റെ ജൈവീക വികാരങ്ങളില്‍ നിന്നും ഉത്പ്പാദിപ്പിക്കുന്ന ഒന്ന് എന്ന നിലയില്‍ അത് സാര്‍വ്വലൌകീകമാണു താനും. അങ്ങനെവരുമ്പോള്‍ എന്നെ സംബന്ധിച്ച് ഭാഷ ഒരു പരിമിതി കൂടിയാണ് .ഇങ്ങനെ ഒരേ സമയം സങ്കേതവും പരിമിതിയുമായിരിക്കുന്ന ഒന്നിനെ ഞാന്‍ എന്റെ ആവശ്യത്തിന് ഏറ്റവും ശക്തമായി എങ്ങനെ ഉപയോഗിക്കാമെന്ന് ചിന്തിച്ച് ഉചിതമെന്നു തോന്നുന്ന
തരത്തില്‍ ഉപയോഗിക്കുന്നു എന്നേയുള്ളു.അങ്ങനെ ഉപയോഗിക്കുമ്പോള്‍ അതില്‍ അനിവാര്യമായ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. എന്റെതായ ഒരു ഭാഷ എനിക്കുണ്ടാക്കണമെന്നും അതിലൂടെ കൂടുതല്‍ ശക്തമായി എന്റെ അനുഭവങ്ങളെ -എന്നെത്തന്നെ- മറ്റുള്ളവരിലേക്ക് ഒഴുക്കണം എന്ന ചിന്ത ഉണ്ടാകും എന്നതും സത്യമാണ്. ഈ ചിന്തപോലും ഭാഷയുടെ വിനിമയ പരിമിതികളെ
മറികടക്കാനുള്ള ഉല്‍ക്കടമായ ആഗ്രഹത്തില്‍ നിന്നും ഉണ്ടാകുന്നതാണ് .കടലാസും പേനയുമെടുത്ത് ഒരു മൂലക്കു ചെന്നിരുന്ന് ഇന്ന് കുറെ മാമൂലുകളെ തകര്‍ക്കണം എന്ന് ഒരു കവിയും ചിന്തിക്കും എന്ന് എനിക്ക് വിശ്വാസമില്ല. പഴയകാല കവിതകളോട് പുതിയ കവികള്‍ ഏതെങ്കിലും തരത്തിലുള്ള പുച്ഛം
വച്ചുപുലര്‍ത്തും എന്നും എനിക്ക് തോന്നുന്നില്ല.പഴയ ഭാഷ പുതിയ അനുഭവങ്ങളെ സംവേദനം ചെയ്യാന്‍ പര്യാപ്തമല്ല എന്നു തോന്നുമ്പോള്‍ അവന്‍ പുതിയ ശൈലികള്‍ കണ്ടെത്തും എന്നാണ് തോന്നിയിട്ടുള്ളത്.മലയാളഭാഷയില്‍ ലോപിച്ചുപോയ എത്രയോ പദങ്ങളുണ്ട് .പര്യായപദങ്ങള്‍ എന്ന ഉപകരണം ഉപയോഗിച്ച് കവിതയെഴുതിയിരുന്ന കാലം കഴിഞ്ഞുപോയി എന്നുതന്നെയാണ്
എന്റെ ചിന്ത .വൃത്തത്തില്‍ കവിതകെട്ടാനായിരുന്നു ഈ പര്യായ പദങ്ങള്‍ എന്നല്ലാതെ അതുകൊണ്ട് എന്തെങ്കിലും ഗുണം വിനിമയത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നു ചിന്തിച്ചു നോക്കുക.ഭവാന്‍ ഇങ്ങാഗതനായാലും എന്ന് ഉരചെയ്യുന്നത് എന്തോ ആഡ്യതയാണെന്ന് കരുതിയിരുന്ന കാലം കഴിഞ്ഞു.ഇപ്പോള്‍ നീ ഇവിടെ വാ എന്നോ,നിങ്ങള്‍ ഇവിടെ വരൂ എന്നു പറയുന്ന് തന്നെയാണ് ഉണ്മയെന്ന് ആസ്വാദകനും എഴുത്തുകാരനും ഒരുപോലെ തിരിച്ചറിഞ്ഞിരിക്കുന്നു.അതുകൊണ്ടുതന്നെ വൃത്തത്തില്‍ കെട്ടാന്‍ നില്‍ക്കാതെ ഒരു കൂടം എടുത്തടിക്കുന്നതുപോലെ എങ്ങനെ തന്റെ ആശയങ്ങള്‍ ധ്വനിപ്പിക്കാന്‍ ഭാഷയെ ഉപയോഗിക്കാം എന്നാണ് പുതിയ എഴുത്തുകാരന്‍ ചിന്തിക്കുക.അതിന് അവന്‍ സ്വീകരിക്കുന്ന വഴി ലളിതമായ,നിത്യജീവിതത്തില്‍ നിലനില്‍ക്കുന്ന പദങ്ങളുപയ്യോഗിച്ച് പുതുമയുള്ള,ഇനിയും സൃഷ്ടിക്കപ്പെടാത്ത സൂക്ഷ്മ ബിംബങ്ങള്‍ സൃഷ്ടിക്കുകയാണ്.അതില്‍ പരാജയപ്പെടുകയോ വിജയിക്കുകയോ ചെയ്യുന്നവരുണ്ടാകും.പക്ഷെ പരീക്ഷണം ആ വഴിക്കു തന്നെയാണ് നടക്കുന്നത്.കൂഴൂരിന്റെ “എന്നെയറിയില്ല“ എന്ന കവിതയും വിഷ്ണുപ്രസാദിന്റെ
“പാപി“ എന്ന കവിതയും കെ എം പ്രമോദിന്റെ “നീലക്കുറിഞ്ഞി“ യും അനിലന്റെ “കുഞ്ഞുബൈദാപ്ല“ യും ഐശിബിയുടെ “പ്രസവവേദന“ യുമൊക്കെ ബലമുള്ള ഇത്തരം പരീക്ഷണങ്ങള്‍ക്ക് ബ്ലോഗിലുള്ള ഉദാഹരണങ്ങളാണ്. വൃത്തവും താളവും ഒക്കെ ഒരുക്കിയെടുത്ത് കവിതയെ ഉരുക്കി ഒഴിക്കാന്‍ ഇവര്‍ക്കാര്‍ക്കും കഴിവില്ല എന്നു ഞാന്‍ കരുതുന്നില്ല.ഒരു മന്ത്രം പോലെ കാതുകളില്‍ നിന്നും കാതുകളിലേക്ക് പകരാന്‍ കഴിയുന്ന ഒരു രസവിദ്യ തേടി അവര്‍ മുറിഞ്ഞവാക്കുകള്‍ കൊണ്ട് സംസാരിക്കുന്നു എന്നേ എനിക്കു തോന്നിയിട്ടുള്ളു.അതിലാണ് ഉണ്മയെന്ന് അവര്‍ ചിന്തിക്കുന്നു ചുരുങ്ങിയപക്ഷം ഇപ്പോഴെങ്കിലും.

ഇങ്ങനെ മുറിഞ്ഞ വാക്കുകളുപയോഗിച്ചും ഒട്ടും ഇമ്പമില്ലാതെയും എഴുതുന്നതുകൊണ്ട് ഞാന്‍ ഗദ്യ കവിതകള്‍ വായിക്കില്ല എന്നു പറഞ്ഞ് ഒരാള്‍ ചങ്ങമ്പുഴയുടെയോ ഓ എന്‍ വി കുറുപ്പിന്റെയോ പിന്നാലെ പോയാല്‍ കൈവീശി ഒരു റ്റാറ്റാ പറയുകയല്ലാതെ വേറെ വഴിയില്ല.ഞാന്‍ സിനിമാ കാണില്ല എന്നു ദൃഡപ്രതിജ്ഞയെടുത്തിരിക്കുന്ന ഒരു പ്രിയ സുഹൃത്ത് എനിക്കുണ്ട്****.അദ്ദേഹത്തോടുള്ള സര്‍വ്വ സ്നേഹാദരങ്ങളോടും കൂടി ഞാന്‍ അയാളെ ഒറ്റക്കിരുത്തിയിട്ട് സിനിമകാണാന്‍ പോകും എന്നല്ലാതെ എനിക്കൊന്നും ചെയ്യാനില്ല.ഇത്തരം ഭാഷാപ്രേമവും സാമൂഹിക സാഹിത്യ സാംസ്കാരിക പ്രതിബദ്ധതയുമൊക്കെ ശുദ്ധമായ കാപട്യങ്ങളായേ എനിക്കു കാണാന്‍ കഴിഞ്ഞിട്ടുള്ളു.ഒരു കൊച്ചു കരുണാനിധി തങ്ങള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്നു എന്ന് പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു പറയുകയാണ് അവര്‍ ചെയ്യുന്നത്.ഭാഷയല്ല സാഹിത്യം എന്ന് മനസ്സിലാക്കാത്തതു കൊണ്ടുള്ള പ്രശ്നമാണിത്.ഭാഷ സാഹിത്യത്തിന്റെ ഉപകരണവും സാഹിത്യം ജീവിതത്തിന്റെ അതി ജൈവിക അവസ്ഥയുമാണ്. പാല്‍പ്പൊടി വെള്ളത്തിലിട്ടാല്‍ പാലാകുന്നതു പോലെയാണ് സാഹിത്യം ആര്‍ദ്രതയുള്ള ആസ്വാദക മനസ്സില്‍ പ്രവര്‍ത്തിക്കുന്നത്.നനവില്ലെങ്കില്‍ അയ്യോ ഇത് വെറും പോടിമാത്രമാണെന്ന നിലവിളിമാത്രമേ അവനില്‍ നിന്നും പ്രതീക്ഷിക്കേണ്ടതുള്ളു.കുമ്മായമല്ലേ ഇതെന്നുപറഞ്ഞ് വലിച്ചെറിയുകയും ചെയ്തെന്നിരിക്കും.

കവിത ലിഖിതമായ അവസ്ഥയില്‍ മാത്രമേയുള്ളു എന്നും എനിക്കഭിപ്രായമില്ല.ഒരു പ്രാവ് വട്ടമിട്ടു പറന്ന് ചിറകുകള്‍ മാടിയൊതുക്കി വായുവിനെ കബളിപ്പിച്ച് നിലത്തിറങ്ങുന്ന കാഴ്ച്ക കാവ്യാത്മകമാണ്.ഒരു കുഞ്ഞ് ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് അമ്മയുടെ മുലകുടിക്കാന്‍ വസ്ത്രം പിടിച്ചുമാറ്റുമ്പോള്‍ വാത്സല്യത്തോടെ കുഞ്ഞിനെയും ജാള്യതയോടെ ചുറ്റും നില്‍ക്കുന്നവരെയും
നോക്കുന്ന സ്ത്രീയുടെ നോട്ടം കാവ്യാത്മകമാണ്.എതിരെ വരുന്ന പെണ്‍കുട്ടിയുടെ മുഖസൌന്ദര്യം ആസ്വദിച്ചുകൊണ്ട് ഞാന്‍ നടന്നുപോകുമ്പോള്‍ കടന്നുപോകുംവരെ അവള്‍ എന്നെ മനപ്പൂര്‍വ്വം നോക്കാതിരിക്കുകയും ഒരുനോക്കുകൂടി കാണാന്‍ ഞാന്‍ തിരിഞ്ഞുനോക്കുന്ന അതേ നിമിഷത്തില്‍
അവളും തിരിഞ്ഞുനോക്കുകയും ചെയ്യുന്ന അവസ്ഥ കാവ്യാത്മകമാണ്.ഇങ്ങനെ കാവ്യാത്മകം-പൊയറ്റിക്-ആയ ജീവിതത്തില്‍ അലിഞ്ഞുജീവിക്കുമ്പോഴാണ് കവിത കണ്ടെത്താന്‍ കഴിയുന്നത് .പക്ഷേ ഇതൊക്കെ എങ്ങനെ ഞാന്‍ കണ്ട രീതിയില്‍ മറ്റൊരാള്‍ക്ക് കാട്ടിക്കൊടുക്കും എന്ന ചിന്തയുണ്ടാകുമ്പോഴാണ്.ഭാഷയുടെ ആവശ്യം വരുന്നത്.അത് ചലച്ചിത്ര ഭാഷയാകാം ചിത്രഭാഷയാകാം പാട്ടിലൂടെയാകാം പറച്ചിലിലൂടെയാകാം.ചില ചിത്രങ്ങള്‍ കവിതയാണ്.ചില ഫോട്ടോ ഗ്രാഫുകള്‍ കവിതയാണ്.ചില സിനിമകള്‍ കവിതയാണ്.

ഈ പറയുന്നതൊക്കെ വെറും വാചകക്കസര്‍ത്തുമാത്രമാണെന്ന് ചിലര്‍ക്കഭിപ്രായം ഉണ്ടായേക്കാം.അവരോട് എനിക്കിത്രമാത്രമേ ചോദിക്കാനുള്ളു.വരികള്‍ മുറിച്ചുമുറിച്ചെഴുതുന്നതാണ് കവിതയെന്നും അല്ലാത്തതൊക്കെ കഥയെന്നുമാണോ നിങ്ങളിത്രകാലവും ധരിച്ചിരിക്കുന്നത്?
ഇം‌ഗ്ലീഷ് വായിക്കാനും അര്‍ഥമറിയാനും കഴിയുന്ന ഒര് വായനാ സമൂഹത്തിനു മുന്നില്‍ ഒരു ഇം‌ഗ്ലീഷ് വാക്ക്, ആ വാക്കുകൊണ്ട് അര്‍ത്ഥം കിട്ടുന്ന അവസ്ഥയുടെ വരള്‍ച്ച എടുത്തു കാണിക്കുന്നതിലേക്ക് വേണ്ടി അതേപടി ഉപയോഗിച്ചുപോയാല്‍ കവിതയും ഭാഷയും നശിച്ചുപോകും എന്ന രീതിയില്‍
ശിഥിലമായാണോ നിങ്ങള്‍ ഭാഷയേയും കവിതയേയും കണ്ടിരിക്കുന്നത്?
****
2.**** ഇതു വായിക്കുകയാണെങ്കില്‍ എന്നെ കണ്ണുരുട്ടിക്കാണിക്കല്ലേ :)

ഒരേ കടല്‍-ഒരു വായന

മനുഷ്യ ജീവിതത്തിന്റെ ഉണ്മകളെക്കുറിച്ചുള്ള എല്ലാ അന്വേഷണങ്ങള്‍ക്കും രണ്ട് ചിറകുകളുണ്ട്.തികച്ചും വിഭിന്നമായ എതിര്‍ ദിശയിലേക്കു പറക്കുന്ന രണ്ട് ചിറകുകള്‍.അതുകൊണ്ടുതന്നെ എന്താണു ഉണ്മ എന്ന അന്വേഷണത്തിന് തൃപ്തമായ ഒരു ഉത്തരം കണ്ടെത്താന്‍ കഴിയുന്നതിനുമുന്‍പേ ഈ ചിറകുകളുടെ എതിര്‍ ത്വരണത്തില്‍ ഉടലും മനവും തളര്‍ന്ന് നാം ചോദ്യങ്ങളുടെ ഒരു ഘനസാഗരത്തിലേക്ക് ഇടിഞ്ഞുവീഴുന്നു.തീരെ പരിതാപകരമായ ഈ മാനുഷിക അന്വേഷണത്തെ ഒരു സിനിമ എന്ന കലാരൂപത്തിന് സാധ്യമായ എല്ലാ പേശീബലത്തോടുംകൂടി കൊത്തിവച്ചിരിക്കുന്നു ശ്യാമപ്രസാദ് ഒരേ കടല്‍ എന്ന തന്റെ കവിതയില്‍.(ശരിക്കും ഈ ചലച്ചിത്രത്തെ- പുളിച്ചുപോയ വിശേഷണമാണെന്നറിയാമെങ്കിലും- കവിത എന്നു തന്നെ വായിക്കാനാണ് എനിക്കിഷ്ടം.)മനുഷ്യന് ജീവിക്കാന്‍ എന്തൊക്കെയാണ് വേണ്ടത്.!നല്ല ആഹാരവും നല്ല ഭക്ഷണവും നല്ല വസ്ത്രങ്ങളും ഉണ്ടെങ്കില്‍ അവന്റെ ജീവിതം സഫലമാകുമോ?സ്നേഹവും ബന്ധങ്ങളും മനുഷ്യന് യാതൊരുവിധത്തിലും ആവശ്യമില്ലാത്ത,അര്‍ഥശൂന്യമായ ചപല വികാരങ്ങളാണൊ?ശരി തെറ്റുകളുടെ നിര്‍വചനങ്ങള്‍ സമൂഹം അതിന്റെ വ്യവസ്ഥാപിതക്കുവേണ്ടി നമുക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന പാഴ്‌ഭാരങ്ങളാണോ?ഇങ്ങനെ മനുഷ്യന്‍ കാലാകാലമായി ചോദിച്ചുകൊണ്ടിരിക്കുന്നതും ഇനിയും ഉത്തരം കണ്ടെത്തിയിട്ടില്ലാത്തതുമായ ചോദ്യങ്ങളുടെ കുതിരകളെ കാഴ്ചക്കാരനുമേല്‍ അഴിച്ചുവിടുന്നു ഈ ചലച്ചിത്രം.

ബംഗാളി എഴുത്തുകാരനായ സുനില്‍ ഗംഗോപാദ്ധ്യായയുടെ ‘ഹീരക്‌ ദീപ്തി’ എന്ന നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം മലയാള ചലച്ചിത്രത്തിന്റെ കെട്ടില്‍ നമുക്ക് പരിചയമില്ലാത്ത ഒരു കാഴ്ച്ച തന്നെയാണ് ഒരുക്കിയിരിക്കുന്നത്.സാധാരണ മലയാള സിനിമകളില്‍ കാണാറുള്ള സദാചാരപരമായ ഒത്തുതീര്‍പ്പുകള്‍ ഒന്നും ഇല്ലാതെ നേര്‍വഴിയില്‍ ഒരു കഥ പറഞ്ഞു തീര്‍ക്കാന്‍ ആര്‍ജ്ജവം കാണിച്ചു എന്നതാണ് ഈ ചലച്ചിത്രത്തിന് മലയാള സിനിമാ ചരിത്രത്തില്‍ ഉണ്ടാക്കിക്കൊടുക്കാന്‍ പോകുന്ന ഏറ്റവും വലിയ പെരുമ.ഒരു ദൃശ്യകലയെന്ന എല്ലാസാധ്യതകളെയും മുതലെടുക്കാന്‍ ടെലിഫിലുമുകളില്‍ ശ്യാമപ്രസാദ് കാണിച്ചിരുന്ന കയ്യടക്കം നമുക്ക് ആദ്യമായി അദ്ദേഹത്തിന്റെ സിനിമയില്‍ അനുഭവവേദ്യമായത് അകലെയില്‍ ആയിരുന്നു.എന്നാല്‍ അകലെ എന്ന ചലച്ചിത്രത്തില്‍ നിന്നും എത്രയോ ചുവടുകള്‍ മുന്നിലാണ് ഈ രചന.

തികച്ചും ദാര്‍ശനികമായ കുറെചോദ്യങ്ങള്‍ സിനിമയില്‍ ഇതള്‍വിരിയുന്നത് ലോകപ്രസിദ്ധനായ ഒരു സാമ്പത്തികവിദഗ്ദ്ധനും ഒരിടത്തരം കുടും‌ബത്തിലെ ഭര്‍തൃമതിയായ സ്ത്രീയും തമ്മിലുള്ള ശാരീരിക മാനസിക വ്യാപാരങ്ങളുടെ ഹൃദയസ്പര്‍ശിയായ കഥപറഞ്ഞുകൊണ്ടാണ്.മമ്മൂട്ടി അവതരിപ്പിക്കുന്ന നാഥന്‍ എന്ന സാമ്പത്തിക വിദഗ്ദ്ധന്‍ ബന്ധങ്ങളിലും സ്നേഹത്തിലും കെട്ടുപാടുകളിലും തെല്ലും വിശ്വസിക്കുന്നില്ല.ഈ അറിവ് എറിഞ്ഞുതന്നുകൊണ്ടാണ് ശ്യാമപ്രസാദ് പ്രേക്ഷകനുമുന്നില്‍ സിനിമ തുറക്കുന്നത്.തന്നെ ഒരു നോക്കുകാണാന്‍ മരണക്കിടക്കയില്‍ ഇളയമ്മ ആഗ്രഹിക്കുന്നു എന്നറിയിക്കുന്ന ഫോണ്‍വിളിയിലാണ് സിനിമയുടെ ആദ്യ സീന്‍.എന്നാല്‍ ബന്ധങ്ങള്‍ കെട്ടുപാടുകളാണെന്നു വിശ്വസിക്കുന്ന അയാള്‍ പോകുന്നില്ല.അയാളുടെ ഫ്ലാറ്റിനു താഴത്തെനിലയില്‍ താമസിക്കുന്ന തൊഴിലില്ലായ്മകൊണ്ട് പട്ടിണിപിടികൂടിയ കുടുംബത്തിലെ നാഥയാണ് മീരാജാസ്മിന്‍ അവതരിപ്പിക്കുന്ന ദീപ്തി(മീരാജാസ്മിന്റെ അഭിനയ മികവ് എടുത്തുപറയേണ്ടത് തന്നെ) .ആകസ്മികമായ ചിലകണ്ടുമുട്ടലുകളിലും സഹായാഭ്യര്‍ഥനകളിലും തുടങ്ങുന്ന അവരുടെ ബന്ധം വളരെത്താമസിയാതെ ശാരീരികബന്ധത്തില്‍ ചെന്നെത്തുന്നു.എന്നാല്‍ ഈ ശാരീരിക ബന്ധം തുടങ്ങുന്ന മുഹൂര്‍ത്തം ശ്രദ്ധേയമാണ്.ഇളയമ്മ മരിച്ച് അതിന്റെ സന്തോഷം മദ്യത്തിന്റെ പുറത്ത് ആസ്വദിച്ചിരിക്കുന്ന അയാളുടെ അടുത്തേക്ക് ഭര്‍ത്താവിന് ഒരു ജോലി ശരിയാക്കിത്തരണം എന്ന അഭ്യര്‍ഥനയുമായിട്ടാണ് ആ സ്ത്രീ എത്തുന്നത്.അയാള്‍ക്ക് ആഘോഷിക്കാന്‍ ഒരു സ്ത്രീയെ വേണമായിരുന്നു.അവള്‍ അത് തടയുന്നുമില്ല.ഒരു ബന്ധത്തില്‍ നിന്നു മോചിതനായി എന്ന അഘോഷത്തില്‍ അറിഞ്ഞോ അറിയാതെയോ അയാള്‍ കൂടുതല്‍ കടുപ്പമുള്ള മറ്റൊരു ബന്ധത്തിനു തുടക്കമിടുന്നു എന്നിടത്താണ് സിനിമയുടെ ഐറണി തുടങ്ങുന്നത്.അതിന് നാഥന്‍ എന്ന വിശാലമായ കാഴ്ചപ്പാടുള്ള പുരുഷന്‍ ഉപയോഗിക്കുന്ന വഴി സഹായം ചെയ്യുക എന്നചൂഷണവും.

തനിക്ക് അവള്‍ അതുവരെ കണ്ടിട്ടില്ലാത്തവിധം ആസ്വാദ്യയായ ഒരു പെണ്ണുമാത്രമാണെന്ന് അയാള്‍ പലപ്പോഴും അവളോടുതന്നെ പറയുന്നുണ്ട്.ഒരിക്കള്‍ അവള്‍ അയാളുടെ മുറിയിലേക്കു വരുമ്പോള്‍ അയാളുടെ മറ്റൊരു സ്ത്രീസുഹൃത്തിന്റെ ഉടുപ്പ് കണ്ടുകിട്ടുന്നു.അയാള്‍ പറയുന്നു.എനിക്കു ധാരാ‍ളം സുഹൃത്തുക്കളുണ്ട്.അവള്‍ ചോദിക്കുന്നു.സ്ത്രീകളോ?അയാള്‍ പറയുന്നു സ്ത്രീകളും... പിന്നീടൊരിക്കല്‍ അയാള്‍ അവളുടെ മുഖത്തുനോക്കിത്തന്നെ പറയുന്നു.എനിക്കു വേണ്ടത് നിന്റെ ശരീരം മാത്രമാണ്.അതിലപ്പുറമൊന്നും നീ എന്നില്‍ നിന്നും പ്രതീക്ഷിക്കരുത്.അവള്‍ അയാളോടു ചോദിക്കുന്നു എന്നെ വെറുമൊരു ശരീരമായിട്ടണോ കാണുന്നത്?....

അതേത്തുടര്‍ന്ന് അയാളുമായുള്ള ബന്ധം തുടരാന്‍ അവള്‍ വിസമ്മതിക്കുകയാണ്.എന്നാല്‍ നാഥനില്‍ നിന്നും അവള്‍ ഗര്‍ഭിണിയാകുന്നതോടെയാണ് സിനിമ ജീവിതവുമായുള്ള യഥാര്‍ത്ഥമായ സംഘട്ടനങ്ങളുടെ മൈതാനത്തിലേക്ക് എത്തിച്ചേരുന്നത്.പട്ടിണിയെക്കുറിച്ച് പുസ്തകമെഴുതുന്ന നാഥന്‍ പട്ടിണിയുടെ യഥാര്‍ഥ ഉറവിടമായി കാണുന്നത് സാമര്‍ഥ്യത്തെയും സാമര്‍ഥ്യമില്ലായ്മയേയുമാണ്.അയാള്‍ പറയുന്നു ജോലി വേണമെങ്കില്‍ അന്വേഷിക്കണം,കാണേണ്ടവരെ പോയി കാണണം.(അവള്‍ അയാളെ പോയി കാണുന്നതോടെ അവളുടേ ഭര്‍ത്താവിനു ജോലി ലഭിക്കുകയും ചെയ്യുന്നു.)സിനിമയുടെ പലയിടങ്ങളിലും ഇങ്ങനെ സ്വയം സൃഷ്ടിച്ചുവച്ചിട്ടുള്ള ആദര്‍ശവാദത്തിന്റെ പുറന്തോടിലൊളിക്കുന്ന ഒച്ചായി മാറുന്ന നാഥനെ നമുക്കു കാണാം.നീ എനിക്കു വെറും ഒരു ശരീരം മാത്രമാണെന്നും നിനക്കുവേണമെങ്കില്‍ മാത്രം എന്നെത്തേടിവന്നാല്‍ മതിയെന്നും പറയുന്ന അയാള്‍ ഒരു രാത്രിയില്‍ അവളുടെ വാതിലില്‍ മുട്ടി ഒന്നുമുകളിലേക്ക് വരൂ എനിക്ക് നിന്നെക്കൊണ്ട് ഒരാവശ്യമുണ്ട് എന്നു കെഞ്ചുന്ന ഒരു രം‌ഗമുണ്ട്.ഇതിലൂടെ അയാളുടെ വ്യക്തിത്ത്വത്തില്‍ അയാള്‍പോലും അറിയാതെ ഒളിഞ്ഞിരിക്കുന്ന കാപട്യം മാത്രമല്ല,സ്നേഹിക്കുന്ന പുരുഷനല്ലാതെ ശരീരം പങ്കുവയ്ക്കുന്നത് പാപമാണെന്നും സ്നേഹിക്കുന്നപുരുഷന്‍ അതു ഭര്‍ത്താവല്ലെങ്കില്‍കൂടി താന്‍ ചെയ്യുന്ന സമര്‍പ്പണത്തില്‍ പശ്ച്ചാത്താപമില്ലെന്നും ഉറച്ചു വിശ്വസിക്കുന്ന ഒരു സ്ത്രീയുടെ മനസ്സുകൂടി വെളിവാകുന്നു.മറ്റൊരു രം‌ഗത്തില്‍ അയാളുടെ സുഹൃത്തായ ബേല ഒരുയാചകബാലനു കാശുകോടുക്കുമ്പോള്‍ അയാള്‍ എതിര്‍ക്കുന്നു.അയാളുടെ ആദര്‍ശം അങ്ങനെ കാശുകൊടുക്കുന്നത് ഭിക്ഷാടനം പ്രോത്സാഹിപ്പിക്കുകയേ ഉള്ളു എന്നാണ്.എന്നാല്‍ അവന്റെ വിശപ്പിന് പണം‌മാത്രമാണ് പ്രതിവിധി എന്ന രീതിയില്‍ ബേല സംസാരിക്കുമ്പോള്‍ അസ്വസ്ഥനായിക്കൊണ്ട് സംഭാഷണം അവസാനിപ്പിക്കാന്‍ പറയുന്ന നാഥനെ നമുക്കു കാണാം.അതിന്റെ അര്‍ഥം അയാളുടെ മുന്‍പില്‍ പ്രധിവിധികള്‍ ഇല്ല എന്നതും ആദര്‍ശം അയാളുടെ രക്ഷാകവചമാണ് എന്നതുമാണ്. ഇവിടങ്ങളില്‍ മാത്രമല്ല ബന്ധങ്ങളില്‍ വിശ്വസിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇളയമ്മയെ കാണാന്‍ പോകാതിരിക്കുന്ന അയാള്‍ അവരുടെ മരണ ശേഷം മദ്യത്തിലും സ്ത്രീ ശരീരത്തിലും അഭയം തേടുന്നു എന്നയിടത്തും,ദീപ്തിയെ സഹായിക്കുന്നതിന്റെ അവകാശം ചൂഷണം ചെയ്തല്ല അവളുമായി രമിക്കുന്നതെന്ന് അവകാശപ്പെടുന്ന നാഥന്‍ സഹായം തേടിച്ചെല്ലുമ്പോഴാണ് അവളെ താനുമായി ശയിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നയിടത്തും ഈ വൈരുധ്ദ്യം നമുക്കു കാണാന്‍ കഴിയും.

അയാളില്‍ നിന്നും ഗര്‍ഭിണിയാകുന്നതോടെ ദീപ്തിയുടെ മാനസിക നില തകരുകയാണ്.അതുവരെ പാപബോധത്തിന്റെ ലാഞ്ചനപോലും കാണിക്കാതിരുന്ന അവള്‍ അതോടെ താന്‍ നശിപ്പിക്കപ്പെട്ടു എന്ന ചിന്തയില്‍ നീറുന്നു.താന്‍ ഗര്‍ഭിണിയാണ് എന്നറിയിക്കാന്‍ ദീപ്തി അയാളുടെ അടുത്തേക്ക് പോകുമ്പോഴും അയാള്‍ അതേപ്പറ്റിയൊന്നും ചിന്തിക്കുന്നതേയില്ല.അയാള്‍ പറയുന്നത് നീയിങ്ങടുത്തുവാ ഗര്‍ഭിണിയായ ഒരു സ്ത്രീയേയും ഞാനിതുവരെ ഇത്ര അടുത്തു കണ്ടിട്ടില്ല എന്നാണ്.ഗര്‍ഭത്തെക്കുറിച്ചും കുഞ്ഞുങ്ങളെക്കുറിച്ചുമുള്ള അയാളുടെ കാഴ്ചപ്പാടും വിഭിന്നമല്ല ഓരോ മണിക്കൂറിലും ലോകത്ത്‌ 7500 കുഞ്ഞുങ്ങള്‍ ജനിക്കുന്നു.അയാള്‍ നിര്‍വ്വികാരനായി പറയുന്നു..തികഞ്ഞ ഭൌതീകവാദത്തില്‍ സ്നേഹത്തേയും ബന്ധങ്ങളേയും തള്ളിപ്പറയുന്ന അയാള്‍ക്കുമുന്നില്‍ താന്‍ അയാളുടെ ഗര്‍ഭം ചുമക്കുന്നവളാണെന്ന രഹസ്യം പോലും പറയാതെ അവള്‍ തിരിച്ചിറങ്ങുന്നു.ഇങ്ങനെ പടികയറിപ്പോകലിനും ഇറങ്ങിവരവിലും കൂടി സാമ്പത്തികവും സാമൂഹികവുമായുള്ള ഒരു ഉപരിനീച വ്യത്യാസം ധ്വനിപ്പിച്ചിരിക്കുന്നു സം‌വിധായകന്‍.
കുഞ്ഞ് പിറക്കുന്നതോടെ ദീപ്തിയുടെ പാപബോധം അവളെ തികച്ചും ഭ്രാന്തിയാക്കി മാറ്റുകയാണ്.ഒരു രാത്രി അവളുടെ ഭര്‍ത്താവ് ഉണര്‍ന്നു നോക്കുമ്പോള്‍ ഒരു വൃത്തികെട്ട വസ്തുവിനെയെന്നപോലെ കുഞ്ഞിനെയും തൂക്കിപ്പിടിച്ച് പുറത്തേക്ക് പോകാന്‍ തുനിയുന്ന ദീപ്തിയെയാണ് കാണുന്നത്.ഞാന്‍ നമ്മുടെ കുഞ്ഞിനെ കളഞ്ഞിട്ടുവരട്ടെ ഒരൊ മിനിട്ടിലും ലോകത്ത് 7500 കുഞ്ഞുങ്ങള്‍ ജനിക്കുന്നു ഇതാണ് അവള്‍ പറയുന്നത്.

അവള്‍ക്ക് ഭ്രാന്തായി എന്നറിയുമ്പോഴും നാഥന്‍ സ്വയം രക്ഷയുടെ ആദര്‍ശകവചം തേടി പോകുന്നു.അയാളെ സം‌ബന്ധിച്ച് സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരിക ബന്ധത്തില്‍ ശരി തെറ്റുകളുടെ യാതൊരു പ്രശ്നവുമില്ല.ഇത് അയാള്‍ ഒരിക്കല്‍ ദീപ്തിയോടും പറയുന്നുണ്ട്.അവള്‍ ചോദിക്കുന്നു.എന്നോട് സ്നേഹമില്ലെങ്കില്‍ എന്നെക്കൊണ്ട് എന്തിനീ തെറ്റുചെയ്യിച്ചു?അതിന് അയാളുടെ മറുപടി ശരിയും തെറ്റും എന്ന ഒന്നില്ല എന്നാണ്.നിനക്ക് തെറ്റാണെന്നു തോന്നിയിരുന്നെങ്കില്‍ നീ എന്തിനു വീണ്ടും വീണ്ടും വരുന്നു? അയാള്‍ ചോദിക്കുന്നു.അവള്‍ക്ക് ഭ്രാന്തായത് അവളുടെ കുറ്റം കൊണ്ടാണെന്നും തനിക്കതില്‍ ഒരു പങ്കും ഇല്ല എന്നും സ്വയം സമര്‍ഥിക്കാന്‍ എന്നവണ്ണം പുലമ്പിക്കൊണ്ടിരിക്കുന്ന അയാളോട് ബേല ചോദിക്കുന്നു.പിന്നെ എങ്ങനെ അവള്‍ക്ക് ഭ്രാന്തായി?അയാളുടെ മറുപടി രസാവഹമാണ്.ഈ ലോകത്ത് എത്രയോ പേര്‍ക്ക് ഭ്രാന്തുപിടിക്കുന്നു അതിനൊക്കെ ഞാനാണോ കാരണം...എന്നാല്‍ ദീപ്തി അയാളെ കാണാന്‍ വന്നത് താന്‍ ഗര്‍ഭിണിയായത് അയാളില്‍ നിന്നാണെന്ന വിവരം അറിയിക്കാനാണെന്ന് ബേല വെളിപ്പെടുത്തുന്നതോടെ അയാള്‍ എന്ന നങ്കൂരത്തിന് ഇളക്കം തട്ടിത്തുടങ്ങുന്നു.അവള്‍ എന്തുകൊണ്ട് മുന്‍‌കരുതല്‍ എടുത്തില്ല?അയാള്‍ ചോദിക്കുന്നു.ബേലയുടെ മറുപടി അയാളെ തകര്‍ത്തുകളയുന്നു.അവള്‍ നിങ്ങളെ അവളുടെ കൃഷ്ണനായിട്ടാണ് കണ്ടിരുന്നത്.നിങ്ങളെ അവള്‍ അത്രക്ക് സ്നേഹിച്ചിരുന്നു...

നീണ്ട കാലത്തെ ചികിത്സക്കു ശേഷം ദീപ്തി ഭ്രാന്തുമാറി തിരിച്ചു വരുമ്പോഴും അവളില്‍ നിന്നും അയാളോ അയാളില്‍ നിന്നും അവളോ വിട്ടുപോയിട്ടില്ല.ബന്ധങ്ങളില്‍ വിശ്വസിക്കുന്നില്ല എന്നു വീമ്പിളക്കിയിരുന്ന അയാള്‍ അവളെക്കുറിച്ചുള്ള വേദനയില്‍ മദ്യത്തിന് സ്വയം സമര്‍പ്പിക്കുകയാണ്.ഭ്രാന്തു മാറി തിരിച്ചുവരുന്ന ദീപ്തിയും ഭര്‍ത്താവിനോട് ആദ്യം ചോദിക്കുന്നത് ജയേട്ടന്‍ വേറെ കല്യാണം കഴിക്കാത്തതെന്ത് എന്നാണ്.വേറെ കല്യാണം കഴിച്ചിരുന്നെങ്കിലും എനിക്കൊരു പരാതിയും ഉണ്ടാകില്ല എന്നാണ് അവള്‍ പറയുന്നത്.ആ സം‌ഭാഷണങ്ങള്‍ സൂചിപ്പിക്കുന്നത് അവള്‍ ഭര്‍ത്താവില്‍ നിന്നും കാംക്ഷിക്കുന്ന സ്വാതന്ത്ര്യത്തെയാണ്.എന്നാല്‍ മക്കളെ കാണുന്നതോടെ ഒരു കുടും‌ബിനി ആയിത്തീരാന്‍ സ്വയം ഒരുങ്ങുന്നു ദീപ്തി.ഒരു മുറിയില്‍ നിറയെ ദൈവങ്ങളുടെ പടം വച്ച് ഭക്തിയിലേക്ക് തിരിയുന്ന ദീപ്തി ഭക്തിയും പ്രണയവും തമ്മിലുള്ള രഹസ്യ ബന്ധത്തെയാണ് വെളിപ്പെടുത്തുന്നത്.എന്നാല്‍ അവളുടെ വിലാസം തപ്പി നാഥന്‍ വന്നെത്തുന്നതോടെ അവള്‍ വീണ്ടും സമനില തെറ്റും എന്ന അവസ്ഥയിലേക്ക് എത്തുകയാണ്.പൂജാമുറിയിലെ ദൈവങ്ങളുടെ ചിത്രങ്ങള്‍ എല്ലാം തച്ചുതകര്‍ത്ത് അവള്‍ പറയുന്നു ഇനി ഞാന്‍ ദൈവങ്ങളെ പൂജിക്കുകയില്ല,ഒരു പ്രയോജനവുമില്ല! മനുഷ്യന്‍ അവന്റെ ആത്മാവിന്റെ പ്രശ്നങ്ങള്‍ക്ക് ഉത്തരം കാണാന്‍ സ്വയം അടിയറവയ്ക്കുന്ന ഈശ്വരന്‍ എന്ന ബിം‌ബം പ്രയോജന രഹിതമാണെന്ന കണ്ടെത്തലാണത്.അവള്‍ ദൈവങ്ങളുടേ ഫോട്ടോ തകര്‍ത്തുണ്ടാക്കിയ കണ്ണാടിച്ചില്ലുമായി(ഒരു കത്തിയായി ഉപയോഗിക്കാന്‍) അയാളെ തേടിയിറങ്ങുന്നുണ്ട്.എന്നാല്‍ അയാളുടെ മുന്നില്‍ അവള്‍ നിസ്സഹായയാണ്.അവളുടെ മുന്നില്‍ അയാളും.അയാള്‍ പറയുന്നു ഞാന്‍ നിന്നോട് തെറ്റു ചെയ്തു.അവള്‍ പറയുന്നു ഇനിയെന്നെ ഇവിടെന്നിന്നും പറഞ്ഞയക്കരുതേ..അയാള്‍ പറയുന്നു എന്നെ ഒരു പെണ്ണും ഇത്ര സ്നേഹിച്ചിട്ടില്ല എനിക്കു നിന്നെ വേണം നിന്നെ ഞാനാര്‍ക്കും വിട്ടുകൊടുക്കുകയില്ല.

ഇങ്ങനെ സ്നേഹത്തിന്റെയും സ്നിഗ്ദ്ധബന്ധങ്ങളുടേയും മുന്നില്‍ ഭൌതികമായ ആദര്‍ശവാദം അടിയറവുപറയുന്നതോടെ സിനിമ അവസാനിച്ചു എന്നാണ് പ്രേക്ഷകര്‍ കണ്ടതെങ്കില്‍ ഇത് ഒരു നല്ല സിനിമ എന്ന് പറയാനേ കഴിയുമായിരുന്നുള്ളു.എന്നാല്‍ മലയാള സിനിമയുടെ ദൃശ്യവാചകത്തില്‍ ഇന്നോളം രചിക്കപ്പെടാത്ത ഒരു മനോഹരമായ ഷോട്ടിലാണ് സിനിമ അവസാനിക്കുന്നത്.വേച്ചു വെയ്ക്കുന്ന കാലുകളുമായി അവളുടെ അയാളുടേയും പെണ്‍കുഞ്ഞ് അമ്മയെത്തേടി മുകളിലേക്കുള്ള പടിക്കെട്ടു കയറുന്ന ഷോട്ടാണത്.അഴകപ്പന്‍ എന്ന കമറാമാനും ശ്യാമപ്രസാദ് എന്ന സംവിധായകനും ഒരു പോലെ അഭിമാനിക്കാവുന്ന ഒരു ഫുള്‍സ്റ്റോപ്പ്.അവള്‍ കറങ്ങിക്കറങ്ങി ആ പടവുകള്‍ കയറിക്കൊണ്ടേയിരിക്കുന്നു.

ഏതൊരു മഹത്തായ കലാസൃഷ്ടിയേയും പോലെ വ്യത്യസ്തമാനങ്ങളുള്ള ഒരു സിനിമയാണ് ഒരേകടല്‍.മലയാളത്തിന്റെ ചലച്ചിത്ര പാരമ്പര്യം വച്ചാണെങ്കില്‍ ഇത് കേരളത്തില്‍ ആരും തിരിച്ചറിയും എന്നു തോന്നുന്നില്ല എന്നു മാത്രം.

നീലക്കുറിഞ്ഞികള്‍ - ഒരു വായന.

നിങ്ങള്‍ പറയാന്‍ കൊള്ളാത്തവരാണ്.നിങ്ങളുടെ വാക്കുകള്‍ക്ക് ശുദ്ധിയില്ല.സ്വരത്തിന്
മാധുര്യമില്ല.അതുകൊണ്ട് നിങ്ങള്‍ ഒന്നും മിണ്ടരുത്.പക്ഷേ നിങ്ങളെ ഞങ്ങള്‍ക്കു
വേണം.എണ്ണം തികയ്ക്കാന്‍.സൂക്ഷ്മമായി പറഞ്ഞാല്‍ ക്വാറം തികയ്ക്കാന്‍.ഈ ക്വാറം തികയ്ക്കലിന് നിങ്ങളെ ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മാത്രമല്ല.ഇന്നത്തെ ജീവിതം പോലും എണ്ണം തികയ്ക്കാനുള്ള ഒരു വെറും ഉപകരണം മാത്രമായി നിങ്ങളെ‍,നമ്മളെ അധപ്പതിപ്പിച്ചിരിക്കുന്നു.
എടുത്തുകാട്ടാന്‍ ഒരു ഭാര്യ,ഒരു മകന്‍,ഒരു ഭര്‍ത്താവ്,ഒരു കൂട്ടുകാരന്‍...

ഭീകരമായ ഈ ദുരന്ത സത്യത്തിലേക്ക് വായനക്കാരനെ അനിതരസാധാരണമായ
ലാളിത്യത്തോടെ നയിക്കുന്നു.കെ.എം.പ്രമോദിന്റെ നീലക്കുറിഞ്ഞികള്‍ എന്ന മനോഹരമായ കവിത.

ഗായകര്‍ക്ക്
ശാന്തട്ടീച്ചറുടെ വക
അരമണിക്കൂര്‍ റിഹേഴ്സല്‍.
‘ഓടിവിളയാടു പാപ്പാ....
നീഓയ്ന്തിരിക്കലാകാതു പാപ്പാ..’
എനിക്ക്
അച്ചുതന്‍ മാഷുടെ വക
ഒന്നര മണിക്കൂര്‍ റിഹേഴ്സല്‍.
‘ഓടിവിളയാടു പാപ്പാ....
നീഓയ്ന്തിരിക്കലാകാതു പാപ്പാ..’
കഴുത്തിലെ ഞരമ്പുകള്‍
‍എടുത്തു പിടിക്കണം.
മുഖപേശികള്‍
‍വലിച്ചു മുറുക്കണം.
ചുമല്‍ ഇടക്കിടെ
പൊക്കുകയും താഴ്ത്തുകയും വേണം.
കണ്ണു തുറിപ്പിച്ച് മുകളിലേക്കു നോക്കണം.
എല്ലാം വരണം,
ഒച്ച മാത്രം വരരുത്.

ഗായകര്‍ക്ക് അരമണിക്കൂര്‍ റിഹേഴ്സലും ഗായകനല്ലാത്ത “എണ്ണ“ക്കുട്ടപ്പനു ഒന്നര മണിക്കൂറ് റിഹേഴ്സലും എന്ന വരികള്‍ സമകാലിക രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തില്‍ വായിക്കപ്പെടേണ്ടതാണ്.
ശബ്ദിക്കരുത് എന്നാണ് നമ്മോട് നമ്മുടെ നേതൃത്ത്വം ആവശ്യപ്പെടുന്നത്.
കഴുത്തിലെ ഞരമ്പുകള്‍
‍എടുത്തു പിടിക്കണം.
മുഖപേശികള്‍
‍വലിച്ചു മുറുക്കണം.
ചുമല്‍ ഇടക്കിടെ
പൊക്കുകയും താഴ്ത്തുകയും വേണം.
കണ്ണു തുറിപ്പിച്ച് മുകളിലേക്കു നോക്കണം.
എല്ലാം വരണം,
ഒച്ച മാത്രം വരരുത്.

അഭിനയിച്ചാല്‍ മതി.അഭിനയത്തിനുള്ള റിഹേഴ്സലാണ് കൂടുതല്‍ നടക്കുന്നത്.നിങ്ങളുടെ
ഒച്ച,നിങ്ങളുടെ അഭിപ്രായം,നിങ്ങളുടെ എതിര്‍പ്പുകള്‍ ഉയര്‍ന്നു കേള്‍ക്കരുത്.നിങ്ങളുടെ
അഭിനയവും ഞങ്ങള്‍ നന്നായി ചിട്ടപ്പെടുത്തിയിട്ടുള്ള ആരവങ്ങളും കൂടിച്ചേര്‍ന്ന്
ഞങ്ങള്‍ക്ക് വേണമെന്നുള്ളത് നേടിത്തരും.ഇതാണ് നാം അച്യുതാനന്ദനോടു പറയുന്നത്
മറഞ്ഞുപോയ എം.എന്‍.വിജയന്‍ മാഷോടു പറഞ്ഞത്.എന്നോടും നിങ്ങളോടും നമ്മുടെ
കുട്ടികളോടും പറയാന്‍ പോകുന്നത്. പക്ഷേ നമ്മളില്‍ ചിലര്‍ക്ക് ഒരു ദൌര്‍ബല്യമുണ്ട്......
സ്റ്റേജില്‍ കയറി.
സഹിക്കാന്‍ കഴിഞ്ഞില്ല, ഭക്തി.
ഉറക്കെ പാടി.
‘ഓടിവിളയാടു പാപ്പാ....
നീഓയ്ന്തിരിക്കലാകാതു പാപ്പാ..’
അച്ചുതന്‍ മാഷ്
അടിച്ചു ചന്തി പഞ്ചറാക്കി.
എന്തുചെയ്യാനാ മാഷേ...
എത്ര മസിലു പിടിച്ചാലും
ഇടയ്ക്കു പുറത്തുവരും
ഉറക്കെ
ചില പൂവുകള്‍,പ്രണയങ്ങള്‍,വാക്കുകള്‍...

ഈ കവിതയുടെ ബഹുതലമാനങ്ങള്‍ കണ്ട് ഞാന്‍ അന്തംവിട്ട് ഇങ്ങനെയിരിക്കുന്നു.

കഥകളിലും കവിതകളിലും പ്രസം‌ഗങ്ങളിലുമ്മൊക്കെ മാമൂലുകള്‍ക്കെതിരെ പോരാടുന്നവര്‍,അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളിലേക്ക് വാക്കുകളുടെ കുതിരയെ അഴിച്ചുവിടുന്നവര്‍,സാംമ്പ്രദായികതയുടെ കോട്ടകെട്ടുകള്‍ക്കെതിരെ ശം‌ഖം മുഴക്കി പോരു വിളിക്കുന്നവര്‍.നമ്മള്‍....

സത്യത്തില്‍ ഞാനുള്‍പ്പെടുന്ന നമ്മള്‍ എന്ന ഈ സമൂഹത്തിന്റെ സ്വാതന്ത്ര്യ വാജ്ഞ്ച കപടമല്ലേ?നമ്മളെ ആരെങ്കിലും തകര്‍ക്കാനാവാത്ത ചങ്ങല കൊണ്ടു തളച്ചിട്ടുണ്ടോ? ആനയുടെ കാലില്‍ തോട്ടി ചാരി വച്ചിരിക്കുന്ന പോലെ നമ്മുടെയൊക്കെ തലപ്പുറത്ത് “സദ്ഗുണ“ത്തിന്റെ ഒരു പഴുക്കടക്ക വച്ചുതന്നിട്ടല്ലേയുള്ളു ? ഒന്നു തുമ്മിയാല്‍ തെറിക്കും ഈ സല്‍പ്പേര് എന്നുള്ളതു കൊണ്ട് നാം ശ്വാസം പോലും അടക്കിപ്പിടിച്ചു ജീവിക്കുകയല്ലേ ചെയ്യുന്നത്?എന്നിട്ടും നമ്മള്‍ പേനയെടുക്കുമ്പോഴൊക്കെ നാലാള്‍കൂടുന്നിടത്തൊക്കെ സമൂഹം സൃഷ്ടിച്ചിരിക്കുന്ന അസ്വാതന്ത്ര്യത്തെക്കുറിച്ച് വാചകമടിക്കുന്നു.പെണ്ണെഴുത്തും ദളിതെഴുത്തും അതുപോലെ വിഭാഗീയമായ നിരവധി അസ്തിത്വങ്ങളും സൃഷ്ടിച്ച് നാട്ടുരാജ്യങ്ങളുടെ രാജാവാകാന്‍ എളുപ്പമാണെന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് മറ്റാരെയൊക്കെയോ ബോധ്യപ്പെടുത്താനായി നിലവിളിക്കുന്നു.
എന്നെ സ്വതന്ത്രനാക്കൂ.LET ME FREE ...
ഈ കാപട്യത്തിലേക്കു ചൂണ്ടുന്ന മികച്ച ഒരു കഥയാണ് “പൂത്തുമ്പി

കഥയിലെ പുട്ടുലു രാമറാവു എന്ന നല്ല കുട്ടി ആരാണ്? അതു നമ്മള്‍ തന്നെയല്ലേ?സ്വപ്നങ്ങളുടെ പൂത്തുമ്പികളെ പിടിച്ച് താങ്ങാത്ത യാഥാര്‍ത്ഥ്യങ്ങളുടെ ഭാരങ്ങളെടുപ്പിച്ച് ജനാലപ്പടിയില്‍ വയ്ക്കുന്നില്ലേ നമ്മളോരോരുത്തരും?നമ്മുടെ തുമ്പികളേയും പിടിച്ച് സമൂഹം അതിന്റെ അര്‍ത്ഥ ശൂന്യമായ നിയമങ്ങള്‍ കൊണ്ട് സൃഷ്ടിച്ച വിലക്കു മുറികളിലേക്ക് കയറിപ്പോകുന്നത് നമ്മള്‍ തന്നെയല്ലേ?വാതിലുകള്‍ അകത്തേക്കു കയറാനുള്ളത്ത് മാത്രമല്ല പുറത്തേക്കിറങ്ങാനും കൂടിയുള്ളതാണെന്ന് നാം ഓര്‍മ്മിക്കുക പോലും ചെയ്യുന്നുണ്ടോ?

വളരെ കുറഞ്ഞ വരികള്‍ കൊണ്ട് ആശയത്തിന്റെ ഒരു തിരമാല സൃഷ്ടിച്ചിരിക്കുന്നു സിമി എന്ന കഥാകൃത്ത്.ഒരു കുട്ടിക്കഥയെന്ന മട്ടില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ വലിയവരുടെ കഥ വായനക്കാരുടെ മുന്നില്‍ ഒരുപാടു ചോദ്യങ്ങള്‍ നിരത്തുന്നു.നമ്മുടെ സ്വാതന്ത്ര്യാഭിലാഷങ്ങളുടെ ആത്മാര്‍ത്ഥതയെ ഓരോ വരിയിലും ആ ചോദ്യ ചിഹ്നങ്ങള്‍ ക്രോസ്സു വിസ്തരിക്കുന്നു.

നമ്മുടെ കാഴ്ച്കകള്‍ എല്ലായ്പ്പോഴും ജനാലക്കാഴ്ച്കകള്‍ ആയി പോകുന്നതെന്ത്?
രക്ഷപ്പെടലിനു വേണ്ടി നാം എന്തുകൊണ്ട് ജനാലകളുടെ ഇല്ലാത്ത താക്കോലുകള്‍ തിരയുന്നു?
വാതിലുകളുടെ സാധ്യതയെപ്പറ്റി നാം എന്തുകൊണ്ട് ബോധപൂര്‍വ്വം വിസ്മരിക്കുന്നു?
വാതിലുകള്‍ക്ക് പിന്തിരിഞ്ഞു നിന്ന് നാമാരെ കേള്‍പ്പിക്കാന്‍ ജനാലയിലൂടെ നിലവിളിക്കുന്നു...
എന്നെ തുറന്നു വിടൂ..LET ME OUT....!

ത്രില്‍ -ഒരുവായന

ഓര്‍മ്മകളെ ചാരുതയോടെ അനുഭവങ്ങളിലേക്കും കാഴ്ചപ്പാടുകളിലേക്കും ചാലിക്കാന്‍എളുപ്പമുള്ള മാധ്യമമാണ് കവിത.എത്ര വായനകള്‍ സാധ്യമാക്കിയാലും സമുദ്രത്തില്‍ മുത്തുകള്‍ എന്നപോലെ അര്‍ത്ഥങ്ങള്‍ മുങ്ങിവാരിക്കൊണ്ടിരിക്കാന്‍ വായനക്കാരന് കഴിയുകയും ചെയ്യും.അത്തരത്തില്‍ അര്‍ത്ഥങ്ങളുടെ സമ്പുഷ്ടത കൊണ്ട് മനോഹരമായ ഒരു കവിതയാണ് വിഷ്ണുപ്രസാദിന്റെ “ത്രില്‍”.

വിവിധങ്ങളായ വായനകള്‍ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ അതില്‍ വളരെ ഉദാത്തമായ ഒരു ചിന്ത മുഴച്ചു നില്‍ക്കുന്നുണ്ട്.അത് കവിതയില്‍ പ്രത്യക്ഷത്തില്‍ വിവരിക്കുന്ന കള്ളനും പോലീസും കളിയില്‍നിന്നും എത്രയോ അകലെയുമാണ്. കവിയേയും വായനക്കാരനേയും സമ്പന്ധിക്കുന്ന ഒരു ചിരപുരാതന സത്യത്തിന്റെ വെളിപ്പെടുത്തല്‍ കൂടിയാകുന്നു ഈ കവിത.ഓരോ കവിയും ഓരോ നല്ല കവിതയിലും സ്വയം അതിവിദഗ്ധമായി ഒളിപ്പിച്ചു വച്ചിരിക്കുന്നുണ്ട് എന്നതാണ് സത്യം.എളുപ്പത്തില്‍ വായനക്കാരന്‍ വന്നു പിടിക്കരുത് എന്ന് ആഗ്രഹിക്കുമ്പോഴും കവിതയുടെ തൈലപ്പുല്‍ക്കാടിനു ചുറ്റും ഓടിത്തളര്‍ന്ന് അവന്‍ വരുമെന്നും അവസാനം തന്നെ കണ്ടുപിടിക്കുമെന്നും കവികള്‍ സ്വകാര്യമായി ആഗ്രഹിക്കുന്നുമുണ്ട്.ഇത് ഒരു തരം പരസ്പര പൂര്‍ത്തമായ രതിമൂര്‍ച്ചപോലെ വായനക്കാരനും എഴുത്തുകാരനും ആനന്ദമുണ്ടാക്കുന്നു.

വരികളിലെ തൈലപ്പുല്ലുകള്‍ക്കിടയില്‍ ഒന്നെത്തിനോക്കി ഒന്നുമില്ലെന്നു കരുതി വായനക്കാരന്‍ ഓരോ തവണമടങ്ങിപ്പോകുമ്പോഴും കവി അതിനുള്ളില്‍ നിന്ന് ഗൂഢമായി ചിരിക്കുന്നുണ്ടാകുമെങ്കിലും സമയം വൈകുന്തോറും പിടിക്കപ്പെടുന്ന ത്രില്ല് നിഷേധിക്കപ്പെടുന്നതിന്റെ നിരാശ, തന്റെ കവിതയിലേക്കിറങ്ങിവന്ന് തന്നെ അറസ്റ്റുചെയ്യാന്‍ ആര്‍ക്കും കഴിയുന്നില്ലല്ലോ എന്ന നിരാശ അയാളെ മഥിച്ചുതുടങ്ങും .

ഈ ത്രില്ല് തുടരെ നിഷേധിക്കപ്പെടുന്നു എങ്കില്‍ അയാള്‍ കവിതയെഴുത്ത് എന്ന ഒളിച്ചുകളിയില്‍ നിന്ന് പിണങ്ങിപ്പോയെന്നുപോലും വരും.ഈ ദുരവസ്ഥയിലാണ് ചിലപ്പോഴെങ്കിലും ചില കവികളെ സ്വയം തങ്ങളുടെ കവിതക്ക്നിരൂപണം എഴുതാന്‍ പ്രേരിപ്പിക്കുന്നത്.തൈലപ്പുല്‍‍ക്കാട്ടില്‍ നിന്നും കള്ളന്‍ സ്വയം ഇറങ്ങിവന്ന് “ഞാന്‍ ഇവിടെ ഉണ്ടേ“ എന്നു വിളിച്ചു കൂവുന്നതു പോലെ.

മനസ്സിനെ കുലുക്കിയുണര്‍ത്തുന്ന ഏതാനും രചനകള്‍ ഇന്നും ഇന്നലെയുമായി വായിച്ചതിന്റെ ആനന്ദത്തിലാണ് ഇതെഴുതുന്നത്(ധൃതിയില്‍).നിരാശ നിറഞ്ഞു തുളുമ്പുന്ന വരികളിലൂടെ പ്രത്യാശയുടെ നേര്‍ത്ത ജനാല വെളിച്ചം എവിടെ നിന്നോ ഈ ഗുഹക്കകത്തേക്ക് വീഴുന്നുണ്ടെന്ന് തോന്നിപ്പിക്കുന്ന മൂന്നു കവിതകള്‍.

1.നമ്മള്‍ ഒരേ സമയം വെയില്‍ നനയുമ്പോള്‍ :മനോജ് കാട്ടാമ്പള്ളി

2.എനിക്കു വിരലുകള്‍ നഷ്ടപ്പെട്ട മനുഷ്യരെ ഓര്‍മ്മവരുന്നു :മഴയിലൂടെ

3.നമുക്കു ഗ്രാമങ്ങളില്‍ ചെന്നു കുടിയൊഴിപ്പിക്കാം :R.K Biju (കോലായ)ഒരു നല്ല കവിതയോ കഥയോ വായിക്കുമ്പോള്‍ കണ്ണുനിറയാറുണ്ട്.ചിലപ്പോള്‍ സിനിമ കാണുമ്പോഴും. ജീവിതം. ജീവിക്കാന്‍ കൊള്ളാത്തതല്ലെന്നു തോന്നിക്കുന്ന, അങ്ങനെ വിളിച്ചു പറയുന്ന വ്യം‌ഗ്യങ്ങള്‍ മിക്കപ്പോഴും ഒളിച്ചിരിക്കുന്നത് പ്രത്യാശയുടെ സുവിശേഷ പ്രചാരണങ്ങളിലല്ല മറിച്ച് ഇത്തരം ഇരുണ്ട ദുഖങ്ങളുടെ ചെറുദ്വീപുകളിലാണെന്ന എന്റെ നിഗമനത്തെ ശരിവയ്ക്കുന്നു ഈ വരികള്‍.ആത്മഹത്യാ സെല്ലിലേക്കുള്ള ഫോണ്‍ വിളികളാ‍ണ് നിരാശാഭരിതമായ ഓരോ കവിതയും എന്ന് മിക്കപ്പോഴും എനിക്കു തോന്നിയിട്ടുണ്ട് .എന്തെങ്കിലും പ്രതീക്ഷകള്‍ കേള്‍ക്കാനാകും, മരിക്കാതെ കഴിക്കാനാകും എന്ന അടങ്ങാത്ത വ്യാമോഹം നിറച്ചു വച്ച ശബ്ദത്തില്‍ അവര്‍ സംസാരിക്കുന്നു.ഈ കവികള്‍ നമ്മോടു സംസാരിക്കുന്നതും അതേ പതിഞ്ഞ സ്വരത്തില്‍ തന്നെ.

പഴനീരാണ്ടി-ഒരു വായന

കുറേ മാസങ്ങള്‍ക്കു മുന്‍പ് മാതൃഭൂമി ആഴ്ച്കപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച പക്ഷി ഒരാകാശം എന്ന റഫീക് അഹമ്മദിന്റെ കവിതയെ കുറിച്ച് വി.സി.ശ്രീജന്‍ മാതൃഭൂമിയില്‍ തന്നെ എഴുതിയ ഹാഫ് ആന്‍ഡ് ഹാഫ് എന്ന വിവാദ ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.
“കിളിയുമല്ല ഞാന്‍ മൃഗവുമായില്ല
ചരിത്രമായില്ല ഞാന്‍ കഥയുമായില്ല
കിനാവിന്‍ നേരത്താണുണര്‍ന്നിരുന്നത്
ഉറങ്ങിപ്പോയതോ പകല്‍ വെളിച്ചത്തില്‍”
നിയതമായ ഒരു ജാതിയില്ലാതിരിക്കുക എന്ന സ്വത്വസം‌ഘര്‍ഷത്തെ വരച്ചുവയ്ക്കാനാണ് അദ്ദേഹ ഈ കവിതയെ ഉദ്ധരിച്ചത്.

നിര്‍മ്മാണത്തിന്റെ പകുതിയില്‍ ദൈവം മറന്നുവച്ച് പിന്നീട് അതേപടി ജീവനൂതി പറത്തിവിട്ട ഈ വിചിത്ര ജന്തു-വവ്വാല്‍-നമ്മുടെ വിശ്വാസാവിശ്വാസങ്ങളുടെ സായന്തനങ്ങളെ വിഹ്വലമാക്കിക്കൊണ്ട് ഇപ്പോഴും ചിറകടിക്കുന്നു.

“പശുവല്ല പക്ഷിയല്ല
പാതിയായ പടപ്പിത്“
എന്നു ശിവകുമാര്‍ അമ്പലപ്പുഴയുടെ പഴനീരാണ്ടി വായിച്ചു തുടങ്ങുമ്പോള്‍ സ്വാഭാവികമായും ഞാന്‍ ഒരു
മാറ്റൊലിയോ മോഷണമോ ഒക്കെ ഭയന്നു.പക്ഷേ വായന താഴോട്ടു പോകുന്തോറും പഴനീരാണ്ടിയിലെ വവ്വാലിന് റഫീക്കിന്റെ വവാലില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു തലം കാണാന്‍ കഴിയും.ഈ വവ്വാല്‍ ചിറകടിക്കുന്നത് മൃഗവും പക്ഷിയും ആകാത്ത വേവിന്റെ ആകാശത്തിലല്ല മറിച്ച് ജീവിച്ച് കൊതിതീരാതെ ജീവിതത്തില്‍ നിന്നും മരണത്തിലേക്ക് അടര്‍ന്നു പോകുന്ന (ദുര്‍)ആത്മാക്കളാണ് വവ്വാലുകള്‍ എന്ന മിത്തിക്കല്‍ സൌന്ദര്യത്തിലാണെന്ന് എനിക്കു തോന്നുന്നു.

ആര്‍ക്കും പാടിയുറക്കാനും കൂടുകെട്ടിവളര്‍ത്താനും പറ്റാതെ, കാലം അടര്‍ന്ന് വീണുപോയ ജീവിതത്തിന്റെ മുള്ളിലവില്‍ നാളെയുംകൂടി ജീവിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന നാണംകെട്ട കൊതിയുടെ കൊമ്പില്‍ തലകീഴായെങ്കില്‍ അങ്ങനെ ഞാനുണ്ടല്ലോ എന്നു സമാധാനിക്കുന്ന ദുരന്താത്മാക്കള്‍ എന്ന മിത്ത്.വിലകാപ്പെട്ടതേത് വിഷംതീണ്ടിയതേത് എന്ന് വേവലാതിപ്പെടതെ എല്ലാ പഴങ്ങളും ഒരുപോലെ ചവച്ച് ഉള്ളുകൊണ്ട് പഴുത്തുള്ളതിന്റെയൊക്കെ ഉള്ളറിയാന്‍ കൊതിക്കുന്ന പഴനീരാണ്ടി.ഇതു വെറും വവ്വാലോ,ഞാനും നിങ്ങളും ഉള്‍പ്പെട്ട വിഷംതീണ്ടിയതെങ്കിലും വിലക്കപ്പെട്ടെതെങ്കിലും ജീവിതത്തിന്റെ എല്ലാ കനികളെയും ഭുജിക്കാന്‍ ആര്‍ത്തിപിടിച്ച,ഒരിക്കലും ജീവിക്കാനുള്ള കൊതിയടങ്ങാത്ത പുരുഷാരമോ?

മഴക്കപ്പുറം- ഒരു വായന

വീട്ടുമുറ്റത്തെ കിണറ്റുവെള്ളം
ഞാറ്റുവേലപ്പെയ്ത്തിലാര്‍ത്തുപൊങ്ങി
ആകാശം കാണുവാനെത്തിനോക്കി
ആവാതെയപ്പൊഴേതാണിറങ്ങി

ആറ്റിലേക്കെത്താനറിഞ്ഞുകൂടാ
ആഴിത്തിരയോളം പോകവയ്യ
ആടിമാസക്കറുപ്പൊന്നുമാത്രം
ആഴക്കടല്‍‌അകത്തൊതുക്കാം

ഓളമില്ലോര്‍മതന്‍ താളമില്ല
നീരൊഴുക്കിന്റെ തിളക്കമില്ല
പാറപ്പുറത്ത്ചെന്നെത്തിനോക്കി
ച്ചാടിത്തിമര്‍ക്കാന്‍ കയങ്ങളില്ല

വെള്ളാരംകല്ലില്ല തുള്ളിനീങ്ങും
വെള്ളിപ്പരല്‍മീന്‍ കിലുക്കമില്ല
മുങ്ങിക്കിടക്കുവാന്‍ കൊമ്പനില്ല
മൂവന്തിപ്പൊട്ടിന്‍ തുടുപ്പുമില്ല

ആരുമില്ലാപ്പകല്‍‌പോയിരാവും
മൂകം നിലയ്ക്കുന്നു മേഘരാഗം
പാരിജാതത്തിന്‍ സുഗന്ധപൂരം
പാതിരാക്കാറ്റിന്റെ സ്നേഹസാക്ഷ്യം

എത്തുന്നു താഴേക്കിലത്തലപ്പിന്‍
മുത്തിറ്റുവീഴും‌പതിഞ്ഞ നാദം
ഇത്തിരിച്ചീവിടിനുള്ളിലെങ്ങു
മെത്തുന്നു ജീവന്റെ സംഘഗാനം

മാമരപ്പച്ച വകഞ്ഞുമാറ്റി
ചാരുവായാരോ ചിരിച്ചുനില്‍ക്കെ
ആവോളം കാണാന്‍ കുതിച്ചുപൊങ്ങി
ത്തൂവുമാത്തേങ്ങല്‍ പിടിച്ചടക്കി

വീട്ടുമുറ്റത്തെ കിണറ്റുവെള്ളം
വീര്‍പ്പടക്കിക്കൊണ്ടൊതുങ്ങി നിന്നു
ആര്‍ദ്രമൌനത്തിനകത്തനന്ദം
ദീപ്ത നക്ഷത്രങ്ങള്‍ വിണ്‍‌തുറന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ജുലൈ അവസാന ലക്കം പ്രസിദ്ധീകരിച്ച വിജയലക്ഷ്മിയുടെ മഴക്കപ്പുറം എന്ന കവിതയാണിത്.ഇതേ ലക്കത്തിലെ ഈയല്‍ എന്ന കവിത ബ്ലോഗുവായനയില്‍ കാവ്യത്തിലൂടെ നമുക്ക് പരിചിതമാണ്.എന്തുകൊണ്ടെന്നറിയില്ല ഒരേലക്കത്തില്‍ വന്നിട്ടും ഈ കവിതയെ തട്ടിമാറ്റി ഈയല്‍ കാവ്യത്തില്‍ ഇടം‌പിടിച്ചു എന്ന്. ഈ കവിതക്കു അര്‍ഹിക്കുന്ന വായനയും പരിഗണനയും കിട്ടിയോ എന്നു സംശയമാണ്.കുറേക്കാലത്തിനിടക്ക് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചവയില്‍ (ഞാന്‍ വായിച്ചവയില്‍) ഏറ്റവും ശ്രേഷ്ഠമാണ് ഈ കവിതയെന്ന് മനസുപറഞ്ഞതുകൊണ്ടാണ് ഇത് ഇവിടെ പോസ്റ്റു ചെയ്യുന്നത്.പറഞ്ഞുവച്ചതില്‍ പ്രകാശിതമാകുന്ന പറയാതെ പോയവയുടെ തലങ്ങളെ കണ്ടെത്താന്‍ കഴിയുമ്പോഴാണ് അടുക്കും ചിട്ടയും ഉള്ളതോ ഇല്ലാത്തതോ ആയ ഏതാനും വരികള്‍ക്ക്കവിതയെന്ന മാനം കിട്ടുന്നത്.കവിതകളും കഥകളും നോവലുകളും എല്ലാം ചെയ്യുന്നത് ഒരേ ധര്‍മം തന്നെയാണ്.പറയുക എന്ന കേവല ധര്‍മ്മം.നോവല്‍ എല്ലാത്തിനേയും പറഞ്ഞു എല്ലാം വ്യക്തമാക്കുമ്പോള്‍ കഥയാകട്ടെ ചിലതുമാത്രം പറഞ്ഞു എല്ലാത്തിനേയും വ്യക്തമാക്കുന്നു.എന്നാല്‍ കവിതയോ ഒന്നിനെ ക്കുറിച്ചു പറഞ്ഞ് തികച്ചും വ്യത്യസ്തമായ മറ്റൊന്നിനെ വെളിച്ചപ്പെടുത്തുന്നു.ഇതാണ് കവിതയുടെ മാജിക്.ആപ്പിള്‍ ഇറക്കിയ തൊപ്പിയില്‍ നിന്ന് മുയലുകളെ പുറത്തെടുക്കുന്ന മാന്ത്രികവിദ്യ തന്നെയാണത്.ഇവിടെ നോക്കുക കിണറ്റുവെള്ളത്തെക്കുറിച്ച് പറഞ്ഞ് എത്ര ആഴങ്ങളെയാണ് വിജയലക്ഷ്മി പ്രത്യക്ഷമാക്കുന്നത്‌! മരംകൊത്തികളിലും എരുക്കുമരങ്ങളിലും ചങ്ങലക്കിടപ്പെട്ട (മാധ്യമം ജൂണ്‍ ലക്കം) പെണ്ണെഴുത്തിന്റെ വിവക്ഷകളെ മോചിതമാക്കാന്‍ കെല്‍പ്പുള്ള മന്ത്രവാദമാണ് ഈ കവിത എന്നുഞാന്‍ കരുതുന്നു.