ഇര : ഒരു വായന

ചൂണ്ടലിട്ടിട്ടുള്ളവര്‍ക്ക് നന്നായറിയാവുന്ന ഒരു ലഘുതത്വമുണ്ട്.
എന്താണെന്നോ?
ഇരയാണ് ഏറ്റവും നല്ല വേട്ടക്കാരന്‍.
സിദ്ധാന്തം വളരെ ലളിതം. ഒരു ഇരയെ,മെലിഞ്ഞ,നിരുപദ്രവകാരിയായ,സന്മാര്‍ഗ്ഗിയായ, തനിക്കു പാര്‍ക്കാന്‍ അവശ്യം വേണ്ടതല്ലാത്ത ഒരല്‍പ്പം മണ്ണുപോലും ഈ വിശാലമായ ഭൂമിയില്‍ നിന്നെടുക്കാത്ത ഒരു പാവം ഇരയെ കോര്‍ത്തെടുക്കുക. നിങ്ങള്‍ക്ക് ഏറ്റവും തന്ത്രശാലിയും വലുപ്പമുള്ളവനുമായ ഏതു മത്സ്യത്തെ വേട്ടയാടാനും അതിനെക്കാള്‍ നല്ല മാര്‍ഗ്ഗം വേറെയില്ല.

ഇര ഒരു പ്രതീകമാണ്. വേട്ടക്കാരനായി, ഭീകരവാദിയായി,സമൂഹത്തെ ബാധിച്ച അര്‍ബ്ബുദമായി പരിവര്‍ത്തനം ചെയ്യപ്പെടുന്ന നിരുപദ്രവകാരിയായ എല്ലാ മനുഷ്യരുടെയും പ്രതീകം.
ഇരയെ കണ്ടെത്തിക്കഴിഞ്ഞാല്‍ വേട്ട സുഗമമായി.കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സൃഷ്ടിക്കേണ്ടിവരും. അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല.എളുപ്പ വഴിയുണ്ട്.
ഒരു മനുഷ്യനെ ഭീതിയിലാക്കുക.ലോകം മുഴുവന്‍ അവനെ വേട്ടയാടുകയാണെന്ന് അവനെ വിശ്വസിപ്പിക്കുക.എല്ലാവരും അവനെ ചതിക്കുകയാണ്,എല്ലാവരും അവന്റെ
ചോരക്ക് കൊതിക്കുകയാണ് എന്ന് അവനെ സംശയാലുവാക്കുക.അവന്‍ വളരെ താമസിയാതെ നിങ്ങളുടെ ചൂണ്ടലിന്റെ വലുപ്പത്തിനനുസരിച്ചുള്ള ഇരയായി പരിണമിച്ചു കൊള്ളും.ചുരുക്കത്തില്‍ ഇരയും വേട്ടക്കാരനും ഒരു മനുഷ്യനില്‍തന്നെ ഒളിഞ്ഞിരിക്കുന്ന കഴിവും കഴിവുകേടുമാണ്. ആവശ്യാനുസരണം ഏതിനെ എപ്പോള്‍ ഉപയോഗിക്കണം എന്നതാണ് നയതന്ത്രത്തിലെ ഏറ്റവും പുതിയതും നിഗൂഡവുമായ പാഠം(അത് വ്യക്തികള്‍ തമ്മിലുള്ളതായാലും, രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ളതായാലും,രാഷ്ട്രങ്ങള്‍ തമ്മിലുള്ളതായാലും അങ്ങനെ തന്നെ)സദ്ദാം ഹുസൈന്‍ മുതല്‍ ബിന്‍ലാദന്‍ വരെ, ഗുജറാത്ത് കലാപത്തില്‍ ശുലവും തീപ്പന്തവുമായി സ്വന്തം
അയല്‍ക്കാരനെ ഉന്മൂലനം ചെയ്യാനിറങ്ങിത്തിരിച്ച ഹിന്ദുവും മുസ്ലീമും എന്ന് സ്വയം വേര്‍തിരിഞ്ഞ മൃഗങ്ങള്‍ മുതല്‍ മാറാടുകടപ്പുറത്ത് വടിവാളും നാടന്‍ ബോംബും ഉപയോഗിച്ച് പരസ്പരം അടരാടി മരിച്ച കൂലിവേലക്കാരായ പാവം മനുഷ്യര്‍ വരെ ഇങ്ങനെ സൃഷ്ടിക്കപ്പെട്ട ഇരകളാണ്.അല്ലെങ്കില്‍ ഭീകരന്മാരായ വേട്ടക്കാരായി ഘോഷിക്കപ്പെട്ടവരാണ്‌.
ഇങ്ങനെ സ്വയം അറിയാതെ ഭീകരനായ ഒരു വേട്ടക്കാരനായി ഒരു ലോലഹൃദയനായ ഒരു സാധാരണ മനുഷ്യന്‍ എങ്ങനെയാണ് പരിവര്‍ത്തനം ചെയ്യപ്പെടുന്നത് എന്നതിനെ ഹൃദ്യമായി ആവിഷ്കരിച്ചിരിക്കുന്നു മനുവിന്റെ ഇര എന്ന കഥ.താന്‍ ചെയ്യുന്നത് എന്താണെന്നുപോലും തിരിച്ചറിയാനാകാത്തവിധം മാനസികമായി അപസൃഷ്ടിക്കപ്പെട്ട ഒരു മനുഷ്യന്റെ കഥയാണ് ഇര.ഉറ്റ സുഹൃത്തും സ്വന്തം ഭാര്യയും തന്നെ ചതിക്കുകയാണെന്നും വേണ്ടപ്പെട്ടവരെല്ലാം തന്നെ ചൂഷണം ചെയ്യുകയാണെന്നും ഉള്ള ഒരു ചെറിയ മുറിവ്‌ സ്കൂള്‍കുട്ടികളെ നിഷ്ഠൂരം വെടിവച്ചുകൊല്ലുന്ന ഭീകരമായ അര്‍ബ്ബുദമായി അയാളെ വളര്‍ത്തിയെടുക്കുന്നത് കയ്യടക്കത്തോടെ ആവിഷ്കരിച്ചിരിക്കുന്നു ഇര.ഭീതി എന്ന വികാരം ഭീതിതമായ അവസ്ഥയായി കഥയിലാകെ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

പ്രത്യക്ഷത്തില്‍ രാഷ്ട്രീയമായോ സാമൂഹികമായോ ഉള്ള അടിയൊഴുക്കുകള്‍ ഉള്ളതെന്നു തോന്നാത്ത വിധം കയ്യടക്കത്തോടെ എഴുതിയിട്ടുള്ള ഈ കഥ, ബ്ലോഗ് സാഹിത്യത്തെ പ്രിന്റ് മീഡിയത്തിനുമുന്നില്‍ അധകൃത സാഹിത്യമായി ഇടിച്ചുതാഴ്ത്താന്‍ ശ്രമം നടത്തുന്നവരുടെ കണ്ണു തുറപ്പിക്കുന്ന ഒന്നാണ്.അഥവാ അങ്ങനെയുള്ളവര്‍ക്കുനേരെ ഒരു കാര്‍ക്കിച്ചു തുപ്പലാണ്.