ഇര : ഒരു വായന

ചൂണ്ടലിട്ടിട്ടുള്ളവര്‍ക്ക് നന്നായറിയാവുന്ന ഒരു ലഘുതത്വമുണ്ട്.
എന്താണെന്നോ?
ഇരയാണ് ഏറ്റവും നല്ല വേട്ടക്കാരന്‍.
സിദ്ധാന്തം വളരെ ലളിതം. ഒരു ഇരയെ,മെലിഞ്ഞ,നിരുപദ്രവകാരിയായ,സന്മാര്‍ഗ്ഗിയായ, തനിക്കു പാര്‍ക്കാന്‍ അവശ്യം വേണ്ടതല്ലാത്ത ഒരല്‍പ്പം മണ്ണുപോലും ഈ വിശാലമായ ഭൂമിയില്‍ നിന്നെടുക്കാത്ത ഒരു പാവം ഇരയെ കോര്‍ത്തെടുക്കുക. നിങ്ങള്‍ക്ക് ഏറ്റവും തന്ത്രശാലിയും വലുപ്പമുള്ളവനുമായ ഏതു മത്സ്യത്തെ വേട്ടയാടാനും അതിനെക്കാള്‍ നല്ല മാര്‍ഗ്ഗം വേറെയില്ല.

ഇര ഒരു പ്രതീകമാണ്. വേട്ടക്കാരനായി, ഭീകരവാദിയായി,സമൂഹത്തെ ബാധിച്ച അര്‍ബ്ബുദമായി പരിവര്‍ത്തനം ചെയ്യപ്പെടുന്ന നിരുപദ്രവകാരിയായ എല്ലാ മനുഷ്യരുടെയും പ്രതീകം.
ഇരയെ കണ്ടെത്തിക്കഴിഞ്ഞാല്‍ വേട്ട സുഗമമായി.കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സൃഷ്ടിക്കേണ്ടിവരും. അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല.എളുപ്പ വഴിയുണ്ട്.
ഒരു മനുഷ്യനെ ഭീതിയിലാക്കുക.ലോകം മുഴുവന്‍ അവനെ വേട്ടയാടുകയാണെന്ന് അവനെ വിശ്വസിപ്പിക്കുക.എല്ലാവരും അവനെ ചതിക്കുകയാണ്,എല്ലാവരും അവന്റെ
ചോരക്ക് കൊതിക്കുകയാണ് എന്ന് അവനെ സംശയാലുവാക്കുക.അവന്‍ വളരെ താമസിയാതെ നിങ്ങളുടെ ചൂണ്ടലിന്റെ വലുപ്പത്തിനനുസരിച്ചുള്ള ഇരയായി പരിണമിച്ചു കൊള്ളും.ചുരുക്കത്തില്‍ ഇരയും വേട്ടക്കാരനും ഒരു മനുഷ്യനില്‍തന്നെ ഒളിഞ്ഞിരിക്കുന്ന കഴിവും കഴിവുകേടുമാണ്. ആവശ്യാനുസരണം ഏതിനെ എപ്പോള്‍ ഉപയോഗിക്കണം എന്നതാണ് നയതന്ത്രത്തിലെ ഏറ്റവും പുതിയതും നിഗൂഡവുമായ പാഠം(അത് വ്യക്തികള്‍ തമ്മിലുള്ളതായാലും, രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ളതായാലും,രാഷ്ട്രങ്ങള്‍ തമ്മിലുള്ളതായാലും അങ്ങനെ തന്നെ)സദ്ദാം ഹുസൈന്‍ മുതല്‍ ബിന്‍ലാദന്‍ വരെ, ഗുജറാത്ത് കലാപത്തില്‍ ശുലവും തീപ്പന്തവുമായി സ്വന്തം
അയല്‍ക്കാരനെ ഉന്മൂലനം ചെയ്യാനിറങ്ങിത്തിരിച്ച ഹിന്ദുവും മുസ്ലീമും എന്ന് സ്വയം വേര്‍തിരിഞ്ഞ മൃഗങ്ങള്‍ മുതല്‍ മാറാടുകടപ്പുറത്ത് വടിവാളും നാടന്‍ ബോംബും ഉപയോഗിച്ച് പരസ്പരം അടരാടി മരിച്ച കൂലിവേലക്കാരായ പാവം മനുഷ്യര്‍ വരെ ഇങ്ങനെ സൃഷ്ടിക്കപ്പെട്ട ഇരകളാണ്.അല്ലെങ്കില്‍ ഭീകരന്മാരായ വേട്ടക്കാരായി ഘോഷിക്കപ്പെട്ടവരാണ്‌.
ഇങ്ങനെ സ്വയം അറിയാതെ ഭീകരനായ ഒരു വേട്ടക്കാരനായി ഒരു ലോലഹൃദയനായ ഒരു സാധാരണ മനുഷ്യന്‍ എങ്ങനെയാണ് പരിവര്‍ത്തനം ചെയ്യപ്പെടുന്നത് എന്നതിനെ ഹൃദ്യമായി ആവിഷ്കരിച്ചിരിക്കുന്നു മനുവിന്റെ ഇര എന്ന കഥ.താന്‍ ചെയ്യുന്നത് എന്താണെന്നുപോലും തിരിച്ചറിയാനാകാത്തവിധം മാനസികമായി അപസൃഷ്ടിക്കപ്പെട്ട ഒരു മനുഷ്യന്റെ കഥയാണ് ഇര.ഉറ്റ സുഹൃത്തും സ്വന്തം ഭാര്യയും തന്നെ ചതിക്കുകയാണെന്നും വേണ്ടപ്പെട്ടവരെല്ലാം തന്നെ ചൂഷണം ചെയ്യുകയാണെന്നും ഉള്ള ഒരു ചെറിയ മുറിവ്‌ സ്കൂള്‍കുട്ടികളെ നിഷ്ഠൂരം വെടിവച്ചുകൊല്ലുന്ന ഭീകരമായ അര്‍ബ്ബുദമായി അയാളെ വളര്‍ത്തിയെടുക്കുന്നത് കയ്യടക്കത്തോടെ ആവിഷ്കരിച്ചിരിക്കുന്നു ഇര.ഭീതി എന്ന വികാരം ഭീതിതമായ അവസ്ഥയായി കഥയിലാകെ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

പ്രത്യക്ഷത്തില്‍ രാഷ്ട്രീയമായോ സാമൂഹികമായോ ഉള്ള അടിയൊഴുക്കുകള്‍ ഉള്ളതെന്നു തോന്നാത്ത വിധം കയ്യടക്കത്തോടെ എഴുതിയിട്ടുള്ള ഈ കഥ, ബ്ലോഗ് സാഹിത്യത്തെ പ്രിന്റ് മീഡിയത്തിനുമുന്നില്‍ അധകൃത സാഹിത്യമായി ഇടിച്ചുതാഴ്ത്താന്‍ ശ്രമം നടത്തുന്നവരുടെ കണ്ണു തുറപ്പിക്കുന്ന ഒന്നാണ്.അഥവാ അങ്ങനെയുള്ളവര്‍ക്കുനേരെ ഒരു കാര്‍ക്കിച്ചു തുപ്പലാണ്.

വിരസതക്ക് വിശക്കുമ്പോള്‍


ഇന്നലെ സംഭവിച്ചതു മാത്രമേ ഇന്നും സംഭവിക്കുകയുള്ളു എന്ന ബോധം ജീവിതത്തെ ട്രാഫിക് പോലീസ് സ്റ്റേഷനുമുന്നില്‍ വര്‍ഷങ്ങളായി തുരുമ്പിച്ചു കിടക്കുന്ന വിലപിടിപ്പുള്ള വാഹനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒന്നാക്കി വെളുപ്പിച്ചുകളയുന്നു.ഇന്നലെയുടെ തനിയാവര്‍ത്തനമാണ് ഇന്നും എങ്കില്‍പ്പിന്നെ നമുക്ക് പ്രത്യേകിച്ച് ഒരു “ഇന്ന് “എന്തിനാണ് ?
നാളെ എന്ന ആവര്‍ത്തനത്തിന്റെ വിരസതാബോധം ഉളവാക്കുന്ന ശക്തവും നിഷേധാത്മകവുമായ പിടിവലിയെ ശാന്തമായി അതിജീവിച്ചുകൊണ്ട് നാം നാളെയിലേക്ക് കാത്തിരിക്കുന്നതെന്തിനാണ്?
"എഴുത്തച്ഛന്‍ മെമ്മോറിയല്‍
ഇം‌ഗ്ലീഷ്മീഡിയം സ്കൂളിന്റെ
ഉച്ചഭക്ഷണ ഇടവേളയില്‍” ‍
എന്ന ഒരു വരികൊണ്ട് ലാപുടയുടെ വിരസത എന്ന കവിത പ്രസക്തമായ ഇത്തരം ചോദ്യങ്ങളുടെ കൂര്‍ത്ത ഒരു പ്രതലത്തിലാണ് വായനക്കാരനെ എടുത്തുപൊക്കി നിര്‍ത്തുന്നത് .അരിയും ഉഴുന്നും ചേര്‍ത്ത് അരിദോശ എന്നു പറയുന്നതും ഉഴുന്നും അരിയും ചേര്‍ത്ത് ഉഴുന്നുദോശ എന്നു പറയുന്നതും തമ്മിലുള്ള വ്യത്യാസമല്ലാതെ,എഴുത്തച്ഛന്‍ മെമ്മോറിയല്‍ സ്കൂള്‍ എന്നപേരുമാറ്റംകൊണ്ട് എന്തുവ്യത്യാസമാണ് സംഭവിക്കുന്നത്?എഴുത്തച്ഛന്‍ മെമ്മോറിയലായാലും ഷേക്സ്പിയര്‍ മിഷന്‍ ആയാലും എന്താണു വ്യത്യാസം?ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ ഇരുട്ടായി തിലോത്തമയിലേക്ക് നുഴഞ്ഞുകയറുന്ന കുട്ടികള്‍ എന്തു മേന്മയാണ് തരുക?ചോദ്യങ്ങള്‍ നീളുന്നു
“എഴുത്തച്ഛന്‍ മെമ്മോറിയല്‍
ഇം‌ഗ്ലീഷ്മീഡിയം സ്കൂളിന്റെ
ഉച്ചഭക്ഷണ ഇടവേളയില്‍“
എന്ന വരിക്കു ശേഷം വരുന്ന പരസ്പരബന്ധമില്ലെന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കുന്ന
“തിലോത്തമ തിയേറ്ററിനകത്ത്
നൂണ്‍ ഷോയ്ക്കുള്ള ഇരുട്ട്
പതിവുപോലെ പ്രവേശിച്ച നേരം“
എന്ന വരി, ഇടഞ്ഞു നില്‍ക്കുന്ന വാളുകള്‍ സൃഷ്ടിക്കുന്ന സീല്‍ക്കാരം പോലെ സൌന്ദര്യത്തിന്റെ ശക്തമായ മിന്നല്‍ പിണരുകള്‍ ഉണര്‍ത്തുന്നുണ്ട്.അചലിതമായ ജീവിതം കവിയിലും ഒപ്പം കവിത വഴി വായനക്കാരനിലും ഉത്പാദിപ്പിക്കുന്ന നിരാശയെ പ്രതീകവല്‍ക്കരിക്കുകകൂടി ചെയ്യുന്നു ഇങ്ങനെ നട്ടുച്ചക്ക് നുഴഞ്ഞുകയറുന്ന ഈ ഇരുട്ട്.പരസ്പര വിരുദ്ധമായ രണ്ടുദൃശ്യഖണ്ഡങ്ങള്‍ കൊണ്ട് പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങള്‍ ജനിപ്പിക്കുന്ന ചില വിഖ്യാത ചലച്ചിത്രങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ടാണ് അടുത്ത ദൃശ്യത്തിലേക്ക് കവി നമ്മെ കട്ടുചെയ്ത് പ്രദര്‍ശിപ്പിക്കുന്നത്. “താലൂക്കാപ്പീസില്‍
പി.പി.ഹരിദാസിന്റെ
അപേക്ഷയുള്ള ഫയലിനെ
ക്ലാര വര്‍ഗ്ഗീസ്
മടക്കിവച്ച മാത്രയില്‍”
എന്തുകൊണ്ടാണ് തീരുമാനമാകാന്‍ ഫയലുകള്‍ ഉച്ചഭക്ഷണസമയം വരെ കാത്തിരിക്കുന്നതും,തീരുമാനത്തിലേക്ക് എന്ന് വ്യാമോഹിപ്പിച്ചുകൊണ്ട് ഉച്ചഭക്ഷണ ഇടവേള എന്ന, ഒരുനിമിഷം പോലും മാറ്റിവയ്ക്കാനാവാത്ത അലിഖിതമായ‘പ്രൊസീജിയര്‍’ ലേക്ക് തുറന്ന് നിരാശയില്‍ അടയുകയും ചെയ്യുന്നത്?

എന്തുകൊണ്ടാണ് മോഷണക്കേസുകള്‍ മുതല്‍ കൊലപാതകക്കേസുകള്‍ വരെ ഇങ്ങനെ ഉച്ചഭക്ഷണ
ഇടവേളകളില്‍ അനുഷ്ഠാനം പോലെ നിരന്തരം തുറന്നടഞ്ഞുകൊണ്ട് തീരുമാനമാകാതെ നീളുന്നത്?
കഴിഞ്ഞ സര്‍ക്കാരുകള്‍ തുറന്നടച്ച ഫയലുകള്‍ എല്ലാം ഈ സര്‍ക്കാരും വരാന്‍ പോകുന്ന സര്‍ക്കാരുകളും ഉച്ചഭക്ഷണം എന്ന കോട്ടുവായയുടെ അകമ്പടിയോടെ തുറക്കുകയും അടയ്ക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നത് എന്തുകൊണ്ടാണ്?

ചോദ്യങ്ങള്‍...ഉത്തരമില്ലാത്ത നൂറു നൂറുചോദ്യങ്ങള്‍....
ചോദ്യങ്ങള്‍ക്ക് ഒരേയൊരു പ്രത്യേകതയേ ഉള്ളു
ഉത്തരമില്ലാതാകുമ്പോള്‍ മാത്രമാണ് അവ പ്രസക്തമാകുന്നത്.!

ലാപുട അവിടെയും നമ്മെ നിര്‍ത്തുന്നില്ല പൊടുന്നനെയുള്ള ഒരു കട്ടിങ്ങിലൂടെ നമ്മെ മുറിച്ചെടുത്ത്,
പന്ത്രണ്ട് അമ്പതിന്
പുറപ്പെടേണ്ടിയിരുന്ന
(ഇതുവരെ പുറപ്പെടാത്ത)
ജെ.കെ ട്രാവത്സ്
ഉടന്‍ സ്റ്റാന്‍ഡ് വിടണം എന്ന്
ഉച്ചഭാഷിണി
കര്‍ക്കശപ്പെടുന്ന ബസ്റ്റാന്‍ഡിലാണ് കൊണ്ടിടുന്നത്.അപ്പോള്‍ നാം സ്വാഭാവികമായും കാണുന്നത് നമുക്കുമുന്നില്‍ കാലം ചത്തുചീഞ്ഞുകിടക്കുന്നതായും സമൂഹ്യവവസ്ഥിതി എന്ന കൃമികള്‍ ആ ജഡശരീരത്തില്‍ മുങ്ങാംകുഴി കളിക്കുന്നതായുമാണ്. എഴുത്തച്ഛന്‍ മെമ്മോറിയല്‍ എന്ന സ്കൂള്‍ മലയാളം മീഡിയം ആവാം എന്ന സാധ്യതയെ,ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ തിലോത്തമ തിയേറ്ററില്‍ തുണ്ടുപടം കാണിക്കാതിരിക്കാം എന്ന സാധ്യതയെ,പി.പി.ഹരിദാസിന്റെ അപേക്ഷയില്‍ ഒരു തീരുമാനം എടുത്തശേഷം ക്ലാരാ വര്‍ഗ്ഗീസിന് ഉച്ചഭക്ഷണത്തിനുപോകാം എന്ന സാധ്യതയെ,പന്ത്രണ്ട് അമ്പതിനുപുറപ്പെടേണ്ടിയിരുന്ന ബസ് കൃത്യസമയം പാലിക്കാം എന്ന സാധ്യതയെ നിര്‍ണ്ണായകമായ ഒരു അട്ടിമറിയിലൂടെ നിഷ്കരുണം വിരസതയുടെ അവസാനിക്കാത്ത വിശപ്പിന് മുന്നില്‍ എറിഞ്ഞുകൊടുക്കുന്ന ദുഖകരമായ സത്യം വായനക്കാരന്‍ കണ്ടറിയുന്നു.
നിര്‍ണ്ണായകവും
ചരിത്രപ്രസക്തവുമായ
ഒരട്ടിമറിയിലൂടെ
വിരസതയ്ക്ക്
അന്നും
വിശന്നു തുടങ്ങി
എന്ന വരികള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ചരിത്രത്തെയും അതിന്റെ പ്രസക്തിയെയും അല്ല മറിച്ച് ചരിത്രപ്രസക്തി എന്ന വാക്കിനെപ്പോലും അപ്രസക്തമാക്കുന്ന വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളെയാണ്. ജുറാസിക് പാര്‍ക്കിലെ വിശന്നുവലഞ്ഞ് തലകുലുക്കി നില്‍ക്കുന്ന ദിനോസറിന് മുന്നില്‍ പെട്ടുപോയ കാഴ്ചക്കാരുടെ വാഹനം നിന്നിടത്തു നിന്ന് നീങ്ങുന്നില്ല എന്ന തിരിച്ചറിവുണ്ടാക്കുന്ന ഞെട്ടല്‍ പോലെ,എല്ലാ ദിവസവും എനിക്കു വിശപ്പടക്കാന്‍ നിങ്ങളില്‍ നിന്നും ഒരാള്‍ വന്നുകൊള്ളണം എന്ന് പ്രഖ്യാപിച്ച് കിടന്നുറങ്ങുന്ന പുരാണ കഥയിലെ രാക്ഷസന്‍ വിശപ്പുകൊണ്ട് ഉണരാന്‍ തുടങ്ങുമ്പോള്‍ ഇരയായ മനുഷ്യനുണ്ടാകുന്ന ഞെട്ടല്‍പോലെ ഭീകരമായ ഒരു ഞെട്ടല്‍ നമ്മെ അനുഭവിപ്പിച്ചുകൊണ്ടാണ് കവിത അവസാനിക്കുന്നത്.


തിരഞ്ഞെടുക്കപ്പെട്ട വാക്കുകളുടെ പളുങ്കുകള്‍ കൊണ്ട് കരകൌശല വിദഗ്ദ്ധനെപ്പോലെ മനോഹരമായ കവിതകള്‍ സൃഷ്ടിക്കുന്ന ലാപുട തന്റെ പതിവുശൈലിയില്‍ നിന്നുവിട്ട് സമൂഹത്തിന്റെ കെട്ടചോരയും ചലവും വമിക്കുന്ന കട്ടമാംസം കൊണ്ട് വിരുന്നൊരുക്കിയിരിക്കുകയാണ് ഈ കവിതയില്‍.പതിവില്ലാത്ത വിരുന്നായതിനാല്‍ ദഹനക്കേട് തോന്നിയേക്കാമെങ്കിലും പളുങ്കുമാലയുടെ സൌന്ദര്യത്തില്‍ സ്വയം മറക്കുന്നതിനെക്കാള്‍ നല്ലത് ഈ ദഹനക്കേടില്‍ ഒരല്‍പ്പം ഓക്കാനിച്ച് ശുദ്ധമാകുന്നതായിരിക്കും എന്നെനിക്കു തോന്നുന്നു.