ലാപുട : കവിതയെ വായിക്കുമ്പോള്‍

“കവിത എന്നെ ഭാഷയോടു ഘടിപ്പിക്കുന്ന വിജാഗിരിയാണ്...ജീവിതത്തിലേക്കും സമയത്തിലേക്കും ഞാന്‍ തുറക്കുകയും അടയുകയും ചെയ്യുന്നത് അതിന്റെ ഉത്തോലകധര്‍മ്മത്തിലൂടെ....അതിന്റെ ലോഹശരീരത്തെ തുരുമ്പെടുക്കാതെ കാക്കുന്നത് വായനയിലൂടെ ഇവിടെവന്നു നിറയുന്ന സ്നേഹം”

ഇത് ലാപുട അന്ധവിശ്വാസത്തിന്റെ അഞ്ചുകവിതകള്‍ എന്ന തന്റെ കവിതയ്കിക്കിട്ട മറുപടിക്കമന്റാണ്.എണ്ണം പറഞ്ഞ വാക്കുകളാലെഴുതുന്ന കൃശഗാത്രമായ കവിതകള്‍കൊണ്ട് അര്‍ത്ഥങ്ങളുടെ ആകാശം തുറന്നിടുന്ന കവിയാണ് ലാപുട.കവിതയെഴുതുക എന്ന പ്രക്രിയയെ അദ്ദേഹം എത്രമാത്രം വ്യത്യസ്തമായാണ് വീക്ഷിക്കുന്നതെന്ന് നോക്കുക.

* ഒന്നാമത്, അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടില്‍ കവിതയ്ക്ക് ഒരു ലോഹശരീരമാണുള്ളത്.കവിത മുല്ലപ്പൂവ് ചൂടിയ പെണ്‍കൊടിയാണെന്നും മഴവില്ലിന്റെ നിറമുള്ളവളാണെന്ന മട്ടിലുമൊക്കെയുമുള്ള ശുദ്ധഭോഷ്ക്കുകള്‍ക്ക് നേരെ തീര്‍ത്തും ധിക്കാരപരമായ ഒരു വീക്ഷണമാണിത്.

*രണ്ടാമത്തേത്, ജീവിതത്തിലേക്കും സമയത്തിലേക്കും കവിയെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന (എല്ലായ്പ്പോഴും തുറന്നു തന്നെയോ അടഞ്ഞുതന്നെയോ ഇരിക്കാത്ത) ഒരു ഉപാധിമാത്രമാണ് കവിത.ഈ കാഴ്ചപ്പാട്, കവിതയെഴുതുന്നവന്‍ ശ്രേഷ്ഠനാണെന്ന തരത്തില്‍ കവികള്‍ക്ക്
കല്‍പ്പിച്ചുകൊടുത്തിട്ടുള്ളതും, ഇല്ലാത്ത കിരീടം സ്വയം ചുമന്ന് ഇളിഭ്യരാകുന്ന മട്ടിലുള്ളതുമായ കവികളുടെ അപ്രമാദിത്വത്തെ വെല്ലുവിളിക്കുന്ന ഒന്നാണ്.താന്‍ ഒരു സാധാരണ മനുഷ്യനാണെന്നും കവിതയുടെ ലോഹശരീരത്തിന്റെ ഉത്തോലകധര്‍മ്മത്താല്‍ പുറത്തേക്കും അകത്തേക്ക്
തുറന്നടയുന്ന നിമിഷങ്ങളെമാത്രം ആശ്രയിച്ച് കവിയായി മാറുന്നവനാണെന്നും ഉള്ള വിശാലമായ ഒരു തുറന്നുപറച്ചിലാണത്.

*മൂന്നാമത്തേത്, കവിതക്ക് പേലവമായ സ്ത്രൈണശരീരമല്ലെന്നിരിക്കിലും, ഉരുക്കുകൊണ്ടുള്ള ലോഹശരീരമാണുള്ളത് എന്നിരിക്കിലും അതും നാശം സംഭവിക്കുന്നത് തന്നെ.കലാസൃഷ്ടി അനശ്വരമാണ് എന്ന വാദത്തെ ഖണ്ഡിക്കുന്ന ഒരു പ്രസ്താവനയാണിത്. വായനയിലൂടെ വന്നു നിറയുന്ന സ്നേഹം ഇല്ലായിരുന്നു എങ്കില്‍ കവിത തുരുമ്പിച്ചുപോകുമായിരുന്നു എന്ന് തുറന്നു പറഞ്ഞുകൊണ്ട് അര്‍ത്ഥപൂര്‍ണ്ണമായ വായനകള്‍ എഴുത്തിന്റെയും കലാസൃഷ്ടിയുടേയും നിലനില്‍പ്പിന് എത്രമാത്രം അനിവാര്യമാണ് എന്ന യാഥാര്‍ത്ഥ്യത്തെ കാട്ടിത്തരുകകൂടി ചെയ്യുന്നു ലാപുട.

*നാലാമതായും ആത്യന്തികമായും ഈ വാചകത്തില്‍ ഗുപ്തമായിരിക്കുന്ന ഒന്നുകൂടിയുണ്ട്.ഒരു ഗ്രാമീണപ്പെണ്‍കൊടിയെ മയക്കുന്നപോലെ കണ്ണും കയ്യും കാണിച്ച് എളുപ്പത്തില്‍ മെരുക്കിയെടുക്കാവുന്ന ഒന്നല്ല തന്റെ കവിതയെന്നും അതിന് ഉരുക്കിന്റെ സ്വഭാവമാണുള്ളതെന്നും അതിനാല്‍ മര്‍മ്മഭേദിയായ ഒരു ചുറ്റികപ്രഹരം കൊണ്ടെന്നപോലെ തികച്ചും ഏകാഗ്രമായ വായനയില്‍ക്കൂടി മാത്രമേ തന്റെ കവിതയെ ആസ്വദിക്കാന്‍ സാധിക്കൂ എന്നുമുള്ള ഒരു
ഓര്‍മ്മപ്പെടുത്തലാണത്.

തീര്‍ച്ചയായും വളരെ ആലോചിച്ചുറപ്പിച്ച് എഴുതിയ ഒരു കമെന്റാണിതെന്നൊന്നും പറഞ്ഞ് അപഹാസ്യനാകാന്‍ ഞാന്‍ തയ്യാറല്ല.ഒരു കവിതയിലെന്നപോലെ സത്യസന്ധമായ കാവ്യവീക്ഷണത്തിലേക്ക് ലാപുട തുറന്നടഞ്ഞപ്പോള്‍ സംഭവിച്ച ഒരു വെളിപാടുമാത്രമാവും ഇതും.എന്തു തന്നെയായാലും പരമ്പരാഗതമായ കാവ്യശൈലിയെ അദ്ദേഹം എന്തുകൊണ്ട് നിരസിക്കുന്നു എന്നും അകാല്‍പ്പനികവും ജീവിതത്തിന്റെ പാചകപ്പാത്രത്തില്‍ ഉണങ്ങി ഒട്ടിപ്പിടിച്ചതുമായ വാക്കുകള്‍കൊണ്ട് എന്തിന് കവിത തുന്നുന്നു എന്നതിനും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും അറിഞ്ഞോ അറിയാതെയോ ഉണ്ടായ, കരുത്തുറ്റ ഒരു വിശദീകരണം തന്നെയാണിത്.ഇതു വായിച്ചിട്ട് കവിത എന്ന വിജാഗിരിയിലൂടെ ജീവിതത്തിലേക്കും
സമയത്തിലേക്കും തുറക്കുകയും അടയുകയും ചെയ്യുന്ന ഒരു സാധാരണ മനുഷ്യനാണ് കവി എന്ന് ആരെങ്കിലും നിര്‍വ്വചിച്ചാല്‍ അതില്‍ ഒരുതര്‍ക്കത്തിന് വഴിയുണ്ടാകുമെന്നു തോന്നുന്നില്ല.അത്രമാത്രം വിപുലമായ അര്‍ത്ഥങ്ങള്‍ ഈ രണ്ടുവരികളില്‍ സമര്‍ത്ഥമായി ഒളിഞ്ഞിരിക്കുന്നുണ്ട്.ഒരു ലാപുട കവിതപോലെ മനോഹരമായ വീക്ഷണം.

8 comments:

കരീം മാഷ്‌ said...

കവിതയെ വായിക്കുന്നവന്റെ മനോരഥത്തിനു വിട്ടു തരുന്നതാണു ലാപുടയുടെ വരികള്‍.
അതു കൊണ്ടുതന്നെയാണു എനിക്കവ പ്രിയപ്പെട്ടവയാവുന്നതും.രചനയില്‍ കവി വിജയിക്കുന്നു എന്നു എനിക്കു തോന്നുന്നതും.
വൃത്തവും ഛന്ദസ്സും ഒപ്പിക്കുമ്പോള്‍ തീവൃത നഷ്ടപ്പെടുന്ന കവിതകളെ അപേക്ഷിച്ചു, മനസ്സിലേക്കു കനലു കോരിയിടാന്‍ കേവലം ഗദ്യകവിതകള്‍ക്കു കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണും ലാപുടയുടെ കവിതകള്‍.

വിരസത എന്ന കവിത തന്നെ ഉദാഹരണമെടുക്കാം.
ആധുനീക മലയാളത്തിന്റെ പിതാവു മഹാനായ എഴുത്തച്ഛന്റെ പേരിലെ ഇംഗ്ലീഷ്‌ മീഡിയം സ്കൂള്‍ (കേരളീയന്റെ ആംഗലേയത്തിനോടുള്ള വിധേയത്വത്തേയും അപകര്‍ഷതയേയും പരിഹാസിക്കാന്‍ ഇതിലും തീഷ്ണമായ വരിയുണ്ടോ എന്നു സംശയം).
തിയ്യേറ്ററിനകത്തെ ഇരുട്ട്‌ (രണ്ടരമണിക്കൂര്‍ നീണ്ട സിനിമാപ്രദര്‍ശനിത്തിനിടെ നാം ഏറ്റവും അനുഭവിക്കുന്നതു തീയ്യേറിലെ ഇരുട്ടു തന്നെയാണ്‌( ഇരുട്ടിനോടൊപ്പം വൃത്തിഹീനതയും,ക്ഷുദ്രജീവികളും,സംസ്കാരരാഹിത്യവും).
താലൂക്കാപ്പീസിലെ file മടക്കിവെക്കാന്‍ ക്ലാര വര്‍ഗ്ഗീസ്‌ ഒരു കാരണം കാത്തിരിക്കുകയായിരിക്കണം! വിരസതയെന്ന അടിസ്ഥാനകാരണത്തിനെ സമ്മതിച്ചു തരാന്‍ മടിക്കുന്ന അവള്‍ അതപേക്ഷിച്ചതൊരു പി.പി ഹരിദാസാണല്ലോ എന്നു ധ്വനിപ്പിച്ചതു മടക്കി വെച്ചതാവാം.
(സര്‍ക്കാരാപ്പീസുകളിലേക്കു ഇഴഞ്ഞുകയറുന്ന വര്‍ഗ്ഗീയതയെയാണു ഞാന്‍ ഈ വരിയില്‍ വായിച്ചത്‌)
വായിക്കുന്നതിനെക്കാള്‍ സമയം വായനക്കാര്‍ക്കു ചിന്തിക്കാന്‍ അവസരം കൊടുക്കുന്ന വരികള്‍.

ഗുപ്തന്‍ said...

പതിവുപോലെ നല്ല വായന സനാതനാ. ലാപുടയുടെ കവിതപോലെ സുന്ദര‍മാണ് കമന്റുകളും. ചിലപ്പോഴെല്ലാം പോകുന്നവഴിയില്‍ വെറുതെ എറിയുന്ന ഒരു വാക്കുകൊണ്ട് ഈ മനുഷ്യന്‍ പോസ്റ്റുകളുടെ ഗതി തിരുത്തിക്കുറിക്കുന്നത് കാണാം (മറ്റുള്ളവരുടെ പോസ്റ്റുകളില്‍). കവിതയുടെ പ്രചോദനത്തെയും ഭാഷയെയും ഘടനയെയും കുറിച്ചൊക്കെ മേല്‍പ്പറഞ്ഞപോലെയുള്ള കാഷ്വല്‍ നിരീക്ഷണങ്ങള്‍ ചില നിരൂപകകേസരികള്‍ക്ക് പോലും പാഠ്മാകേണ്ടതാണ്.

Pramod.KM said...

ഉറച്ച ഘടന തന്നെയാണ് മിക്ക ലാപുടക്കവിതകളുടെയും സവിശേഷത. വരികളില്‍ നിന്നും ഒരു വാക്കുപോലും അടര്‍ത്തിനോക്കാന്‍ പറ്റാത്തത്ര മികവില്‍ അച്ചിലിട്ട് വാര്‍ത്ത ഒരു ലോഹശില്‍പ്പം തന്നെയാണ് പലപ്പോഴും അത്.
സമാഹരിക്കത്തക്കവിധം മികച്ച ലാപുടയുടെ കമന്റുകള്‍ക്കും ഉണ്ട് ഇത്തരം ദ്ദൃഢത.
അതിനാലാണെന്നു തോന്നുന്നു ലാപുടയെപ്പറ്റി എഴുതുമ്പോള്‍ പലര്‍ക്കും അയാളുടെ കമന്റുകളെപ്പറ്റിയും പറയേണ്ടിവരുന്നത്:)

ഭൂമിപുത്രി said...

സനാതനന്‍ ലാപുടയെവായിച്ചപ്പോള്‍
വീണ്ടും കുറേവാതിലുകള്‍ വിജാഗിരികരയിച്ചുകൊണ്ടു
തുറക്കുന്നു...
നന്ദി!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്ദി മാഷേ.

ലാപുട കവിതകള്‍ ഞാനേറെ ഇഷ്ടപ്പെടുന്നു

മണിലാല്‍ said...

nannaayi....

Roby said...

സനാതനന്റെ വായന ഇഷ്ടപ്പെട്ടു.

കാച്ചിക്കുറുക്കിയ, മിതത്വമുള്ള ഭാഷയുടെ ശക്തി ലാപൂടയുടെ കമന്റുകളില്‍ നിന്നറിയാം. സംസാരിക്കുമ്പോള്‍ പോലും എനിക്കൊക്കെ ഏഴു വാക്കു വേണ്ടിവരുന്നിടത്ത്‌ നാലു വാക്കേ ലാപൂടയ്ക്ക്‌ വേണ്ടൂ...(ഒരോഫ്‌: വാക്കുകളുടെ കാര്യത്തില്‍ ലാപൂടയെക്കാള്‍ പിശുക്ക്‌ മേതിലിനു മാത്രമേ കണ്ടിട്ടുള്ളൂ, പുള്ളിക്ക്‌ ആ സമയം വെറും മൂന്നു വാക്കു മതി)

ജ്യോനവന്‍ said...

അതെ, ലാപുട മികച്ചകവി തന്നെയാണ്.
അതുകൊണ്ട് ഈ വായന തികച്ചും കാലോചിതമായി.
ഈ അടുത്ത കാലത്താണ് ലാപുടയെ വായിച്ചുതുടങ്ങിയതെങ്കിലും
അത് അതുവരെയുണ്ടായിരുന്ന എന്റെ ആസ്വാദനരീതിയെ തകിടം മറിച്ചു.
(ലാപുടയിലെ കവി പിന്നെയും വഴിമാറിചിന്തിക്കുന്നതും ഈയടുത്തുതന്നെ.)
വളരെ നിസാരമെന്ന് എഴുതിയാലും കവിത ചിന്തിക്കൂ ചിന്തിക്കൂ എന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും.
എന്നാല്‍ ചിന്തിക്കുമ്പോള്‍, അവനവനുണ്ണാവുന്ന രീതിക്ക് ഒരുത്തരം കിട്ടുകയും ചെയ്യും.
ഒരു വായനക്കാരന് ഇതില്‍പരം ഒരാനന്ദം വേറെന്ത്?!
ലാപുട ഒരു പുതുവഴിവെട്ടിവെക്കുമ്പോള്‍ ഒന്നു പകച്ചുപോകുന്നു.
അതുവഴിപോകണോ! ദൂരെ ചിലത് കൊതിപ്പിച്ചിട്ടായിരിക്കും ആ വിളി.

ലാപുട ജയിക്കട്ടെ, ഒപ്പം മലയാളകവിതയും.
ഇനിയീ വായന ഞാന്‍ തെറ്റിക്കില്ല.