കാവ്യാത്മകം എന്ന സ്വപ്നാടനത്തിൽ നിന്നും കവിത ഇടയ്ക്കൊക്കെ മോചനം നേടുന്ന കാഴ്ച മനോഹരമാണ്.രസഭരിതമല്ലാത്ത വാചകങ്ങൾ തുന്നിക്കൂട്ടി അത് ഒരു പുതിയ വേഷം കെട്ടുന്നു,ശാസ്ത്രീയപദങ്ങളും പ്രമാണങ്ങളും അലങ്കാരങ്ങൾക്കും ഉപമകൾക്കും പകരം സ്ഥാനം പിടിക്കുന്നു.ഇത് കവിതയോ എന്ന് ചിലരെയെങ്കിലും അമ്പരപ്പിക്കുമാറ്,"വാക്യം രസാത്മകം കാവ്യം" എന്ന അടിസ്ഥാനത്തെ തൊഴിച്ചെറിഞ്ഞ് അത് പുതിയൊര് കുതിപ്പിന് തയാറെടുക്കുന്നു...
ഖുറാനും,ഭഗവത്ഗീതയും, ഭാഗവതവും ബൈബിളും മാത്രമല്ല കവിതയും ശാസ്ത്രത്തിന്റെ കണ്ണടയിലൂടെ സ്വയം ന്യായീകരണത്തിന് ശ്രമിക്കുകയാണ്....ഇങ്ങനെയൊക്കെ തോന്നിപ്പോകും ചില കവിതകള്‍ വായിക്കുമ്പോള്‍...

ദേവതീര്‍ത്ഥയുടെ തുലയട്ടെ എന്ന കവിത അത്തരത്തിലൊന്നാണ്.സിംബയോസിസ് എന്ന ശാസ്ത്രീയമായ അറിവിനെ ഉപയോഗിച്ച് സമകാലിക ജീവിതത്തെ എങ്ങനെ വായിക്കാം എന്നതിന്റെ ഫിലോസഫി എന്ന് ഈ കവിതയെക്കുറിച്ച് പറയാം.നിലനിൽ‌പ്പിനുവേണ്ടിയുള്ള ഒത്തുതീർപ്പുകളായി പ്രത്യയ ശാസ്ത്രങ്ങളും സ്ത്രീപുരുഷ ബന്ധങ്ങളും രാഷ്ട്രീയവും...മനുഷ്യജീവിതം തന്നെയും മാറുന്നതിന്റെ ദുരന്തദൃശ്യം കാണിച്ചുതരുന്നു ഈ കവിത.

നക്രത്തിന്റെ
പിളര്‍ന്ന വായിലേക്ക്,
അടിഞ്ഞുകൂടിയ ഇരുട്ടിലേക്ക്,
ഏതു വിശ്വാസത്തിന്റെ
വാള്‍ത്തലപ്പിലൂടാണ്?
ഒരു പ്ലോവര്‍* പക്ഷി
ചിറകു വിരുത്തിപ്പറക്കുന്നത്?

വിശ്വാസം എന്ന ഏറ്റവും മൃദുലമായ ആവരണത്തിനുള്ളിലാണ് നാമെല്ലാം സുരക്ഷയെക്കുറിച്ച് ആത്മവിസ്വാസമുള്ളവരായിരിക്കുന്നത് എന്നത് എത്ര ഭീതിജനകമായ സത്യമാണ്.വലക്കുള്ളിൽ ഇരതേടുന്ന പക്ഷികളെപ്പോലെയല്ലേ നാം.
ശത്രുക്കൾ തമ്മിലുള്ള സിംബയോസിസ്,തിന്നുന്നവനും തിന്നപ്പെടുന്നവനും തമ്മിലുള്ള സിംബയോസിസ്,വേട്ടക്കാരനും വേട്ടയാടപ്പെടുന്നവനും തമ്മിലുള്ള സിംബയോസിസ്....ഹാ ജീവിതം!

ഏറ്റവും അടിയന്തിരമായ സാമുഹിക രാഷ്ട്രീയ പശ്ചാത്തലത്തെ മുതൽ ഏറ്റവും കുഴമറിഞ്ഞ ജീവിതനിഗൂഡതയെവരെ അഭിമുഖീകരിക്കുന്നു ഈ കവിത.

1 comments:

Sapna Anu B.George said...

വിശ്വാസം എന്ന ഏറ്റവും മൃദുലമായ ആവരണത്തിനുള്ളിലാണ് നാമെല്ലാം സുരക്ഷയെക്കുറിച്ച് ആത്മവിസ്വാസമുള്ളവരായിരിക്കുന്നത് എന്നത് എത്ര ഭീതിജനകമായ സത്യമാണ്...................................ഇതു സത്യമാണൊ????