കേരളാ കഫേ - ചിലകുറിപ്പുകൾ

ഒരുകാലത്ത് ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായി നെഞ്ചുവിരിച്ചു നിന്ന മലയാള സിനിമ ഏകതാനമായ പുരുഷവേഷങ്ങളുടെ കെട്ടിയാടലുകളായി അധ:പതിച്ചത് ദേവാസുരം എന്ന സിനിമയോടെയാണെന്ന് തോന്നിയിട്ടുണ്ട്. അതിനു ശേഷമാണ് മോഹൻ‌ലാൽ എന്ന കറതീർന്ന നടൻ മംഗലശേരി നീലകണ്ഠൻ എന്ന കരുത്തുറ്റ കഥാപാത്രത്തിന്റെ നിഴലായി ഒതുങ്ങിപ്പോയത്. രഞ്ജിത്ത് ദേവാസുരം എന്ന സിനിമയിലൂടെ രചിച്ചത് പിൽക്കാലത്തെ മലയാളം വാണിജ്യ സിനിമയുടെ തിരക്കഥയായിരുന്നു.

മീശയുള്ള മോഹൻ‌ലാൽ മീശയില്ലാത്ത മമ്മൂട്ടി

ദേവാസുരത്തിലെ മോഹൻലാലിന്റെ മീശയുടെ സ്റ്റിയറിംഗ് ഐ.വി ശശിയുടെ കയ്യിൽ നിന്ന് ഷാജികൈലാസ് ഉൾപ്പെടെയുള്ളവർ തട്ടിയെടുത്തതോടെ പ്രതിഭാശാലിയായ ഒരു നടൻ ബെല്ലും ബ്രേക്കുമില്ലാതെ ട്രാക്ക് തെറ്റി ഓടാൻ തുടങ്ങി.ആ ഓട്ടം ഇനിയും നിലച്ചിട്ടില്ല. ഭ്രമരം എന്ന വളരെയധികം സിനിമാറ്റിക് ആയ ഒരു ചിത്രത്തിന്റെ അവസാന സീനുകളിൽ പോലും ആ ഓട്ടത്തിന്റെ വീൽ‌പ്പാടുകൾ കാണാം. മോഹൻലാലിന്റെ മാത്രം പ്രശ്നമല്ലായിരുന്നു ഇത്. മമ്മൂട്ടിമുതൽ മനോജ് കെ ജയൻ വരെ നടനവൈഭവമുള്ള എല്ലാ നായക നടന്മാർക്കും ട്രാക്ക് തെറ്റി.മീശയിലാണ് മലയാളസിനിമയുടെ വിജയസാധ്യത എന്ന ധാരണ എങ്ങും പരന്നു. മീശക്കഥകൾക്ക് വേണ്ടി തിരക്കഥാകൃത്തുക്കളും സംവിധായകരും കുത്തിയിരിപ്പു തുടങ്ങി. ‘നായിക‘ എന്ന കെട്ടുകോലങ്ങൾ നായകനുചുറ്റും പാറിപ്പറക്കുന്ന പൈങ്കിളികളായി മാറി. ഏറെ വൈകിയാണെങ്കിലും സിനിമാ ലോകത്തുള്ളവർ മലയാള സിനിമ ട്രാക്ക് തെറ്റിയാണ് ഓടുന്നതെന്ന് തിരിച്ചറിഞ്ഞു തുടങ്ങി. അത്തരം ഒരു തിരിച്ചറിവിന്റെയും തിരുത്തൽ നടപടികളുടേയും പ്രതിഫലനമായിട്ടു വേണം “കേരളാ കഫേ” എന്ന ‘ചെറുസിനിമാ സമാഹാര‘ത്തെ കാണേണ്ടത്. മംഗലശേരി നീലകണ്ഠന്റെ മീശയെ സൃഷ്ടിച്ച രഞ്ജിത് തന്നെ കേരളാ കഫേ എന്ന സിനിമയുടെ രൂപകല്പനയിലൂടെ മീശയില്ലാത്ത/മീശ പിരിക്കാത്ത നായകൻമാരെയും സൃഷ്ടിച്ചു എന്നത് ചരിത്രപരമായ നിയോഗം ആയിരിക്കും. മംഗലശേരി നീലകണ്ഠനെപ്പോലെ “വെട്ടിയിട്ട കൈ കെട്ടിവച്ച്” പോരാട്ടത്തിനുവരുന്ന ഒറ്റ കഥാപാത്രം പോലും ഇതിലെ പത്തു സിനിമകളിലും ഇല്ലെങ്കിലും ചെറു സിനിമകളുടെ ഈ സമാഹാരം മലയാള സിനിമയുടെ ഇനിയുള്ള കാലത്തെ ഭരിക്കാൻ പോന്നതാണ്.

കേരള കഫേയുടെ വിജയം - സന്തോഷിക്കാൻ ചില കാരണങ്ങൾ

ഇന്ന് തിരുവനന്തപുരം ശ്രീ പത്മനാഭ തിയേറ്ററിൽ ഈ സിനിമാസമാഹാരം കാണാനുള്ള ടിക്കറ്റ് ക്യൂവിന്റെ നീണ്ട വാലിൽ ഒരു കണ്ണിയാവുമ്പോൾ, ബാൽക്കണിയിൽ ഒറ്റസീറ്റുപോലും മിച്ചമില്ലാതെ വിറ്റുപോയിരിക്കുന്ന കാഴ്ച കാണുമ്പോൾ, ഓരോ സംവിധായകനേയും പരിചയപ്പെടുത്തി സിനിമ അവസാനിക്കുന്നത് വരെ കാണികൾ സീറ്റ് വിട്ട് പോകാതെ അമർന്നിരിക്കുന്നത് കാണുമ്പോൾ ഒക്കെ സിനിമയെ ഇഷ്ടപ്പെടുന്ന ഒരാൾ എന്ന നിലയിൽ മനസ് നിറഞ്ഞ സന്തോഷമായിരുന്നു. ഈ സിനിമയുടെ വിജയം മലയാള സിനിമയ്ക്ക് ഏറെ സ്വാതന്ത്ര്യങ്ങൾ നൽകുന്ന ഒന്നാണ്. എന്നാൽ ഏറെ സന്തോഷം തോന്നുന്നത് മൂന്ന് കാരണങ്ങളാലാണ്.

ഒന്നാമത്തേത്, രണ്ടരമണിക്കൂർ (കുറഞ്ഞത് രണ്ട് മണിക്കൂർ എങ്കിലും) ദൈർഘ്യമുണ്ടെങ്കിലേ തിയേറ്ററിൽ റിലീസ് ചെയ്യാവുന്ന ഒരു കമേഴ്സ്യൽ സിനിമ ഉണ്ടാകൂ എന്ന നിയമം ഇതോടെ അവസാനിക്കുകയാണ്. പത്തോ ഇരുപതോ മിനുട്ട് ദൈർഘ്യമുള്ള ചെറിയ ചിത്രങ്ങളുടെ സമാഹാരങ്ങൾ തിയേറ്ററിൽ എത്തിക്കാമെന്നത് കുറഞ്ഞ മുതൽമുടക്കുമായി സിനിമ പിടിക്കാനിറങ്ങുന്ന പുതിയ സിനിമാക്കാർക്ക് പ്രത്യാശ നൽകുന്ന പുരോഗതിയാണ്. ഒരുപക്ഷേ കേരള കഫേ മലയാളത്തിലെ ആദ്യത്തെ ചെറു ചലചിത്ര സമാഹാരമായി അറിയപ്പെട്ടേക്കും.

രണ്ടാമത്തേത്, താരങ്ങൾ, പാട്ട്, സ്റ്റണ്ട് തുടങ്ങി സ്ഥിരം ചേരുവകൾ ഉണ്ടെങ്കിലേ മലയാളി തിയേറ്ററിലെത്തൂ എന്ന ധാരണ തിരുത്തപ്പെടുകയാണ്.കേരള കഫേയിലെ പത്തു ചെറുചിത്രങ്ങളിൽ ആറെണ്ണവും ശരാശരിയിലും താഴെ നിലവാരമുള്ളവയാണ്.എന്നിട്ടും കേരളാ കഫേ കാണാൻ തിയേറ്ററിൽ ആളെത്തുന്നു. നിലവാരമുള്ള ചിത്രങ്ങൾ എന്ന് പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്ന ചിത്രങ്ങൾ താരസാമീപ്യം കൊണ്ടല്ല സ്വീകരിക്കപ്പെടുന്നത്.അതായത് പുതുമുഖങ്ങളെ വച്ചും കുറഞ്ഞ ചിലവിലുമുള്ള ചെറു ചലചിത്ര സംരംഭങ്ങൾക്ക് പ്രദർശന സാധ്യതകൾ ഉണ്ടെന്ന തിരിച്ചറിവ് ഈ ചിത്രത്തിന്റെ വിജയം ഉണ്ടാക്കുന്നുണ്ട്.

മൂന്നാമത്തേത്, ശ്രദ്ധിക്കപ്പെടുന്ന ചലചിത്രങ്ങളിൽ രണ്ടെണ്ണം സംവിധാനം ചെയ്തിരിക്കുന്നത് സ്ത്രീകളാണെന്നതാണ്.

എടുത്തുപറയേണ്ട ചിത്രങ്ങൾ

കേരളാ കഫേയിൽ കണ്ട ചലച്ചിത്രങ്ങളിൽ എടുത്തുപറയാവുന്ന നാലു ചിത്രങ്ങളാണ് ഉള്ളത്
രേവതിയുടെ “മകൾ“, അഞ്ജലി മേനോന്റെ “ഹാപ്പി ജേർണി“, ലാൽ ജോസിന്റെ “പുറം കാഴ്ചകൾ“, അൻ‌വർ റഷീദിന്റെ “ബ്രിഡ്ജ്“ എന്നിവ.

മകൾ എന്ന ചെറുചിത്രം മനസിൽ ഉണ്ടാക്കിയ മുറിവ് ഒരിക്കലും ഉണങ്ങുന്ന ഒന്നല്ല. എത്ര മഹത്തായ ആശയത്തേയും പണത്തിനുവേണ്ടിയുള്ള കെണിയാക്കി ഉപയോഗിക്കാൻ മനുഷ്യനു കഴിയുന്നു എന്ന തിരിച്ചറിവ് ഞെട്ടിപ്പിക്കുന്നതാണ്. തിരക്കഥയുടെ ഒതുക്കം, അഭിനേതാക്കളുടെ തെരെഞ്ഞെടുപ്പ്, ലൊക്കേഷൻ, സംവിധാനമികവ് ഒക്കെ സിനിമയെ മറക്കാനാവാത്തതാക്കുന്നു.

അഞ്ജലി മേനോന്റെ ഹാപ്പി ജേർണി കഥയില്ലായ്മയിൽ നിന്ന് മനോഹരമായ ഒരു സിനിമ എങ്ങനെ ഉണ്ടാക്കാം എന്നതിന് ഉദാഹരണമാണ്. ജഗതിയുടെയും നിത്യാ മേനോന്റെയും അഭിനയമികവും, എം.ജെ രാധാകൃഷ്ണന്റെ ഛായാഗ്രഹണവും കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നതിൽ സംവിധായികയ്ക്കുള്ള കയ്യടക്കവും എടുത്തുപറയേണ്ടതാണ്.

പുറം കാഴ്ചകൾ ലാൽ ജോസിന്റെ സംവിധാനമികവിന് അടിവരയിടുന്നു.

“ബ്രിഡ്ജ്“ ഒരു പിന്തിരിപ്പൻ അടിയൊഴുക്കുള്ള മികച്ച സാക്ഷാത്കാരം

തിയേറ്ററിൽ ഏറ്റവും കയ്യടി നേടിയ ചിത്രം അൻ‌വർ റഷീദിന്റെ ബ്രിഡ്ജ് ആണ്.ദൃശ്യഭംഗിയുടെ സമ്പന്നതകൊണ്ടും അഭിനേതാക്കളുടെ അസാമാന്യ പ്രകടനം കൊണ്ടും സാങ്കേതികമായി മികച്ച ചലചിത്രമാകുന്നുണ്ട്, നിലപാടുകൊണ്ട് പിന്തിരിപ്പനായ ഈ ചിത്രം . മെലോ ഡ്രാമയിൽ കരളലിയാനും നായക കഥാപാത്രത്തിന്റെ കാപട്യത്തോട് സ്വയം ഇഴുകാനുമുള്ള മലയാളിയുടെ സഹജവാസനകൊണ്ടാകാം ഈ ചിത്രത്തിന് പ്രേക്ഷക പിന്തുണ ഏറെ ലഭിക്കുന്നത്. ഒരേ സമയം നടക്കുന്ന രണ്ട് ഉപേക്ഷിക്കലുകളാണ് ബ്രിഡ്ജിന്റെ ഉള്ളടക്കം. സലീം കുമാർ അവതരിപ്പിക്കുന്ന നായക കഥാപാത്രം അമ്മയെ വളരെയധികം സ്നേഹിക്കുന്നവനാണ്. വാർദ്ധക്യം കൊണ്ട് ഓർമയും കാഴ്ചയും നഷ്ടപ്പെട്ട അമ്മയാണെങ്കിൽ കിടക്കയിൽ തന്നെ ഒന്നിലധികം തവണ മലമൂത്ര വിസർജനം ചെയ്യുന്നവളും ഭക്ഷണക്കാര്യത്തിലും മറ്റും ആവശ്യമില്ലാതെ ശാഠ്യം പിടിക്കുന്നവളും. കല്പന അവതരിപ്പിക്കുന്ന ഭാര്യാകഥാപാത്രത്തിനും നായകന്റെ അമ്മയോട് സഹതാപമുണ്ട്. പക്ഷേ വൃദ്ധയായ അമ്മ കുടുംബത്തിൽ അലോസരമാകുന്നു. വൃദ്ധയായ അമ്മയാണെങ്കിൽ സിനിമയുടെ തുടക്കം മുതൽ മകൻ, തന്നെ പട്ടണം ചുറ്റാൻ കൊണ്ടുപോകുന്ന ദിവസവും കാത്തിരിക്കുകയാണ്. ഒടുവിൽ അമ്മയുടെ ശല്യം സഹിക്കവയ്യാതെ സ്നേഹനിധിയായ മകൻ അമ്മയെ ടൌണിൽ കൊണ്ടുപോകുന്നു, സിനിമ കാണിക്കുന്നു, സിനിമാ തിയേറ്ററിൽ തന്നെ ഉപേക്ഷിച്ചു പോരുന്നു. നിവൃത്തിയില്ലാതെ( ? ) അമ്മയെ ഉപേക്ഷിച്ചുപോരുന്ന മകന്റെ കരഞ്ഞൊഴുകുന്ന മുഖത്തെയാണ് കാമറ ഫോക്കസ് ചെയ്യുന്നത്.

രണ്ടാമത്തെ കഥ ഒരു പൂച്ചക്കുഞ്ഞിന്റേയും കുട്ടിയുടെയുമാണ്. അമ്മയില്ലാത്ത ഒരു കൊച്ചുകുട്ടി അച്ഛനറിയാതെ, തെരുവിൽ നിന്ന് കിട്ടുന്ന ഒരു പൂച്ചക്കുഞ്ഞിനെ ഓമനിച്ചുവളർത്തുന്നു. അച്ഛൻ അതറിയുകയും കുട്ടിയിൽ നിന്നും പൂച്ചക്കുഞ്ഞിനെ പറിച്ചെടുക്കുകയും നഗരത്തിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു.പൂച്ചക്കുഞ്ഞിനായി കരഞ്ഞ് കുട്ടിക്ക് പനിപിടിക്കുമ്പോൾ സ്നേഹമയനായ അച്ഛൻ പാതിരാത്രി തന്നെ താൻ പൂച്ചയെ ഉപേക്ഷിച്ചിടത്ത് തെരയുന്നു. പക്ഷേ അയാൾക്കു പൂച്ചക്കുഞ്ഞിനെ കണ്ടെത്താനാകുന്നില്ല.ഇവിടെയും സ്നേഹമയനായ ആ അച്ഛന്റെ ആശങ്കാകുലമായ മുഖമാണ് കാമറ പ്രേക്ഷകനുവേണ്ടി മുന്നോട്ട് വെക്കുന്നത്.

ഉപേക്ഷിക്കപ്പെട്ട രണ്ടു ജീവികളും ഒന്നിക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്

നിവൃത്തികേട് എന്ന സൌകര്യത്തെ പൊലിപ്പിച്ചുകൊണ്ട്, അമ്മയെപ്പോലും ഉപേക്ഷിക്കുന്ന മാനസികാവസ്ഥയെ ന്യായീകരിക്കാനുള്ള ശ്രമമാണ് ഈ സിനിമയെ പിന്തിരിപ്പൻ ആക്കുന്നത്. ഒരുപക്ഷേ അതുതന്നെയാവും ഈ സിനിമയെ മലയാളിയുടെ കാപട്യം ഏറെ എളുപ്പത്തിൽ നെഞ്ചേറ്റുന്നതും.

16 comments:

Anonymous said...

കഷ്ഠം!! കഥ മുഴുവൻ പറഞ്ഞുകൊണ്ടാണോ റിവ്യൂ ഇടേണ്ടത്...?

സസ്പെൻസ് ഇല്ലായിരിക്ക്കാം... ദ്രിശ്യ ഭംഗിയും ഉണ്ടാവാം... എന്നു വച്ച്...??


ആദ്യം അതു പൊയി പഠിക്കൂ മാഷേ...!! എന്നിട്ട് വരൂ ഈ പണിക്കൊക്കെ...

Sanal Kumar Sasidharan said...

അനോണിമൌസേ
കഥ മുഴുവൻ പറഞ്ഞതിന്റെ ഉദ്ദേശം എന്താണെന്ന് താങ്കൾക്ക് മനസിലായില്ലെങ്കിൽ എനിക്കൊന്നും ചെയ്യാനില്ല.ഈ പണിക്ക് വരൂ എന്നൊക്കെ പറയാൻ ഇയാളെന്താ പണികൊടുക്കുന്ന വല്ലോമാണോ?

പേരു വെളിപ്പെടുത്തിയാൽ ആകാശം ഇടിഞ്ഞുവീഴുമോ അതോ ആരെങ്കിലും പിടിച്ചു തിന്നുമോ!!

Roby said...

സനലിന്റെ അഭിപ്രായം നോക്കിയിരിക്കുകയായിരുന്നു...എന്തായാലും അവസരം കിട്ടുമ്പോൾ കാണണം.

അനോണിമസ്, സസ്പെൻസിലല്ലാതെ വർക്കു ചെയ്യുന്ന സിനിമകളുടെ കഥ സൂചിപ്പിക്കുന്നതിൽ എന്താണു പ്രശ്നം? എന്തിനാണ് ആ കഥ മുഴുവൻ പറഞ്ഞതെന്ന് കുറിപ്പു വായിക്കുമ്പോൾ മനസ്സിലാകുന്നുമുണ്ട്.

അപ്പൂട്ടൻ said...

സനാതനൻ,
പൂർണനായകത്വവും പരിപൂർണവില്ലനിറ്റിയും കണ്ടുശീലിച്ചവരാണ്‌ നാമെല്ലാവരും. രാമനും രാവണനും പാണ്ഡവരും കൗരവരും നസീറും ജോസ്പ്രകാശും ജയനും ബാലൻകെനായരും.... വെള്ളയും കറുപ്പും മാത്രം. തങ്ങൾ ചെയ്യുന്നതെല്ലാം ശരി എന്ന ചിന്തയുള്ള രണ്ടറ്റത്തെ കഥാപാത്രങ്ങൾ.

ശരിയും തെറ്റും തമ്മിൽ തെരഞ്ഞെടുപ്പ്‌ വേണ്ടിവരുമ്പോൾ തെറ്റ്‌ (സമൂഹം പറയുന്നത്‌) തെരഞ്ഞെടുക്കുന്ന വ്യക്തിയ്ക്ക്‌ യാതൊരുവിധ വേദനയും ഉണ്ടാവില്ല എന്ന് ചിന്തിക്കുന്നത്‌, ഒരുപക്ഷെ, പുരാണങ്ങളുടെ ഹാങ്ങോവർ ആയിരിക്കാം (താങ്കളുടെ ചിന്താഗതി അല്ല ഞാൻ ഉദ്ദേശിക്കുന്നത്‌, പൊതുവിൽ കഥാകഥനം അത്തരത്തിലാണ്‌ കണ്ടുവരാറ്‌). നായകനും വില്ലനും തമ്മിൽ അന്തരമുണ്ടാക്കിയത്‌ ഇതേ ഹാങ്ങോവറിനാലായിരിക്കാം.

ഈ ഷേഡിങ്ങ്‌ ഒന്ന് മാറ്റിപ്പിടിച്ചു എന്ന രീതിയിൽ ബ്രിഡ്ജ്‌ കണ്ടാൽമതി എന്ന് തോന്നുന്നു. ഇവിടെ വില്ലന്മാരാകുന്നവർക്കും മനസുണ്ട്‌, അവരും തങ്ങളുടെ ചെയ്തിയിൽ വിഷമിക്കുന്നുണ്ട്‌ (അല്ലെങ്കിൽ പശ്ചാത്തപിക്കുന്നുണ്ട്‌). അത്‌ തെറ്റിനുള്ള ന്യായീകരണമായല്ല, മറിച്ച്‌ തെറ്റു ചെയ്യുന്നതും മനുഷ്യനാണ്‌ എന്നുള്ള ഒരു കാഴ്ചപ്പാടായാണ്‌ എനിക്ക്‌ അനുഭവപ്പെട്ടത്‌. ഓരോ കാര്യവും നാം ചെയ്യുമ്പോൾ തുലാസിലിട്ട്‌ തൂക്കിയാൽ 100/0 എന്ന രീതിയിലല്ല കിട്ടുന്നതെന്നും 51/49 വരെ സാധ്യമാണെന്നും മനസിലാകുമ്പോൾ സലീമിന്റെ കരച്ചിലും അച്ഛന്റെ അന്വേഷണവും നമുക്ക്‌ തൊട്ടറിയാനാവും. ഞാനെന്ത്‌ ചെയ്യുമായിരുന്നേനെ എന്നതല്ലല്ലൊ എന്നും സത്യം.

കൂടാതെ, ബ്രിഡ്ജ്‌ അവസാനിക്കുമ്പോൾ മനസിൽ തങ്ങി നിൽക്കുന്നത്‌ സലിം കുമാറോ കൽപനയോ കുട്ടിയുടെ അച്ഛനായി അഭിനയിച്ച നടനോ അവരുടെ വേദനയുടെ ദൃശ്യങ്ങളോ ഒന്നുമല്ലല്ലോ. ശാന്തകുമാരി, പൂച്ച, കുട്ടി എന്നിവരിലേക്കാണ്‌ നമ്മുടെ മനസ്‌ പോകുന്നത്‌.

Sanal Kumar Sasidharan said...

റോബി,
എന്തെങ്കിലും കാര്യമായി എഴുതണമെന്നുണ്ടായിരുന്നു നടന്നില്ല.പക്ഷേ ഒരു കുറിപ്പെങ്കിലും ഇടാതെ പോകുന്നത് ഈ ചരിത്രപ്രധാനമായ സംരംഭത്തോടുള്ള അനീതിയായിരിക്കും എന്നുള്ളതുകൊണ്ട് ഇത്രയും കുറിച്ചു എന്നതേയുള്ളു.

Sanal Kumar Sasidharan said...

അപ്പൂട്ടൻ,

വിശദമായ കമെന്റിനു നന്ദി. ഇത്തരം ഒരു ചർച്ചക്ക് സാധ്യത ഉള്ളതുകൊണ്ടുതന്നെയാണ് ഈ സിനിമയുടെ ഉള്ളടക്കം പൂർണമായും എടുത്തെഴുതിയത്.
വില്ലനേയും നായകനേയും കറുപ്പിലും വെളുപ്പിലും വ്യത്യസ്ത ജീവി വർഗമായി അവതരിപ്പിക്കുന്ന രീതിയോട് എനിക്കും എതിർപ്പാണ്.പുരാണങ്ങളുടെ ഹാങോവർ അല്ല അത്.പുരാണങ്ങളിൽ വില്ലൻ കഥാപാത്രങ്ങളേയും പ്രകാശമുള്ള ജീവിത സന്ദർഭങ്ങളിൽ കാണാൻ കഴിയും. വില്ലനെ വില്ലനായി നിർത്തുന്ന രീതി കക്ഷിരാഷ്ട്രീയത്തിന്റെയും ഭരണതന്ത്രത്തിന്റേയും ഹാങോവർ ആയിരിക്കും എന്ന് തോന്നുന്നു.

“ശരിയും തെറ്റും തമ്മിൽ തെരഞ്ഞെടുപ്പ്‌ വേണ്ടിവരുമ്പോൾ തെറ്റ്‌ (സമൂഹം പറയുന്നത്‌) തെരഞ്ഞെടുക്കുന്ന വ്യക്തിയ്ക്ക്‌...“ എന്ന് തുടങ്ങുന്ന താങ്കളുടെ വാചകം വളരെ ലാഘവബുദ്ധിയോടെ ഉള്ളതാണെന്ന് വിനീതനായി പറയട്ടെ.

(കമെന്റ് ഒന്നിച്ച് പോസ്റ്റ് ചെയ്യാനാവുന്നില്ല മുറിച്ചെഴുതുന്നു.ക്ഷമിക്കുക)

Sanal Kumar Sasidharan said...

താങ്കളുടെ വീക്ഷണം ശരിതന്നെ പക്ഷേ ആശയക്കുഴപ്പമുണ്ട്. ശരിയും തെറ്റും തമ്മിൽ ഒരു തെരെഞ്ഞെടുപ്പ് അനിവാര്യമാകുന്ന ഒരു സന്ദിഗ്ദ്ധഘട്ടത്തിൽ, തെറ്റല്ലാതെ മറ്റൊന്നും തെരഞ്ഞെടുക്കാൻ കഴിയില്ല എന്ന വിധിയിലൂടെ കടന്നുപോകുന്ന മനുഷ്യൻ അന്തസംഘർഷങ്ങൾ അനുഭവിക്കുന്നുണ്ട്.അത് മനുഷ്യജീവിതത്തിന്റെ തന്നെ നിസഹായാവസ്ഥയാണ്. അത്തരം നിസഹായാവസ്ഥയിൽ, ഒരാൾ നീറുന്ന മനസോടെ തെറ്റ് തിരഞ്ഞെടുക്കുമ്പോൾ അവിടെ തെറ്റ് ചെയ്യുന്നയാളും മനുഷ്യനാണ് എന്ന് തിരിച്ചറിയിക്കുന്നത് ഉന്നതമായ കലയാണ്.എന്നാൽ തെറ്റും ശരിയും തമ്മിൽ ഒരു തെരെഞ്ഞെടുപ്പ് വേണ്ടിവരുന്ന ഒരു സാധാരണ ഘട്ടത്തിൽ, വേണമെങ്കിൽ(ഇത്തിരി കടുപ്പമാണെങ്കിലും)ശരി തെരെഞ്ഞെടുക്കാം എന്ന അവസ്ഥ നിലനിൽക്കുമ്പോൾ, കൂടുതൽ സൌകര്യപ്രദം എന്നതിനാൽ തെറ്റ് തെരെഞ്ഞെടുക്കുകയും എളുപ്പമല്ലാത്തതിനാൽ ശരിയെ കൈവിടുകയും ചെയ്യുന്നത് നീചമായ മാനസികാവസ്ഥയാണ്.(സമൂഹത്തിന്റെ മാമൂലുകൾ വച്ചുകൊണ്ടുള്ള തെറ്റും ശരിയുമല്ല ഈ പറഞ്ഞതൊന്നും).

Sanal Kumar Sasidharan said...

സലീം കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് വന്നുഭവിച്ച സന്ദിഗ്ദ്ധാവസ്ഥ എന്താണ്? വൃദ്ധയും അന്ധയും ഓർമനശിച്ചവളുമായ സ്വന്തം അമ്മയെ പെരുവഴിയിൽ ഉപേക്ഷിക്കുക എന്ന എളുപ്പമുള്ള തെറ്റ് (ഏതു രീതിയിൽ നോക്കിയാലും തെറ്റ്) തെരെഞ്ഞെടുക്കണോ അതോ അമ്മയെ കൂടെ താമസിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അലോസരങ്ങൾ സഹിക്കുക എന്ന കടുപ്പമുള്ള ശരി തെരെഞ്ഞെടുക്കണൊ എന്നുള്ളതല്ലേ...പെൺ മക്കളെ വളർത്തിയാൽ അവരുടെ പഠനം വിവാഹം തുടങ്ങിയ വമ്പിച്ച പ്രാരാബ്ധങ്ങൾ ഉണ്ടാകും എന്നത് കൊണ്ട് പെൺ‌കുട്ടികളെ ജനിക്കുമ്പോൾ തന്നെ ചവറ്റുകൂനയിൽ വലിച്ചെറിയുക എന്ന എളുപ്പമുള്ള തെറ്റ് തെരെഞ്ഞെടുക്കണോ അവരെ വളർത്തിയാൽ ഉണ്ടാകുന്ന കഷ്ടതകൾ സഹിക്കാം എന്ന കടുപ്പമുള്ള ശരി തെരെഞ്ഞെടുക്കണോ എന്നുള്ള ചോദ്യം പോലെ വ്യക്തത ഉള്ള ഒന്നല്ലെ അത്. ശരി തെരെഞ്ഞെടുക്കുക ബുദ്ധിമുട്ടാണെന്ന് തന്നെ കരുതുക അപ്പോൾ പോലും തെറ്റ് തെരെഞ്ഞെടുക്കുക എന്നത് ഒരു അനിവാര്യതയല്ല ഇവിടെ.അമ്മയെ പെരുവഴിയിൽ ഉപേക്ഷിക്കുക എന്ന എളുപ്പ പോംവഴി കണ്ടെത്തുന്ന ആൾ മനുഷ്യനാണെന്ന് ഞാൻ കരുതുന്നില്ല. അയാൾ കരയുന്നുണ്ടെങ്കിൽ അത് മുതല കരയുന്നതിനേക്കാൾ ഒട്ടും മെച്ചപ്പെട്ട ഒന്നായും ഞാൻ കരുതുന്നില്ല.

Sanal Kumar Sasidharan said...

നിരാലംബയായ ഒരു അമ്മയെ ഉപേക്ഷിച്ച് കടന്നുകളയുന്ന മകന്റെ മനുഷ്യത്വം (അയാളും മനുഷ്യനാണെന്ന് കാണിക്കാനാണ് കാമറ അയാൾക്ക് പിന്നാലെ പായുന്നത് എന്നാണല്ലോ പറഞ്ഞത്) പ്രേക്ഷകൻ വിട്ടുപോകരുത് എന്ന് നിർബന്ധം പിടിക്കുന്ന ഒരു കാമറയ്ക്ക് മകൻ തിരിച്ചുവരുന്നതും പ്രതീക്ഷിച്ചുള്ള ആ വൃദ്ധമാതാവിന്റെ നിസഹായമായ കാത്തിരുപ്പ് പ്രേക്ഷകനെ കാണിക്കണം എന്ന് തോന്നിയില്ലെങ്കിൽ അതിന് പ്രത്യയശാസ്ത്രപരമായ എന്തോ കുഴപ്പമുണ്ട്.അങ്ങനെ ഒരു കുഴപ്പം കാഴ്ചക്കാരനു തോന്നിയില്ലെങ്കിൽ കാഴ്ചക്കാരനും എന്തോ കുഴപ്പമുണ്ട് എന്ന് തന്നെ ഞാൻ കരുതുന്നു.

സുബ്രഹ്മണ്യപുരം എന്ന തമിഴ് സിനിമയിൽ കൊല്ലപ്പെടുന്നവനെ ഉപേക്ഷിച്ച് കൊല്ലാൻ കൂട്ടിക്കൊടുത്തവനെ ഫോക്കസ് ചെയ്ത് കാമറ ചലിക്കുന്ന മനോഹരമായ ഒരു നെടുങ്കൻ ട്രാക്കിംഗ് ഷോട്ടുണ്ട്. അതിന്റെ വികലമായ ഒരനുകരണമായാണ് എനിക്ക് സലിം കുമാറിനെ ട്രാക്ക് ചെയ്ത് ചക്കടാവണ്ടിയിൽ കാമറവച്ച് വലിക്കുമ്പോലെയുള്ള അലസമായ ആ ഷോട്ടിനെക്കുറിച്ച് തോന്നിയത്. എന്ത് നിലപാടാണ് ഒരു വിഷ്വൽ കൊണ്ട് താൻ വിനിമയം ചെയ്യുന്നതെന്ന സംവിധായകന്റെ ധാരണയില്ലായ്മയാണ് ഈ സിനിമയുടെ കുഴപ്പം.

un said...

സനാതനന്‍,
ഹാപ്പി ജേര്‍ണിയാണ് എനിക്ക് ഏറ്റവും മികച്ചതായി തോന്നിയത്. അതു കഴിഞ്ഞ് ബ്രിഡ്ജും. ബ്രിഡ്ജിലെ സലീം കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കണ്ണീരൊലിപ്പിക്കുന്ന മുഖം ഞാന്‍ വായ്ച്ചെടുത്തത് മറ്റൊരു തരത്തിലാണ്. ലതീഷും ഇപ്പോള്‍ സനാതനനും എടുത്തുകാട്ടിയ മീശവെച്ച മലയാളിയുടെ ഭീരുത്വം തന്നെ. ഒരര്‍ത്ഥത്തില്‍ പുരുഷന്റെ കാപട്യവും യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടുന്ന അവന്റെ ഭീരുത്വവും ചിത്രീകരിക്കാനുള്ള ശ്രമമാണ് മിക്ക ചിത്രങ്ങളുടെയും കോമണ്‍ ത്രെഡ്. വൃദ്ധയായ കണ്ണുകാണാത്ത അമ്മയെന്ന പ്രശ്നത്തിനും കുടുംബത്തിന്റെ സന്തോഷം എന്ന പ്രശ്നത്തിനും ഒരേ സമയം പരിഹാരം ഒന്നും കാണാന്‍ കഴിയാതെ, യാഥാര്‍ത്ഥ്യത്തെ നേരിടാതെ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടുന്ന ഭീരുവായ കഥാപാത്രം മലയാളി പുരുഷന്റെ നേര്‍ക്കാഴ്ചയാണ്. ഇതിന്റെ മറുവശമാണ് ഹാപ്പി ജേര്‍ണിയില്‍ കാണിച്ചത്. പുരുഷനോട്ടങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയോ ഒളിച്ചോടുകയോ ചെയ്യാതെ അതിനെ സധൈര്യം നേരിടുന്ന അത്തരം ഒരു പെണ്‍ കഥാപാത്രം മലയാള സിനിമയില്‍ തന്നെ പുതുമയാണ്. ആത്മഹത്യയെന്ന ഒളിച്ചോടല്‍ പ്രശ്നപരിഹാരമെന്ന നിലയില്‍ വരുന്ന മറ്റൊരു ബോറന്‍ ചിത്രവും ഉണ്ടായിരുന്നു, അവിരാമം.

un said...

മകള്‍ എന്ന സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങളോട് വിയോജിക്കുന്നു. സാമൂഹ്യപ്രസക്തിയുള്ളതെങ്കിലും കാക്കത്തൊള്ളായിരം തവണ പറഞ്ഞിട്ടുള്ള ഒരു വിഷയം യാതൊരു പുതുമയുമില്ലാതെ അവതരിപ്പിച്ചിരിക്കുന്നു. മുഖത്ത് കരിതേച്ചുപിടിപ്പിച്ച കുട്ടിയുടെ മുഖവും കൃത്രിമമായി തോന്നി. വിഷയം തിരഞ്ഞെടുക്കുന്നതിലല്ല അത് അവതരിപ്പിക്കുന്നതിലെ സാമര്‍ത്ഥ്യമാണ് രേവതി അഞ്ജലീ മേനോനില്‍ നിന്നും പഠിക്കേണ്ടത്. (അവരുടെ മഞ്ചാടിക്കുരു എന്ന സിനിമ എവിടെ കിട്ടുമോ ആവോ?)

"നിവൃത്തികേട് എന്ന സൌകര്യത്തെ പൊലിപ്പിച്ചുകൊണ്ട്, അമ്മയെപ്പോലും ഉപേക്ഷിക്കുന്ന മാനസികാവസ്ഥയെ ന്യായീകരിക്കാനുള്ള ശ്രമമാണ് ഈ സിനിമയെ പിന്തിരിപ്പൻ ആക്കുന്നത്. ഒരുപക്ഷേ അതുതന്നെയാവും ഈ സിനിമയെ മലയാളിയുടെ കാപട്യം ഏറെ എളുപ്പത്തിൽ നെഞ്ചേറ്റുന്നതും."

un said...

അമ്മ എന്നതിനു പകരം മകള്‍ ആക്കിയാല്‍ ഈ ആരോപണം ഇത് മകള്‍ എന്ന സിനിമയെക്കുറിച്ചും ഉന്നയിച്ചുകൂടെ? സ്ത്രീയുടെ പ്രശ്നങ്ങളില്‍ പുരുഷനോളം, (ഇതില്‍ പുരുഷനെക്കാളേറെ) കുറ്റം സ്ത്രീക്കു തന്നെയുണ്ടെന്ന ഒരു പിന്തിരിപ്പന്‍ ചിന്തയുടെ സൂചനയും ചിത്രത്തില്‍ കാണാന്‍ കഴിയില്ലേ? പണത്തിനു വേണ്ടി, അതു നിവൃത്തികേടുകൊണ്ടാണെങ്കിലും, സ്വന്തം മകളെ വില്‍കുകയും അവള്‍ പോകുമ്പോള്‍ നിന്നു മോങ്ങുകയും ചെയ്യുന്ന നിഷ്ക്രിയനായ അച്ഛനും വിദേശത്ത് സുഖജീവിതം നയിച്ച് നാട്ടില്‍ വരുമ്പോള്‍ റോഡിലെ ഗട്ടറുകളെപ്പറ്റി പരാതി പറയുന്ന മനുഷ്യനും പ്രശ്നങ്ങളില്‍ നിന്ന് സൌകര്യപൂര്‍വ്വം ഒഴിഞ്ഞുമാറുന്ന ഭീരുക്കള്‍ തന്നെ.

ശ്രീരാമന്റെ കഥ വായിച്ചിട്ടില്ലാത്തതിനാല്‍ പുറം കാഴ്ചകളും നന്നായി തോന്നി. മമ്മൂട്ടിയുടെ വളരെക്കാലത്തിനു ശേഷമുള്ള നല്ല ഒരു റോള്‍. ഏറ്റവും നിരാശപ്പെടുത്തിയത് മൃത്യുജ്ഞയം, ഐലന്റ് എക്സ്പ്രസ്സ്, ഓഫ് സീസണ്‍ ഇവയായിരുന്നു. ലതീഷ് സൂചിപ്പിച്ച കൂക്കിവിളികളെക്കുറിച്ച് കേട്ടപ്പോള്‍ സിനിമ കേരളത്തില്‍ പരാജയമായിരുന്നു എന്നാണ് വിചാരിച്ചത്. ഇവിടെ, ബാംഗ്ലൂരില്‍ രണ്ടു തവണ പോവേണ്ടി വന്നു ടിക്കറ്റു കിട്ടാന്‍. ഹിന്ദി സിനിമകളില്‍ ഈയിടെയായി കണ്ടുവരുന്ന പരീക്ഷണങ്ങള്‍ മലയാളത്തിലേക്കും എത്തിച്ചേര്‍ന്നതില്‍ ഏതായാലും മലയാള സിനിമക്ക് അഭിമാനിക്കാം.ഇതൊരു നല്ല തുടക്കമാവട്ടെ.

ക്ഷമ: കമന്റ് മുറിച്ചെഴുതാതെ പറ്റുന്നില്ല.

Sanal Kumar Sasidharan said...

ഉന്മേഷ് പറയുന്നത് ഒരർത്ഥത്തിൽ ശരിയാണെന്ന് തോന്നുന്നു. മുഴുവൻ സിനിമകളുടെയും ത്രെഡ് മീശവച്ച പുരുഷന്റെ കാപട്യവും ഭീരുത്വവും ഒക്കെത്തന്നെയാണ്. ആ രീതിയിൽ നോക്കിയാൽ ബ്രിഡ്ജ് നല്ല സിനിമയായി തോന്നുമായിരിക്കും. എനിക്ക് പക്ഷേ എന്തോ ഇപ്പോഴും (ആ സിനിമ അവതരിപ്പിച്ചിരിക്കുന്ന രീതിയും കഥാപാത്രങ്ങൾക്ക് നലികിയിരിക്കുന്ന പ്രാധാന്യ/അപ്രാധാന്യങ്ങളും ഒക്കെ നോക്കുമ്പോൾ) കൃത്യമായ കാഴ്ചപ്പാടില്ലാതെ ഉണ്ടാക്കിയ ഒന്നായിട്ടാണ് കാണാൻ കഴിയുന്നത്.വീണ്ടും കാണുമ്പോൾ ശരിയായേക്കാം. ചിലപ്പോൾ ഞാൻ പിടിച്ച മുയലിന്റെ കൊമ്പ് കാരണമായിരിക്കാം.

മകൾ എന്ന സിനിമയെക്കുറിച്ചുള്ള അഭിപ്രായത്തോട് യോജിക്കാനേ കഴിയുന്നില്ല.
“അമ്മ എന്നതിനു പകരം മകള്‍ ആക്കിയാല്‍ ഈ ആരോപണം ഇത് മകള്‍ എന്ന സിനിമയെക്കുറിച്ചും ഉന്നയിച്ചുകൂടെ? സ്ത്രീയുടെ പ്രശ്നങ്ങളില്‍ പുരുഷനോളം, (ഇതില്‍ പുരുഷനെക്കാളേറെ) കുറ്റം സ്ത്രീക്കു തന്നെയുണ്ടെന്ന ഒരു പിന്തിരിപ്പന്‍ ചിന്തയുടെ സൂചനയും ചിത്രത്തില്‍ കാണാന്‍ കഴിയില്ലേ? പണത്തിനു വേണ്ടി, അതു നിവൃത്തികേടുകൊണ്ടാണെങ്കിലും, സ്വന്തം മകളെ വില്‍കുകയും അവള്‍ പോകുമ്പോള്‍ നിന്നു മോങ്ങുകയും ചെയ്യുന്ന...”

Sanal Kumar Sasidharan said...

ഈ സിനിമയിൽ മകളെ വിൽക്കുകയല്ല എന്നത് ശ്രദ്ധിക്കണം. മകളെ കുട്ടികളില്ലാത്ത ദമ്പദിമാർക്ക് വളർത്താനായി കൊടുക്കുകയാണ് (ദത്ത്) ചെയ്യുന്നത്. അതിന് കൊടുക്കുന്ന പണം എത്തുന്നത് അച്ഛന്റ്റെയോ അമ്മയുടേയോ കയ്യിലല്ല.ഇടനിലക്കാരന്റെ കയ്യിലാണ്. ദത്ത് നിൽക്കാനാണ് കുട്ടി പോകുന്നതുപോലും. വളർത്താനാണ് എന്ന് വിശ്വസിച്ച് മകളെ അറവുകാരനാണ് ഏൽ‌പ്പിച്ചതെന്ന് അവർ അറിയുന്നുപോലുമില്ല.അത് വളരെ ദാരുണമായ ഒരവസ്ഥയാണ്. മലയാളത്തിൽ എവിടെയാണ് അത്തരം ഒരു സിനിമ മുൻപ് വന്നത്?മകൾ പോകുമ്പോൾ നിന്ന് മോങ്ങുന്നത് മകളെ വേശ്യാവൃത്തിക്കയച്ചിട്ടു നിന്ന് മോങ്ങുന്ന അച്ഛനല്ല.മകൾ നല്ല വിദ്യാഭ്യാസം നേടി നല്ല വീട്ടിൽ വളരുന്നത് സ്വപ്നം കാണുന്ന അച്ഛനാണ്. ആ സ്വപ്നത്തെ ഏറ്റവും നികൃഷ്ടമായി ഉപയോഗിച്ച് പണത്തിനുള്ള കെണിയൊരുക്കുകയാണ് ലോകം.

ചിത്രഭാനു Chithrabhanu said...

പ്രിയ സനാതനന്‍....
സത്യത്തില്‍ കെര്‍ളാ കഫെ യെ കുറിച്ച് ഒന്നു പോസ്റ്റണം എന്നു ഞാന്‍ കരുതിയതാണു.

എനിക്കും അതില്‍ എടുത്ത് പറയാവുന്നത് ബ്രിഡ്ജ്, പുറം കാഴ്ച്ചകള്‍, മകള്‍, ഹാപ്പി ജെര്‍ണി എന്നിവ തന്നെയാണു. പക്ഷെ എല്ലാ സിനിമകളും ഒരു ഒ.ഹെന്‍റി ട്വിസ്റ്റിലാണു നിലനില്‍ക്കുന്നത്. അതായത് അവസാന നിമിഷമാണു കഥ മാറിമറിയുന്നത്. ഇത് ഒരു വലിയ തെറ്റ് ഒന്നും അല്ല. മാത്രമല്ല, അത് കൊണ്ട് പ്രേക്ഷകനു ഒരു ബുദ്ധിമുട്ടും ഇല്ല്. എന്നാലും എല്ലാ കഥകളും ഇങ്ങനെയാകാതിരിക്കാന്‍ രന്‍ജിത്ത് ശ്രമിക്കെണ്ടതായിരുന്നു.

ബ്രിഡ്ജിനെപ്പറ്റി ഇത്തരം ഒരു വിരുദ്ധ നിലപാടിന്‍റെ ആവശ്യമുണ്ടെന്നു എനിക്ക് തോന്നുന്നില്ല. അത് കണ്ട് ആര്‍ക്കും അങ്ങനെ ചെയ്യാന്‍ ഒരു പ്രോല്‍സാഹനം ആകില്ല. അതി ദയനീയമായ ഒരു അവസ്ഥ ഏകപക്ഷേയമായി പറയാതെ, പ്രേക്ഷകനെ ഒരു അസ്വസ്ഥതയില്‍ എത്തിക്കുന്നുണ്ട് സിനിമ. ഇത് സിനിമയുടെ ഒരു വളര്‍ച്ചയായാണു ഞാന്‍ കാണുന്നത്.

Anonymous said...

നല്ല കുറിപ്പ്.