കാവ്യാത്മകം എന്ന സ്വപ്നാടനത്തിൽ നിന്നും കവിത ഇടയ്ക്കൊക്കെ മോചനം നേടുന്ന കാഴ്ച മനോഹരമാണ്.രസഭരിതമല്ലാത്ത വാചകങ്ങൾ തുന്നിക്കൂട്ടി അത് ഒരു പുതിയ വേഷം കെട്ടുന്നു,ശാസ്ത്രീയപദങ്ങളും പ്രമാണങ്ങളും അലങ്കാരങ്ങൾക്കും ഉപമകൾക്കും പകരം സ്ഥാനം പിടിക്കുന്നു.ഇത് കവിതയോ എന്ന് ചിലരെയെങ്കിലും അമ്പരപ്പിക്കുമാറ്,"വാക്യം രസാത്മകം കാവ്യം" എന്ന അടിസ്ഥാനത്തെ തൊഴിച്ചെറിഞ്ഞ് അത് പുതിയൊര് കുതിപ്പിന് തയാറെടുക്കുന്നു...
ഖുറാനും,ഭഗവത്ഗീതയും, ഭാഗവതവും ബൈബിളും മാത്രമല്ല കവിതയും ശാസ്ത്രത്തിന്റെ കണ്ണടയിലൂടെ സ്വയം ന്യായീകരണത്തിന് ശ്രമിക്കുകയാണ്....ഇങ്ങനെയൊക്കെ തോന്നിപ്പോകും ചില കവിതകള്‍ വായിക്കുമ്പോള്‍...

ദേവതീര്‍ത്ഥയുടെ തുലയട്ടെ എന്ന കവിത അത്തരത്തിലൊന്നാണ്.സിംബയോസിസ് എന്ന ശാസ്ത്രീയമായ അറിവിനെ ഉപയോഗിച്ച് സമകാലിക ജീവിതത്തെ എങ്ങനെ വായിക്കാം എന്നതിന്റെ ഫിലോസഫി എന്ന് ഈ കവിതയെക്കുറിച്ച് പറയാം.നിലനിൽ‌പ്പിനുവേണ്ടിയുള്ള ഒത്തുതീർപ്പുകളായി പ്രത്യയ ശാസ്ത്രങ്ങളും സ്ത്രീപുരുഷ ബന്ധങ്ങളും രാഷ്ട്രീയവും...മനുഷ്യജീവിതം തന്നെയും മാറുന്നതിന്റെ ദുരന്തദൃശ്യം കാണിച്ചുതരുന്നു ഈ കവിത.

നക്രത്തിന്റെ
പിളര്‍ന്ന വായിലേക്ക്,
അടിഞ്ഞുകൂടിയ ഇരുട്ടിലേക്ക്,
ഏതു വിശ്വാസത്തിന്റെ
വാള്‍ത്തലപ്പിലൂടാണ്?
ഒരു പ്ലോവര്‍* പക്ഷി
ചിറകു വിരുത്തിപ്പറക്കുന്നത്?

വിശ്വാസം എന്ന ഏറ്റവും മൃദുലമായ ആവരണത്തിനുള്ളിലാണ് നാമെല്ലാം സുരക്ഷയെക്കുറിച്ച് ആത്മവിസ്വാസമുള്ളവരായിരിക്കുന്നത് എന്നത് എത്ര ഭീതിജനകമായ സത്യമാണ്.വലക്കുള്ളിൽ ഇരതേടുന്ന പക്ഷികളെപ്പോലെയല്ലേ നാം.
ശത്രുക്കൾ തമ്മിലുള്ള സിംബയോസിസ്,തിന്നുന്നവനും തിന്നപ്പെടുന്നവനും തമ്മിലുള്ള സിംബയോസിസ്,വേട്ടക്കാരനും വേട്ടയാടപ്പെടുന്നവനും തമ്മിലുള്ള സിംബയോസിസ്....ഹാ ജീവിതം!

ഏറ്റവും അടിയന്തിരമായ സാമുഹിക രാഷ്ട്രീയ പശ്ചാത്തലത്തെ മുതൽ ഏറ്റവും കുഴമറിഞ്ഞ ജീവിതനിഗൂഡതയെവരെ അഭിമുഖീകരിക്കുന്നു ഈ കവിത.

ഉടഞ്ഞ ഭാഷയുടെ ചീളുകള്‍ കൊണ്ട്‌ ഒരു മുഴുവന്‍ ജീവിതം മുറിച്ചുവയ്ക്കുന്നു അന്‍വര്‍ അലിയുടെ "സന്‍ബിന്‍"എന്ന കവിത.എണ്ണിയെടുക്കാവുന്നത്രമാത്രം മലയാളം വാക്കുകള്‍ ചിതറിത്തെറിച്ചപോലെ ഇംഗ്ലീഷും കൊറിയനും.പരന്നു കെട്ടുന്ന സ്നേഹത്തിന്റെ അനാഥത്വം...അങ്ങനെ വിശേഷിപ്പിക്കാം സന്‍ബിന്‍ എന്ന കവിതയെ അല്ലെങ്കില്‍ യോ ബാറിലെ വിളമ്പുകാരിയെ.

ആത്മവിശ്വാസമില്ലാത്ത വാചകങ്ങളില്‍ പതിഞ്ഞ സ്വരത്തിലാണ്‌ കവിത സംസാരിക്കുന്നത്‌.വ്യാകരണപ്പിശകിന്റെ ഓമനത്വം നിറഞ്ഞ,എന്നാല്‍ മൂര്‍ച്ചയോടെ തുളച്ചുകയറുന്ന വാചകങ്ങളാലാണ്‌ കവിത തീര്‍ത്തിരിക്കുന്നത്‌.
“മിസ്റ്റര്‍ അലി ആന്‍ഡ്‌ സന്‍ബിന്‍ ഫ്രണ്ട്‌സ്‌ ക്വഞ്ചനായോ?“
സന്‍ബീന്‍ ചോദിക്കുന്നു
ചോദ്യം തന്നെ ഉത്തരമായി നല്‍കേണ്ടിവരുന്ന സാന്ത്വനപ്പെടുത്തലിന്റെ മുറിവേല്‍പ്പിക്കുന്ന മറുപടി അലിപറയുന്നു
“ക്വഞ്ചനായോ.“
ഭാഷയെക്കാള്‍ ഭാവത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ മന്ദതാളത്തില്‍ കുറഞ്ഞ വരികളില്‍ ഉടഞ്ഞുകിടക്കുന്ന കവിതയിലാകമാനം സന്‍ബീന്‍ ഒരു വികാരമായി പതിഞ്ഞുകത്തുന്നുണ്ട് .
രാത്രി മൂന്നുമണി-
കോക്ടെയിലിനുള്ളില്‍ നിന്ന്
തന്നെ അരിച്ചെടുത്ത്,
ഇരുട്ടുടയാടയ്ക്കുമേല്‍,
അടുത്ത കൊല്ലം
ഫാഷന്‍ഡിസൈനിങ്ങ് കോഴ്സിനു ചേരുന്ന
ഒരു സന്‍ബിന്‍സ്വപ്നം ചുറ്റി
തണുപ്പത്ത്
ചൊന്‍ മിന്‍ ദോങ്ങിലെ ബാറില്‍ നിന്ന്
ഡൌണ്‍ ടൌണിലെ
അപ്പയും ഒമ്മയും ഉറങ്ങിയ അപ്പാര്‍ട്ട്മെന്റിലേക്ക്

ഒരു മണിക്കൂര്‍ നടത്തത്തിനിടെ സന്‍ബീന്‍ ചോദിക്കുന്നു.

"ഐ ലോണ്‍ലീ..അലി ലോണ്‍ലീ?"

നാലുമണി-
ടിഷ്യു കടലാസില്‍ അവള്‍ വെറുതേ തെറുത്ത
'മുകുംഹ്വാ'ഇതളുകളെ,3
വരുംകൊല്ലം
ഏതോ കൂട്ടുകാരന്റെ രാവുടലില്‍
കൊലുന്നു സന്‍ബിന്‍വിരലുകള്‍ വിരിഞ്ഞുതുടുക്കുന്ന
ഒരു സ്വപ്നം ചാറി നനച്ച്,
പുലരിമേഘങ്ങളോടൊപ്പം
അയാള്‍ മടങ്ങാനൊരുങ്ങുമ്പോള്‍ സ്നേഹത്തിന്റെ ഉച്ചസ്ഥായിയിലെ അനാഥത്വത്തില്‍ അവള്‍ പിറുപിറുക്കുന്നു

"സന്‍ബീന്‍ ലോണ്‍ലീ..നോ ബോയ്‌ ഫ്രണ്ട്‌"

ആദ്യവാചകത്തിലെ ഐ ലോണ്‍ലീ എന്ന പദം സന്‍ബീന്‍ ലോണ്‍ലീ എന്നുമാറുമ്പോള്‍ എന്തുകൊണ്ടാണ്‌ വായനക്കാരാ നിനക്കു വേദനിക്കുന്നത്‌? സ്നേഹത്തിന്റെ പാരമ്യതയില്‍ ദുഖപൂര്‍ണ്ണമായ ആ അനാഥത്വം നീ അനുഭവിച്ചിട്ടുണ്ടോ? ഞാനും ഞാന്‍ സ്നേഹിക്കുന്നവനും കൂട്ടില്ലാതായിപ്പോകുന്ന ‘ഞാന്‍‘ എന്ന പ്രഹേളികയുടെ വേദന അനുഭവിച്ചിട്ടുണ്ടോ? എപ്പോഴെങ്കിലും സ്വന്തം പേരുപറഞ്ഞ്‌,തന്നില്‍ നിന്ന് സ്വയം പറിച്ച്‌ മാറ്റി നിര്‍ത്തിക്കൊണ്ട്‌ "ആരുമില്ല" എന്നു പിറുപിറുത്ത നിമിഷങ്ങളെയെല്ലാം ഓര്‍മ്മിപ്പിക്കുന്നുണ്ടോ , ഭാഷകൊണ്ടുള്ള ഈ കോക്ടെയില്‍ ?