മനുഷ്യ ജീവിതത്തിന്റെ ഉണ്മകളെക്കുറിച്ചുള്ള എല്ലാ അന്വേഷണങ്ങള്‍ക്കും രണ്ട് ചിറകുകളുണ്ട്.തികച്ചും വിഭിന്നമായ എതിര് ദിശയിലേക്കു പറക്കുന്ന രണ്ട് ചിറകുകള്.അതുകൊണ്ടുതന്നെ എന്താണു ഉണ്മ എന്ന അന്വേഷണത്തിന് തൃപ്തമായ ഒരു ഉത്തരം കണ്ടെത്താന്‍ കഴിയുന്നതിനുമുന്പേ ഈ ചിറകുകളുടെ എതിര് ത്വരണത്തില്‍ ഉടലും മനവും തളര്‍ന്ന് നാം ചോദ്യങ്ങളുടെ ഒരു ഘനസാഗരത്തിലേക്ക് ഇടിഞ്ഞുവീഴുന്നു.തീരെ പരിതാപകരമായ ഈ മാനുഷിക അന്വേഷണത്തെ ഒരു സിനിമ എന്ന കലാരൂപത്തിന് സാധ്യമായ എല്ലാ പേശീബലത്തോടുംകൂടി കൊത്തിവച്ചിരിക്കുന്നു ശ്യാമപ്രസാദ് ഒരേ കടല്‍ എന്ന തന്റെ കവിതയില്‍.(ശരിക്കും ഈ ചലച്ചിത്രത്തെ- പുളിച്ചുപോയ വിശേഷണമാണെന്നറിയാമെങ്കിലും- കവിത എന്നു തന്നെ വായിക്കാനാണ് എനിക്കിഷ്ടം.)മനുഷ്യന് ജീവിക്കാന്‍ എന്തൊക്കെയാണ് വേണ്ടത്.!നല്ല ആഹാരവും നല്ല ഭക്ഷണവും നല്ല വസ്ത്രങ്ങളും ഉണ്ടെങ്കില്‍ അവന്റെ ജീവിതം സഫലമാകുമോ?സ്നേഹവും ബന്ധങ്ങളും മനുഷ്യന് യാതൊരുവിധത്തിലും ആവശ്യമില്ലാത്ത,അര്‍ഥശൂന്യമായ ചപല വികാരങ്ങളാണൊ?ശരി തെറ്റുകളുടെ നിര്‍വചനങ്ങള്‍ സമൂഹം അതിന്റെ വ്യവസ്ഥാപിതക്കുവേണ്ടി നമുക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന പാഴ്ഭാരങ്ങളാണോ?ഇങ്ങനെ മനുഷ്യന് കാലാകാലമായി ചോദിച്ചുകൊണ്ടിരിക്കുന്നതും ഇനിയും ഉത്തരം കണ്ടെത്തിയിട്ടില്ലാത്തതുമായ ചോദ്യങ്ങളുടെ കുതിരകളെ കാഴ്ചക്കാരനുമേല്‍ അഴിച്ചുവിടുന്നു ഈ ചലച്ചിത്രം.
ബംഗാളി എഴുത്തുകാരനായ സുനില്‍ ഗംഗോപാദ്ധ്യായയുടെ ‘ഹീരക് ദീപ്തി’ എന്ന നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം മലയാള ചലച്ചിത്രത്തിന്റെ കെട്ടില്‍ നമുക്ക് പരിചയമില്ലാത്ത ഒരു കാഴ്ച്ച തന്നെയാണ് ഒരുക്കിയിരിക്കുന്നത്.സാധാരണ മലയാള സിനിമകളില്‍ കാണാറുള്ള സദാചാരപരമായ ഒത്തുതീര്‍പ്പുകള്‍ ഒന്നും ഇല്ലാതെ നേര്‍വഴിയില്‍ ഒരു കഥ പറഞ്ഞു തീര്‍ക്കാന്‍ ആര്‍ജ്ജവം കാണിച്ചു എന്നതാണ് ഈ ചലച്ചിത്രത്തിന് മലയാള സിനിമാ ചരിത്രത്തില്‍ ഉണ്ടാക്കിക്കൊടുക്കാന്‍ പോകുന്ന ഏറ്റവും വലിയ പെരുമ.ഒരു ദൃശ്യകലയെന്ന എല്ലാസാധ്യതകളെയും മുതലെടുക്കാന്‍ ടെലിഫിലുമുകളില്‍ ശ്യാമപ്രസാദ് കാണിച്ചിരുന്ന കയ്യടക്കം നമുക്ക് ആദ്യമായി അദ്ദേഹത്തിന്റെ സിനിമയില്‍ അനുഭവവേദ്യമായത് അകലെയില്‍ ആയിരുന്നു.എന്നാല്‍ അകലെ എന്ന ചലച്ചിത്രത്തില്‍ നിന്നും എത്രയോ ചുവടുകള്‍ മുന്നിലാണ് ഈ രചന.
തികച്ചും ദാര്‍ശനികമായ കുറെചോദ്യങ്ങള്‍ സിനിമയില്‍ ഇതള്‍വിരിയുന്നത് ലോകപ്രസിദ്ധനായ ഒരു സാമ്പത്തികവിദഗ്ദ്ധനും ഒരിടത്തരം കുടുംബത്തിലെ ഭര്‍തൃമതിയായ സ്ത്രീയും തമ്മിലുള്ള ശാരീരിക മാനസിക വ്യാപാരങ്ങളുടെ ഹൃദയസ്പര്‍ശിയായ കഥപറഞ്ഞുകൊണ്ടാണ്.മമ്മൂട്ടി അവതരിപ്പിക്കുന്ന നാഥന് എന്ന സാമ്പത്തിക വിദഗ്ദ്ധന് ബന്ധങ്ങളിലും സ്നേഹത്തിലും കെട്ടുപാടുകളിലും തെല്ലും വിശ്വസിക്കുന്നില്ല.ഈ അറിവ് എറിഞ്ഞുതന്നുകൊണ്ടാണ് ശ്യാമപ്രസാദ് പ്രേക്ഷകനുമുന്നില്‍ സിനിമ തുറക്കുന്നത്.തന്നെ ഒരു നോക്കുകാണാന്‍ മരണക്കിടക്കയില്‍ ഇളയമ്മ ആഗ്രഹിക്കുന്നു എന്നറിയിക്കുന്ന ഫോണ്‍വിളിയിലാണ് സിനിമയുടെ ആദ്യ സീന്‍.എന്നാല്‍ ബന്ധങ്ങള്‍ കെട്ടുപാടുകളാണെന്നു വിശ്വസിക്കുന്ന അയാള്‍ പോകുന്നില്ല.അയാളുടെ ഫ്ലാറ്റിനു താഴത്തെനിലയില്‍ താമസിക്കുന്ന തൊഴിലില്ലായ്മകൊണ്ട് പട്ടിണിപിടികൂടിയ കുടുംബത്തിലെ നാഥയാണ് മീരാജാസ്മിന് അവതരിപ്പിക്കുന്ന ദീപ്തി(മീരാജാസ്മിന്റെ അഭിനയ മികവ് എടുത്തുപറയേണ്ടത് തന്നെ) .ആകസ്മികമായ ചിലകണ്ടുമുട്ടലുകളിലും സഹായാഭ്യര്‍ഥനകളിലും തുടങ്ങുന്ന അവരുടെ ബന്ധം വളരെത്താമസിയാതെ ശാരീരികബന്ധത്തില്‍ ചെന്നെത്തുന്നു.എന്നാല്‍ ഈ ശാരീരിക ബന്ധം തുടങ്ങുന്ന മുഹൂര്‍ത്തം ശ്രദ്ധേയമാണ്.ഇളയമ്മ മരിച്ച് അതിന്റെ സന്തോഷം മദ്യത്തിന്റെ പുറത്ത് ആസ്വദിച്ചിരിക്കുന്ന അയാളുടെ അടുത്തേക്ക് ഭര്‍ത്താവിന് ഒരു ജോലി ശരിയാക്കിത്തരണം എന്ന അഭ്യര്‍ഥനയുമായിട്ടാണ് ആ സ്ത്രീ എത്തുന്നത്.അയാള്‍ക്ക് ആഘോഷിക്കാന്‍ ഒരു സ്ത്രീയെ വേണമായിരുന്നു.അവള് അത് തടയുന്നുമില്ല.ഒരു ബന്ധത്തില്‍ നിന്നു മോചിതനായി എന്ന അഘോഷത്തില്‍ അറിഞ്ഞോ അറിയാതെയോ അയാള്‍ കൂടുതല്‍ കടുപ്പമുള്ള മറ്റൊരു ബന്ധത്തിനു തുടക്കമിടുന്നു എന്നിടത്താണ് സിനിമയുടെ ഐറണി തുടങ്ങുന്നത്.അതിന് നാഥന് എന്ന വിശാലമായ കാഴ്ചപ്പാടുള്ള പുരുഷന് ഉപയോഗിക്കുന്ന വഴി സഹായം ചെയ്യുക എന്നചൂഷണവും.
തനിക്ക് അവള് അതുവരെ കണ്ടിട്ടില്ലാത്തവിധം ആസ്വാദ്യയായ ഒരു പെണ്ണുമാത്രമാണെന്ന് അയാള്‍ പലപ്പോഴും അവളോടുതന്നെ പറയുന്നുണ്ട്.ഒരിക്കള്‍ അവള് അയാളുടെ മുറിയിലേക്കു വരുമ്പോള്‍ അയാളുടെ മറ്റൊരു സ്ത്രീസുഹൃത്തിന്റെ ഉടുപ്പ് കണ്ടുകിട്ടുന്നു.അയാള്‍ പറയുന്നു.എനിക്കു ധാരാളം സുഹൃത്തുക്കളുണ്ട്.അവള് ചോദിക്കുന്നു.സ്ത്രീകളോ?അയാള്‍ പറയുന്നു സ്ത്രീകളും... പിന്നീടൊരിക്കല്‍ അയാള്‍ അവളുടെ മുഖത്തുനോക്കിത്തന്നെ പറയുന്നു.എനിക്കു വേണ്ടത് നിന്റെ ശരീരം മാത്രമാണ്.അതിലപ്പുറമൊന്നും നീ എന്നില്‍ നിന്നും പ്രതീക്ഷിക്കരുത്.അവള് അയാളോടു ചോദിക്കുന്നു എന്നെ വെറുമൊരു ശരീരമായിട്ടണോ കാണുന്നത്?....
അതേത്തുടര്‍ന്ന് അയാളുമായുള്ള ബന്ധം തുടരാന്‍ അവള് വിസമ്മതിക്കുകയാണ്.എന്നാല്‍ നാഥനില്‍ നിന്നും അവള് ഗര്‍ഭിണിയാകുന്നതോടെയാണ് സിനിമ ജീവിതവുമായുള്ള യഥാര്‍ത്ഥമായ സംഘട്ടനങ്ങളുടെ മൈതാനത്തിലേക്ക് എത്തിച്ചേരുന്നത്.പട്ടിണിയെക്കുറിച്ച് പുസ്തകമെഴുതുന്ന നാഥന് പട്ടിണിയുടെ യഥാര്‍ഥ ഉറവിടമായി കാണുന്നത് സാമര്‍ഥ്യത്തെയും സാമര്‍ഥ്യമില്ലായ്മയേയുമാണ്.അയാള്‍ പറയുന്നു ജോലി വേണമെങ്കില്‍ അന്വേഷിക്കണം,കാണേണ്ടവരെ പോയി കാണണം.(അവള് അയാളെ പോയി കാണുന്നതോടെ അവളുടേ ഭര്‍ത്താവിനു ജോലി ലഭിക്കുകയും ചെയ്യുന്നു.)സിനിമയുടെ പലയിടങ്ങളിലും ഇങ്ങനെ സ്വയം സൃഷ്ടിച്ചുവച്ചിട്ടുള്ള ആദര്‍ശവാദത്തിന്റെ പുറന്തോടിലൊളിക്കുന്ന ഒച്ചായി മാറുന്ന നാഥനെ നമുക്കു കാണാം.നീ എനിക്കു വെറും ഒരു ശരീരം മാത്രമാണെന്നും നിനക്കുവേണമെങ്കില്‍ മാത്രം എന്നെത്തേടിവന്നാല്‍ മതിയെന്നും പറയുന്ന അയാള്‍ ഒരു രാത്രിയില്‍ അവളുടെ വാതിലില്‍ മുട്ടി ഒന്നുമുകളിലേക്ക് വരൂ എനിക്ക് നിന്നെക്കൊണ്ട് ഒരാവശ്യമുണ്ട് എന്നു കെഞ്ചുന്ന ഒരു രംഗമുണ്ട്.ഇതിലൂടെ അയാളുടെ വ്യക്തിത്ത്വത്തില്‍ അയാള്‍പോലും അറിയാതെ ഒളിഞ്ഞിരിക്കുന്ന കാപട്യം മാത്രമല്ല,സ്നേഹിക്കുന്ന പുരുഷനല്ലാതെ ശരീരം പങ്കുവയ്ക്കുന്നത് പാപമാണെന്നും സ്നേഹിക്കുന്നപുരുഷന്‍ അതു ഭര്‍ത്താവല്ലെങ്കില്‍കൂടി താന്‍ ചെയ്യുന്ന സമര്‍പ്പണത്തില്‍ പശ്ച്ചാത്താപമില്ലെന്നും ഉറച്ചു വിശ്വസിക്കുന്ന ഒരു സ്ത്രീയുടെ മനസ്സുകൂടി വെളിവാകുന്നു.മറ്റൊരു രംഗത്തില്‍ അയാളുടെ സുഹൃത്തായ ബേല ഒരുയാചകബാലനു കാശുകോടുക്കുമ്പോള്‍ അയാള്‍ എതിര്‍ക്കുന്നു.അയാളുടെ ആദര്‍ശം അങ്ങനെ കാശുകൊടുക്കുന്നത് ഭിക്ഷാടനം പ്രോത്സാഹിപ്പിക്കുകയേ ഉള്ളു എന്നാണ്.എന്നാല്‍ അവന്റെ വിശപ്പിന് പണംമാത്രമാണ് പ്രതിവിധി എന്ന രീതിയില്‍ ബേല സംസാരിക്കുമ്പോള്‍ അസ്വസ്ഥനായിക്കൊണ്ട് സംഭാഷണം അവസാനിപ്പിക്കാന്‍ പറയുന്ന നാഥനെ നമുക്കു കാണാം.അതിന്റെ അര്‍ഥം അയാളുടെ മുന്പില് പ്രധിവിധികള്‍ ഇല്ല എന്നതും ആദര്‍ശം അയാളുടെ രക്ഷാകവചമാണ് എന്നതുമാണ്. ഇവിടങ്ങളില്‍ മാത്രമല്ല ബന്ധങ്ങളില്‍ വിശ്വസിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇളയമ്മയെ കാണാന്‍ പോകാതിരിക്കുന്ന അയാള്‍ അവരുടെ മരണ ശേഷം മദ്യത്തിലും സ്ത്രീ ശരീരത്തിലും അഭയം തേടുന്നു എന്നയിടത്തും,ദീപ്തിയെ സഹായിക്കുന്നതിന്റെ അവകാശം ചൂഷണം ചെയ്തല്ല അവളുമായി രമിക്കുന്നതെന്ന് അവകാശപ്പെടുന്ന നാഥന് സഹായം തേടിച്ചെല്ലുമ്പോഴാണ് അവളെ താനുമായി ശയിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നയിടത്തും ഈ വൈരുധ്ദ്യം നമുക്കു കാണാന്‍ കഴിയും.
അയാളില്‍ നിന്നും ഗര്‍ഭിണിയാകുന്നതോടെ ദീപ്തിയുടെ മാനസിക നില തകരുകയാണ്.അതുവരെ പാപബോധത്തിന്റെ ലാഞ്ചനപോലും കാണിക്കാതിരുന്ന അവള് അതോടെ താന്‍ നശിപ്പിക്കപ്പെട്ടു എന്ന ചിന്തയില്‍ നീറുന്നു.താന്‍ ഗര്‍ഭിണിയാണ് എന്നറിയിക്കാന്‍ ദീപ്തി അയാളുടെ അടുത്തേക്ക് പോകുമ്പോഴും അയാള്‍ അതേപ്പറ്റിയൊന്നും ചിന്തിക്കുന്നതേയില്ല.അയാള്‍ പറയുന്നത് നീയിങ്ങടുത്തുവാ ഗര്‍ഭിണിയായ ഒരു സ്ത്രീയേയും ഞാനിതുവരെ ഇത്ര അടുത്തു കണ്ടിട്ടില്ല എന്നാണ്.ഗര്‍ഭത്തെക്കുറിച്ചും കുഞ്ഞുങ്ങളെക്കുറിച്ചുമുള്ള അയാളുടെ കാഴ്ചപ്പാടും വിഭിന്നമല്ല ഓരോ മണിക്കൂറിലും ലോകത്ത് 7500 കുഞ്ഞുങ്ങള്‍ ജനിക്കുന്നു.അയാള്‍ നിര്‍വ്വികാരനായി പറയുന്നു..തികഞ്ഞ ഭൌതീകവാദത്തില്‍ സ്നേഹത്തേയും ബന്ധങ്ങളേയും തള്ളിപ്പറയുന്ന അയാള്‍ക്കുമുന്നില്‍ താന്‍ അയാളുടെ ഗര്‍ഭം ചുമക്കുന്നവളാണെന്ന രഹസ്യം പോലും പറയാതെ അവള് തിരിച്ചിറങ്ങുന്നു.ഇങ്ങനെ പടികയറിപ്പോകലിനും ഇറങ്ങിവരവിലും കൂടി സാമ്പത്തികവും സാമൂഹികവുമായുള്ള ഒരു ഉപരിനീച വ്യത്യാസം ധ്വനിപ്പിച്ചിരിക്കുന്നു സംവിധായകന്.
കുഞ്ഞ് പിറക്കുന്നതോടെ ദീപ്തിയുടെ പാപബോധം അവളെ തികച്ചും ഭ്രാന്തിയാക്കി മാറ്റുകയാണ്.ഒരു രാത്രി അവളുടെ ഭര്‍ത്താവ് ഉണര്‍ന്നു നോക്കുമ്പോള്‍ ഒരു വൃത്തികെട്ട വസ്തുവിനെയെന്നപോലെ കുഞ്ഞിനെയും തൂക്കിപ്പിടിച്ച് പുറത്തേക്ക് പോകാന്‍ തുനിയുന്ന ദീപ്തിയെയാണ് കാണുന്നത്.ഞാന്‍ നമ്മുടെ കുഞ്ഞിനെ കളഞ്ഞിട്ടുവരട്ടെ ഒരൊ മിനിട്ടിലും ലോകത്ത് 7500 കുഞ്ഞുങ്ങള്‍ ജനിക്കുന്നു ഇതാണ് അവള് പറയുന്നത്.
അവള്‍ക്ക് ഭ്രാന്തായി എന്നറിയുമ്പോഴും നാഥന് സ്വയം രക്ഷയുടെ ആദര്‍ശകവചം തേടി പോകുന്നു.അയാളെ സംബന്ധിച്ച് സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരിക ബന്ധത്തില്‍ ശരി തെറ്റുകളുടെ യാതൊരു പ്രശ്നവുമില്ല.ഇത് അയാള്‍ ഒരിക്കല്‍ ദീപ്തിയോടും പറയുന്നുണ്ട്.അവള് ചോദിക്കുന്നു.എന്നോട് സ്നേഹമില്ലെങ്കില്‍ എന്നെക്കൊണ്ട് എന്തിനീ തെറ്റുചെയ്യിച്ചു?അതിന് അയാളുടെ മറുപടി ശരിയും തെറ്റും എന്ന ഒന്നില്ല എന്നാണ്.നിനക്ക് തെറ്റാണെന്നു തോന്നിയിരുന്നെങ്കില്‍ നീ എന്തിനു വീണ്ടും വീണ്ടും വരുന്നു? അയാള്‍ ചോദിക്കുന്നു.അവള്‍ക്ക് ഭ്രാന്തായത് അവളുടെ കുറ്റം കൊണ്ടാണെന്നും തനിക്കതില്‍ ഒരു പങ്കും ഇല്ല എന്നും സ്വയം സമര്‍ഥിക്കാന്‍ എന്നവണ്ണം പുലമ്പിക്കൊണ്ടിരിക്കുന്ന അയാളോട് ബേല ചോദിക്കുന്നു.പിന്നെ എങ്ങനെ അവള്‍ക്ക് ഭ്രാന്തായി?അയാളുടെ മറുപടി രസാവഹമാണ്.ഈ ലോകത്ത് എത്രയോ പേര്‍ക്ക് ഭ്രാന്തുപിടിക്കുന്നു അതിനൊക്കെ ഞാനാണോ കാരണം...എന്നാല്‍ ദീപ്തി അയാളെ കാണാന്‍ വന്നത് താന്‍ ഗര്‍ഭിണിയായത് അയാളില്‍ നിന്നാണെന്ന വിവരം അറിയിക്കാനാണെന്ന് ബേല വെളിപ്പെടുത്തുന്നതോടെ അയാള്‍ എന്ന നങ്കൂരത്തിന് ഇളക്കം തട്ടിത്തുടങ്ങുന്നു.അവള് എന്തുകൊണ്ട് മുന്‍കരുതല്‍ എടുത്തില്ല?അയാള്‍ ചോദിക്കുന്നു.ബേലയുടെ മറുപടി അയാളെ തകര്‍ത്തുകളയുന്നു.അവള് നിങ്ങളെ അവളുടെ കൃഷ്ണനായിട്ടാണ് കണ്ടിരുന്നത്.നിങ്ങളെ അവള് അത്രക്ക് സ്നേഹിച്ചിരുന്നു...
നീണ്ട കാലത്തെ ചികിത്സക്കു ശേഷം ദീപ്തി ഭ്രാന്തുമാറി തിരിച്ചു വരുമ്പോഴും അവളില്‍ നിന്നും അയാളോ അയാളില്‍ നിന്നും അവളോ വിട്ടുപോയിട്ടില്ല.ബന്ധങ്ങളില്‍ വിശ്വസിക്കുന്നില്ല എന്നു വീമ്പിളക്കിയിരുന്ന അയാള്‍ അവളെക്കുറിച്ചുള്ള വേദനയില്‍ മദ്യത്തിന് സ്വയം സമര്‍പ്പിക്കുകയാണ്.ഭ്രാന്തു മാറി തിരിച്ചുവരുന്ന ദീപ്തിയും ഭര്‍ത്താവിനോട് ആദ്യം ചോദിക്കുന്നത് ജയേട്ടന് വേറെ കല്യാണം കഴിക്കാത്തതെന്ത് എന്നാണ്.വേറെ കല്യാണം കഴിച്ചിരുന്നെങ്കിലും എനിക്കൊരു പരാതിയും ഉണ്ടാകില്ല എന്നാണ് അവള് പറയുന്നത്.ആ സംഭാഷണങ്ങള്‍ സൂചിപ്പിക്കുന്നത് അവള് ഭര്‍ത്താവില്‍ നിന്നും കാംക്ഷിക്കുന്ന സ്വാതന്ത്ര്യത്തെയാണ്.എന്നാല്‍ മക്കളെ കാണുന്നതോടെ ഒരു കുടുംബിനി ആയിത്തീരാന്‍ സ്വയം ഒരുങ്ങുന്നു ദീപ്തി.ഒരു മുറിയില്‍ നിറയെ ദൈവങ്ങളുടെ പടം വച്ച് ഭക്തിയിലേക്ക് തിരിയുന്ന ദീപ്തി ഭക്തിയും പ്രണയവും തമ്മിലുള്ള രഹസ്യ ബന്ധത്തെയാണ് വെളിപ്പെടുത്തുന്നത്.എന്നാല്‍ അവളുടെ വിലാസം തപ്പി നാഥന് വന്നെത്തുന്നതോടെ അവള് വീണ്ടും സമനില തെറ്റും എന്ന അവസ്ഥയിലേക്ക് എത്തുകയാണ്.പൂജാമുറിയിലെ ദൈവങ്ങളുടെ ചിത്രങ്ങള്‍ എല്ലാം തച്ചുതകര്‍ത്ത് അവള് പറയുന്നു ഇനി ഞാന്‍ ദൈവങ്ങളെ പൂജിക്കുകയില്ല,ഒരു പ്രയോജനവുമില്ല! മനുഷ്യന് അവന്റെ ആത്മാവിന്റെ പ്രശ്നങ്ങള്‍ക്ക് ഉത്തരം കാണാന്‍ സ്വയം അടിയറവയ്ക്കുന്ന ഈശ്വരന് എന്ന ബിംബം പ്രയോജന രഹിതമാണെന്ന കണ്ടെത്തലാണത്.അവള് ദൈവങ്ങളുടേ ഫോട്ടോ തകര്‍ത്തുണ്ടാക്കിയ കണ്ണാടിച്ചില്ലുമായി(ഒരു കത്തിയായി ഉപയോഗിക്കാന്‍) അയാളെ തേടിയിറങ്ങുന്നുണ്ട്.എന്നാല്‍ അയാളുടെ മുന്നില്‍ അവള് നിസ്സഹായയാണ്.അവളുടെ മുന്നില്‍ അയാളും.അയാള്‍ പറയുന്നു ഞാന്‍ നിന്നോട് തെറ്റു ചെയ്തു.അവള് പറയുന്നു ഇനിയെന്നെ ഇവിടെന്നിന്നും പറഞ്ഞയക്കരുതേ..അയാള്‍ പറയുന്നു എന്നെ ഒരു പെണ്ണും ഇത്ര സ്നേഹിച്ചിട്ടില്ല എനിക്കു നിന്നെ വേണം നിന്നെ ഞാനാര്‍ക്കും വിട്ടുകൊടുക്കുകയില്ല.
ഇങ്ങനെ സ്നേഹത്തിന്റെയും സ്നിഗ്ദ്ധബന്ധങ്ങളുടേയും മുന്നില്‍ ഭൌതികമായ ആദര്‍ശവാദം അടിയറവുപറയുന്നതോടെ സിനിമ അവസാനിച്ചു എന്നാണ് പ്രേക്ഷകര്‍ കണ്ടതെങ്കില്‍ ഇത് ഒരു നല്ല സിനിമ എന്ന് പറയാനേ കഴിയുമായിരുന്നുള്ളു.എന്നാല്‍ മലയാള സിനിമയുടെ ദൃശ്യവാചകത്തില്‍ ഇന്നോളം രചിക്കപ്പെടാത്ത ഒരു മനോഹരമായ ഷോട്ടിലാണ് സിനിമ അവസാനിക്കുന്നത്.വേച്ചു വെയ്ക്കുന്ന കാലുകളുമായി അവളുടെ അയാളുടേയും പെണ്‍കുഞ്ഞ് അമ്മയെത്തേടി മുകളിലേക്കുള്ള പടിക്കെട്ടു കയറുന്ന ഷോട്ടാണത്.അഴകപ്പന്‍ എന്ന കമറാമാനും ശ്യാമപ്രസാദ് എന്ന സംവിധായകനും ഒരു പോലെ അഭിമാനിക്കാവുന്ന ഒരു ഫുള്‍സ്റ്റോപ്പ്.അവള് കറങ്ങിക്കറങ്ങി ആ പടവുകള്‍ കയറിക്കൊണ്ടേയിരിക്കുന്നു.
ഏതൊരു മഹത്തായ കലാസൃഷ്ടിയേയും പോലെ വ്യത്യസ്തമാനങ്ങളുള്ള ഒരു സിനിമയാണ് ഒരേകടല്‍.മലയാളത്തിന്റെ ചലച്ചിത്ര പാരമ്പര്യം വച്ചാണെങ്കില്‍ ഇത് കേരളത്തില്‍ ആരും തിരിച്ചറിയും എന്നു തോന്നുന്നില്ല എന്നു മാത്രം.
Subscribe to:
Post Comments (Atom)
34 comments:
മനുഷ്യ ജീവിതത്തിന്റെ ഉണ്മകളെക്കുറിച്ചുള്ള എല്ലാ അന്വേഷണങ്ങള്‍ക്കും രണ്ട് ചിറകുകളുണ്ട്.തികച്ചും വിഭിന്നമായ എതിര് ദിശയിലേക്കു പറക്കുന്ന രണ്ട് ചിറകുകള്.അതുകൊണ്ടുതന്നെ എന്താണു ഉണ്മ എന്ന അന്വേഷണത്തിന് തൃപ്തമായ ഒരു ഉത്തരം കണ്ടെത്താന്‍ കഴിയുന്നതിനുമുന്പേ ഈ ചിറകുകളുടെ എതിര് ത്വരണത്തില്‍ ഉടലും മനവും തളര്‍ന്ന് നാം ചോദ്യങ്ങളുടെ ഒരു ഘനസാഗരത്തിലേക്ക് ഇടിഞ്ഞുവീഴുന്നു.തീരെ പരിതാപകരമായ ഈ മാനുഷിക അന്വേഷണത്തെ ഒരു സിനിമ എന്ന കലാരൂപത്തിന് സാധ്യമായ എല്ലാ പേശീബലത്തോടുംകൂടി കൊത്തിവച്ചിരിക്കുന്നു ശ്യാമപ്രസാദ് ഒരേ കടല്‍ എന്ന തന്റെ കവിതയില്‍.(ശരിക്കും ഈ ചലച്ചിത്രത്തെ- പുളിച്ചുപോയ വിശേഷണമാണെന്നറിയാമെങ്കിലും- കവിത എന്നു തന്നെ വായിക്കാനാണ് എനിക്കിഷ്ടം.)
സനാതനാ,
പലരും കാണാത്ത പലതും താങ്കള്‍ ഈ സിനിമയില്‍ കണ്ടിരിക്കുന്നു. പുതിയ ജാലകങ്ങള്‍ തുറന്നതിനു അഭിനന്ദനങ്ങള്‍!
ഞാന്‍ ഇതുവരെ സിനിമ കണ്ടില്ല. ഇനി കാണാം :-)
നന്നായി വായന...
കാലിടറാത്ത ഒരു കഥാപാത്രമേയൂള്ളൂ സിനിമയില്‍ എന്നുകൂടി ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു: ബേല. അവളോ മറ്റൊരുകടല് നീന്തി കരയണഞ്ഞുനില്ക്കുന്നവളാണ്...
സനാതനാ, ഗൌരവപൂര്‍വമുള്ള ഈ വായന നന്നായി. ഞാനും ഒന്നു എഴുതിയിരുന്നു. സിനിമ ഇറങ്ങിയ സമയത്തായത് കൊണ്ട് കഥസന്ദര്‍ഭം വിവരിക്കാതെ ആണ് എഴുതിയത്. ഇതിനോട് ചേര്‍ത്തു വച്ചു വായിക്കാന്‍ അഭ്യര്്ഥിക്കുന്നു.
http://athumithum.blogspot.com/2007/09/blog-post.html
മനു
പറഞ്ഞത് ശരിയാണ്.ബേല തികച്ചും അടിതെറ്റാത്ത ഒരു കഥാപത്രമാണ് വളരെ കുറച്ചുമാത്രമേ ഉള്ളുവെങ്കിലും ചര്ച്ചചെയ്യപ്പെടാന്മാത്രം കഥയും ജീവിതവുമുള്ള കഥാപാത്രം.മറ്റൊന്നുകൂടിയുണ്ട് ജയന് എന്ന കഥാപാത്രം അയാള്‍ക്കും ഒരിക്കലും അടിതെറ്റുന്നില്ല.പക്ഷേ ബെല്ലയുടെ കാര്യത്തിലുള്ളത് എല്ലാം അറിഞ്ഞതില്‍ നിന്നുള്ള പക്വതയാണ്.ജയന്റെ കാര്യത്തിലുള്ളത് ഒന്നും അറിയാത്തതിലുള്ള സമാധാനവും.ഈ രണ്ടു കഥാപാത്രങ്ങളും നമ്മോടു പറയുന്നത് തികഞ്ഞ അറിവും തികഞ്ഞ അറിവില്ലായ്മയും ഒരേ സ്ഥാനത്താണ് നമ്മെ എത്തിക്കുക എന്നാണ്.
ശരിക്കും ഈ സിനിമയില്‍ ഉള്ള ഓരോ കഥാപാത്രത്തിനും പ്രാധാന്യമുണ്ട് അതാണ് ഈ സിനിമയെ മഹത്താക്കുന്നത്.ദീപ്തിയുടെ വീട്ടിനടുത്ത് വാടകക്ക് താമസിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്‍ മാരെ നോക്കുക.അതിലെ പുരുഷന് ദീപ്തിയുടെ സഹാനുഭൂതി നേടിയെടുത്ത് ചൂഷണം ചെയ്യാന്‍ ശ്രമ്മിക്കുന്നുണ്ട്.ആലോചിച്ചാല്‍ ഇതൊരു കടല്‍ തന്നെയാണ്.
ശ്യാം ഞാന്‍ ഈ പടം കണ്ടത് മിനിഞ്ഞാന്നാണ്,ശരിക്കും എന്റെ ഒരു രത്രിയിലെ ഉറക്കം അതു തിന്നുകളഞ്ഞു.അതിനു ശേഷം ഇതെഴുതാന്‍ ഉദ്ദേശിച്ചപ്പോള്‍ ഞാന്‍ തിരഞ്ഞിരുന്നു.ആരെങ്കിലും എഴുതിയോ എന്ന്.കണ്ടില്ല.എന്തായാലും നന്നായി.ഇനി വായിക്കാം.സന്തോഷം.
സനാതനന്..
നല്ല ചിന്ത......നല്ല വിവരണം
ജീവിതം ഒരു കടലാണ്...
നാമൊക്കെ ഒരു കടല്‍ പോലെ
സ്വന്തം ജീവിതത്തിലേക്ക് തിരിഞു നോകുബോല് കാണാം നമ്മുക്ക് ചിലപ്പോല്‍ ശാന്തമായും, ചിലപ്പോല്‍ ക്രൂരയായും വിഹരിക്കുന്ന ജീവിത കടലിനെ...ജീവിതം തിരമാലകളെ പോലെ ആഞടിക്കുന്നു....തീരം തേടിയുള്ള ഒരു കടല്‍ യാത്ര പോലെ...
പ്രകാശം കൊതിക്കുന്ന ഇരുള് പോലെ..
മഴകൊതിക്കുന്ന വേനലിനെ പോലെ
അറിയാം എല്ലാം
ഒന്നും ഒന്നിനും സമമാവില്ല എന്ന്
എങ്കിലും മനസ്സറിയാതെ കൊതിക്കുന്നു
വീണ്ടുമൊരു കടലായി ആരംഭം കുറിക്കാന്‍
നന്മകള് നേരുന്നു
ഒരു പാട് നന്ദി. ഈ നല്ല സിനിമയെ പ്രോത്സാഹിപ്പിയ്ക്കാന്‍ ശ്രമിയ്ക്കാം.
ചിത്രം നന്നായിത്തന്നെ കണ്ടിരിക്കുന്നു. പക്ഷെ, ഈ രീതിയില്‍ ചിത്രത്തെ ആസ്വദിക്കുന്നവര്‍ എത്രപേര്‍ ഉണ്ടാവുമെന്നൊരു സംശയം മാത്രം.
സംവിധായകന് ഏകപക്ഷീയമായ വാദങ്ങള്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. ദീപ്തി നാഥനോട് ചേരാം, ജയന്റെയൊപ്പം തുടര്‍ന്നു കഴിയാം, ആത്മഹത്യ ചെയ്യാം, വീണ്ടും ഭ്രാന്തിയാവാം; അങ്ങിനെ ഒട്ടേറെ സാധ്യതകളില്‍ ഒന്ന് സംവിധായകന് കാണിച്ചിരിക്കുന്നു, അത്രമാത്രം. അതാണ് ശരിയെന്ന് സ്ഥാപിക്കുവാന്‍ സംവിധായകന് ശ്രമിക്കുന്നില്ല. ഒരാളുടെ ജീവിതം കൊണ്ട് മറ്റൊരാളുടെ ജീവിതത്തിലെ ശരി-തെറ്റുകള്‍ നിര്‍ണ്ണയിക്കുവാന്‍ സാധിക്കുകയില്ല തന്നെ. ഓരോരുത്തരും ചിന്തിക്കുക...
--
സംവിധായകന് കഥയോടു കൂറുപുലര്‍ത്തി വളരെ മനോഹരമായരീതിയില്‍ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും സിനിമ കണ്ടുകഴിഞ്ഞ്പ്പോള് വ്യത്യസ്ഥമായ ഒരു കഥയെന്നുതോന്നുയെങ്കിലും അത് തരുന്ന സന്ദേശം ശരിയായി എനിക്കു തോന്നിയില്ല. ബന്ധങ്ങള്‍ എത്ര വലുതാണെങ്കിലും,ശക്തമാണെങ്കിലും പ്രണയം അതിനു മുകളില്‍ നില്‍ക്കുമെന്നും,ആ പ്രണയത്തെ സഫലീകരിക്കാന്‍ ഈ ബന്ധങ്ങളെ തകര്ത്തെറിയാമെന്നുമുള്ള ഒരു സന്ദേശമാണ് എനിക്ക് സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ കിട്ടിയത്.
പാശ്ചാത്യ സംസ്കാരങ്ങളെ അനുകരിച്ച് കുടുംബ ബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ അതു കൂടുതല്‍ വഷളാക്കാനേ ഇത്തരം സിനിമകള്‍ ഉപകരിക്കൂ എന്നണ് എനിക്കു തോന്നുന്നത്.
ഇത്തരം പ്രണയങ്ങളുടെ ഒരു കുഴപ്പമായി എനിക്കു തോന്നുന്നത് കൂടുതല്‍ നല്ലതെന്നു തോന്നുന്ന മറ്റൊരാളെ കണ്ടുമുട്ടിയാല്‍ പുതിയ ഈ ബന്ധവും തകര്ക്കപ്പെട്ടേക്കാമെന്നുള്ളതാണ്.
ഇതില്‍ പരാമര്‍ശിക്കാതെ പോയ ഒരു കഥാപാത്രമുണ്ട് ,ജയന് .തന്റെ ഭാര്യയെ നിഷ്കളങ്കമായി സ്നേഹിക്കുന്ന അയാളുടെ പ്രേമത്തിന് യാതൊരു വിലയും കഥാകാരന് കല്‍പ്പിക്കുന്നില്ല.
ഏതൊരു മഹത്തായ കലാസൃഷ്ടിയും മഹത്തരമാകുന്നത് അത് മഹത്തായ ഒരു സന്ദേശം തരുമ്പോഴാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍
പ്രിയപ്പെട്ട ഹരി ,
സംവിധായകന് ഏകപക്ഷീയമായ വാദങ്ങള്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നില്ല എന്നുപറയുന്നതിനോട് എനിക്കു യോജിക്കാന്‍ സാധിക്കുന്നില്ല.ഒരു സിനിമയിലൂടെ ഒരാള്‍ അയാളുടെ കാഴ്ച്ചപ്പാട് വ്യക്തമാക്കുകായാണ് ചെയ്യുന്നത്. അല്ലാത്തപക്ഷം ആ ഒട്ടേറെ സാധ്യതകളിലേക്ക് ചൂണ്ടിക്കൊണ്ടായിരിക്കണം സിനിമ അവസാനിക്കേണ്ടത്
ജയന് അടിതെറ്റുന്നു എന്നാണ് സനാതനന് എനിക്ക് തോന്നിയത്. സ്വന്തം ഭാര്യയെ വൈകാരികമായി (ലൈംഗികമായി എന്ന് എടുത്തുചാടി വായിക്കരുത്) അനാഥത്വത്തില്‍ ഉപേക്ഷിക്കുക എന്നതില്‍ പരം ഒരു ഭര്‍ത്താവിനു അടിതെറ്റാനില്ല.
ബാംഗ്ലൂരുള്ള ജയന് ദീപ്തി ഫോണ്‍ ചെയ്യുന്ന രംഗം ഓര്‍ക്കൂ. കുട്ടിയുടെ പനിയ്ക്കൊപ്പം തികഞ്ഞ അരക്ഷിതാവസ്ഥയിലേക്ക് ദീപ്തിയെ എടുത്തെറിയുന്നത് ആ റ്റെലഫോണ്‍ കോളില്‍ അയാല്‍ പുലര്‍ത്തുന്ന നിസംഗതയാണ്.
തിരികെ വരുന്നദിവസം ഒരുമിച്ചുറങ്ങുപോള് അയാളെ ഒന്നു പുണരാന്‍ ശ്രമിക്കുന്ന അവളെ അയാള്‍ അവഗണിക്കുന്നുണ്ട്. ലൈംഗികം എന്ന തലത്തിനെക്കാള്‍ വൈകാരികമായി അവളെ ഉപേക്ഷിക്കുന്നതായിട്ടാണ് ഞാന്‍ വായിച്ചെടുക്കുന്നത്.
നാഥനുമായുള്ള സാമ്പത്തിക കൊടുക്കല്‍ വാങ്ങലുകളിലേക്ക് ജയന് അവളെ നിര്‍ബന്ധിക്കുന്നില്ലേ. കടം എന്ന വൈകാരികബാധ്യത (സാമ്പത്തികം എന്നതിനെക്കാള്‍) അഭിമുഖീകരികാനറിയാത്ത ഒരു തരം ഷോവനിസം ആണത്. ഇരമ്പുന്ന കടലിനുമീതേയുള്ള വഴുക്കുന്ന പാറയിലൂടെ നടക്കാന്‍ ദീപ്തിയെ നിര്ബന്ധിക്കുന്നതയാളാണ്. ഉള്ളിലെ തിരയിരമ്പം അവളെ കടലിനോട് അടുപ്പിക്കുകയും ചെയ്യുന്നു. സ്വന്തം ദുരന്തം ജയന്റെ കൂടി സൃഷ്ടിയാണ്.
അയാളുടെ സാമ്പത്തിക അരക്ഷിതാവസ്ഥയാണ് അയാളെക്കൊണ്ട് അതു ചെയ്യിക്കുന്നതെന്ന് സംവിധായകന് വ്യക്തമാക്കുന്നുണ്ട്. ജോലി കിട്ടിയതിനു ശേഷം ജയന് മറ്റൊരു രീതിയിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് ചില സൂചനകള്‍ ഉണ്ട്. അതിനു ശേഷമാണ് അയാളിലെ ഭര്‍ത്താവ് ഉണരുന്നതെന്ന് തോന്നും.
ഒരുപക്ഷേ ഇത് എന്റെ മാത്രം വായനയായിരിക്കും. :)
മനു പറഞ്ഞത് ശരിയാണ് ,ആ രീതിയില്‍ ഞാന്‍ ചിന്തിച്ചതേയില്ല.ജയന് ,തന്റെ ജീവിതം സുരക്ഷിതമാകുന്നതുവരെ ദീപ്തിയെന്ന ഭാര്യക്കുറിച്ചോ അവളുടെ ആവശ്യങ്ങളെക്കുറിച്ചോ ചിന്തിക്കുന്നതേയില്ല.ആ ഒരു അരക്ഷിതാവസ്ഥ അവളെ ഏതൊക്കെ തലത്തിലാണ് ചിന്തിപ്പിക്കുകയെന്ന് പ്രവചനാതീതമാണ്,കാരണം ഒരു പ്രത്യേക സാഹചര്യത്തില്‍ എങ്ങനെയാണ് മനുഷ്യമനസ്സ് പ്രതികരിക്കുകയെന്നത് ആ മനുഷ്യനെ ആശ്രയിച്ചിരിക്കും.അതു തന്നെയാണ് മനശ്ശാസ്ത്രത്തിന്റെ പോരായ്മയും.
തീര്‍ച്ചയായും മനുപറഞ്ഞ അര്‍ത്ഥത്തില്‍ ജയന് അടിതെറ്റുന്നുണ്ട്.ഞാന്‍ ഉദ്ദേശിച്ചത് വൈകാരികമായി അയാള്‍ ഒലിച്ചുപോകുന്നില്ല എന്നതാണ്.അയാളുടെ ഉള്ളില്‍ ഒരു കടലില്ല.അയാള്‍ നിസംഗനാണ്.കുഞ്ഞിന്റെ കാര്യത്തിലായാലും ഭാര്യയുടെ കാര്യത്തിലായാലും അയാള്‍ ഒരു തരം ഇനെര്‍ട്ട് ആയ കഥാപാത്രമാണ്.ജോലി കിട്ടുന്നതോടെ അയാള്‍ മാറുന്നു എന്നതും ശരിയാണ്,അത് എനിക്കു തോന്നുന്നത് എല്ലാപുരുഷന്മാരുടെയും ഒരു ജന്മവാസനയാണ്-ജോലിയാണ് ഏറ്റവും അവശ്യവസ്തു അതു കിട്ടുന്നതോടേ അവന് എല്ലാത്തിനും പക്വനാകുന്നു.എന്തിന് നമ്മുടെ നാട്ടില്‍ കല്യാണത്തിനുള്ള പക്വത പോലും ജോലിയുമായി കൂട്ടിച്ചേര്ത്തല്ലേ അളക്കുന്നത്.
പക്ഷേ അയാള്‍ വൈകാരികമായി അടിതെറ്റുമായിരുന്നു ഭാര്യയുടേ പരപുരുഷബന്ധത്തെക്കുറിച്ച് അയാള്‍ ചിന്തിച്ചിരുന്നെങ്കില്‍.അയാള്‍ അത് പൂര്‍ണമായും അറിയുന്നില്ല എന്നുപോലും പറയാന്‍ നിര്‍വ്വാഹമില്ല.കാരണം അയാള്‍ അവളെപലപ്പോഴും നാഥനില്‍ നിന്നും തനിക്കു വേണ്ടത് നേടിയെടുക്കാന്‍ ഭാര്യയെ ഉപയോഗപ്പെടുത്തുന്നുണ്ട്.പിന്നെയുള്ളത് ഭ്രാന്തിയാകുമ്പോള്‍ നാഥനെ അയാള്‍ ദീപ്തിയുടെ അരികിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതാണ്-വളരെ മിസ്റ്റിക് ആയി അയാള്‍ കുഞ്ഞിനെയും എടുത്ത് പുറത്തു പോകുന്ന രംഗം ശ്രദ്ധിച്ചില്ലേ ആകുട്ടിയുടെ കയ്യിലുള്ള കളിത്തോക്കെ ശ്രദ്ധിച്ചോ?അതു പ്രേക്ഷകനു നേരെ ചൂണ്ടുന്ന രീതിയിലാണ് രംഗചിത്രണം.ആ ഷോട്ടിന് അസാമാന്യമായ പ്രാധാന്യവും കൊടുത്തിട്ടുണ്ട്.ഇതൊക്കെ മനു പറഞ്ഞ കാര്യങ്ങള്‍ ശരി വയ്ക്കുന്നു.ഇതു കൊണ്ടു തന്നെയാണ് ഞാന്‍ ഇതിന് വ്യത്യസ്തമായ മാനങ്ങള്‍ ഉണ്ടെന്നു പറഞ്ഞത്.ദീപ്തിയുടെ സഹാനുഭൂതിപിടിച്ചുപറ്റി മുതലെടുക്കാന്‍ ശ്രമിക്കുന്ന മറ്റൊരു പുരുഷനും ചിത്രത്തിലുണ്ട്.തീര്‍ച്ചയായും ജയന് സ്വയം ദുരന്തം സൃഷ്ടിക്കുന്നില്ല.അയാള്‍ അതേക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നില്ല.അജ്ഞതയുടെ പരി പക്വതയില്‍ അയാള്‍ നിര്‍വാണം പ്രാപിക്കുന്നു.
പ്രിയപ്പെട്ട ഉപദേശി ഒരു സിനിമയും-ഒരു കലാ സൃഷ്ടിയും- ആര്‍ക്കും ഒരു സന്ദേശവും കോടുക്കുന്നില്ല എന്നാണെന്റെ പക്ഷം.അങ്ങനെയുള്ള പ്രൊപ്പഗാന്‍ഡ ഫിലിംസ് കാണുമായിരിക്കും.പക്ഷേ അതിന് ഒരു മഹത്തായ കലാരൂപമാകാന്‍ സാധ്യമല്ല.ഈ സന്ദേശം എന്നൊക്കെ പറയുന്നത് ഒരു തലമുറ ജീവിച്ചിരിക്കുന്ന വര്ത്തമാനകാലഘട്ടത്തോടു മാത്രം കൂറുപുലര്‍ത്തുന്ന ഒന്നാണ്.ഭൂതകാലത്തോടും ഭാവികാലത്തോടും അതിന് ഒന്നും ചെയ്യാനില്ല.മനുഷ്യജീവിതം ഒരു സന്ദേശത്തിന്റെയും വഴിയില്‍ സഞ്ചരികുന്ന ഒന്നല്ല.അത് അതിന്റെ വഴിയിലൂടെ പാവം പിടിച്ച നമ്മളെ വലിച്ചിഴക്കുകയാണ്.അതാണ് സമസ്യ.അതാണ് മനുഷ്യനെ എഴുത്തുകാരനും കവിയും കഥാകാരനും സിനിമാക്കാരനും ആകുന്നത്.സന്ദേശം തരാന്‍ ബൈബിളും രാമായണവും ഒക്കെയില്ലെ,സായിബാബയും അമൃതാനന്ദമയിയും ഒക്കെയില്ലെ പോപ്പും ബിന്‍ലാദനും ഇല്ലേ.സിനിമയെ അതിന്റെ വഴിക്കു വിടൂ.ഇത് കാലാതിവര്‍ത്തിയാകാന്‍ പോന്ന ഒരു സിനിമയാണ്.അരവിന്ദന്റെ ചിദംബരം നോക്കൂ അതിലെ ജീവിതം പഴയതല്ല.പുതിയതുമല്ല അങ്ങനെയാണ് ജീവിതം അങ്ങനെയാണു കലയും.
പ്രിയപ്പെട്ട ഉപദേശി,
മറ്റൊന്നും കൂടിയുണ്ട്.മേഘമല്‍ഹാര്‍ എന്ന ചലച്ചിത്രം കണ്ടുകാണുമല്ലോ.അതില്‍ സന്ദേശമുണ്ടോ?വെറുതെ ആളെ പറ്റിക്കാനും പടം ഓടിക്കാനും വേണ്ടിയുള്ള കലാകാരന്റെ ഒളിച്ചോട്ടത്തെയാണോ ഈ സന്ദേശം എന്നു പറയുന്നത്?
താങ്കളുടെ ഇതേ അഭിപ്രായം ഈ പടം കണ്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ ചിലരില്‍ നിന്നും കേട്ടു.സത്യത്തില്‍ നമ്മളെന്താണ് സിനിമയെ മാത്രം ഈ സന്ദേശത്തിന്റെ പഴങ്കഞ്ഞിപ്പാത്രത്തില് ഇട്ടിളക്കുന്നത്?
എന്നിട്ട് നാടുനടുങ്ങും വിധം വിലപിക്കുകയും ചെയ്യും നല്ല സിനിമയില്ല നല്ല സിനിമയില്ല എന്ന്.
സുഹൃത്തെ
സന്ദേശങ്ങള്ക്കുവേണ്ടിയള്ല്ലെങ്കില് പിന്നെയെന്തിനാണ് നാം സിനിമകള്‍ കാണുന്നതും,പുസ്തകങ്ങള്‍ വായിക്കുന്നതും?.ഇന്നുവരെയുള്ള എന്റെ ധാരണ അങ്ങനെയായിരുന്നു.അപ്പോള്‍ ഒരു കലാസൃഷ്ടിയെ മഹത്തരമെന്ന് വിശേഷിപ്പിക്കുന്നതെപ്പോഴാണ്?,എന്താണ് അതിന്റ്ര് മാനദണ്ഡം?
ഇങ്ങനെ ചര്ച്ചചെയ്തുവന്നപ്പോള് ഒരു സംശയം കൂടി ആരുടേയോ ആത്മസംതൃപ്തിക്കായിപടച്ചു വിടുന്ന ഈ കലാസൃഷ്ടികള്‍ നമ്മള് കാണേണ്ടതിന്റെ ആവശ്യകതയെന്താണ്?
ഈ എഴുതിയിരിക്കുന്നതൊന്നും ദേഷ്യപ്പെട്ടല്ല കെട്ടോ. ഇത്തരം കാര്യങ്ങളക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ എന്റെ കൂടെ പഠിക്കുന്നവര്‍ക്കൊന്നും താല്പര്യവുമില്ല ,നേരവുമില്ല.അതുകൊണ്ടാണ് താങ്കളോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത്
സനാതനാ.. ഉപദേശിയുടെ കമന്റുമായി ഏച്ചുകെട്ടുന്നത് ക്ഷമിക്കുക.
ഒരു കലാസൃഷ്ടിയുടെ സന്ദേശം അതിന്റെ നെറ്റിയില്‍ എഴുതി ഒട്ടിക്കുകയൊന്നും വേണ്ട. അതായത് കഥാകൃത്ത് പ്രസംഗിക്കണ്ട വായിക്കാനറിയുന്നവന് കഥയിലെ ജീവിതദര്‍ശനം മനസ്സിലാക്കാന്‍.
അകാശത്തിലെ മേഘം പോലെ ജീവിതത്തിന്റെ ഒരു ചിന്ത് നമുക്കുമുന്നില്‍ നീക്കിവയ്ക്കുകയാണ് ശ്യാമപ്രസാദ് ഈ ചിത്രത്തില്‍. അതില്‍ അയാള്‍ക്ക് പറയാനുള്ള ഒരു ജീവിത വീഷണം അയാള്‍ ഒതുക്കിവച്ചിട്ടുണ്ട്. പാഠങ്ങള്‍ അന്വേഷിക്കുന്നവര്‍ക്ക് പഠിക്കാന്‍ ഒരുപാടുണ്ട്. നമ്മള് തമ്മില്‍ മുന്‍പ് സംസാരിച്ചില്ലേ ജയന്റെ കാര്യം: അതൊരു ജീവിതപാഠം ആണ്. പക്ഷെ ചലച്ചിത്രകാരന്റെ ഉദ്ദേശ്യം നിങ്ങളെ പഠിപ്പിക്കുകയല്ല. ജീവിതത്തിലേക്ക് നിരീക്ഷണം നടത്താന്‍ നിങ്ങളെ പ്രചോദിപ്പിക്കുകയാണ്. സിനിമ അവസാനിക്കുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുന്ന മാനസികോന്നതി തന്നെയാണ് അതിന്റെ സന്ദേശം. അതിന്റെ അര്‍ത്ഥങ്ങള്‍ ഓരോ അനുവാചകന്റെയും ജീവിതപരിസരം അനുസരിച്ച് വ്യത്യസ്ഥമാവും.
ഓടോ. നിങ്ങളുടെ വാക്കുകളും ചിന്തയും പരിചയമുള്ള മറ്റാരെയോ ഓര്‍മിപ്പിക്കുന്നു. തോന്നലാവണം
സുഹൃത്തെ,
ആരുടെയെങ്കിലും ആത്മസംതൃപ്തിക്കുവേണ്ടി പടച്ചുവിട്ട്രിക്കുന്ന ഒന്നും നമ്മള് കാണേണ്ട യാതൊരു ആവശ്യവുമില്ല.അങ്ങനെ എന്തെങ്കിലും ആവശ്യമുള്ളതുകൊണ്ടല്ല നാം അതൊന്നും കാണുന്നതും വായിക്കുന്നതും എന്നാണെന്റെ പക്ഷം.അതു വായിച്ചൊ കണ്ടോ കഴിയുമ്പോള്‍ നമുക്കു കിട്ടുന്ന ആത്മസംതൃപ്തിക്കു വേണ്ടിയ്യാണ് നാം അതു ചെയ്യുന്നത്.
എന്തെങ്കിലും സന്ദേശം തരുന്ന ഒന്നായി ഒരു കലാസൃഷ്ടിയെ നമുക്കുവേണമെങ്കില്‍ കാണാം.എന്നാല്‍ വേറൊരാള്‍ക്ക് അത് നല്ല ഒരു സന്ദേശം ആയി തോന്നണമെന്നില്ല.അങ്ങനെ വരുമ്പോള്‍ അത് ഒരു മികച്ച കലാസൃഷ്റ്റി അല്ലാതെ വരുമോ?
സന്ദെശങ്ങള്‍ എല്ലാം വര്‍ത്തമാനകാലത്തും ഭൂതകാലത്തും മാത്രം ജീവിക്കുന്നവയാണ്.അവയ്ക്ക് മനുഷ്യന്റെ ആന്തരിക ചോദനകളോട് വലിയ ബന്ധങ്ങളില്ല.മനുഷ്യമനസ്സിന്റെ കാണാത്തതോ കണ്ടാലും തിരിച്ചറിയാന്‍ നമുക്കു കഴിയാത്തതോ ആയ സത്യങ്ങളെ(അവ നല്ലതോ ചീത്തയോ ആകട്ടെ മനുഷ്യ പുരോഗതിക്കുതകുന്നതോ അല്ലാത്തതോ ആകട്ടെ)നമുക്ക് കാട്ടിത്തരുന്ന സൃഷ്ടികളെയാണ് ഞാന്‍ മഹത്തായതെന്നു കരുതുന്നത്.
പിന്നെ ഞാനും ദേഷ്യത്തിലല്ല പറയുന്നത്.എന്റെ ശൈലിയുടെ കുഴപ്പമാണ്.അഭിപ്രായങ്ങള്‍ക്കു നന്ദി
സനാതനനോട്.. സിനിമാ വായനയുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു കാര്യം.
ഒരു സിനിമ നല്ലതാണ് എന്ന് പറയാന്‍ അതിനെ കവിത എന്ന് വിളിക്കുന്നത് ഒരു ക്ലീഷേ ആണ്. പച്ചമലയാളത്തില്‍ പഴങ്കഞ്ഞിപ്രയോഗം.താങ്കള്‍ തന്നെ അത് സൂചിപ്പിച്ചിരുന്നു.
റൊമാന്റിക് ക്ലീഷേകളോട് ഇഷ്ടമുള്ള ഒരാളാണ് ഞാന്‍ എന്ന് എന്റെ കഥകള്‍ ചിലതെങ്കിലും വായിച്ചിട്ടുള്ള ആളെന്ന നിലയില്‍ താങ്കള്‍ക്കറിയാം. അത് അംഗീകരിച്ചുകൊണ്ട് തന്നെ ചോദിക്കട്ടെ: ഇത് നിലനിര്‍ത്തണം എന്ന് തോന്നുന്നോ?
എഴുത്തിലോ കലയിലോ നല്ലതിനെ കവിത എന്ന് വിളിക്കുന്നതില്‍ ഒരു മുന്‍വിധി ഉണ്ട്. കവിത മറ്റ് സാഹിത്യ/കലാ രൂപങ്ങളില്‍ നിന്ന് മികച്ചതാണെന്ന ഒരു ധാരണ. അതിന്റെ കാരണം കവിത അതിന്റെ വ്യവസ്ഥാപിത രൂപങ്ങളില്‍ വരേണ്യവര്‍ഗത്തിന്റെ വിനിമയ/വിനോദ മാധ്യമമായി നിലനിന്നു എന്നുള്ളതല്ലേ.
മറ്റുകലകള്‍ ജാതീയമായി വികസിച്ചപ്പോള്‍ കവി മാത്രം അവന്റേതായ ഒരു ജാതിയായിരുന്നു: ജന്മമെവിടെ എന്ന ഭേദമില്ലാതെ.അവന് എന്നും വരേണ്യരുടെ ഒപ്പം നില്ക്കാന് ശീലിക്കുകയും ചെയ്തു. മേലാളന്റെ മൂലം താങ്ങിക്കിട്ടിയ ഈ പട്ടുംവളയും നമുക്ക് കവിതയുടെ ഷോകേസില്‍ വച്ചിരുന്നാല്‍ പോരേ. ദേഹത്തിട്ട് ഇനിയും നടത്തണോ?
ഓടോ. മിക്കവാറും ചരിത്രകാരന് എന്നപേരിലോ മറ്റോ (ചയും ത്രയും നിര്‍ബന്ധം; കാരനും) ഞാന്‍ വേറേ ബ്ലോഗ് തുടങ്ങാന്‍ ഒരു സ്കോപ്പ കാണുന്നുണ്ട് :))
മനു പറഞ്ഞതിനോട് യോജിക്കുന്നു,
എല്ലാ എഴുത്തും വായനയിലാണു പൂര്‍ത്തിയാവുക.എഴുത്തുകാരന് വായനക്കാരനിലേക്കുള്ള ഒഴുക്കാണ് എഴുത്ത്.വായനക്കാരന് തിരിച്ചും.
മനു,
ഈ ചോദ്യത്തിന്റെ ഒരു പകുതി എന്റെ മറ്റൊരു സുഹൃത്ത് എന്നോട് മറ്റൊരു രീതിയില്‍ ചോദിച്ചു കഥയും കവിതയും ലേഖനവും തമ്മിലുള്ള വ്യത്യാസമെന്തെന്ന്.പെട്ടെന്ന് തോന്നിയതു ഞാന്‍ പറഞ്ഞു.കവിത വിത്തും,കഥ പഴവും(വിത്ത് അതിലുണ്ടാകും),ലേഖനം മരവും,നോവല്‍ ഒരു കാടുമാണെന്ന്.ഇതില്‍ നിന്നു തന്നെ എനിക്ക് കവിതയോടുള്ള ഇഷ്ടം മനസിലാവും.എനിക്കീ വിത്തു കടിച്ചുപൊട്ടിച്ചു തിന്നാനും നട്ടുവളര്‍ത്തി മരവും കാടുമൊക്കെയാക്കാനും ഒരു വലിയ ഭ്രമം ഉണ്ട്.
ഇനി രണ്ടാമത്തേത് കവിത സത്യത്തില്‍ വരേണ്യമോ വംശീയമോ ഒന്നുമല്ല.യക്ഷിയമ്മപ്പാട്ടുകളിലും ഭദ്രകാളിപ്പാട്ടുകളിലും ഉള്ളതു കവിതയല്ലേ.ശരിക്കും ഈണത്തില്‍ പാടണമെങ്കില്‍ നന്നായി ബുദ്ധിമുട്ടേണ്ടിവരുന്ന ഒന്നാന്തരം ഗദ്യ കവിത.പിന്നീട് വരേണ്യമായി ഉപയോഗിച്ചോ എന്നറിയില്ല.എന്തായാലും കവിതയില്‍ ചോരയുടെ
മണമുണ്ട്.തനിമയുണ്ട്.ചെറുകഥയും നോവലുമൊക്കെ എവിടെനിന്നോ വന്നതാണെന്ന് നമ്മള് പഠിച്ചിട്ടുണ്ട് ശരിയാണോ എന്നറിയില്ല.എന്തായാലും കവിതയില്‍ തനിമയുണ്ട്.
ആ പ്രയോഗം ക്ലീഷെ തന്നെ.പക്ഷെ എനിക്കങ്ങനെ വിശേഷിപ്പിക്കാനാണ് തൊന്നിയത്.കവിത ഒരു പടിമുകളില്‍ എന്നു തന്നെ ഞാന്‍ കരുതുന്നു.ക്ഷമിക്കുക.
ചരിത്രത്തിനായിരുന്നു എനിക്ക് പണ്ടും ഏറ്റവും കുറച്ചുമാര്ക്കും കൂടുതല്‍ അടിയും കിട്ടിയിട്ടുള്ളത്.
:)
തിരുത്താന്‍ വേണ്ടിയാണെന്നൊന്നും കയറി വിചാരിക്കല്ലേ.. സംവാദമെന്ന നിലയിലേ കാണാവൂ ഇതൊക്കെ. ഈ ലേഖനം കണ്ടപ്പോള്‍ പോലും മനസ്സില്‍ തോന്നിയിട്ടില്ലാത്ത ഒരു കാര്യമായിരുന്നു ഇത്. അതായത് ആശയമെന്ന നിലയില്‍ എന്റെ ഉള്ളില്‍ പോലും അത് പക്വമായി വരുന്നതേയുള്ളൂ.
ഒന്നാമത്തെ സംശയം പാട്ടിനെ കവിതയായി/സാഹിത്യമായി വ്യവസ്ഥാപിത സമൂഹം അംഗീകരിച്ചിരുന്നോ എന്നതാണ്. അതില്‍ കവിതയുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. തുഞ്ചത്തെഴുത്തച്ചന് തന്നെ പാട്ടിനെ കവിതയിലേക്ക് പിടിച്ചിരുത്തിയിട്ടും മലയാളത്തില്‍ ഇതു രണ്ടും രണ്ടായി നിന്നു എന്നൊരു തോന്നലാണെനിക്ക്. പാട്ടെന്ന ആട്ടക്കാരിയെ ആഡ്യരചനകളുടെ ആടയാവഭരണങ്ങള് അണിയിച്ച് ഇടക്കൊക്കെ ഉള്ളില്‍ കുടിയിരുത്തി എന്നേയുള്ളൂ എന്നൊരു ശങ്ക. ശരിയാവണമെന്നില്ല. എങ്കിലും ഇടശ്ശേരിയും കാവാലവുമൊക്കെ ശക്തി തെളിയിക്കുന്നതിനു മുന്‍പ് നാട്ടിലെ പാട്ടുകളുടെ താളം കവിതയില്‍ വന്നിരുന്നോ എന്നൊന്നു ചോദിച്ചു നോക്കിക്കേ...
ഈ വ്യത്യാസം എനിക്ക് തോന്നാനുള്ള കാരണം ഇന്നുരാവിലെ ഇവിടുത്തെ പഴയകവികളെക്കുറിച്ച് ഓര്‍ത്തതാണ്. താരതമ്യേന അധഃകൃതരും സാമ്പത്തികമായി ദരിദ്രരുമായിരുന്നു ഇവിടുത്തെ കവികള്‍. നമ്മുടെ നാട്ടിലെ രാജസദസ്സിലെ കവിപ്രമുഖരുടെ സ്ഥാനം ഇവിടെ സിസെറോയെപ്പോലെയുള്ള പ്രഭാഷകര്ക്കായിരുന്നു എന്ന ഒറ്റക്കാരണമേ അതിനുള്ളു. അതുകൊണ്ട് പടിഞ്ഞാറ് അന്നും ഇന്നും കവിത ഗദ്യത്തെക്കാള്‍ ശ്രേഷ്ടമാണെന്ന (തെറ്റി)ധാരണ ഇല്ല. ഗദ്യരൂപങ്ങള്‍ ആദിമകാലം മുതലേ താരതമ്യേന വികസിക്കുകയും ചെയ്തു. ലേഖന ശാസ്തം പ്രഭാഷണശാസ്തം ആത്മകഥ ചരിത്രരചന ചരിത്രനോവല്‍ എന്ന് വിശേഷിപ്പിക്കാവുന്ന സാഹിത്യരൂപം ഒക്കെ എ.ഡി. ആദ്യ ശതകങ്ങള്‍ മുതലേ പ്രചാരം നേടി. മെറ്റാനരേഷനിലെ സങ്കേതങ്ങള്‍ പോലും അഗസ്റ്റിന് എന്ന ക്രിസ്തീയ തത്വചിന്തകന്‍ ഉപയോഗിച്ചതായാണ് എന്റെ വായനാനുഭവം.
ലോകത്തിലെ ആദ്യത്തെ ചെറുകഥ ക്രിസ്തുവിനു മൂവായിരം വര്‍ഷം മുന്‍പ് എഴുതപ്പെട്ടതാണെന്ന് വെള്ളെഴുത്തിന്റെയോ മറ്റോ പോസ്റ്റില്‍ എഴുതിയിരുന്നതോര്‍ക്കുന്നു. താരതമ്യത്തില്‍ നമ്മുടെ രചന പദ്യത്തിലും അതിനു ചമക്കുന്ന ഭാഷ്യത്തിലും (ക്ലാസ്സിക്കല്‍ നാടകങ്ങളില്‍ പോലും ഗദ്യം ആ ഗതികേടിലാണ് !!) കുരുങ്ങി നിന്നു. വിശുദ്ധലിഖിതങ്ങളെല്ലാം പദ്യത്തിലായിപ്പോയ ഒരേ ഒരു മതം ഹിന്ദുമതം ആയിരിക്കും !!! മധ്യപൂര്‍വേഷ്യയിലും പടിഞ്ഞാറും ഗദ്യം വിശുദ്ധലിഘിതങ്ങള് രൂപംകൊള്ളുന്ന കാലത്തുതന്നെ മതപരമായ വിനിമയത്തില്‍ നിര്‍ണായകസ്ഥാനം നേടിയിരുന്നു.
മൊത്തത്തില്‍ ഇന്ത്യയില്‍ മാത്രം കവിക്ക് /കവിതക്ക് കിട്ടുന്ന ഈ വരേണ്യസ്ഥാനം ചരിത്രത്തിന്റെ അവശിഷ്ടമായേ തോന്നുന്നുള്ളൂ. വിത്തിന്റെയും മരത്തിന്റെയും രൂപകം വിത്താണോ മരമാണോ ശ്രേഷ്ഠം എന്ന ചോദ്യത്തില്‍ തന്നെ പൊളിയും.
തീര്‍ച്ചയായും വ്യക്തിപരമായി ഒരാള്‍ക്ക് കവിതയോടുള്ള അഭിനിവേശം മനസ്സിലാക്കാവുന്നതാണ്. എങ്കിലും മറ്റുകലാരൂപങ്ങളെക്കാള് ശ്രേഷ്ഠത അതിനു കൊടുക്കേണ്ടകാര്യമുണ്ടെന്ന് തോന്നുന്നില്ല.
ഓടോ 1. എനിക്ക് കവിത ഇഷ്ടമാണ് ... വായിക്കാന്‍. ഞാന്‍ കവിത എഴുതുന്നത് പ്രേമലേഖനം എഴുതാന്‍ തോന്നുമ്പോഴാണ്. അതു കിട്ടാനുള്ള ആള് കല്ല്യാണം കഴിച്ചു പോയതുകൊണ്ട് ‘കവിത’ എഴുതി ആശതീര്ക്കും :))
ഓടോ.2: ചരിത്രകാരന് എന്ന യൂസര്‍ നെയിം എടുക്കുന്നകാര്യവും ചരിത്രജ്ഞാനവും തമ്മില്‍ ഇന്വേഴ്സ് രേഷ്യോ ആണ്.:)) ആ യൂസര്‍ നെയിമിന്റെ കാര്യം കൊണ്ട് ഞാന്‍ ഉദ്ദേശിച്ചതെന്താണെന്ന് മനസ്സിലായില്ലെങ്കില്‍ യൂ ആര് ആന്‍ ഏലിയന്‍.
മനു,
ഷേക്സ്പിയര് ആരാണ്?
കവിയോ നാടകകാരനോ ഗദ്യകാരനോ?
എനിക്കു മനസിലായി ആദ്യമേ.എനിക്കു വയ്യ അതിന് ഒരടിയിടാന്:)
ആ ചോദ്യത്തിലെ കൊളുത്ത് മനസ്സിലായി. പക്ഷെ യൂറോപ്യന്‍ കവികളില്‍ അഗ്രഗണ്യനായി ഷേക്സ്പിയറിനെ അവരോധിക്കാറുണ്ടെങ്കിലും അത് സകല സാഹിത്യത്തിലും ഉയര്‍ന്ന സ്ഥാനമായിട്ടൊന്നും കരുതിയിട്ടുണ്ടെന്ന് തോന്നുന്നില്ല. വിക്റ്റോറിയന്‍ കാലം പൊതുവേ യൂറോപ്പിലെ ഗദ്യം താഴോട്ട് പോയ സമയമാണ് പക്ഷെ അതിനു മുന്നും പിന്നും ഷേക്സ്പിയറിനു സമശീര്‍ഷരായ ഗദ്യകാരന്മാര് ഉണ്ടായിരുന്നിവിടെ. നമ്മുടേതില്‍ നിന്ന് വ്യത്യസ്ഥമായി യൂറോപ്പിലെ വൈജ്ഞാനിക സാഹിത്യം മുഴുവന്‍ രൂപപ്പെട്ടത് ഗദ്യത്തിലാണ്.
അല്ല നമ്മളിതേത് പോസ്റ്റിലാ :))
അതൊരു ചോദ്യമാണ്. :)
എന്തായാലും നമ്മളൊരേ കടലില്‍ തന്നെയെന്നു തോന്നുന്നു.വേറെ എവിടെയെങ്കിലും കാണാം.ഈ കടല്‍ അങ്ങനെ കിടക്കട്ടെ-വഴിതെറ്റിക്കണ്ട.
:)
അയ്യോ എന്റെ മാനം പോകാതിരിക്കാന്‍ ഒരോഫ് കൂടി... മുകളില്‍ ഷേക്സ്പിയറിനെക്കുറിച്ച് എഴുതിയീക്കുന്നതില് വിക്റ്റോറിയന്‍ എന്നത് എലിസബെത്തന്‍ എന്ന് തിരുത്തിവായിക്കണേ!! പക്ഷേ വിക്റ്റോറിയന്‍ പീരിയഡ് വരെയും മലയാളത്തില്‍ ചങ്ങമ്പുഴക്കു ശേഷം വന്നതുപോലെ മാറ്റൊലിക്കവിതയായിരുന്നു ഇംഗ്ലീഷില്‍. ലവന്മാരെയല്ലെ ബര്‍ണാഡ് ഷോ bardolators എന്നു വിളിച്ച് പരിഹസിച്ചത് .
@ ഉപദേശി,
തീര്‍ച്ചയായും. സംവിധായകന് അങ്ങിനെയൊരു സാധ്യതയെക്കുറിച്ച് സിനിമയില്‍ കാണിച്ചു തന്നു. എന്നുകരുതി അത് ‘അടിച്ചേല്‍പ്പിക്ക’ലാണോ? അത് ശരിയാണെന്നോ തെറ്റാണെന്നോ സംവിധായകന് പറയുന്നുണ്ടോ? അവരുടെ ജീവിതത്തില്‍ അങ്ങിനെ സംഭവിച്ചു, അത്രമാത്രം. അല്ലാതെ, ഈ പറയുന്ന ഓപ്ഷനുകളെല്ലാം ക്ലൈമാക്സില്‍ കാണിച്ചാല്‍ എങ്ങിനെയിരിക്കും? (മിഷന് 90 ഡേയ്സ് എന്ന ചിത്രത്തിലങ്ങിനെയുണ്ട്, എന്നാലും അതിവിടെ യോജിക്കില്ല എന്നു തോന്നുന്നു.) എന്നെ സംബന്ധിച്ചിടത്തോളം, എനിക്ക് പല സാധ്യതകളെക്കുറിച്ചും ചിന്തിക്കുവാനുള്ള സ്പേസ് ഇട്ടുതന്നെയാണ് സംവിധായകന് സിനിമ അവസാനിപ്പിച്ചിരിക്കുന്നത്.
--
മലയാള സിനിമയെക്കുറിച്ച് ഇത്രയും നല്ല നിരൂപണം ബ്ലോഗില്‍ ആദ്യമായാണ് വായിക്കുന്നത്...
ഇനിയും നല്ല സിനിമകളെ കുറിച്ച് എഴുതണം...ഞാന്‍ മലയാളത്തിലെ പല നല്ല സിനിമകളും കണ്ടിട്ടില്ല. അടൂരിന്റെ നാലു പെണ്ണുങ്ങള് ഇറങ്ങുമ്പോള്‍ ഒന്നെഴുതാമോ...പരാജിതനോട് ഞാന്‍ ഇതു തന്നെ ആവശ്യപ്പെട്ടിരുന്നു...അന്ന് ഇതു വായിച്ചിരുന്നില്ല.
പിന്നെ ഉപദേശീ, ഒരു കലാസൃഷ്ടിക്ക് സന്ദേശം വേണമെന്നൊക്കെ നിര്‍ബന്ധം എന്തിനാണ്...
ഞാന്‍ ചില ഉദാഹരണങ്ങള്‍ പറയാം...
ഗുരു...അത് തികച്ചും സന്ദേശത്തിനു വേണ്ടി ഉണ്ടാക്കിയ സിനിമയായിരുന്നു.. അതിനാല്‍ അത് മതപ്രസംഗം പോലെയായി പോയി. ഭൂതക്കാണ്ണാടി..അതില്‍ ഉള്ളില്‍ തട്ടുന്ന സന്ദേശമുണ്ട്...
ഇനി ടി വി ചന്ദ്രന്റെ സിനിമകള്‍...അദ്ദേഹം സന്ദേശമായി ഒന്നും പറയാറില്ല..പക്ഷേ അത് നമ്മെ പലതും ഓര്‍മ്മിപ്പിക്കുന്നു. ഇനി അടൂരിന്റെ വിധേയന്, നിഴല്‍ക്കുത്ത് എന്നിവ(അടൂരിന്റെ ഈ രണ്ടെണ്ണമേ ഞാന്‍ കണ്ടിട്ടുള്ളൂ) ഒരു ആശയമല്ലേ മുന്നോട്ട് വെയ്ക്കുന്നത്...
നന്നായി ഈ നിരൂപണം.
മലയാള സിനിമക്ക് തികച്ചും അപരിചിതമായ ഒരു തീം ആണ് ഈ സിനിമയുടേത്.
ഈ സിനിമ കണ്ടപ്പോള്‍ ഒരു കാര്യം കൂടി ഞാന്‍ ശ്രദ്ധിച്ചിരുന്നു. അയല്‍ക്കാരിയായ ആതിര,രോഗം ഭേദമായി വന്ന ദീപ്തിയോട് പഞ്ചസാര കടം വാങ്ങാന്‍ ഗ്ലാസുമായി വരുന്നത്.ആരതിയുടെ ഭര്‍ത്താവ് പ്രവീണിന് ഇപ്പോള്‍ ജോലിയില്ല.ദീപ്തി പന്ചസാര ഇട്ടുവെക്കുന്ന വലിയ പാത്രം അങ്ങനെ തന്നെ കൊടുക്കുകയാണ്.(ഏതാണ്ട് ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോയവള്‍ തന്നെയാണല്ലോ ജയനൂ ജോലിയില്ലാത്ത കാലത്ത് ദീപ്തിയും).ഇതിനെപറ്റി ജയനോട് പറയുമ്പോള്‍ അയാള്‍,ജോലിയില്ലാത്ത പ്രവീണീനെ കുറിച്ച് മോശമായാണ് സംസാരിക്കുന്നത്.അയാള്‍ ഏറെ കടത്തിലാണെന്നും തനിക്കുതന്നെ 3-4 ആയിരം രൂപതരാനുണ്ടെന്നും അത്ര വലിയ സോഫ്റ്റ് കോര്ണ്ണറൊന്നും തോന്നേണ്ട കാര്യമില്ലെന്നും ആണ് ജയന് പറയുന്നത്.പിന്നെ സഹായിക്കുന്നത് ആ ആരതിയോടുള്ള സിമ്പതി കാരണമാണെന്നും ആ പെണ്ണൊരു പാവമാണെന്നും ജയന് പറയുന്നു:).അപ്പോള്‍ ദീപ്തിയുടെ ഒരു നോട്ടമുണ്ട്. ആ നോട്ടം എനിക്ക് നന്നായി മനസ്സില്‍ തട്ടി.
സനാതനന്, വളരെ നന്നായി ഈ ഉദ്യമം. മനുവിന്റെ ഇടപെടലുകളും, രസിച്ചു. രണ്ട് പേര്‍ക്കും അഭിനന്ദനങള്‍.
ഈ സിനിമയെക്കുറിച്ച് നല്ലൊരു സംവാദം നടന്നു എന്നതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്.എന്നാല്‍ സിനിമയുടെ പോരായ്മയെക്കുറിച്ചു സൂചനകള്‍ കാര്യമായി വരാത്തത് എന്റെ ഈ കുറിപ്പിന്റെ എന്ന പോലെ ഈ ചര്‍ച്ചയുടെയും പോരായ്മയാണെന്നു തോന്നുന്നു.
പ്രമോദ് പറഞ്ഞതു ശരിയാണ്.ഓരോ രംഗത്തിലും സൂക്ഷ്മത പുലര്‍ത്താന്‍ സംവിധായകന് ശ്രദ്ധകാണിച്ചിരിക്കുന്നു.പലവിഷയങ്ങളും ഇങ്ങനെ തിക്കി ഞെരുക്കിക്കയറ്റാന് ശ്രമിക്കുന്നത് സിനിമയുടെ ഒഴുക്കിനെ ബാധിച്ചിട്ടില്ലെങ്കിലും അത് സിനിമയുടെ ഗുണനിലവാരത്തെ നെഗറ്റിവ് ആയി സ്വാധീനിക്കില്ലെ എന്നൊരു സംശയമുണ്ട്.
വീണ്ടും ഒരേ കടല്‍.... :)
‘ഒരേ കടല്‍‘ ഇന്നലെ കണ്ടു. സനാതനന്റെ നിരീക്ഷണങ്ങളും കുറിപ്പും നന്നായിരിക്കുന്നു, പ്രത്യേകിച്ച് ചിത്രത്തിന്റെ അവസാന ഷോട്ടിനെ കുറിച്ച്. കഥയില്‍ വലിയ പ്രത്യേകതകള്‍ ഒന്നും തോന്നിയില്ലെങ്കിലും ശ്യാമപ്രസാദിന്റെ ക്രാഫ്റ്റ് വളരെയധികം മെച്ചപ്പെട്ടിരിക്കുന്നതായി തോന്നി, എങ്കിലും ചിലയിടങ്ങളിലെങ്കിലും ഇഴച്ചില്‍ ഫീല്‍ ചെയ്തു. മലയാള സിനിമയില്‍ നിന്നും ഇടക്കാലത്ത് അകന്ന് പോയന്ന് കരുതുന്ന സാഹിത്യ ബന്ധം തിരികെ കൊണ്ട് വരുന്ന തലത്തിലേക്കുയര്ന്നിരിക്കുന്നു ഒരേ കടലിലെ സംഭാഷണങ്ങള്‍. നാഥന് എന്ന കഥാപാത്രത്തിനു മമ്മൂട്ടിയുടെ ശബ്ദം ചേരുന്നു,എങ്കിലും ബോഡി ലാംഗ്വേജ് അത്ര നന്നായി പരുവപ്പെടുത്തിയെടുക്കാനായി എന്ന് തോന്നുന്നില്ല.അത് പോലെ തിരിച്ച് ദീപ്തി യെ മീര നന്നായി പകര്‍ത്തി, പക്ഷേ ശബ്ദം ചിലയവസരങ്ങളിലെങ്കിലും ആ കഥാപാത്രത്തിനു ചേരുന്നില്ലന്ന് തോന്നി. ഭിക്ഷാടനന്ത്തിനു വരുന്ന കുട്ടി പോലും സൂക്ഷ്മാംശങ്ങളില്‍ മികച്ച് നില്ക്കുന്നു;ബേലയും.
വളരെയധികം വ്യത്യസ്ഥം ഈ സിനിമാ അനുഭവം.
ബാല്‍ക്കണി ഓഫ്: ഇന്നലെ തിരുവന്തപുരം ധന്യ യില്‍ ഈ ചിത്രത്തിനു കാണികളായി ഞാന്‍, എന്റെ ഭാര്യ,70 വയസ്സിനുമുകളില്‍ പ്രായമുള്ള ഒരു സ്ത്രീ,4 യുവാക്കള്‍, 2 യുവതികള്‍, ഒഴിഞ്ഞ തീയറ്ററിന്റെ സൌകര്യം തേടിയെന്നവണ്ണമെത്തിയ 3-4 കമിതാക്കളും മാത്രം.
സിനിമ ഇന്നു കണ്ടു. (ടൊറന്റ് വന്നു :))
ചിലയിടങ്ങളില്‍-കുട്ടികള്‍ ട്രാഫിക് കുരുക്കിനിടയില്‍ കൂട്ടത്തോടെ ഭിക്ഷ തേടാന്‍ വരുന്ന രംഗം പോലെ ചിലയിടങ്ങളില്‍-കൃത്രിമത്വം അനുഭവപ്പെട്ടു.
മമ്മൂട്ടി ചിലയിടങ്ങളില്‍ ‘അഭിനയിക്കാന്‍’ ചില ശ്രമം നടത്തിയതും അരോചകമായി. ശരിക്കും ദീപ്തിക്ക് നാഥനോടുള്ള ഇഷ്ടം രാധയുടേതു പോലെയായിരുന്നോ? കാരണം ഈ പ്രണയത്തിന് ഒരുപാട് കാരണങ്ങള്‍ ഉണ്ട്. ഭര്‍ത്താവില്‍ നിന്നുള്ള വൈകാരിക അവഗണന, ദാരിദ്ര്യം, നിസ്സഹായത- പിന്നീട് വിദ്യാഭ്യാസം(ദീപ്തി നന്നായി പഠിക്കുമായിരുന്നു), സ്റ്റാറ്റസ്, സ്ഥലങ്ങള്‍ കാണാനുള്ള ദീപ്തിയുടെ ആഗ്രഹം, ആരാധന അങ്ങനെ ഒരുപാട്. അതുകൊണ്ട് അത് പ്രണയം തന്നെയായിരുന്നോ?
ഏതായാലും സിനിമ തരക്കേടില്ല.
Post a Comment