ഒരു നിമിഷം അപ്പുറവും ഒരു നിമിഷം ഇപ്പുറവും അല്ലാത്ത ഒരു നിമിഷത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.ആ ഒരൊറ്റ നിമിഷത്തെ സംഭവവികാസങ്ങൾ,ആ ഒരൊറ്റ നിമിഷത്തിൽ ഒത്തുചേരുന്ന യാദൃശ്ചികതകൾ,ആ ഒരൊറ്റ നിമിഷത്തിൽ ഒരു സംവിധായകൻ കയ്യടക്കത്തോടെ ചെയ്യുമ്പോലെയുള്ള ക്രമീകരണങ്ങൾ.... അങ്ങനെ അത്ഭുതം ജനിപ്പിക്കുന്ന ആ നിമിഷത്തിന്റെ ഊർജ്ജം.അപൂർവമായ ഒരു നിമിഷത്തെ അടയാളപ്പെടുത്താൻ തക്കവണ്ണം സെൻസിറ്റീവ് ആയ ഒരു മാപിനിയാണ് കലാകാരന്റെ/കാരിയുടെ മനസ്.ആ നിമിഷത്തിൽ സന്നിഹിതമായിരിക്കുക,ആ നിമിഷത്തെ സ്വാംശീകരിക്കുക,ആ നിമിഷത്തെ ആവിഷ്കരിക്കുക ഇതു മൂന്നും കൃത്യമാകുമ്പോൾ കല മഹത്തരമാവും.ഒരു നിമിഷം അപ്പുറവും ഒരു നിമിഷം ഇപ്പുറവും അല്ലാത്ത ആ നിമിഷത്തിന്റെ സ്നാപ്പ് ഷോട്ട് എന്ന് കലയെ വിളിക്കാൻ തോന്നുന്നു എനിക്ക്.
ഈ കുറിപ്പ് ഉന്മേഷ് ദസ്തക്കിറിന്റെ “വഴികൾ പലത്” എന്ന ചിത്രത്തെ ഉദ്ദേശിച്ചാണെങ്കിലും പൊതുവേ എല്ലാത്തരം ആവിഷ്കരണങ്ങളേയും അങ്ങനെ പറയാം. നട്ടപ്പാതിരായ്ക്ക് ചാടിയെണീറ്റ് കഥയോ കവിതയോ ലേഖനമോ എഴുതാനിരിക്കുന്ന എഴുത്തുകാരനും.യാഥാർത്ഥ്യലോകത്തുള്ളതല്ലാത്ത ഒരു ചലനത്തെ ശരീരത്തിലേക്കാവാഹിക്കുന്ന നർത്തകിയും ചെയ്യുന്നത് അതുതന്നെയാണ്.
ഈ ചിത്രത്തിൽ ഒരേദിശയിലേക്ക് സഞ്ചരിക്കുന്ന രണ്ട് സ്ത്രീ ഭാവങ്ങളെകാണാം.രണ്ട് വേഷവിതാനങ്ങൾ, രണ്ട് മുഖഭാവങ്ങൾ ഒരേ വഴിയുടെ രണ്ട് അരികുകളിലൂടെയുള്ള പ്രയാണം.പക്ഷേ നേരത്തേ പറഞ്ഞ ഒരു നിമിഷത്തിന്റെ മാജിക്ക് ഇവിടെയൊന്നുമല്ല കാണുന്നത്. അത് ഒരുകൂട്ടർക്ക് മുകളിൽ നേർ രേഖവരയ്ക്കുന്ന വൈദ്യുത ചാലകങ്ങളും മറ്റേയാളുടെ (നിലപാട്)തറയിൽ കപോതരൂപമാർജ്ജിക്കുന്ന നിഴലുമാണ് .ഇതു രണ്ടും ചിത്രത്തിനു നൽകുന്ന ആഴം മറ്റൊരു നിമിഷത്തിൽ ഉണ്ടാകുമെന്ന് വിശ്വസിക്കാൻ പ്രയാസം.
ഒരു നിമിഷം അപ്പുറവും ഒരു നിമിഷം ഇപ്പുറവും അല്ലാത്ത ഒരു നിമിഷം
Posted by Sanal Kumar Sasidharan at 9:30 AMLabels: ഉന്മേഷ് ദസ്തക്കിർ
Subscribe to:
Post Comments (Atom)
13 comments:
കലയിലൂടെ നിത്യത പ്രാപിക്കുന്ന ആ ഒരു നിമിഷം അനന്യം തന്നെയാണ്. കൃത്യമായി അതിനെ പിടിച്ചെടുക്കുകയും നിര്‍വചിക്കുകയും കലാകാരന്റെ ധര്‍മ്മവും. നന്നായി സനല്‍. നല്ല നിരീക്ഷണം.
ഈ കുറിപ്പുകണ്ടപ്പോഴാണ് ഉന്മേഷിന്റെ ചിത്രം ശ്രദ്ധിച്ചത്. ഒരു നിമിഷം അപ്പുറവും ഒരു നിമിഷം ഇപ്പുറവുമല്ലാത്ത അപൂര്വ്വനിമിഷങ്ങളുടേ അടയാളപ്പെടുത്തല്‍ നടത്തുമ്പോള്‍ കലാകാരന് കലാകാരനെയും സ്വയം അടയാളപ്പെടുത്തുന്നു.
“ഈ ചിത്രത്തിൽ ഒരേദിശയിലേക്ക് സഞ്ചരിക്കുന്ന രണ്ട് സ്ത്രീ ഭാവങ്ങളെകാണാം.രണ്ട് വേഷവിതാനങ്ങൾ, രണ്ട് മുഖഭാവങ്ങൾ ഒരേ വഴിയുടെ രണ്ട് അരികുകളിലൂടെയുള്ള പ്രയാണം.പക്ഷേ നേരത്തേ പറഞ്ഞ ഒരു നിമിഷത്തിന്റെ മാജിക്ക് ഇവിടെയൊന്നുമല്ല കാണുന്നത്. അത് ഒരുകൂട്ടർക്ക് മുകളിൽ നേർ രേഖവരയ്ക്കുന്ന വൈദ്യുത ചാലകങ്ങളും മറ്റേയാളുടെ (നിലപാട്)തറയിൽ കപോതരൂപമാർജ്ജിക്കുന്ന നിഴലുമാണ് .ഇതു രണ്ടും ചിത്രത്തിനു നൽകുന്ന ആഴം മറ്റൊരു നിമിഷത്തിൽ ഉണ്ടാകുമെന്ന് വിശ്വസിക്കാൻ പ്രയാസം.”
വളരെ നല്ല വായന, സനല്‍.
അപൂര്‍ണ്ണമായ ഒരു ചുംബനത്തിനിടക്ക് ചിത്രത്തിനകത്ത് നിത്യതയിലമര്‍ന്ന പ്രണയികളെ... കീറ്റ്സിന്റെ വരികളെ ഓര്‍ത്തു...
കലാകാരന് നിത്യതയോട് കയര്ക്കുകയാണോ അതിനെ പ്രണയിക്കുകയാണോ എന്ന ചോദ്യം പാതി വഴിക്ക് കളഞ്ഞ് ഇത്രയും അറിഞ്ഞാല്‍ മതി എന്നവസാനിപ്പിക്കുന്ന “ഗ്രീഷ്യന്‍ ഏണ്” ഓര്‍ത്തു...
നല്ല ശ്രമം, സനല്‍
കുറെക്കൂടി ചൂഴ്ന്നു പോവാമായിരുന്നു.. എങ്കിലും ഈ പഠനം വേണ്ടതായിരുന്നു.
ഒരു നിമിഷത്തിന്റെ കാതല്‍.
ആ ഒരു മരവിച്ച നിമിഷമാണോ അതിനപ്പുറവും ഇപ്പുറവും പൂരിപ്പിക്കുന്ന മനസ്സുകളാണോ ഊര്‍ജ്ജം വഹിക്കുന്നത്? ഒരു ആകസ്മികത മാത്രമല്ലേ കല്ലാകാരനെ /കാരിയെ സംബന്ധിച്ചിടത്തോളം ആ നിമിഷം? അതു കാലത്തിനു സൂക്ഷിക്കാന്‍ ചെപ്പിലടച്ചു കൊടുക്കുന്നത് അതുള്‍ക്കൊള്ളുന്ന മനസ്സുകളല്ലേ? മറ്റൊരു പ്രശ്നം കൂടിയുണ്ട്.. ഫ്രീസു ചെയ്യപ്പെടുന്ന നിമിഷം മടുപ്പിക്കുന്നതാണ്..അതിനു ജീവനുണ്ടാവാന്‍ വഴിയില്ല. വളര്‍ച്ചയുണ്ടാവില്ല. മറിച്ച് അതൊരു വിത്താണെങ്കില്‍ അതു വളരുന്നുണ്ട്, ലംബമായും തിരച്ഛീനമായും. റീഡേഴ്സ് റെസ്പോണ്‍സ്.... :)
വെള്ളെഴുത്തേ “ആ ഒരു മരവിച്ച നിമിഷം“ എന്ന വിശേഷണം ആകെ തെറ്റിക്കും.ആ ഒരു വാചാലമായ നിമിഷത്തെ “അങ്ങനെ അത്ഭുതം ജനിപ്പിക്കുന്ന ആ നിമിഷത്തിന്റെ ഊർജ്ജം.അപൂർവമായ ഒരു നിമിഷത്തെ അടയാളപ്പെടുത്താൻ തക്കവണ്ണം സെൻസിറ്റീവ് ആയ ഒരു മാപിനിയാണ് കലാകാരന്റെ/കാരിയുടെ മനസ്.“ എന്നാണ് എനിക്ക് പറയാനുണ്ടായിരുന്നത്. ഊർജ്ജം ഒരിടത്തും നിലക്കില്ല മരവിച്ചുറച്ചുപോവുകയുമില്ല.അതിനെ ഫ്രീസ് ചെയ്യാനാകില്ല പക്ഷേ അതിൽ നിന്ന് പ്രകമ്പനം സൃഷ്ടിക്കാനാവും. അത്തരം ഒരു പ്രകമ്പനം ഉണ്ടാകണമെങ്കിൽ അത്രയും സെൻസിറ്റീവ് ആയ ഒരു തന്ത്രി ഉണ്ടായിരിക്കണം.അതാണ് കലാകാരന്റെ മനസ് എന്നാണ് ഞാൻ പറഞ്ഞ് വന്നത്.കാറ്റിൽ മൂളുന്ന മുളപോലെ (ഒരു മുളങ്കാടിൽ ഒരു പക്ഷേ ഒരു മുളമാത്രമാകും കാറ്റിന്റെ ഊർജത്തിൽ സംഗീതം പൊഴിക്കുന്നത്).അത് ഫ്രീസ് ചെയ്യലല്ല അത് സത്യത്തിൽ കാപ്ചർ ചെയ്യുകയും റിലീസ് ചെയ്യുകയും ആണ്. അങ്ങനെ അല്ലേ ?
കുറിപ്പും കമണ്റ്റ്സും വായിച്ചു. ഒരു സംശയം. കല അതിന്റെ സമ്പൂറ്ണ്ണ സൌന്ദര്യത്തില്‍ ഞാന്‍ ഏറെ കണ്ടിട്ടുള്ളത് കളികളിലാണ്. ഉദാ: വോളീബാളില്‍ - ശക്തമായ സ്പിന്‍ സര്‍വ് ഒതുക്കിയെടുത്ത് ലിഫ്റ്റ് ചെയ്യുമ്പോള്‍ നെറ്റ് ചേര്‍ന്ന് ഉയരുന്ന കളിക്കാരന് അന്തരീക്ഷത്തില്‍ ഒന്നു നിന്ന് (എക്സസീവ് ജമ്പും ആക്ഷനും ചേര്‍ന്നു ജനിപ്പിക്കുന്നത്) മൂന്നു ബ്ളോക്കുകള്‍ക്കിടയിലൂടെ സ്മാഷ് ചെയ്തിറക്കുന്നത്. അല്ലെങ്കില്‍ ക്രിക്കറ്റില്‍ ഓഫ് സ്റ്റംപില്‍ ഗുഡ് ലെങ്ങ്തില്‍ ചീറിവീഴുന്ന പന്ത് ഒന്നാം സ്ളിപ്പിലേക്കു സിംഗ് ചെയ്തു തുടങ്ങുമ്പോള്‍ അതിനെ മുത്തമിടുന്ന ബാറ്റ്. അതോടെ പന്ത് പുല്ലിലൂടെ ഉരുളുകയോ വഴുതുകയോ എന്നു തിരിച്ചറിയാത്ത വിധം പ്രതിസെക്കണ്റ്റ് വേഗം വര്‍ദ്ധിച്ച് കവര്‍ ബൌണ്ടറിയുടെ റോപ്പില്‍ കയറി കാണികളുടെ മടിയിലേക്കു കുതിച്ചു ചാടുന്നത്. അല്ലെങ്കില്‍ മനോഹരമായ പാസ് ഡ്രിബില്‍ ചെയ്ത് (മാറഡോണയുടെ ബെല്‍ജിയത്തിനെതിരെയുള്ള ഗോളാണ് ഒാര്‍മ്മവരുന്നത്) മൂന്നു ഡിഫണ്ടര്‍മാരെ വെട്ടിച്ചു കടക്കുമ്പോഴെത്തിയ നാലാമന് ബനിയനില്‍ പിടിച്ചു പിന്നോട്ടു ശക്തമായി വലിക്കുമ്പോള്‍ കാലുകൊണ്ട് മുത്തമിട്ട പന്ത് പറക്കുന്ന ഗോളിയെ വെട്ടിച്ചു പറന്ന് നെറ്റില്ക്കയറുന്നത്. ഏതു നിമിഷമാണിവിടെ കലയുള്ളത്. ബ്ളോക്കില്ലെങ്കില്,, ലിഫ്റ്റില്ലെങ്കില്,, അല്ലെങ്കില്‍ പന്തിനെ അതിശക്തമായി അടിച്ചിരുന്നെങ്കില്‍,, ഡിഫണ്ടര്‍മാര്‍ ഇത്തരത്തില്‍ മാറഡോണയെ തടഞ്ഞില്ലായിരുന്നെങ്കില്‍,, അവിടെ ആ സൌന്ദര്യം കാണാനാകുമായിരുന്നില്ല. ഒരു മൊത്തം പ്റോസസില് ആണ് കല പ്രകടമാകുന്നത് എന്നു എനിക്കു തോന്നുന്നു.
(but I know photography is an exception to it)
ജിതേന്ദ്രകുമാറിന്റെ കമെന്റ് എന്നെ എൻ.എസ്.മാധവന്റെ ഹിഗ്വിറ്റയുടെ ക്ലൈമാക്സ് ഓർമ്മിപ്പിച്ചു.. മനോഹരമായ അവതരണം
ഒരു പ്രോസസ് എന്ന് തന്നെ പറഞ്ഞാലും,അധികനേരം തങ്ങിനിൽക്കാത്ത ഒരൂർജ്ജത്തിന്റെ പൊട്ടിയൊഴുകൽ തന്നെയല്ലേ ഇവിടെയും,അത് പ്രകമ്പനം ചെയ്യുന്ന മനസുകളെയല്ലേ ആനന്ദിപ്പിക്കൂ.മുൻപുണ്ടായിരുന്ന വിരസമായ നിമിഷങ്ങളേയും ചലനങ്ങളേയും ഫ്രെയിമുകളേയും വെട്ടിമാറ്റി ആ ചലനത്തിലെ അപൂർവ്വതയെ കണ്ടെത്തുന്നതുകൊണ്ടല്ലേ ആ കുറഞ്ഞ നിമിഷങ്ങളിലെ ചലനങ്ങൾക്ക് മാസ്മരികത കൈവരുന്നത്.അതിൽ തന്നെയും നിങ്ങൾ പറഞ്ഞപോലെ“നെറ്റ് ചേര്‍ന്ന് ഉയരുന്ന കളിക്കാരന് അന്തരീക്ഷത്തില്‍ ഒന്നു നിന്ന് “ “അല്ലെങ്കില്‍ ക്രിക്കറ്റില്‍ ഓഫ് സ്റ്റംപില്‍ ഗുഡ് ലെങ്ങ്തില്‍ ചീറിവീഴുന്ന പന്ത് ഒന്നാം സ്ളിപ്പിലേക്കു സിംഗ് ചെയ്തു തുടങ്ങുമ്പോള്‍ അതിനെ മുത്തമിടുന്ന ബാറ്റ്““മൂന്നു ഡിഫണ്ടര്‍മാരെ വെട്ടിച്ചു കടക്കുമ്പോഴെത്തിയ നാലാമന് ബനിയനില്‍ പിടിച്ചു പിന്നോട്ടു ശക്തമായി വലിക്കുമ്പോള്‍ കാലുകൊണ്ട് മുത്തമിട്ട പന്ത് പറക്കുന്ന ഗോളിയെ വെട്ടിച്ചു പറന്ന് നെറ്റില്ക്കയറുന്നത്“ ഇതിലൊക്കെയും സൂക്ഷ്മമായി നോക്കിയാൽ അഭൂതപൂർവമായ ആ ഒരുനിമിഷത്തിന്റെ ഊർജ്ജമല്ലേ പ്രവർത്തിക്കുന്നത്... അതാണ് എന്റെ ചോദ്യം..
"അഭൂതപൂറ്ണ്ണമായ ഊര്‍ജം പ്രവഹിക്കുന്ന ആ ഒരു നിമിഷം.... "തീര്‍ച്ചയായും ശരിയാണ്. മനോഹരമാണത്. പക്ഷേ അതിനെ കൂടുതല്‍ മനോഹരമാക്കാന്‍ മറ്റു നിമിഷങ്ങള്‍ കുടെ ഉണ്ടാകണം എന്നുഎനിക്കു തോന്നുന്നു. (പിടിച്ചു വലിക്കുന്ന ഡിഫണ്ടര്‍മാര്‍, ആറു കൈകളുടെ ബ്ളോക്ക്, അതൊക്കെ ആ ഊര്ജമൊഴുകുന്ന നിമിഷത്തെ കൂടുതല്‍ സുന്ദരമാക്കും)
"അഭൂത പൂര്‍വമായ" എന്നു വായിക്കുക ടൈപ്പിങ്ങിലെ അക്ഷരപിശാച് "പൂറ്ണ്ണമായ"എന്നാക്കിയത് ക്ഷമിക്കുക.
sculpting in time
sculpting in time
Post a Comment